Current Date

Search
Close this search box.
Search
Close this search box.

മക്കളെ എപ്രകാരം നമസ്‌കാരത്തില്‍ തല്‍പരരാക്കാം

namaz.jpg

‘എന്റെ മകനെ എപ്രകാരം നമസ്‌കാരത്തില്‍ തല്‍പാര്യമുള്ളവനാക്കും’- ഒരാള്‍ എന്നോട് ചോദിച്ചു. എന്നാല്‍ ഇതിനേക്കാള്‍ പ്രധാനപ്പെട്ട ഒരു ചോദ്യം എനിക്ക് നിന്നോട് ചോദിക്കാനുണ്ട്! ഞാന്‍ പ്രതികരിച്ചു. ആശ്ചര്യത്തോടെ ഇതിനേക്കാള്‍ പ്രധാനപ്പെട്ടത് എന്താണെന്ന് അദ്ദേഹം എന്നോട് തിരക്കി. ഈ ചോദ്യത്തിന് മറുപടി പറയുന്നതിന് മുമ്പ് ഈ കുട്ടി ജീവിക്കുന്ന ചുറ്റുപാടിനെ കുറിച്ച് എനിക്ക് അറിയേണ്ടതുണ്ട്.

ജീവിക്കുന്ന ചുറ്റുപാട് കൊണ്ട് എന്തെല്ലാമാണ് അര്‍ഥമാക്കുന്നത്- അദ്ദേഹം എന്നോട് ചോദിച്ചു. പ്രഥമമായി മാതാപിതാക്കളുടെ നമസ്‌കാരത്തിന്റെ അവസ്ഥ എനിക്ക് അറിയേണ്ടതുണ്ട്. മക്കള്‍ നമസ്‌കാരത്തോട് തല്‍പരരും നിഷ്ടയോടെ നിര്‍വഹിക്കുന്നവരുമാകണമെങ്കില്‍ അഞ്ചുതരം സാഹചര്യങ്ങള്‍ വീട്ടില്‍ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.

ഒന്ന്, പള്ളിയിലോ വീട്ടിലോ ആയി മാതാപിതാക്കള്‍ നമസ്‌കാരം കൃത്യമായി നിര്‍വഹിക്കുകയാണ് കുട്ടികളെ നമസ്‌കാരത്തില്‍ താല്‍പര്യമുള്ളവരാക്കി വളര്‍ത്താനുള്ള പ്രഥമവഴി. ആദ്യത്തെ എട്ടുവയസ്സ് വരെ മാതാപിതാക്കളില്‍ നിന്ന് കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമെല്ലാം കുട്ടികളില്‍ വലിയ സ്വാധീനമുളവാക്കും. അതോടൊപ്പം തന്നെ കൗമാര പ്രായത്തില്‍ കളിയിലും ചങ്ങാത്തത്തിലുമായി നടക്കുമ്പോള്‍ നമസ്‌കാരത്തിന്റെ കാര്യത്തില്‍ ചെറിയ വീഴ്ചകള്‍ വരുത്തുന്നതിനെ വലിയ അളവില്‍ ഭയപ്പെടേണ്ടതില്ല. മാതാപിതാക്കളുടെ നിരന്തര ശ്രദ്ധയും അനിവാര്യമായ ഉപദേശ നിര്‍ദ്ദേശങ്ങളുമുണ്ടെങ്കില്‍ മാറ്റിയെടുക്കാവുന്ന പ്രശ്‌നമേ ഇതിലുള്ളൂ.
രണ്ട്, ചില വീടുകളില്‍ പിതാവ് നമസ്‌കാരം നിഷ്ടയോടെ നിര്‍വഹിക്കുന്നവരാകും, പക്ഷെ മാതാവ് നമസ്‌കാരത്തിന്റെ കാര്യത്തില്‍ ശ്രദ്ദയില്ലാത്തവളുമായിരിക്കും. ഈ പരിതസ്ഥിതിയല്‍ മക്കള്‍ നമസ്‌കാരത്തോട് താല്‍പര്യമുള്ളവരായി വളരുകയില്ല. കാരണം ചെറുപ്രായത്തില്‍ കുട്ടി കൂടുതല്‍ സമയവും ചിലവഴിക്കുക തന്റെ ഉമ്മയോടൊപ്പമായിരിക്കും. പിതാവ് മകനുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുകയും നമസ്‌കാരത്തിന് അവനെ ഒപ്പം കൂട്ടുകയും ഇതിന്റെ പ്രാധാന്യം അവനെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ഒരുപരിധി വരെ ഇത് പരിഹരിക്കാന്‍ കഴിയും.

മൂന്ന്, ഉമ്മ നല്ല നമസ്‌കാരക്കാരിയും ഉപ്പ തീരെ നമസ്‌കരിക്കാത്ത വീടുകളെയും നമുക്ക് കാണാം. ഈ പ്രശ്‌നം അടിയന്തര ശ്രദ്ധയുണ്ടെങ്കില്‍ പരിഹരിക്കാവുന്നതേയുളളൂ… കുട്ടിയെ നമസ്‌കാരം പരിശീലിപ്പിക്കുക, നമസ്‌കാരത്തോടും ദീനി പ്രവര്‍ത്തനങ്ങളോടും താല്‍പര്യമുള്ള പരിപാടികളില്‍ പങ്കെടുപ്പിക്കുക. നല്ല ചങ്ങാതിമാരോടൊപ്പം മാത്രം സഹവസിപ്പിക്കുക, ഉപ്പയുടെ അവസ്ഥ മനസ്സിലാക്കി നല്ല മതനിഷ്ടയും അവന്റെ കാര്യത്തില്‍ ശ്രദ്ധയുള്ളവരുമായ കുടുംബത്തിലെ മുതിര്‍ന്നവരുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുക എന്നിവയിലൂടെയെല്ലാം ഇത് മറികടക്കാന്‍ കഴിയും.

നാല്, മാതാപിതാക്കള്‍ ചിലപ്പോള്‍ മാത്രം നമസ്‌കരിക്കുന്നവരാകുക, അല്ലെങ്കില്‍ എല്ലാ നമസ്‌കാരവും ഉറങ്ങുന്നതിന് മുമ്പ് ഒന്നിച്ചു നിര്‍വഹിക്കുന്നവരാകുക…. നമസ്‌കാരത്തില്‍ വ്യവസ്ഥ പുലര്‍ത്താത്തവരും താല്‍പര്യമില്ലാത്തവരുമായ ഇത്തരം വീടുകളില്‍ വളരുന്ന കുട്ടിയും സ്വാഭാവികമായും ഇതേ അവസ്ഥയിലായിരിക്കും വളരുക. തീരേ നമസ്‌കരിക്കാത്തവരുടേതിനേക്കാള്‍ മെച്ചമാണ് ഇവരുടെ അവസ്ഥയെങ്കിലും അവരോട് അടുത്തിടപഴകിക്കൊണ്ടും നല്ല കൂട്ടുകാരോടൊപ്പം സഹവസിപ്പിക്കുന്നതിലൂടെയും ഇത് പരിഹരിക്കാന്‍ കഴിയും. കുടുംബത്തിലെ മറ്റുള്ളവര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തി അവരെ നിഷ്ടയുള്ളവരാക്കി വളര്‍ത്തിയ അനുഭവങ്ങളുമുണ്ട്.

അഞ്ച്, മാതാപിതാക്കള്‍ തീരെ നമസ്‌കരിക്കാത്തവരാകുക. ഇത് ഏറ്റവും പ്രയാസകരമായ അവസ്ഥയാണ്. കാരണം കുട്ടി നമസ്‌കാരം കാണാതെയും അനുഭവിക്കാതെയുമാണ് കുട്ടി ചെറുപ്രായത്തില്‍ വളര്‍ന്നുവലുതാകുന്നത്. കുട്ടികളോടൊപ്പമുള്ള ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴുണ്ടായ ഒരനുഭവം ഞാന്‍ ഓര്‍ക്കുകയാണ്. നമസ്‌കാര സമയമായപ്പോള്‍ എല്ലാവരോടും വുദൂ എടുത്തുവരാന്‍ ഞാന്‍ പറഞ്ഞു. എങ്ങനെ വുദൂ (അംഗശുദ്ധി) എടുക്കണമെന്നും നമസ്‌കരിക്കണമെന്നും എനിക്ക് അറിയില്ല എന്ന് പത്തുവയസ്സായ ഒരു കുട്ടി എന്നോട് പറഞ്ഞു. ഞാന്‍ അതെല്ലാം അവനെ പഠിപ്പിച്ചു. അന്വേഷിച്ചപ്പോള്‍ അവന്റെ മാതാപിതാക്കള്‍ നമസ്‌കരിക്കാത്തവരാണെന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. സംഘടിത നമസ്‌കാരം കഴിഞ്ഞപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു. എനിക്ക് കുറേ നാളായി നമസ്‌കരിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. പക്ഷെ, എങ്ങനെ നമസ്‌കരിക്കണമെന്ന് ഇന്നേ വരെ ആരും എന്നെ പഠിപ്പിച്ചിട്ടില്ല, അതിനു ശേഷം നമസ്‌കാര നിഷ്ടയുള്ള കൂട്ടുകാരോട് സഹവസിപ്പിക്കാന്‍ അവനോട് ഞാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഈ അഞ്ച് അവസ്ഥയിലും കുട്ടികളെ നമസ്‌കാരത്തോട് തല്‍പരരാക്കാന്‍ വ്യത്യസ്തമായ ശൈലികളും പ്രവര്‍ത്തനങ്ങളുമാണ് നാം സ്വീകരിക്കേണ്ടത്. എന്റേയടുത്ത് വന്ന സഹോദരനോട് നിന്റെ ചോദ്യത്തേക്കാള്‍ പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട് എന്ന് തുടക്കത്തില്‍ നിങ്ങളോട് ഞാന്‍ പറഞ്ഞതിന്റെ ഉദ്ദേശ്യം ഇതാണെന്ന് ഞാന്‍ പറഞ്ഞു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഇതില്‍ ഒന്നാത്തെ അവസ്ഥയാണ് തന്റേത്. എങ്കിലും നമസ്‌കരിക്കാന്‍ നിരന്തരം അവന്റെ പുറകെ കൂടേണ്ട അവസ്ഥയാണുള്ളത്….. അദ്ദേഹം വിവരിച്ചു.

ഇത് സ്വാഭാവികമാണ്. കുട്ടികളെ സംബന്ധിച്ചെടുത്തോളം നമസ്‌കാരം അല്‍പം ഭാരമുള്ളതാണ്. കൂട്ടുകാരോടൊപ്പം കളിക്കുകയോ ഉല്ലസിക്കുകയോ ചെയ്യുമ്പോള്‍ നാം അവനോട് അതവസാനിപ്പിച്ച് നമസ്‌കരിക്കാന്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ അവന് നമസ്‌കാരത്തോട് മടുപ്പ് അനുഭവപ്പെടുന്നു. കാരണം ഈ പ്രായത്തില്‍ ഏതൊരു കുട്ടിയും കളിയെ ഇഷ്ടപ്പെടുകയും നിയന്ത്രണങ്ങളെ വെറുക്കുകയുമാണ് ചെയ്യുക. നമസ്‌കാരത്തിന്റെ കാര്യത്തില്‍ ചില കുസൃതികളും കുതന്ത്രങ്ങളും ചിലപ്പോള്‍ അവര്‍ പ്രയോഗിക്കും. ഏഴിനും പത്തിനുമിടയില്‍ വയസ്സുള്ളവരാണെങ്കില്‍ അല്‍പം മയത്തോടും സ്‌നേഹത്തോടും അവരെ ഉപദേശിച്ചു കാര്യം ബോധ്യപ്പെടുത്തിയാല്‍ തീരുന്ന പ്രശ്‌നമേ ഇതിലുള്ളൂ.

നമസ്‌കരിച്ചാല്‍ ഇന്നത് തരും എന്ന അര്‍ഥത്തിലുള്ള നിബന്ധന ഒരിക്കലും വെക്കരുത്. അതല്ലെങ്കില്‍ നമസ്‌കരിച്ചില്ലെങ്കില്‍ പടച്ചവന്‍ നിന്നെ നരകത്തീയിലിടും എന്ന രീതിയില്‍ ഭീഷണിപ്പെടുത്തുകയും അരുത്. അത് അല്ലാഹുവിനെ കുറിച്ച തെറ്റായ സങ്കല്‍പം കുട്ടികളില്‍ ഉടലെടുക്കാന്‍ സഹായകമാകും. മറിച്ച്, നമസ്‌കരിച്ചപ്പോള്‍ എന്തൊരു റാഹത്ത് ആണ് എന്നര്‍ഥത്തിലുള്ള പോസിറ്റീവായുള്ള വാക്കുകള്‍ നിരന്തരം അവരുടെ മുമ്പില്‍ നിന്നും പറയുക. കുടുംബങ്ങള്‍ ഒത്തുചേരുമ്പോള്‍ സംഘടിതമായി നമസ്‌കരിക്കാന്‍ ശ്രദ്ധിക്കുക, ശേഷം നമസ്‌കാരത്തിന്റെ പ്രാധാന്യവും ശ്രേഷ്ടതയുമെല്ലാം സന്ദര്‍ഭോചിതം അവരോട് പറയുകയും ചെയ്യുക. പത്തു വയസ്സുള്ള ഒരു കുട്ടിയുടെ വിജയവുമായി ബന്ധപ്പെട്ട ഒരു ആഘോഷ പരിപാടിയില്‍ പങ്കെടുത്ത അനുഭവം ഞാന്‍ ഓര്‍ക്കുന്നു. അവന്റെ കൂട്ടുകാരും കുടുംബക്കാരുമെല്ലാം അതില്‍ സംബന്ധിച്ചിട്ടുണ്ട്. ഭക്ഷണം കഴിഞ്ഞപ്പോള്‍ അവന്റ പിതാവ് അവനുള്ള ഒരു ആദരവിന്റെയും പ്രോല്‍സാഹനത്തിന്റെയും ഭാഗമായി കുട്ടികളുടെ ഇമാമായി നമസ്‌കരിക്കാന്‍ മകനോട് ആവശ്യപ്പെട്ടു… ഇത് അവന് വലിയ പ്രോല്‍സാഹനമാകുകയും ജീവിതത്തില്‍ വലിയ സ്വാധീനമുളവാക്കുകയും ചെയ്തു.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles