Current Date

Search
Close this search box.
Search
Close this search box.

സന്താനങ്ങളുടെ ഉയര്‍ച്ചയിലേക്കുള്ള വഴി

സന്താനങ്ങള്‍ക്ക് ജീവിതത്തില്‍ മുന്നോട്ടുള്ള വഴി കാണിക്കുന്ന പ്രകാശം വിജ്ഞാനമാണ്. അത് നേടിയവര്‍ അന്ധകാരത്തിന്റെ ചതുപ്പുനിലങ്ങളില്‍ ആണ്ട് പോവുകയില്ല. അവരുടെ വിശ്വാസത്തെ തെറ്റിദ്ധാരണകളില്‍ നിന്നും, കുഴപ്പങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന കോട്ടയും വിജ്ഞാനം തന്നെയാണ്. നന്മയും സ്‌നേഹവും സമാധാനവും വ്യാപിപ്പിക്കുവാനും, ഉന്നതിയിലേക്ക് മുന്നേറുവാനും അവരെ സഹായിക്കുന്നതും അത് തന്നെയാണ്. ഉപകാരപ്രദമായ വിജ്ഞാനങ്ങള്‍ക്ക് മാത്രമെ അവരുടെ ഹൃദയത്തെ ജീവിപ്പിക്കാനും, ദീനിനെ പരിപോഷിപ്പിക്കാനും സാധിക്കുകയുള്ളൂ. യഥാര്‍ത്ഥ പണ്ഡിതനാണ് തന്റെ വിജ്ഞാനം കൊണ്ട് സ്രഷ്ടാവിനെ അറിയാനും കണ്ടെത്താനും സാധിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു ‘അല്ലാഹുവിന്റെ അടിമകളില്‍ അവനെ ഭയപ്പെടുന്നത് പണ്ഡിതന്മാരാണ്’.

സന്താനങ്ങളെ വൈജ്ഞാനികമായി ഉയര്‍ത്തുന്നതിന് വേണ്ടി ഭൗതികമായും, ആത്മീയമായും കഠിനാദ്ധ്വാനം ചെയ്യുന്നതോടൊപ്പം തന്നെ അവരുടെ മതപരവും സ്വഭാവപരവുമായ സംസ്‌കരണവും, ശിക്ഷണവും അവഗണിക്കുന്ന രക്ഷിതാക്കളാണ് ഏറെയും. അതിനാല്‍ തന്നെ സന്താനങ്ങള്‍ വൈജ്ഞാനികമായി വളരുകയും നേതൃസ്ഥാനത്തേക്ക് ഉയരുകയും ചെയ്യുമ്പോള്‍ തന്നെ സ്വഭാവത്തിലും ഇടപാടുകളിലും തകര്‍ന്ന് പോവുന്നതായാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

പ്രഗല്‍ഭനായ ഒരു ഡോക്ടര്‍ പറയുന്നത് ഇങ്ങനെയാണ് ‘ പരീക്ഷയില്‍ പിന്നിലാവുകയോ, മാര്‍ക്ക് കുറയുകയോ ചെയ്താല്‍ പിതാവ് ഞങ്ങളെ ശകാരിക്കുകയും അടിക്കുകയും ചെയ്യാറുണ്ടായിരുന്നു. അതിനാല്‍ തന്നെ ഞങ്ങള്‍ വിദ്യാഭ്യാസപരമായി ഉയര്‍ന്ന നിലവാരം നേടി. പക്ഷെ ഞങ്ങളിലാര്‍ക്കും നമസ്‌കരിക്കേണ്ട രൂപമോ, വുദു ചെയ്യുന്ന വിധമോ അറിയില്ല. മതപരമായ കാര്യങ്ങള്‍ വളരുന്നതിനനുസരിച്ച് ക്രമേണയായി ലഭിക്കും എന്ന നിലപാടായിരുന്നു പിതാവിന്. പക്ഷെ ഞങ്ങള്‍ വളരുകയും, വിവാഹം കഴിക്കുകയും, ഉയര്‍ന്ന ജോലി നേടിയെടുക്കുകയും ചെയ്തു. പക്ഷെ ദീനിനെക്കറിച്ച് ഞങ്ങള്‍ക്കൊന്നും തന്നെ അറിയില്ല’.

