Current Date

Search
Close this search box.
Search
Close this search box.

മുലകുടി ; കുഞ്ഞിന്റെ അവകാശം

feeding.jpg

അവള്‍ അവനെ സ്‌നേഹവാല്‍സല്യങ്ങളോടെ പുണരും, കാരുണ്യത്തോടെയും നൈര്‍മല്യത്തോടെയും ചേര്‍ത്ത് പിടിക്കും, അങ്ങേയറ്റത്തെ സന്തോഷത്തോടെയാണ് അവളവനെ എടുക്കുന്നത്. തന്റെ കുഞ്ഞിനെ ചേര്‍ത്ത് പടിക്കുമ്പോള്‍ അവളുടെ മുഖത്ത് പുഞ്ചിരിയുണ്ടാകും. ഉറക്കം നഷ്ടപ്പെടുമ്പോഴും അവള്‍ അതില്‍ തൃപ്തി കണ്ടെത്തും. ഒരു ഉമ്മാക്ക് മുലകുടിപ്രായത്തിലുള്ള തന്റെ കുഞ്ഞിനോടുള്ള ബന്ധം ഇങ്ങനെയായിരിക്കും. അവനെ ഊട്ടാനാണ് അവളുണ്ണുന്നത്, അവനെകുടിപ്പിക്കാനാണ് അവള്‍ കുടിക്കുന്നത്, അവള്‍ വിശ്രമിക്കുന്നത് അവന്റെ ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനും.  അവനെ മുലയൂട്ടാനായി തന്റെ പുന്നാരമോനെ അവള്‍ ചേര്‍ത്ത് പിടക്കുന്ന സന്ദര്‍ഭം വികാര സാന്ദ്രമാണ്.  വര്‍ണിക്കാന്‍ സാധ്യമല്ലാത്ത വികാരങ്ങള്‍ അതിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ആസ്വദിച്ചവര്‍ക്കല്ലാതെ മനസിലാവില്ല. ഇങ്ങനെ ഒരു സ്‌നേഹം ഉമ്മയില്‍ നിന്ന് കിട്ടുന്നത് ദുര്‍ബലനായ ഈ ശിശുവിനോടുള്ള  അല്ലാഹുവിന്റെ കാരുണ്യമല്ലേ? കാരുണ്യം നിറഞ്ഞ ഹൃദയവും തന്റെ സമയവും ജീവിതവും മകന്  നല്‍കാന്‍ തയ്യാറുള്ള ഒരു ഉമ്മയെ നല്‍കിയത് അല്ലാഹുവിന്റെ കാരുണ്യമല്ലേ?

ഇന്നത്തെ തിരക്കിട്ട ജീവിതത്തില്‍ ഉമ്മ ഒരു പാട് കാര്യങ്ങളില്‍ വ്യാപൃതയാകേണ്ടി വരുന്നുണ്ട്. അപ്പോള്‍ അവള്‍ക്ക് മുലയൂട്ടുന്ന തന്റെ കുഞ്ഞിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയില്ല. സ്വാഭാവികമായി മുലയൂട്ടുന്നതിന് പകരം വൈകാരികബന്ധമോ അനുഭൂതിയോ പകരാത്ത വരണ്ട പ്ലാസ്റ്റിക് മില്‍ക് ബോട്ടിലുകള്‍ ഉപയോഗിച്ചു കൊണ്ടുള്ള മുലയൂട്ടല്‍ കുഞ്ഞില്‍ പ്രതികൂലമായ സ്വാധീനമാണുണ്ടാക്കുക. മൃഗത്തിന്റെ പാലാണ് അതില്‍ നിറച്ചിട്ടുണ്ടാവുക, ആ ബോട്ടിലിന് ഉമ്മയുടെ വാല്‍സല്യമുള്ള മുലപ്പാലിനോട് സമമാകാന്‍ സാധ്യമല്ല. നൈര്‍മല്യത്തോടെയുള്ള മാതൃഹൃദയത്തിന്റെ തുടിപ്പ് കൈമാറാനും ആ ബോട്ടിലിനാകില്ല. കട്ടിലില്‍ ഉറങ്ങുമ്പോഴോ നിലത്തിരിക്കുമ്പോഴോ മാതാവോ പിതാവോ സഹോദരനോ സഹോദരിയോ വായിലേക്ക് പിടിച്ച് കൊടുക്കുകയോ അല്ലെങ്കില്‍ കുഞ്ഞ് സ്വയംകുടിക്കുകയോ ചെയ്യുന്ന പാല്‍ക്കുപ്പിക്ക് ഉമ്മയുടെ മാറിടത്തില്‍ നിന്ന് പാല്‍കുടിക്കുന്നതിലൂടെ ലഭിക്കുന്ന ദൃഢമായ ബന്ധം കൈമാറ്റം ചെയ്യാന്‍ സാധ്യമല്ല. ഭാഗ്യമെന്നോണം അവന് കിട്ടുന്ന പോഷകാശം കുറഞ്ഞ ഫാസ്റ്റ് ഫുഡ് പോലെ മാത്രമേ അതിനെ കാണാന്‍ സാധിക്കുകയുള്ളു. അതു പയോഗിക്കുന്നതിലൂടെ കുഞ്ഞിന് ഉമ്മയുടെ ഹൃദയമിടിപ്പ് അനുഭവിക്കാനുള്ള സാഹചര്യമില്ല. ഉമ്മാക്ക് തന്റെ കുഞ്ഞിന്റെ ലോലമായഹൃദയത്തുടിപ്പുകളറിയാനും എന്നിട്ട് സാന്ത്വനം നല്‍കാനും  സാധ്യമല്ല. ആദ്യം അല്‍പം പാല്‍കുടിക്കുകയും പിന്നീട് കളിക്കുകയും പിന്നീട് ഉമ്മയുടെ മൂക്കില്‍ പിടിച്ച് വാല്‍സല്യം കാണിക്കുകയും ചെയ്യാന്‍ കുട്ടികള്‍ക്ക് മുലയൂട്ടലിലൂടെ സാധിക്കുമായിരുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ കുഞ്ഞിന്റെ കണ്ണുകളും മാതാവിന്റെ കണ്ണുകളും തമ്മില്‍ കൂട്ടിമുട്ടുകയും ചുണ്ടുകള്‍ കൂട്ടിയുരസുകയും ചെയ്യാന്‍ ശ്രമിക്കുന്നു. ഇതെല്ലാം ഒരു കുഞ്ഞിന് ശരീഅത്ത് അനുവദിച്ച അവകാശങ്ങളല്ലേ?  വികാര സാന്ദ്രമായ ഈ അവസരം സ്വാഭാവിക മുലയൂട്ടലിലൂടെയല്ലാതെ കുഞ്ഞിന് ലഭിക്കില്ലല്ലോ?

സാധുവായ കുഞ്ഞിന്റെ ജനിക്കുവാനും സ്വാഭാവികപ്രക്രിയയിലൂടെ ഉമ്മയുടെ മുല കുടിക്കുവാനുമുള്ള അവകാശം സംരക്ഷിക്കാനായി അല്ലാഹു നിശ്ചയിച്ച ശിക്ഷ നടപ്പാക്കുന്നതില്‍ വരെ പ്രവാചകന്‍ സമയം നീട്ടി നിശ്ചയിക്കുകയുണ്ടായി. വ്യഭിചാരിയായ സ്ത്രീയോട് പ്രവാചകന്‍ പറഞ്ഞു: ”പോകൂ പോയി നിന്റെ കുഞ്ഞിന് പാല് കൊടുക്കൂ’, എന്നിട്ട് മുല കുടി കാലം കഴിഞ്ഞ് തിരിച്ച് വരൂന്നു. അവിടെ മറ്റ് സ്ത്രീകളെ പാല് കൊടുക്കാന്‍ ഏല്‍പിക്കാന്‍  സാധിക്കാമായിരുന്നു. അല്ലെങ്കില്‍ മറ്റേതെങ്കിലും പാല്‍ നല്‍കാമായിരുന്നു. കുഞ്ഞിന്റെ സ്വാഭാവിക മുലകുടിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് കുഞ്ഞിന് ശത്രുതാമനോഭാവവും അന്തര്‍മുഖ സ്വഭാവവുമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പിന്നീട് കുഞ്ഞ് ഉമ്മയില്‍ നിന്ന് അകന്ന് പോകും. എത്രത്തോളെമെന്നാല്‍ ചില കുട്ടികള്‍ തങ്ങളുടെ മൂത്ത സഹോദരിയേയോ വേലക്കാരിയേയോ വരെ ഉമ്മയായി തെറ്റിദ്ധരിക്കാറുണ്ട്. തങ്ങള്‍ക്ക് നഷ്ടപ്പെടുന്ന വൈകാരികമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് ഇവരെയായാണ് കുഞ്ഞ് പിന്നീട് സമീപിക്കുക. സഹോദരിയോ വേലക്കാരിയോ അടുത്തില്ലാതിരിക്കുമ്പോള്‍ ചിലപ്പോള്‍ കുഞ്ഞ് കരയും പക്ഷെ, ഈ വൈകാരിക ബന്ധം ഉമ്മയുമായി ഉണ്ടാവുകയുമില്ല. അതിന് കുഞ്ഞിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കുട്ടി ദിവസത്തില്‍മിക്കപ്പോഴും അവരോടൊപ്പമാണ് കഴിഞ്ഞ് കൂടാറുള്ളത്. ചിലപ്പോള്‍ ഉറക്കവും അവരോടൊപ്പമായിരിക്കും.

അല്ലാഹു വിശ്വസിച്ചേല്‍പ്പിച്ച ഭക്ഷണം കുഞ്ഞിനെ ഊട്ടുന്നതിനും മുലപ്പാല്‍ നല്‍കുന്നതിനും ഉമ്മാക്ക് കുഞ്ഞിനോട് ബാധ്യതയുണ്ട്. ഉമ്മയില്ലാതെ കുഞ്ഞിന് അത് ലഭിക്കില്ല. അത് കുഞ്ഞിന്റെ അവകാശവുമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ…’ മാതാക്കള്‍ ശിശുക്കളെ രണ്ടുവര്‍ഷം തികച്ചും മുലയൂട്ടേണ്ടതാകുന്നു. ആ അവസരത്തില്‍ അവര്‍ക്കു ന്യായമായ നിലയില്‍ ഭക്ഷണവും വസ്ത്രവും നല്‍കുന്നതിന് പിതാക്കള്‍ ബാധ്യസ്ഥരായിരിക്കും’ (അല്‍ ബഖറ-233) ഈ ആയതിനെക്കുറിച്ച് ഇബ്‌നു കഥീര്‍ പറയുന്നതിങ്ങനെയാണ് ”മാതാപിതാക്കള്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി മുലയൂട്ടണമെന്ന മാതാപിതാക്കളോടുള്ള അല്ലാഹുവിന്റെ നിര്‍ദ്ദേശമാണ് ഈ ആയത്” ദഹാഖ് പറയുന്നു: തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നടത്തിയ സ്ത്രീക്ക് അയാളില്‍ നിന്ന് മക്കളുണ്ടെങ്കില്‍ അവള്‍ ആകുഞ്ഞിന് മുലയൂട്ടുമ്പോള്‍ കുഞ്ഞിന്റെ പിതാവ് മാതാവിന് മാന്യമായ ഭക്ഷണവും വസ്ത്രവും നല്‍കണം.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles