Current Date

Search
Close this search box.
Search
Close this search box.

ലൈംഗിക ആകര്‍ഷണം പാപമാണോ?

attraction.jpg

”നിങ്ങള്‍ വളരുന്തോറും നിങ്ങളുടെ ശരീരങ്ങളില്‍ മാറ്റം വരും”, ഉപ്പ പറയുന്നത് വളരെ ശ്രദ്ധയോടെ ഞങ്ങള്‍ സഹോദരന്മാരും സഹോദരിമാരും കേട്ടിരുന്നു. എല്ലാ ദിവസവും സുബ്ഹി നമസ്‌കാരത്തിന് ശേഷം ഉപ്പയുടെയും ഉമ്മയുടെയും കുടുംബ ക്ലാസ് ഉണ്ടാകും. ”നിങ്ങളുടെ ശരീരങ്ങളില്‍ മാറ്റങ്ങള്‍ വരുന്നതോടെ സ്‌കൂളിലെ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോടും ഒരു ആകര്‍ഷണം തോന്നും” ഉപ്പ തുടര്‍ന്നു. ഇതു കേട്ടപ്പോള്‍ എന്റെ ചെറിയ അനുജത്തിമാരും അനിയന്മാരും നാണത്തോടെ ചിരിച്ചു. ”നിങ്ങളുടെ മനസ്സില്‍ ചിലതൊക്കെ ഉണ്ടാകുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. അങ്ങനെ തോന്നുന്നുവെങ്കില്‍ നിങ്ങള്‍ അല്ലാഹുവിന് സ്തുതി പറയുക. കാരണം, ഭാവിയില്‍ നിങ്ങളുടെ ഭര്‍ത്താവിനെയോ ഭാര്യയെയോ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അല്ലാഹു നിങ്ങളുടെ ശരീരത്തില്‍ നടത്തുന്നു എന്നതാണത്”, ഉപ്പ പറയുന്നത് അത്ഭുതത്തോടെ ഞങ്ങള്‍ കുട്ടികള്‍ കേട്ടിരുന്നു.

ഓര്‍മ വെച്ച കാലം മുതല്‍ ഈ ക്ലാസ് എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നു. അതിരാവിലെ തന്നെ ഉമ്മ വന്ന് ഞങ്ങള്‍ സഹോദരിമാരെയും സഹോദരന്മാരെയും നമസ്‌കാരത്തിന് സമയമായി എന്ന് പറഞ്ഞ് ഉണര്‍ത്തുമായിരുന്നു. ചിലപ്പോഴൊക്കെ ഞങ്ങള്‍ മടി പിടിച്ച് കിടക്കുമ്പോള്‍ ഉമ്മ ഞങ്ങളുടെ മുഖത്ത് വെള്ളം തളിക്കും. ഉറക്കം പിടിച്ച കണ്ണുകളുമായി മനസ്സില്ലാ മനസ്സോടെ ബ്രഷും എടുത്ത് ഞങ്ങള്‍ ബാത്ത്‌റൂമിലേക്ക് പോകും. ഉപ്പ ഇമാമായി സുബ്ഹി നമസ്‌കാരം നിര്‍വഹിക്കും. ശേഷം എല്ലാവരും ഉപ്പക്കും ഉമ്മക്കും അഭിമുഖമായി കൂടിയിരിക്കും. ഉപ്പയോ അല്ലെങ്കില്‍ മൂത്ത സഹോദരനോ ഖുര്‍ആനില്‍ നിന്ന് കുറച്ച് ഓതും. പാരായണം കഴിഞ്ഞാല്‍ എന്ത് തോന്നി എന്ന് ഓരോ അംഗത്തോടും, നാലോ അഞ്ചോ വയസ്സുള്ള കുഞ്ഞനിയന്മാരോടും അനിയത്തിമാരോടും വരെ ഉപ്പ സ്‌നേഹത്തോടെ ചോദിക്കുമായിരുന്നു. അതിനു ശേഷം ഞങ്ങളുടെ ജീവിതത്തില്‍ ഞങ്ങള്‍ക്ക് ഉപകാരപ്പെടും എന്ന് തോന്നുന്ന കാര്യങ്ങളെ കുറിച്ച് ഉപ്പയോ ഉമ്മയോ ഞങ്ങളോട് സംസാരിക്കും. സംസാരം കഴിഞ്ഞാല്‍ സംശയങ്ങള്‍ ചോദിക്കാനുള്ള അവസരവുമുണ്ടായിരുന്നു.