ലക്ഷ്യം, സ്വപ്‌നം, സന്ദേശം
ജീവിതത്തില്‍ ഏതൊരു കാര്യത്തില്‍ ഏര്‍പെടുന്നതിന് മുമ്പും അതിന്റെ ലക്ഷ്യം തീരുമാനിക്കേണ്ടിയിരിക്കുന്നു. അങ്ങനെയാവുമ്പോഴെ അതില്‍ ഉറച്ച് നില്‍ക്കാനും, സാക്ഷാല്‍ക്കരിക്കുന്നത് വരെ പരിശ്രമിക്കുകയും ചെയ്യുകയുള്ളൂ. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മാതാപിതാക്കള്‍ അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. കാരണം ചെറുപ്രായത്തില്‍ തന്നെ അവര്‍ക്കതെക്കുറിച്ച് വേണ്ട വിധം അവബോധം ഉണ്ടാവാന്‍ അതുപകരിക്കും. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മുന്നേറാന്‍ അതവരെ സഹായിക്കുകയും ചെയ്യും.

ചെറിയ കുഞ്ഞുങ്ങളുടെ അടുത്ത് ബുദ്ധിപരമായ പല സാമര്‍ത്ഥ്യങ്ങളും ആവിഷ്‌കാരങ്ങളും ഉണ്ടായിരിക്കും. അവ യഥാര്‍ത്ഥ മാര്‍ഗങ്ങളുപയോഗിച്ച് പോഷിപ്പിക്കേണ്ടതുണ്ട്. താന്‍ സാക്ഷാല്‍ക്കരിക്കേണ്ട ലക്ഷ്യത്തെ പുഞ്ചിരിയോടെ മുന്നില്‍ വെക്കാന്‍ അതവനെ പ്രോല്‍സാഹിപ്പിക്കും. നമ്മുടെ മിക്കവാറും എല്ലാ മദ്‌റസകളിലും സ്വീകരിച്ച് വരുന്ന ചൊല്ലിക്കൊടുത്ത് മനപാഠമാക്കുന്ന രീതി അതിന് ഫലപ്രദമാണ്. അതോടൊപ്പം തന്നെ ചിന്തിക്കാനും, ആവിഷ്‌കരിക്കാനും, കണ്ട് പിടിക്കാനുമുള്ള കൂടുതല്‍ അവസരങ്ങളും സാധ്യതകളും അവരുടെ മുമ്പില്‍ തുറന്ന് വെക്കേണ്ടതുണ്ട്.

നിര്‍മാണാത്മക സമീപനങ്ങളും പെരുമാറ്റങ്ങളും നിലനില്‍ക്കുന്ന, ശാന്തതയും, ആത്മവിശ്വാസവും പ്രസരിപ്പിക്കുന്ന കുടുംബാന്തരീക്ഷം ഇതിന് അനിവാര്യ ഘടകമാണ്. വിശ്വാസ-സ്വഭാവപരമായ അടിസ്ഥാനങ്ങളെ ഹൃദയങ്ങളില്‍ ഊട്ടിയുറപ്പിക്കുന്നതിന് ഇത് സഹായകമാണ്.
വിദ്യാഭ്യാസത്തിന്റെ കൂടെ നടക്കേണ്ട ഉദ്യമമാണ് സംസ്‌കരണം എന്നത്. ചെറിയ കുഞ്ഞുങ്ങള്‍ ഒരേ സമയം തന്നെ പഠിക്കുകയും, മര്യാദ പരീശീലിക്കുകയും ചെയ്യേണ്ടതുണ്ട്. വിജ്ഞാനം നേടുന്നതിനനുസൃതമായി അവന്റെ വ്യക്തിത്വത്തെ ചെത്തിമിനുക്കണം. അത് മുഖേന അവന്‍ ഉയരണം.

വിജയിക്കുന്നതിനും ഉയര്‍ച്ച നേടിയെടുക്കുന്നതിനും നാം സന്താനങ്ങളെ നിരന്തരമായ പ്രോത്സാഹിപ്പിച്ച് കൊണ്ടേയിരിക്കണം. നീണ്ടകാലത്തെ ക്ഷമയോടും, കാത്തിരിപ്പോടും കൂടി മാത്രമേ നമുക്കത് നേടിയെടുക്കാനാവൂ. വ്യക്തികള്‍ക്കിടയില്‍ വ്യതിരിക്തതകളും, സവിശേഷതകളും നാം തിരിച്ചറിയേണ്ടതുണ്ട്. അവന്‍ വളര്‍ന്ന് കഴിഞ്ഞാല്‍ അവന്‍റെ തണലില്‍ സൗഖ്യത്തോടെ ജീവിക്കാന്‍ കുടുംബത്തിന് കഴിയും. അവരുടെ കഴിവുകളെയും യോഗ്യതകളെയും കേവലം ഭൗതികമായി അളക്കുകയോ, വിലയിരുത്തുകയോ ചെയ്യരുത്.

ഉയര്‍ന്ന മനോദാര്‍ഢ്യം
ഉയര്‍ന്ന നിശ്ചയദാര്‍ഢ്യം ഉന്നതിയിലേക്കെത്തിക്കുന്നു. സന്താനങ്ങളുടെ വിജയത്തിന്റെ താക്കോലാണ് നിശ്ചയദാര്‍ഢ്യം. അതാവട്ടെ ചെറുപ്രായത്തില്‍ തന്നെ രക്ഷിതാക്കള്‍ അവരില്‍ നട്ട് വളര്‍ത്തിയെടുക്കുന്നതുമാണ്. കേവലം വിജ്ഞാനം ആര്‍ജിക്കുന്നതിന് മാത്രമല്ല ഇത്. മറിച്ച് ജീവിതത്തിലെ എല്ലാ കാര്യങ്ങളില്‍ വിജയിക്കുന്നതിനും ഇത് ആവശ്യമാണ്. കായികവും സാംസ്‌കാരികവും, സാമൂഹികവുമായ വിജയത്തിന് ഇത് ഉപകരിക്കുന്നു. ജീവിതത്തില്‍ എല്ലാ മേഖലകളെയും ചൂഴ്ന്ന് നില്‍ക്കുന്നതായിരിക്കണം വിജ്ഞാനം. അത് അവന് പൂര്‍ണമായ വ്യക്തിത്വം രൂപപ്പെടുത്തണം. അതിനാല്‍ വിജ്ഞാനം നേടിയെടുക്കല്‍ ജീവിതത്തിന്റെ അടിസ്ഥാനമാണ്. പക്ഷെ ജീവിതം എന്നാല്‍ അത് മാത്രമല്ല. കാരണം അത് മുഖേന ലക്ഷ്യം വെക്കുന്ന മറ്റ് കാര്യങ്ങളും ജീവിതത്തില്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.

ഉയര്‍ന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് ഉന്നതമായ മനോദാര്‍ഢ്യം ഉണ്ടാവേണ്ടിയിരിക്കുന്നു. അത് ഹൃദയത്തില്‍ പ്രതീക്ഷ ജ്വലിപ്പിക്കുന്നു. എത്ര തന്നെ തകര്‍ന്ന് വീണാലും, വഴിയില്‍ പ്രതിസന്ധികളുണ്ടായാലും അവന്‍ മുന്നോട്ട് പോവും. ചരിത്രത്തില്‍ നമുക്കതിന് ധാരാളം ഉദാഹരണങ്ങള്‍ കാണാവുന്നതാണ്. ഹിന്ദ് ബിന്‍ത് ഉത്ബ തന്റെ മകന്‍ അബൂസുഫ്‌യാന്‍ ലോകത്തിന്റെ നായകനാവുന്നത് സ്വപ്‌നം കണ്ട് ജീവിക്കുന്നവരായിരുന്നു. ഗോത്രത്തിന്റെ നായകന്‍ മാത്രമല്ല ലോകത്ത് എഴുന്നേറ്റ് നില്‍ക്കുന്ന നേതാവ് എന്നതായിരുന്നു അവരുടെ ലക്ഷ്യം. എത്രയെത്ര ഉമ്മമാരാണ് തങ്ങളുടെ സന്താനങ്ങളുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും പങ്ക് വഹിച്ചത്.

സ്വഭാവവും, വിജ്ഞാനവും വേര്‍പിരിയാത്ത രണ്ട് ഘടകങ്ങളാണ്. സന്താനങ്ങള്‍ മഹത്വത്തിന്റെ ഉച്ചിയില്‍ ഉയര്‍ന്ന് പറക്കുന്നതിന് സഹായിക്കുന്ന രണ്ട് ചിറകുകളാണവ. ഇവയില്‍ ഏതെങ്കിലും ഒന്ന് അവഗണിച്ചാല്‍ പറക്കാന്‍ കഴിയാതെ താഴേക്ക് വീഴും. എത്രയാളുകളാണ് ഉന്നതമായ ജോലി ലഭിച്ചിട്ടും വൃത്തികെട്ട സ്വഭാവവുമായി സമൂഹത്തില്‍ ജീവിക്കുന്നത്.

വിലപ്പെട്ട ഉപദേശങ്ങള്‍
സലഫുസ്സാലിഹുകളിലെ ഒരു പ്രമുഖന്‍ തന്റെ മകനെ ഇപ്രകാരം ഉപദേശിച്ചുവത്രെ ‘വിജ്ഞാനത്തിന്റെ എഴുപത് പാഠങ്ങള്‍ പഠിക്കുന്നതിനേക്കാള്‍ എനിക്ക് പ്രിയങ്കരം മര്യാദയുടെ ഒരു പാഠം പഠിക്കുന്നതാണ്’.

എത്ര മനോഹരമായ ഉപദേശമാണിത്. വിജ്ഞാനത്തോടൊപ്പം സംസ്‌കരണവും, മര്യാദയും ലക്ഷ്യം വെച്ചവരായിരുന്നു പൂര്‍വ്വസൂരികള്‍. സര്‍വ്വകലാശാലാ ബിരുദങ്ങളോ, സര്‍ട്ടിഫിക്കറ്റുകളോ അല്ല നമ്മുടെ ലക്ഷ്യം. ഹൃദയത്തില്‍ ദൈവബോധം നിറക്കുന്ന വിജ്ഞാനമാണ് നാം തേടുന്നത്. അത് മുഖേന ഉന്നത തലമുറയെ നാം രൂപപ്പെടുത്തുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കുറിച്ച് നമ്മുടെ സങ്കല്‍പത്തില്‍ വിപ്ലവകരമായ മാറ്റം സംഭവിക്കേണ്ടിയിരിക്കുന്നു. ഇഹലോകത്തും പരലോകത്തും ഉന്നതി നേടാനുപകരിക്കുന്ന വിജ്ഞാനമാണ് നാം സന്താനങ്ങള്‍ക്കുദ്ദേശിക്കുന്നത്. നമ്മെ പുരോഗതിയിലേക്കും, പ്രതാപത്തിലേക്കും, മഹത്വത്തിലേക്കും കൈപിടിച്ചുയര്‍ത്തുന്നവയായിരിക്കും അത്. അപ്രകാരം സുന്ദരമായ ഒരു രാഷ്ട്രം നമുക്ക് നിര്‍മിക്കാം. ഇമാം ഇബ്‌നുല്‍ ഖയ്യിം പറയുന്നു ‘ഒരു മനുഷ്യന്റെ മര്യാദ അവന്റെ സന്തോഷത്തിന്റെയും, വിജയത്തിന്റെയും താക്കോലാണ്. അവന്റെ മര്യാദകേട് ദൗര്‍ഭാഗ്യത്തിന്റെയും തോന്നിവാസത്തിന്റെയും സൂചനയാണ്’.

ഇത്രത്തോളം പ്രാധാന്യം കര്‍മ്മത്തിനും മര്യാദക്കും ഉള്ളത് കൊണ്ടാണ് പൂര്‍വ്വകാല ഇമാമുമാര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ വിജ്ഞാനത്തോടൊപ്പം സ്വഭാവത്തെയും മര്യാദയെയും ചേര്‍ത്ത് പറഞ്ഞത്. ഇമാം ബുഖാരി തന്റെ ഹദീസ് ഗ്രന്ഥത്തില്‍ ഒരു അദ്ധ്യായത്തിന്റെ തലവാചകമായി നല്‍കിയത് ‘പ്രവര്‍ത്തനത്തിന് മുമ്പ് വിജ്ഞാനം’ എന്നാണ്.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles