Current Date

Search
Close this search box.
Search
Close this search box.

മാതൃകയാക്കേണ്ട അധ്യാപന രീതികള്‍

PARENT.jpg

ജീവിതത്തില്‍ നമ്മെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചവരുടെ കൂട്ടത്തില്‍ നമ്മുടെ ചില അധ്യാപകരുമുണ്ടാകും. സ്‌കൂളില്‍ നമുക്ക് ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തരികയും കായിക നിയമങ്ങള്‍ നമുക്ക് ആദ്യമായി പറഞ്ഞു തരികയും ചെയ്ത അധ്യാപകരെ നമുക്ക് എത്ര മുതിര്‍ന്നാലും ഓര്‍ത്തെടുക്കാനാകും. ബാല്യത്തില്‍ നിന്നും കൗമാരത്തിലേക്കുള്ള നമ്മുടെ വളര്‍ച്ചയില്‍ നമ്മുടെ ജീവിതത്തില്‍ നിര്‍ണായക വിവരങ്ങള്‍ നമുക്ക് ബോധ്യപ്പെടുത്തി തന്ന നിരവധ അധ്യാപകര്‍ക്ക് പങ്കുണ്ട്. കണക്കിന്റെ രസതന്ത്രം നമുക്ക് എളുപ്പമാക്കി തന്നതില്‍ ഹൈസ്‌കൂളില്‍ കണക്കു പഠിപ്പിച്ച അധ്യാപകനും സംവാദത്തിന്റെ രീതിശാസ്ത്രം പഠിപ്പിക്കുന്നതില്‍ നമ്മുടെ കോളേജ് പ്രഫസറും നമ്മെ സഹായിച്ചിട്ടുണ്ട്. നമ്മുടെ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഇത്തരത്തില്‍ നമ്മില്‍ എന്നും ഓര്‍മ്മിച്ചെടുക്കാനാകുന്ന സ്വാധീനങ്ങള്‍ ചെലുത്തിയ അധ്യാപകരുണ്ടാകുക എന്നത് വളരെ സ്വാഭാവികം.

എന്നാല്‍ വിശ്വാസിയുടെ ആത്മീയ വളര്‍ച്ചക്കു വേണ്ട അടിത്തറകള്‍ പാകിയ അധ്യാപകനെ ഓര്‍ക്കാതിരിക്കാന്‍ വിശ്വാസികള്‍ക്ക് സാധ്യമല്ല. മാനവിക സമൂഹത്തിന്റെ ആത്മീയ വിദ്യാഭ്യാസത്തിന്റെ അടിത്തറകള്‍ പാകിയ ആ മഹാനാഭാവു മറ്റാരുമല്ല. അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് (സ) തന്നെ. നിരക്ഷരനായ പ്രവാചകന്‍ അല്ലാഹുവിനാല്‍ അന്ത്യ പ്രവാചകനായി തെരഞ്ഞെടുക്കപ്പെടുകയും വിശ്വാസികളുടെ ഏറ്റവും മികച്ച അധ്യാപകനായി മാറുകയും ചെയ്തു. ജീവിക്കുന്ന ഖുര്‍ആനായി മാതൃക കാട്ടിയ പ്രവാചകന്‍ (സ) യുടെമേല്‍ അര്‍പ്പിതമായ ഉത്തരവാദിത്വം വിശുദ്ധ ഖുര്‍ആന്‍ ജനങ്ങളെ ഓതിക്കേള്‍പ്പിക്കുകയും അതിന്റെ സാരം ജനഹൃദയങ്ങളിലേക്കെത്തിക്കുകയും ചെയ്യുക എന്നായിരുന്നു. ഒരു സാധാരണ അധ്യാപകനായിരുന്നില്ല പ്രവാചകന്‍. മറിച്ച് നൂറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും പ്രവാചക അധ്യാപനത്തിന്റെ സ്വാധീനം തെളിഞ്ഞു നില്‍ക്കുമാറ് മാതൃകപരമായ അധ്യാപന രീതികള്‍ കാഴ്ച്ചവെക്കാന്‍ പ്രവാചകന്‍ (സ)ക്ക് സാധിച്ചു. ലോകം കണ്ടതില്‍ ഏറ്റവും മികച്ച അധ്യാപകനായി നമുക്ക് പ്രവാചകനെ കണക്കാനാകുമെന്നതില്‍ ലവലേശം സംശയമില്ല. മാതൃകാപരമായ പ്രവാചക അധ്യാപന രീതിയുടെ അനേകം ഉദാഹരണങ്ങള്‍ പ്രവാചക ജീവിതത്തില്‍ നിന്നും നമുക്ക് വായിച്ചെടുക്കാന്‍ സാധിക്കും :
പഠനത്തില്‍ മുന്നില്‍ നില്‍ക്കുന്നവരെയും പിന്നിലായവരെയും ക്ലാസ് റൂമുകളില്‍ വേര്‍തിരിച്ചു നിര്‍ത്തുന്ന രീതി ലോകത്തെല്ലായിടത്തും അധ്യാപകര്‍ പിന്തടരുന്നുണ്ട്. യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികളുടെ പഠനശേഷിയെ പ്രതികൂലമായി ബാധിക്കുന്ന ഈ വേര്‍തിരിവ് പഠനത്തില്‍ ഉന്നത നിലപവാരം കാത്തു സൂക്ഷിക്കുന്ന കുട്ടികളുടെ വളര്‍ച്ചക്കു മാത്രമേ ഉപകരിക്കൂ. എന്നാല്‍ ബുദ്ധിയുടേയോ സാമൂഹ്യ നിലവാരത്തിന്റെയോ മറ്റേതെങ്കിലും മാനദണ്ഡങ്ങളുടേയോ പേരില്‍ വിദ്യാര്‍ഥികളെ വേര്‍തിരിച്ചു നിര്‍ത്തുന്ന സ്വഭാവം പ്രവാചകനുണ്ടായിരുന്നില്ല. വേര്‍തിരിവിന്റെയും വര്‍ഗീകരണത്തിന്റെയും ആശയമല്ലായിരുന്നു പ്രവാചകന്‍ പ്രചരിപ്പിച്ചത്. മറിച്ച് ഉള്‍ക്കൊള്ളലിന്റേതായിരുന്നു. ആരെയും മതത്തില്‍ നിന്നും പുറത്താക്കാനായിരുന്നില്ല പ്രവാചകന് തിടുക്കം മറിച്ച്, ആളുകളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനും അതിന്റെ ഭാഗമാക്കാനുമായിരുന്നു. പ്രവാചകന്‍ (സ) പറഞ്ഞു : ‘അല്ലാഹുവാണെ, നീ മുഖേന ഒരാള്‍ ഇസ്‌ലാമിലേക്ക് വരുന്നതാണ് നല്ല ചുവന്ന ഒട്ടകങ്ങളെ കരസ്ഥമാക്കുന്നതിനേക്കാള്‍ നിനക്ക് ഉത്തമമായിട്ടുള്ളത്’ (ബുഖാരി). സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റെയും മാതൃകയാണ് നമുക്ക് പ്രവാചകനെന്ന അധ്യാപകനില്‍ നിന്നും പഠിക്കാനുള്ളത്. വിശ്വാസത്തിന്റെ മാര്‍ഗത്തിലേക്ക് ആളുകളെ എങ്ങനെ ആകര്‍ഷിക്കാനാകുമെന്നാണ് നാം ആലോചിക്കേണ്ടതും.
വിദ്യഭ്യാസ ജീവിതത്തില്‍ നമ്മെ പഠിപ്പിച്ച അധ്യാപകരില്‍ ചിലരുടെയെങ്കിലു ക്ലാസ്സുകളും സംസാരങ്ങളും മനസ്സിലാക്കാന്‍ നാം അല്‍പ്പം പ്രയാസപ്പെട്ടിട്ടുണ്ടാവും. അധ്യാപകരുടെ സംസാരരീതി മനസിലാകാത്തതിനാലും മറ്റു കാരണങ്ങളാലും പഠിപ്പിക്കപ്പെട്ട പാഠഭാഗങ്ങള്‍ കൃത്യമായി ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥ നമുക്കുണ്ടായിട്ടുണ്ടാകാം. വിദ്യാര്‍ഥികളുടെ ചിന്താമണ്ഡലത്തിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പാഠഭാഗങ്ങള്‍ കുത്തിനിറക്കുന്ന ബാധ്യത തീര്‍ക്കുന്ന അധ്യാപകരെയും നമുക്കിന്ന് കാണാം. എന്നാല്‍ തന്റെ അനുചരന്‍മാരെ ക്രമാനുസാരം കാര്യങ്ങള്‍ പഠിപ്പിക്കുകയും അവര്‍ക്ക് ഭാരം വരാത്ത രീതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കുന്നതുമായിരുന്നു പ്രവാചകന്റെ അധ്യാപന രീതി. ‘വാക്കുകള്‍ എണ്ണാന്‍ കഴിയും വിധം സാവധാനമാണ് പ്രവാചന്‍ സംസാരിച്ചിരുന്നത്’ (ബുഖാരി). പലപ്പോഴും ഒരു കാര്യം തന്നെ മൂന്ന് തവണ പ്രവാചകന്‍ ആവര്‍ത്തിച്ചു പറയാറുണ്ടായിരുന്നു. സ്പഷ്ടവും ലളിതവുമായ പ്രവാചക വചനങ്ങള്‍ അനുചരന്‍മാരുടെ ഹൃദയത്തില്‍ വിശ്വാസത്തിന്റെ വേരുകള്‍ പടര്‍ത്തുകയും ഖുര്‍ആനിക ആശയങ്ങളുടെ അന്തസത്ത അവര്‍ക്ക് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തു. പാഠഭാഗങ്ങള്‍ ആവര്‍ത്തിച്ചും ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുന്നതും അധ്യാപന രീതിയുടെ പ്രാഥമിക മര്യാദയാണെന്ന് പഠിപ്പിക്കുകായാണിവിടെ പ്രവാചകന്‍.
ഒരു അധ്യാപകനുണ്ടായിരിക്കേണ്ട ഏറ്റവും പ്രാഥമികവും പ്രധാനപ്പെട്ടതുമായ ഗുണം എന്താണെന്ന് പ്രവാചകന്‍ ജീവതത്തിലൂടെ തെളിയിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ഏകത്വത്തെക്കുറിച്ചും അവന്റെ ആജ്ഞാനിര്‍ദ്ദേശങ്ങളനുസരിച്ച് ജീവിക്കേണ്ടതിനെയും പരലോക ജീവിതത്തെക്കുറിച്ചും പ്രവാചകന്‍ തന്റെ അനുനായികളെ നിരന്തരം ഓര്‍മ്മപ്പെടുത്താറുണ്ടായിരുന്നു. പ്രവാചകന്‍ ഉദ്‌ബോധിപ്പിച്ചുകൊണ്ടിരുന്ന എല്ലാ കാര്യങ്ങളുടെയും അന്തസത്ത പൂര്‍ണമായും ഉള്‍ക്കൊണ്ട ജീവിതം കൂടിയായിരുന്നു പ്രവാചകന്റേത്. വിശുദ്ധ ഖുര്‍ആനെയും തിരുചര്യയെയും അനുധാവനം ചെയ്തു എങ്ങനെയാണ് തങ്ങളുടെ ജീവതം ഭാസുരമാക്കേണ്ടതെന്ന് പഠിക്കാന്‍ പ്രവാചക അനുയായികള്‍ക്ക് ഇതുമൂലം വേഗത്തില്‍ സാധിച്ചു. ഖുര്‍ആന്‍ പറയുന്നു : ‘സംശയമില്ല, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും’ (അഹ്‌സാബ് : 21). പഠിപ്പിക്കുന്ന ആശയങ്ങള്‍ പ്രവാചകന്‍ ജീവതത്തിലും പ്രാവര്‍ത്തികമാക്കി കാണിച്ചു കൊടുത്തപ്പോഴായിരുന്നു അതുപ്രകാരം തന്റെ അനുചരന്‍ാമരെയും വളര്‍ത്താന്‍ പ്രവാചകന് സാധിച്ചത്. വാക്കുകളും പ്രവര്‍ത്തനങ്ങളും രണ്ടു തട്ടിലാകുമ്പോള്‍ അതുസാധ്യമല്ല.
പരുഷപ്രകൃതക്കാരായ വിദ്യാര്‍ഥികളെ കൈകാര്യം ചെയ്യുന്നതില്‍ പല അധ്യാപകരും പരാജയപ്പെടാറാണ് പതിവ്. അധ്യാപകര്‍ വിദ്യാര്‍ഥികളാല്‍ അക്രമിക്കപ്പെടുന്ന വാര്‍ത്തകളും നാം കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നക്കാരായ വിദ്യാര്‍ഥികളെ മനസിലാക്കുന്നതിലും അവരെ നേര്‍വഴിലേക്ക് നയിക്കുന്നതിലും ചില അധ്യാപകരെങ്കിലും വിജയിക്കാറുണ്ട്. പ്രവാചകത്വം ലഭിച്ച ആദ്യ നാളുകളില്‍ മക്കയില്‍ ഇസ്‌ലാമിന്റെ പ്രചാരണത്തിനിറങ്ങിയ വേളയില്‍ മക്കാനിവാസികളും പ്രവാചകനോട് പരുഷമായിട്ടു തന്നെയാണ് പ്രതികരിച്ചത്. പതിമൂന്ന് വര്‍ഷത്തെ മക്കാ പ്രബോധന കാലയളവില്‍ ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് പ്രവാചക അധ്യാപനങ്ങള്‍ക്ക് ചെവികൊടുത്തു കൊണ്ട് ഇസ്‌ലാമിന്റെ പാതയിലേക്ക് വന്നത്. മക്കയിലെ ഇസ്‌ലാം വിരോധികളില്‍ നിന്നും ക്രൂരമായ പീഡനങ്ങളേള്‍ക്കേണ്ടി വന്നു ഈ ന്യൂനപക്ഷം. മക്കയില്‍ നിന്നും മദീനയിലേക്ക് പാലായനം ചെയ്തതിനു ശേഷം അല്‍പ്പം കുറവു വന്നെങ്കിലും ഇസ്‌ലാമിനും പ്രവാചകനും നേരെയുള്ള അക്രമ മര്‍ദ്ദനങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നു. എന്നാല്‍ ഇത്തരം അക്രമ മര്‍ദ്ദനങ്ങള്‍ പ്രവാചകന്റെ വ്യക്തിത്വത്തെ കൂടുതല്‍ പ്രഭാപൂരിതമാക്കുകയാണ് ചെയ്തത്. പ്രവാചകനെ സംബന്ധിച്ചിടത്തോളം ഈ അക്രമ മര്‍ദ്ദനങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗം ചെയ്യാനും ക്ഷമയവലംബിച്ച് ദൈവിക മാര്‍ഗത്തില്‍ അടിയുറച്ചു നില്‍ക്കാനുമുള്ള പ്രചോദനമാവുകയായിരുന്നു. പ്രവാചകന്‍ പകര്‍ന്നു നല്‍കിയ ഈ അതുല്യമായ അധ്യാപന രീതിയാണ് നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഇസ്‌ലാമിനെ പ്രോജ്വലിച്ചു നിര്‍ത്തുന്നതിന്റെ കാരണം. ലോകത്ത് ഏറ്റവും കൂടുതല്‍ വേഗത്തില്‍ പ്രചുര പ്രാചാരം നേടിക്കൊണ്ടിരിക്കുന്ന മതമായി ഇസ്‌ലാമിനെ മാറ്റിയതിനു പിന്നിലും പ്രവാചകന്റെ അധ്യാപനങ്ങള്‍ക്കുള്ള പങ്ക് നിസ്തുലമാണ്. പ്രവാചകന്റെ ഈ അധ്യാപന രീതിയാണ് നമുക്കും മാതൃകയാകേണ്ടത്.

വിവ : ജലീസ് കോഡൂര്‍
 

Related Articles