Current Date

Search
Close this search box.
Search
Close this search box.

മക്കള്‍ നമ്മില്‍ നിന്നും മറച്ചുവെക്കുന്നത്

secret.jpg

നമ്മുടെ മക്കള്‍ വളരെ രഹസ്യമാക്കി വെക്കുന്ന ഒരു കാര്യം നാം അറിയുമ്പോള്‍ എങ്ങിനെയായിരിക്കും അതിനെ കൈകാര്യം ചെയ്യുക? പ്രത്യേകിച്ചും നാം കണ്ടെത്തിയത് ഗൗരവപ്പെട്ട ഒരു കാര്യമാകുമ്പോള്‍. ഉദാഹരണമായി മകള്‍ക്ക് ഒരു യുവാവുമായുള്ള നിരന്തര സംസാരമോ മകന്റെ പുകവലിയോ കണ്ടെത്തുന്ന അവസ്ഥ. ഇത്തരം സന്ദര്‍ഭങ്ങളില്‍ അതിനെ വൃത്തിയായി കൈകാര്യം ചെയ്യുന്നതിന് അഞ്ച് നടപടികള്‍ സ്വീകരിക്കണം. ഒന്നാമതായി വേണ്ടത് ശാന്തത പാലിക്കുക എന്നതാണ്. രക്ഷാകര്‍തൃ ബന്ധം തന്നെ തകര്‍ക്കുന്ന തരത്തില്‍ പ്രതികരിക്കാതിരിക്കാന്‍ വുദുവിലൂടെയും നമസ്‌കാരത്തിലൂടെയും ആത്മസംയമനം പാലിക്കാം. രണ്ടാമത്തെ നടപടി നമ്മിലേക്ക് എത്തിയ വാര്‍ത്തയുടെ സത്യസന്ധത ഉറപ്പുവരുത്തുക എന്നതാണ്. നമ്മുടെ ഊഹങ്ങളുടെയും കണക്കുകൂട്ടലുകളുടെയും അടിസ്ഥാനത്തിലായിരിക്കരുത് മക്കളോട് പെരുമാറുന്നത്. മൂന്ന്, മകനോട് ഈ വിഷയം സംസാരിക്കുമ്പോള്‍ ആരോപണത്തിന്റെ വിരലുകളെല്ലാം അവന് നേരെ ചൂണ്ടി കുറ്റപ്പെടുത്തലിന്റെ ശൈലിയിലായിരിക്കരുത്. തെറ്റില്‍ നിന്ന് മടങ്ങാനുള്ള അവസരം അവര്‍ക്ക് തുറന്ന് കൊടുക്കണം. തെറ്റ് അംഗീകരിച്ചാല്‍ തെറ്റ് തിരുത്ത് മടങ്ങാന്‍ അവസരമൊരുക്കുന്നതിന് വിട്ടുവീഴ്ച്ചയുടെ സമീപനം സ്വീകരിക്കലാണ് നാലാമത്തേത്. തെറ്റ് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മാന്യമായ പെരുമാറ്റമാണ് നാം സ്വീകരിക്കേണ്ടതെന്നതാണ് അഞ്ചാമത്തെ കാര്യം. എഴുതിതള്ളലിന്റെയോ ബഹിഷ്‌കരണത്തിന്റെയോ ആട്ടിയോടിക്കലിന്റെയോ ശൈലിയല്ല സ്വീകരിക്കേണ്ടത്. ഈ അഞ്ച് അടിസ്ഥാനങ്ങള്‍ പാലിച്ചായിരിക്കണം മക്കളുടെ രഹസ്യങ്ങളെ കൈകാര്യം ചെയ്യേണ്ടത്.

രഹസ്യം മറച്ചു വെക്കാന്‍ കുട്ടികളെ ചെറുപ്പത്തില്‍ നാം തന്നെയാണ് പഠിപ്പിക്കുന്നത്. അവരുടെ ചെവിയില്‍ ഒരു കാര്യം പറഞ്ഞ് ഇത് ആരോടും പറയരുതെന്ന് പറയുമ്പോള്‍ നാം രഹസ്യം മറച്ചു വെക്കാനാണ് അവരെ പഠിപ്പിക്കുന്നത്. രഹസ്യം എന്നതിന്റെ അര്‍ഥം അവര്‍ അതിലൂടെ പഠിക്കുന്നു. എന്നാല്‍ നമ്മുടെ മക്കള്‍ നമ്മില്‍ നിന്ന് മറച്ചുവെക്കുന്ന രഹസ്യങ്ങള്‍ എന്തൊക്കെയാണ്? അതിന് മറുപടി പറയുന്നതിന് മുമ്പ് മാതാപിതാക്കള്‍ കാരണങ്ങളായി വരുന്നവയെന്നും, മക്കള്‍ സ്വന്തം നിലക്ക് തന്നെ കാരണക്കാരായി വരുന്നവയെന്നും രഹസ്യങ്ങളെ രണ്ടായി വേര്‍തിരിക്കാം. ഒരു കുട്ടി തന്റെ മാതാപിതാക്കളോട് രഹസ്യങ്ങള്‍ പങ്കുവെക്കാതിരിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അവയില്‍ പെട്ടതാണ് മാതാപിതാക്കളുടെ ജോലിത്തിരക്ക്, അവരുമായി അവനുള്ള അകല്‍ച്ച, അവന്റെ ജീവിതത്തിന്‍ ശ്രദ്ധനല്‍കാതിരിക്കല്‍, മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ഇടയിലെ സംഭാഷണത്തിന്റെ കുറവ്, ഭക്ഷണം, യാത്ര പോലുള്ള അവസരങ്ങളില്‍ ഒന്നിച്ചിരിക്കുമ്പോഴുള്ള മൗനം, മുമ്പ് അവരോട് രഹസ്യം തുറന്ന് പറഞ്ഞതിന്റെ തിക്താനുഭവം. അവരോട് പങ്കുവെച്ച രഹസ്യം പിന്നീട് കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ താന്‍ അപഹാസ്യനാകുന്നതിന് കാരണമായിരിക്കുന്നു എന്ന് അറിഞ്ഞാല്‍ പിന്നെ അത്തരം ഒരു സാഹസത്തിന് മുതിരാന്‍ അവര്‍ക്ക് പ്രയാസമായിരിക്കും.

മറ്റൊരു കാരണം മാതാപിതാക്കളുടെ പക്ഷപാത സമീപനവും സന്താനപരിപാലത്തില്‍ ഉച്ചത്തിലുള്ള ഒച്ചയുടെ ശൈലി സ്വീകരിക്കുന്നതുമാണ്. ഇത്തരം ഒരവസ്ഥയില്‍ മക്കള്‍ക്ക് സുരക്ഷിതത്വവും നിര്‍ഭയത്വവും അനുഭവപ്പെടില്ല. മാതാപിതാക്കളുമായുള്ള ബന്ധത്തിലെ സുതാര്യതയില്‍ അത് പ്രതിഫലിക്കും. മാതാപിതാക്കളുടെ പക്വതയില്‍ മക്കള്‍ക്ക് വിശ്വാസമില്ലാതാകുന്നത് പലപ്പോഴും അവരില്‍ നിന്ന് രഹസ്യം മറച്ചു വെക്കാന്‍ കാരണമാവാറുണ്ട്. ഇത്തരം എത്രയോ കേസുകള്‍ പല മക്കളും എന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്.

രഹസ്യം സൂക്ഷിക്കുന്നതിന് മക്കള്‍ക്ക് അവരില്‍ തന്നെയുള്ള കാരണങ്ങളുണ്ടെന്ന് പറഞ്ഞു. മാതാപിതാക്കള്‍ക്ക് മുന്നിലുള്ള തന്റെ സ്ഥാനവും ചിത്രവും കാത്തൂസൂക്ഷിക്കുന്നതിന് അത് ചെയ്യേണ്ടി വരുന്നു. ഒരു തെറ്റ് ചെയ്താല്‍ മാതാപിതാക്കള്‍ക്ക് മുന്നിലെ തന്റെ ചിത്രത്തിന് കളങ്കമേല്‍ക്കാതിരിക്കാന്‍ അവരത് മറച്ചു വെക്കുന്നു. അല്ലാഹു മറച്ചു വെച്ച ഒരു തെറ്റ് മാതാപിതാക്കള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അവസരത്തിലും അത് ചെയ്യുന്നു. പലപ്പോഴും തുറന്ന് പറയണമെന്ന് മക്കള്‍ക്ക് ആഗ്രഹമുണ്ടെങ്കിലും എങ്ങനെ തുടങ്ങും എന്ന് അറിയാത്തതിനാല്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരും ഉണ്ട്. അല്ലെങ്കില്‍ ഏത് തരത്തിലായിരിക്കും അതിനോട് അവര്‍ പ്രതികരിക്കുക എന്ന ഭയവും അതിന് കാരണമാകാം.

മക്കളുടെ ഒരു രഹസ്യം തങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെട്ടാല്‍ അത് മറച്ചു വെച്ച് അവനെ തിരുത്താന്‍ ശ്രമിക്കുകയാണ് വേണ്ടത്. രഹസ്യം സൂക്ഷിക്കാന്‍ പഠിപ്പിക്കുന്നത് മാതാപിതാക്കള്‍ തന്നെയാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. ‘മോനേ, നിന്റെ സ്വപ്നത്തെ കുറിച്ച് നിന്റെ സഹോദരന്‍മാരോട് പറയരുത്’ എന്ന് യഅ്ഖൂബ് നബി(അ) യൂസുഫിനോട്(അ) പറയുമ്പോള്‍ രഹസ്യം സൂക്ഷിക്കണമെന്ന പാഠം പിതാവില്‍ നിന്ന് പഠിക്കുകയാണ്. അവശ്യമായ സമയത്ത് ചില വിവരങ്ങള്‍ അദ്ദേഹം മറച്ചു വെച്ചതായി ഖുര്‍ആന്‍ തന്നെ വിവരിക്കുന്നുണ്ട്. ‘ആ സഹോദരന്മാര്‍ പറഞ്ഞു: ഭഇവന്‍ മോഷ്ടിച്ചിട്ടുണ്ടെങ്കില്‍ അത്ഭുതമൊന്നുമില്ല. ഇതിനുമുമ്പ് ഇവന്റെ സഹോദരനും (യൂസുഫ്) മോഷണം നടത്തിയിട്ടുണ്ട്. അവരുടെ ഈ വര്‍ത്തമാനം യൂസുഫ് മനസ്സിലൊതുക്കി. യാഥാര്‍ഥ്യം അവരോടു വെളിപ്പെടുത്തിയില്ല.’ എപ്പോഴാണ് ഒരു കാര്യം രഹസ്യമാക്കേണ്ട്ത, പിന്നീട് എപ്പോഴത് വെളിപ്പെടുത്തണം എന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

മറച്ചുവെക്കുന്ന രഹസ്യങ്ങളെ കുറിച്ചാണ് നാം ഇതുവരെയും പറഞ്ഞത്. പ്രവാചക തിരുമേനിയുടെ(സ)യുടെ ജീവിതത്തില്‍ രഹസ്യങ്ങള്‍ ഇല്ലായിരുന്നു എന്ന് കൂടി നാം ഇതൊടൊപ്പം മനസ്സിലാക്കേണ്ടതുണ്ട്. കാരണം മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയായിട്ടാണ് അദ്ദേഹത്തെ നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് വിശദമായി ആളുകള്‍ അറിയേണ്ടതുണ്ട്. പ്രവാചകന്റെ രഹസ്യങ്ങളെ കുറിച്ചന്വേഷിച്ചെത്തിയ സഹാബിമാരുടെ സംഘത്തോട് ഉമ്മുല്‍ മുഅ്മിനീന്‍ ഉമ്മുസലമ(റ) പറഞ്ഞത് അദ്ദേഹത്തിന്റെ പരസ്യവും രഹസ്യവും സമമാണെന്നായിരുന്നു.

വിവ : നസീഫ്‌

Related Articles