അന്ന് ഞങ്ങള്‍ക്ക് ഒന്നും മനസ്സിലായില്ലെങ്കിലും ഒരിക്കല്‍ ലൈംഗികത, വിവാഹം എന്ന വിഷയവും ഉപ്പ ഞങ്ങളോട് സംസാരിച്ചു. എതിര്‍ ലിംഗത്തോട് നമുക്ക് തോന്നുന്ന ആകര്‍ഷണം പ്രകൃതിദത്തവും ആരോഗ്യകരവുമാണെന്ന് മാത്രമല്ല, അല്ലാഹുവിന്റെ അനുഗ്രഹം കൂടിയാണെന്ന് ഉപ്പ ഞങ്ങളോട് പറഞ്ഞു. ആണിന് പെണ്ണിനോടോ പെണ്ണിന് ആണിനോടോ ആകര്‍ഷണം തോന്നുക എന്നത് പ്രകൃതിപരമായ ഒരു കാര്യം മാത്രമാണ്. അത് ഒരിക്കലും പാപമല്ല. മറിച്ച് നാം അതിനോട് എന്ത് നിലപാട് സ്വീകരിക്കുന്നു എന്നുള്ളിടത്താണ് നമ്മുടെ ശരിയും തെറ്റും. പിന്നീട് മുതിര്‍ന്നപ്പോള്‍ ഒരു ബഹുസ്വര സമൂഹത്തില്‍ സ്‌കൂള്‍ അധ്യാപികയായി പ്രവേശിച്ചപ്പോഴാണ് എല്ലാ മുസ്‌ലിംകളും ഞങ്ങളുടെ ഉപ്പയും ഉമ്മയും പഠിപ്പിച്ചതു പോലെയല്ല ലൈംഗികതയെയും വിവാഹത്തെയും കാണുന്നതെന്ന് എനിക്ക് മനസ്സിലായത്.

”നിങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളോട് എനിക്ക് യോജിക്കാനാവില്ല”, ക്ഷുഭിതയായി ഒരു രക്ഷിതാവ് ഒരിക്കല്‍ എന്നോട് പറഞ്ഞു. അവരും ഒരു അധ്യാപികയായിരുന്നു. ”നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല”, ഞാന്‍ അവരോട് പറഞ്ഞു. ”നിങ്ങള്‍ അവരോട് വായിക്കാന്‍ ആവശ്യപ്പെടുന്ന പുസ്തകങ്ങള്‍, അവയൊന്നും ശരിയല്ല”, അവര്‍ പറഞ്ഞു. അവര്‍ പറഞ്ഞത് കേട്ടപ്പോള്‍ എനിക്ക് പൊട്ടിച്ചിരിക്കാനാണ് തോന്നിയത്. കാരണം, ഇവര്‍ ഇത്ര അസംബന്ധമായാണല്ലോ ചിന്തിക്കുന്നത് എന്നോര്‍ത്തപ്പോള്‍ എനിക്ക് സഹതാപം തോന്നി. യഥാര്‍ത്ഥത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകള്‍ക്ക് അവയുടെ കരിക്കുലത്തിന്റെ ഭാഗമായി നിര്‍ദ്ദേശിക്കുന്ന പുസ്തകങ്ങളില്‍ ചിലത് മാത്രമാണവ. അവയില്‍ ഓരോ സ്‌കൂളിനും ആവശ്യമായവ തെരെഞ്ഞെടുക്കാവുന്ന സ്വാതന്ത്ര്യമാണ് അവിടുത്തെ അധ്യാപകര്‍ക്കുള്ളത്. ആ മാസത്തേക്ക് ഞങ്ങള്‍ തിരഞ്ഞെടുത്ത ഒരു ക്ലാസിക് കൃതിയാണ് നിങ്ങള്‍ ചൂണ്ടിക്കാണിച്ചതെന്നും ഞാന്‍ അവര്‍ക്ക് വിശദീകരിച്ചു കൊടുത്തു.

പുസ്‌കങ്ങളിലുള്ള ലൈംഗികതയുമായി ബന്ധപ്പെട്ട ഭാഗങ്ങളൊക്കെ ഞാന്‍ മറ്റൊരു തരത്തിലാണ് ഉപയോഗപ്പെടുത്തിയിരുന്നത്. അവയുടെ ഇസ്‌ലാമിക മാനം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. പണ്ട് എന്റെ ഉപ്പയും ഉമ്മയും പഠിപ്പിച്ചത് പോലെ എതിര്‍ലിംഗത്തോട് സ്‌നേഹവും വികാരവും അടുപ്പവും തോന്നുക എന്നത് ഈ പ്രായത്തിന്റെ സ്വഭാവമാണെന്നും അത് പ്രകൃതിദത്തമാണെന്നും ഞാന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. എന്നാല്‍ അവ പൂര്‍ണത കൈവരിക്കുന്നത് വിവാഹത്തോടെ മാത്രമാണെന്നും വിവാഹ പൂര്‍വ ബന്ധങ്ങള്‍ ഒരിക്കലും യഥാര്‍ത്ഥ സ്‌നേഹത്തെ പ്രതിഫലിപ്പിക്കുകയില്ലെന്നും ഞാന്‍ അവരെ പഠിപ്പിച്ചു. ഇത്രയും കാര്യങ്ങള്‍ ഞാന്‍ ആ രക്ഷിതാവിനോട് പറഞ്ഞപ്പോള്‍ അവര്‍ എന്നോട് പറഞ്ഞത്, വിവാഹത്തെ കുറിച്ച് ഒരക്ഷരം കുട്ടികളോട് മിണ്ടാന്‍ നിങ്ങള്‍ക്ക് അവകാശമില്ല എന്നായിരുന്നു. ഞാന്‍ വളരെ അത്ഭുതത്തോടെ അവരെ നോക്കി.

”ഞങ്ങളുടെ നാട്ടില്‍ ഇതൊക്കെ വളരെ അപരിചിതമാണ്”, അവര്‍ തുടര്‍ന്നു. ”എന്റെ വിവാഹം കഴിഞ്ഞപ്പോള്‍ എനിക്ക് ഒന്നുമറിയില്ലായിരുന്നു. എന്റെ ഭര്‍ത്താവിനും അതായിരുന്നു ഇഷ്ടം. കാരണം, അദ്ദേഹത്തിന് എന്നെ എല്ലാം പഠിപ്പിക്കണമായിരുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ കുട്ടികളോട് സംസാരിക്കുന്നത് ശരിയല്ല”, അവര്‍ പറഞ്ഞു. ഇതൊക്കെ കേട്ടപ്പോള്‍ ഇവരോട് സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്ന് എനിക്ക് തോന്നി. എന്നിരുന്നാലും ജാള്യത ഞാന്‍ പുറത്ത് പ്രകടിപ്പിച്ചില്ല. ”അപ്പോള്‍ ഒരിക്കലും അവരോട് ഇത്തരം കാര്യങ്ങള്‍ സംസാരിക്കേണ്ട എന്നാണോ?”, ഞാന്‍ അവരോട് ചോദിച്ചു. ”അതെ, ഒരിക്കലും സംസാരിക്കേണ്ടതില്ല”. അപ്പോള്‍ ഞാന്‍ വളരെ ഭവ്യതയോടെ ചോദിച്ചു, ”വിവാഹത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും അല്ലാഹുവും റസൂലും നമ്മെ പഠിപ്പിച്ചതൊക്കെ വിട്ടുകളയണം എന്നാണോ നിങ്ങള്‍ പറയുന്നത്?”. ”നമ്മളായിട്ട് എന്തിനാ ഇത്തരം കാര്യങ്ങള്‍ സംസാരിക്കുന്നത്. അവര്‍ക്ക് വേണമെങ്കില്‍ ഖുര്‍ആനും ഹദീസുകളുമൊക്കെ വായിച്ചു നോക്കാമല്ലോ”, അവര്‍ വളരെ ലാഘവത്തോടെ പറഞ്ഞു.

ലൈംഗിക ആകര്‍ഷണം ഒരു പാപമാണോ?
നേരത്തെ സൂചിപ്പിച്ച രക്ഷിതാവിനെ പോലെ ധാരാളം രക്ഷിതാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. ലൈംഗിക ആകര്‍ഷണം എന്നത് വിശപ്പ്, ദാഹം എന്നതുപോലെ തന്നെ ഒരു പ്രകൃതിദത്ത വികാരമാണ്. എന്നുവെച്ച് എത്ര വിശന്നാലും മാലിന്യക്കൂമ്പാരങ്ങളില്‍ നിന്നോ കുപ്പയില്‍ നിന്നോ നാം ഭക്ഷണം കഴിക്കാറില്ല. ആരോഗ്യകരമായി പാകം ചെയ്ത ഭക്ഷണം മാത്രമേ നാം കഴിക്കാറുള്ളൂ. അതുപോലെ ഓടയില്‍ നിന്നോ ഓവുചാലില്‍ നിന്നോ അല്ല നാം ദാഹമകറ്റാറുള്ളത്. പരമാവധി ശുദ്ധമായ വെള്ളം മാത്രമേ നാം കുടിക്കാറുള്ളൂ. എങ്കിലും ദാഹമോ വിശപ്പോ ഒരിക്കലും ഒരു പാപമാകുന്നില്ല. അതുപോലെ ലൈംഗിക ആകര്‍ഷണവും ഒരു പാപമല്ല. അതിനെ നിയന്ത്രിക്കാനാണ് നാം ശീലിക്കേണ്ടത്. എന്നാല്‍ മുസ്‌ലിം സമുദായമാകട്ടെ ലൈംഗികത, വിവാഹം എന്നീ വിഷയങ്ങള്‍ കുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതാണ് പരിശുദ്ധിയും നന്മയുമെന്ന് വിശ്വസിക്കുന്നവരാണ്. ലൈംഗികത എന്നത് മൂടിവെക്കപ്പെട്ട ഒരു സത്യമായതിനാലാണ് കൗമാരക്കാര്‍ പലപ്പോഴും അതിന് തങ്ങളുടേതായ വഴികള്‍ തേടുന്നത്.

ലൈംഗിക അജ്ഞത നന്മയല്ല
മക്കളെ ‘നല്ല മുസ്‌ലിംകള്‍’ ആയി വളര്‍ത്തണമെന്നാണ് ഏവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അവര്‍ നമ്മെ ബഹുമാനിക്കുന്നത് പോലെ നാം അവരെയും ബഹുമാനിച്ചുകൊണ്ടാണ് ഈ വളര്‍ത്തല്‍ ആരംഭിക്കേണ്ടത്. അവരുടെ ഉപ്പയോ ഉമ്മയോ ആകുന്നതിന് മുമ്പ് അവരുടെ കൂട്ടുകാര്‍ ആവാന്‍ ശ്രമിക്കണം. എന്ത് കാര്യവും പങ്കുവെക്കാവുന്ന അടുത്ത കൂട്ടുകാരായി രക്ഷിതാക്കള്‍ മാറുമ്പോഴാണ് കുട്ടികള്‍ ഉപദേശങ്ങളോട് വിമുഖത കാട്ടാത്തവരായി വളരുകയൂള്ളൂ. കാരണം, കുട്ടികള്‍ കാരുണ്യം മാത്രമല്ല പരിഗണനയും ആഗ്രഹിക്കുന്നു. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയായവരും അവിവാഹിതരുമായ മക്കള്‍. അവരുടെ വികാരങ്ങളെയും ആഗ്രഹങ്ങളെയും മനസ്സിലാക്കാന്‍ നമുക്ക് സാധിക്കുന്നില്ലെങ്കില്‍ ഒരിക്കലും അവരെ നാം ഉദ്ദേശിക്കുന്ന പാതയിലേക്ക് നയിക്കാനാവില്ല. വിവാഹത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള സംശയങ്ങള്‍ സ്വഹാബാക്കള്‍ നബിയുടെ സന്നിധിയില്‍ വന്ന് നേരിട്ടു ചോദിക്കുമായിരുന്നു. അതില്‍ ധാരാളം സ്ത്രീകളുമുണ്ടായിരുന്നു എന്ന് ഹദീഥുകളില്‍ കാണാം. പ്രവാചകന്‍ ആ രീതിയെ നിരുത്സാഹപ്പെടുത്തുകയല്ല, സംശങ്ങള്‍ കൃത്യമായി ദൂരികരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്. ഇവയൊക്കെ ഇസ്‌ലാമിന്റെ ഭാഗമാണെന്ന നിലക്കും വിജ്ഞാനത്തിന്റെ കാര്യത്തില്‍ ഇസ്‌ലാം വിവേചനം കല്‍പിക്കാത്തത് കൊണ്ടും ജീവിത വിജ്ഞാനം മക്കള്‍ക്ക് പകര്‍ന്നു നല്‍കേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണ്. സ്‌നേഹവും വികാരവും എങ്ങനെ കാത്തുസൂക്ഷിക്കണമെന്നും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നുമുള്ള പ്രായോഗിക അറിവ് രക്ഷിതാക്കളില്‍ നിന്നാണ് മക്കളില്‍ എത്തേണ്ടത്. ഇല്ലെങ്കില്‍ തന്നില്‍ നിന്ന് മറച്ചുവെക്കപ്പെട്ട ഒന്നിനെ പല വഴിയിലൂടെയും അവര്‍ തേടി എന്നുവരാം. അത് ചിലപ്പോള്‍ അവരെ വഴികേടിലേക്കും നയിക്കും.

വിവ: അനസ് പടന്ന

Related Articles