Current Date

Search
Close this search box.
Search
Close this search box.

നോര്‍വേ, പട്ടിക്കൂട്, പിന്നെ നമ്മുടെ കുട്ടികളും

cry.jpg

2012 ഡിസംബറില്‍ വന്ന ആ വാര്‍ത്ത കുറച്ചു പേരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ആന്ധ്ര പ്രദേശ് സ്വദേശിയായ ചന്ദ്രശേഖര്‍ വല്ലഭിനെ 18 മാസവും ഭാര്യ അനുപമയെ 15 മാസവും തടവിന് ശിക്ഷിച്ചിരിക്കുന്നു. നോര്‍വേയിലേക്ക് കുടിയേറിയവരാണിവര്‍. നോര്‍വേ കോടതിയാണ് ശിക്ഷിച്ചത്. കാരണമെന്തെന്നോ? ഏഴു വയസ്സുള്ള സ്വന്തം മകനെ ശാരീരികമായി ശിക്ഷിച്ചിരിക്കുന്നു. രക്ഷിതാക്കള്‍ കുട്ടിയെ തല്ലിയാല്‍ ശിക്ഷയോ എന്നമ്പരക്കുമ്പോഴാണ്  സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ കുട്ടികളോടുള്ള സമീപനത്തെ കുറിച്ച വിശദാംശങ്ങളിലേക്ക് നാം ചെന്നെത്തുക. കുട്ടികള്‍ രാജ്യത്തിന്റെ പൊതു സ്വത്താണ്. അവരെ നിങ്ങള്‍ക്ക് പ്രസവിക്കാം, വളര്‍ത്താം, സംരക്ഷിക്കാം, വിദ്യാഭ്യാസം നല്‍കാം, സ്‌നേഹിക്കാം, വഴികാട്ടാം, പക്ഷെ ശരീരത്തില്‍ തൊട്ട് കളിക്കരുത്, ബലപ്രയോഗം പാടില്ല. ബാലവകാശമെല്ലാം ഇന്ത്യയിലും ഉണ്ട്. മകളെ/മകനെ ശിക്ഷിക്കുന്നത്  നിയമത്തിന്റെ മുന്നില്‍ പെട്ടാല്‍ നടപടിയുറപ്പുമാണ്.
     
തൃശൂരില്‍ അനാഥാലയത്തിലെ ഏഴ് വയസ്സുകാരനെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ച സംഭവം വാര്‍ത്തയായത് ഈ ആഴ്ചയാണ്. മുമ്പ് തിരുവനന്തപുരം കുടപ്പനക്കുന്നിലെ ജവഹര്‍ സ്‌കൂളില്‍ വികൃതി കാട്ടിയ കുട്ടിയെ പട്ടിക്കൂട്ടിലടച്ച സംഭവവും മലയാളികള്‍ മറന്നു കാണില്ല. ഇതൊക്കെയിപ്പോള്‍ ഓര്‍മിക്കാന്‍ കാരണം അധ്യായന വര്‍ഷം ആരംഭിച്ചതിനു ശേഷമുള്ള കാഴ്ചകളാണ്. രണ്ടര മുതല്‍ മുകളിലേക്ക് പ്രായമുള്ള കുട്ടികള്‍ പുസ്തകങ്ങളുടെ കനത്ത ഭാരം ചുമലില്‍ പേറി നടന്നും വാഹനത്തിലുമായി സ്‌കൂളിലേക്ക് നീങ്ങുന്നത് നിത്യവും നാം കാണുന്നു. അഞ്ച് വയസ്സിനു മുമ്പു തന്നെ മക്കള്‍ ഇംഗ്ലീഷും മലയാളവുമൊക്കെ എഴുതാനും വായിക്കാനും പഠിക്കണമെന്ന് രക്ഷിതാക്കള്‍ക്ക് നിര്‍ബന്ധം. അതിന് കനത്ത ഫീസും ഡൊണേഷനും  യാത്രാക്കൂലിയുമൊക്കെ നല്‍കാന്‍ രക്ഷിതാക്കള്‍ തയാറായിട്ട് എത്രയോ വര്‍ഷങ്ങളായി.
    
ചെറുപ്പത്തിലേ മതപഠനമെന്നത് പ്രീപ്രൈമറി വിദ്യാഭ്യാസത്തിന്റെ ആകര്‍ഷകമായി മാറിയിരിക്കുന്നു. മതപഠനത്തില്‍ സവിശേഷ ശ്രദ്ധ നല്‍കാറുള്ള മുസ്‌ലിം സമുദായത്തിനകത്താണ്  ഇത് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. മൂന്ന് വയസ്സു മുതല്‍ ആരംഭിക്കുന്ന കോഴ്‌സില്‍ രണ്ട് വര്‍ഷത്തിനകം ഖുര്‍ആന്‍ പൂര്‍ണമായും നിയമമനുസരിച്ച്  പരായണം ചെയ്യാന്‍ കഴിയുമെന്നതും ധാരാളം അധ്യായങ്ങളും നിത്യ ജീവിതത്തിലെ പ്രാര്‍ഥനകള്‍ മനപാഠമാക്കാന്‍ സാധിക്കുമെന്നതുമാണ് രക്ഷിതാക്കളെ മോഹിപ്പിക്കുന്ന ഘടകം. അറബി എഴുതാനും വായിക്കാനും പഠിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
    
പ്രീ പ്രൈമറി മേഖലയില്‍ എല്ലാറ്റിന്റെയും പിന്നാലെ പാഞ്ഞുകൊണ്ടിരിക്കുന്ന കാലമാണിത്. യഥാര്‍ഥത്തില്‍ പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കിയിട്ടുള്ള വിവിധ പരീക്ഷണങ്ങള്‍ കുട്ടിയില്‍ എന്തു പ്രതിഫലനമാണ് ഉണ്ടാക്കുകയെന്നും അത് ഭാവിയില്‍ അവന്റെ/അവളുടെ വ്യക്തിത്ത്വത്തെ എങ്ങനെയാണ് രൂപപ്പെടുത്തുകയെന്നതും സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങളൊന്നും നമ്മുടെ നാട്ടില്‍ നടത്തിയിട്ടില്ല. അഞ്ച് വയസ്സിനു മുമ്പേ ശീലിച്ച ചില കാര്യങ്ങള്‍ കുട്ടി ജീവതത്തിലുടനീളം പുലര്‍ത്തുമെങ്കിലും ബുദ്ധിയുപയോഗിച്ച് പഠിച്ച  കാര്യങ്ങള്‍ അവര്‍ക്ക് ശീലമാകാറില്ല എന്ന പഠനങ്ങള്‍ ലോക തലത്തില്‍ തന്നെ ധാരാളമായി നടന്നിട്ടുണ്ട് താനും. അതിരുകളില്ലാതെ കളിക്കുകയും  കളികളില്‍ നിന്നും ജീവിതത്തിന്റെ ചില ശിശു പാഠങ്ങള്‍ പഠിക്കുകയും ചെയ്യേണ്ട കാലമാണ്  പ്രീപ്രൈമറി കാലം. അമ്മയോടൊത്തുണ്ടാവുകയും മാതാപിതാക്കളോടൊപ്പം ചുറ്റിപറ്റിയും  തൊട്ടുരുമ്മിയും വളരേണ്ട കുഞ്ഞുങ്ങളെ അവരുടെ സ്വാഭാവിക ജീവിതാവസ്ഥകളില്‍ നിന്നും  അടര്‍ത്തിയെടുത്ത് അറിവിന്റെ മഹാദൈവിക ലോകത്തേക്ക് ആനയിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ സ്വാതന്ത്ര്യത്തേയും പ്രാഥമികാവകാശങ്ങളെയും ഹനിച്ചു കളയുകയുമല്ലേ യഥാര്‍ഥത്തില്‍ രക്ഷിതാക്കളും  വിദ്യാഭ്യാസ ഏജന്‍സികളും കൂടി ചെയ്യുന്നത്.  ആറ് വയസ്സിനു മുമ്പ്  സിലബസ് തയാറാക്കിയിട്ടുള്ള പഠനവും മൂല്യ നിര്‍ണയവും കുറ്റകരമാണ്. കുട്ടിക്കാലത്ത് ഏറെ മണ്ണിലും ചേറിലും കളിക്കുന്നവര്‍ക്കാണ് മികച്ച കയ്യക്ഷരമുണ്ടാകുന്നതെന്ന പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൈവിരലുകളിലെ പേശികള്‍ അനായാസം പേനയ്ക്കു വഴങ്ങുന്നതാണിതിന് കാരണം.
    
ബള്‍ഗേറിയ, ഫിന്‍ലാന്റ്, പോളണ്ട്, സെര്‍ബിയ, സ്വീഡന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത് തന്നെ ആറാം വയസ്സിലോ ഏഴാം വയസ്സിലോ ആണ്. അതുവരെ അവര്‍ വീടുകളില്‍ അച്ഛനമ്മമാരോടൊപ്പമായിരിക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്. കേരളത്തിലും  പുതുതായി പുറത്തിറങ്ങിയ പ്രീ പ്രൈമറി പാഠ്യ പദ്ധതിയില്‍ അക്ഷരാഭ്യാസമോ വായനയോ പഠനമോ ഒന്നുമില്ലെന്നതും ശ്രദ്ധേയമാണ്. അല്ലെങ്കിലും ദീനിലെ അതിപ്രധാന കാര്യമായ നമസ്‌കാരത്തെ കുറിച്ച് കുട്ടികളെ ഏഴാമത്തെ വയസ്സിലാണല്ലോ ഓര്‍മിപ്പിക്കാന്‍  പ്രവാചകന്‍ പഠിപ്പിച്ചത്. പത്താമത്തെ വയസ്സിലെ അവരെ നമസ്‌കാരം നിര്‍വഹിക്കാത്തതിന്റെ പേരില്‍ ശിക്ഷിക്കാന്‍ മുതിരാവൂ എന്നും പ്രവാചകന്‍ നിര്‍ദേശിക്കുമ്പോള്‍ വിദ്യാഭ്യാസത്തെ കുറിച്ച് രക്ഷിതാക്കള്‍ക്കുണ്ടാവേണ്ട ഒന്നാം പാഠമാണ് പ്രവാചകന്‍ സൂചിപ്പിക്കുന്നത്.  

പഠിക്കാന്‍ പാകമാകാത്ത കുരുന്നുകളെ കിന്റര്‍ ഗാര്‍ട്ടനിലേക്കും മറ്റ് പേരുകളില്‍ അറിയപ്പെടുന്ന സമ്പ്രദായങ്ങളിലേക്കും  അയക്കുന്നതിന്റെ രക്ഷിതാവിന്റെ പക്കലുള്ള യുക്തിയെന്താണ്. യാതൊരു നിയന്ത്രണമോ മാനദണ്ഡമോ ഇല്ലാത്ത മേഖല കൂടിയാണത്. അവിടെ നടക്കുന്ന അധ്യയനത്തിനും ബോധന രീതിയ്ക്കും എന്തു ശാസ്ത്രീയതയാണുള്ളത്. അതാകുട്ടിയുടെ ഭാവിയെ എങ്ങനെ നേരായോ തല കീഴായോ മറിക്കുമെന്ന് രക്ഷിതാക്കളോ വിദ്യാഭ്യാസ പ്രവര്‍ത്തകരോ  ചിന്തിക്കാത്തതെന്തുകൊണ്ടാണ്.

എന്ത്‌കൊണ്ടാണ് ബാലവകാശമെന്നു പറയുമ്പോള്‍ അത് വീട്ടിനകത്തെ അച്ഛനും അമ്മയുമെല്ലാമുള്ള, അവര്‍ക്ക് വേണ്ടത്ര സമ്പത്തുള്ള കുട്ടികളെ കുറിച്ചാണെന്ന് കൂടി നമുക്കോര്‍മ്മ വരാത്തത്? ഹോട്ടലകളില്‍ പണിയെടുക്കുന്നവരും  തെരുവില്‍ കഴിയുന്നവരും അനാഥാലയങ്ങളിലെ അന്തേവാസികളും മാത്രമാണോ ബാലാവകാശത്തിന്റെ പരിധിയില്‍ പെടുന്നത്? സമൂഹത്തിന്റെ ഉദാസീനമായ നിലപാടോ ജീവിതാവസ്ഥകളോ ആണ് അനാഥാലയങ്ങളിലും തെരുവിലും കുട്ടികള്‍ എത്തിപ്പെടുന്നതിനു കാരണം. പ്രീ പ്രൈമറി വിദ്യാഭ്യാസത്തടവറകളിലേക്ക് വിദ്യാര്‍ഥികളെ അയക്കുന്നത് രക്ഷിതാക്കളുടെ സ്വന്തം കുഞ്ഞിനോ കുറിച്ച വികലമായ കാഴ്ചപ്പാടോ വിദ്യാഭ്യാസത്തെ കുറിച്ച തെറ്റായ കാഴ്ചപ്പാടോ മല്‍സര ബുദ്ധിയോ ആണ്. കുട്ടി രക്ഷിതാവിന്റെ സ്വകാര്യ സ്വത്തും മറ്റൊരാള്‍ക്കും അതിന്‍മേല്‍ ബാധ്യതയോ അവകാശമോ ഇല്ലെന്നുമാണ് നമ്മുടെ നാട്ടിലെ  ഏതു രക്ഷിതാവും കരുതുന്നത്. അപ്പോള്‍ തന്റെ പൊങ്ങച്ചത്തിന്റെ ദീനീ ആവേശത്തിന്റെ സംതൃപ്തിയുടെ ഒക്കെ ഇരയായി പാവം മൂന്നര വയസ്സുകാരന്‍ മാറുന്നു.

Related Articles