Current Date

Search
Close this search box.
Search
Close this search box.

നിങ്ങളുടെ കുട്ടി വലിയ ദേഷ്യക്കാരനോ?

parenting3.jpg

ഇന്ന് നിങ്ങളുടെ കുട്ടിയുമായി സല്ലപിക്കാന്‍ താങ്കള്‍ സമയം കണ്ടെത്തിയോ….! അല്ലെങ്കില്‍ അവനെയും കൂട്ടി എവിടേക്കെങ്കിലും സഞ്ചരിച്ചോ…! സമയം കണ്ടെത്തിയില്ല. നഷ്ടപ്പെട്ട സമയം ഇനി തിരിച്ചുവരികയുമില്ല….കുട്ടികള്‍ അങ്ങനെയാണ്. ചിലപ്പോള്‍ അട്ടഹസിക്കും. കരയും. നിലത്ത് കിടന്നുരുളും. കാലിട്ടടിക്കും. അവനുദ്ദേശിച്ചത് ലഭിക്കാതെ വരുമ്പോള്‍ പല്ലുറുമ്മിക്കൊണ്ടിരിക്കും.

പെരുമാറ്റത്തിന്റെ ശരിയായ രീതി മനസ്സിലാക്കുന്ന കാലം വരെ ഇത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. നിങ്ങളുടെ കുട്ടി ദേഷ്യപ്പെടുന്ന പ്രകൃതത്തിലായിരിക്കാമിപ്പോള്‍…ഭയപ്പെടേണ്ടതില്ല. ഒരു പക്ഷേ പരാജിതബോധത്തില്‍ നിന്നുടലെടുക്കുന്നതാവാം അത്.. മറ്റുചിലപ്പോള്‍ മാനസിക പ്രയാസങ്ങള്‍ കാരണമായും.

എന്തുകൊണ്ട് ദേഷ്യപ്രകൃതം?
കുട്ടിയുടെ വൈവിധ്യമാര്‍ന്ന പ്രകൃതം കാരണം മാതാക്കള്‍ പ്രയാസപ്പെടുന്നതായി നിനക്ക് കാണാം. ചിലപ്പോള്‍ സന്തോഷത്തോടെ പ്രസന്നവദനനായി അവനെ കാണാം. മറ്റുസന്ദര്‍ഭങ്ങളില്‍ – പ്രത്യേകിച്ച് ദേഷ്യപ്രകൃതനായിരിക്കുന്ന വേളയില്‍- വേദന നിറഞ്ഞ കരച്ചിലോടെയും. പക്ഷെ, ദേഷ്യപ്രകൃതം രൂപപ്പെടുന്ന സന്ദര്‍ഭത്തെകുറിച്ച് നീ മനസ്സിലാക്കുന്നില്ല. അവനുദ്ദേശിക്കുന്ന രീതിയില്‍ അവനെ പരിഗണിക്കാത്തതിലുള്ള മനസ്സംഘര്‍ഷത്താലായിരിക്കും അത്. ആ വികാരം അട്ടഹാസം, അടി, ശാഠ്യം തുടങ്ങിയ വിവിധ മാര്‍ഗങ്ങളിലൂടെ അവന്‍ പ്രകടിപ്പിക്കും. നമ്മില്‍ നിന്നും അവനുണ്ടായ ദുരനുഭവത്തിന്റെ പ്രതിപ്രവര്‍ത്തനമായും ഇത്തരം സ്വഭാവദൂഷ്യങ്ങള്‍ പ്രകടമാകും.

ഡോ. ഡാര്‍ലാവ്‌സ് മില്ലര്‍ അദ്ദേഹത്തിന്റെ ‘കുട്ടിയുടെ ക്രിയാത്മക വഴികാട്ടി ‘ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു. കുട്ടിയുടെ ആനന്ദിക്കാനും ദേഷ്യപ്പെടാനുമുള്ള കഴിവ് ആറ് മാസം പ്രായമാകുന്നതിന് മുമ്പ് രൂപപ്പെടുന്നു. ഒമ്പത് മാസമെത്തുമ്പോള്‍ അത് ശക്തിപ്രാപിക്കുന്നു. കുട്ടി വലുതാകുന്നതിനനുസൃതമായി അത് പ്രകടിപ്പിക്കുന്നതിനുള്ള സാമൂഹികമായ രീതികള്‍ സ്വീകരിച്ചുവരുന്നു. പക്ഷെ അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അവ പ്രകടിപ്പിക്കാന്‍ അവര്‍ക്ക് അപ്പോള്‍ സാധിക്കുകയുമില്ല. ഇത്തരം സന്ദര്‍ഭത്തിലാണ് കുട്ടികള്‍ സാധാരണയില്‍ നിന്നും ഭിന്നമായി ഇത്തരത്തിലുളള പരാക്രമങ്ങളും അട്ടഹാസവുമായി പ്രതികരിക്കുന്നത്.

ഇത്തരത്തിലുള്ള സ്വഭാവദൂഷ്യങ്ങള്‍ പരിഹരിക്കാന്‍ താങ്കള്‍ മനശ്ശാസ്ത്ര വിദഗ്ദനാവേണ്ട ആവശ്യമില്ല. കുട്ടിയുമായി ക്രിയാത്മക പെരുമാറ്റസമീപനം എങ്ങനെ കൈക്കൊള്ളാം എന്ന് മനസ്സിലാക്കിയാല്‍ മതി. ഇതില്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല ശ്രോതാവാകുക എന്നതാണ് പ്രഥമമായത്. അതായത് കുട്ടിയില്‍ സ്വാധീനം ചെലുത്തുന്ന രീതിയിലുള്ള കേള്‍വിയാണ്. രണ്ടാമത്തേത് ക്രിയാത്മകമായ പ്രതികരണവും. ഈ പ്രതികരണങ്ങള്‍ സംസാരത്തിലൂടെയോ ആംഗ്യസൂചനകളിലൂടെയോ ആകാവുന്നതാണ്. നിങ്ങള്‍ കേള്‍ക്കണം, പരിഗണിക്കണം എന്നാഗ്രഹിച്ചുകൊണ്ടുള്ള കുട്ടിയുടെ പ്രതികരണങ്ങള്‍ക്ക് ശ്രദ്ധാപൂര്‍വം ചെവികൊടുക്കാന്‍ സാധിക്കേണ്ടതുണ്ട്. കുട്ടിയുടെ നേരെ ഇരുന്ന് കണ്ണ്, ചുണ്ട് തുടങ്ങിയ അവയവങ്ങള്‍ ഉപയോഗിച്ച് കുട്ടിയുമായി സംവദിക്കാനും അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അതുപോലെ കുട്ടിയുടെ പ്രകൃതത്തിന് ഇണങ്ങുന്ന രീതിയിലുള്ള പ്രതികരണവും മറുപടിയുമായിരിക്കണം നമ്മില്‍ നിന്നുണ്ടാവേണ്ടത്. ശാന്തമായ സ്വരത്തില്‍, പുഞ്ചിരിച്ചും ആകര്‍ഷകമായരീതിയിലുള്ള ആംഗ്യപ്രയോഗത്തിലൂടെയുമായിരിക്കണം അത്. ദേഷ്യപ്പെടുന്ന പ്രകൃതക്കാരോട് കലാപരമായി അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും സുന്ദരമായ രീതിയില്‍ അവരുടെ ആവശ്യങ്ങളോട് പ്രതികരിക്കാനും നാം പഠിക്കേണ്ടതുണ്ട്.

ഉമ്മയും മകളും തമ്മിലുള്ള പെരുമാറ്റത്തിന്റെ ഒരു ഉദാഹരണം നമുക്ക് ശ്രദ്ധിക്കാം. നാല് വയസുളള ഹിബ അവളുടെ ഉമ്മയോടൊപ്പം മാര്‍ക്കറ്റിലേക്ക് പോയി. ഉമ്മയോട് മിഠായി വാങ്ങിത്തരാന്‍ അവള്‍ ആവശ്യപ്പെട്ടു. ഉമ്മ അത് നിരസിച്ചു. ഹിബ അവളുടെ ആവശ്യം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു. തനിക്ക് വിശക്കുന്നുണ്ട് എന്ന് അവള്‍ ഉമ്മയോട് പറഞ്ഞു. ഉമ്മ വാല്‍സല്യത്തോടെ അവളിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു. ‘മകള്‍ക്ക് മിഠായി തിന്നാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. പക്ഷെ, അത് മകളുടെ പല്ലിന് കേട് വരുത്തും. എന്റെ മകളുടെ പല്ല് എപ്പോഴും തിളങ്ങുന്നതും കേടില്ലാത്തതുമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനാലാണ് ഞാന്‍ അത് ഇപ്പോള്‍ വാങ്ങേണ്ട എന്നു പറയാന്‍ കാരണം.’ പക്ഷെ, ഹിബ തന്റെ ദേഷ്യപ്രകൃതം പുറത്തെടുത്തു. ഉമ്മ ദേഷ്യപ്പെടാതെ ശാന്തതയോടെ അവളോട് പറഞ്ഞു. ‘നിനക്ക് കടുത്ത ദേഷ്യമുണ്ടെന്ന് എനിക്കറിയാം. എനിക്കും ചിലപ്പോള്‍ അങ്ങനെ ഉണ്ടാവാറുണ്ട്. പക്ഷെ, ഇപ്പോള്‍ എന്റെ മകളുടെ ആരോഗ്യത്തിനാണ് ഞാന്‍ മുന്‍ഗണന നല്‍കുന്നത്.’ ഹിബ ഉമ്മയിലേക്ക് നോക്കി അവളിലേക്ക് അടുത്തു. അപ്പോള്‍ ഉമ്മ മിഠായിക്ക് പകരമായി ആപ്പിള്‍ വാങ്ങാന്‍ അവളോട് ആവശ്യപ്പെടുകയും അവളത് അംഗീകരിക്കുകയും ചെയ്തു. ഈ സംഭാഷണത്തില്‍ നിന്നും ഹിബയുടെ ഉമ്മ തന്റെ ഉത്തരവാദിത്തം വിജയകരമായി നിര്‍വഹിച്ച രീതി നമുക്ക് മനസ്സിലാക്കാം. പ്രസ്തുത സംഭാഷണത്തില്‍ നിന്നും നാം ഗ്രഹിക്കേണ്ട ചില പാഠങ്ങളുണ്ട്.

1. നിന്റെ വികാരങ്ങളെ ഞാന്‍ മുഖവിലക്കെടുക്കുന്നു (ദയയോടും വാല്‍സല്യത്തോടും കുട്ടിയുടെ വികാരങ്ങള്‍ പരിഗണിക്കുന്നു എന്ന് അംഗീകരിക്കല്‍)
2. ആവശ്യം മനസ്സിലാക്കി അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുക.
3. ഞാന്‍ നിന്റെ ആവശ്യം കേട്ടു എന്ന് അവളെ ബോധ്യപ്പെടുത്തുക
4. എന്തുകൊണ്ടാണ് അത് സ്വീകരിക്കാത്തത് എന്ന കാരണം അവളെ ബോധ്യപ്പെടുത്തുക
5. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു എന്ന് പറയുകയും ബോധ്യപ്പെടുത്തുകയും ചെയ്യുക.
6. അതിന് പകരമായി ഉത്തമമായത് നിര്‍ദ്ദേശിക്കുക

ഇത്തരത്തില്‍ കുട്ടികളുടെ ആവശ്യങ്ങളും അവസ്ഥകളും പരിഗണിച്ച് ക്രിയാത്മകമായി പ്രതികരിക്കാന്‍ നാം പരിശീലിക്കുകയാണെങ്കില്‍ സ്ഥിരമായി ദേഷ്യപ്പെടുന്ന കുട്ടി നമ്മില്‍ നിന്നും അപ്രത്യക്ഷനാകും, തീര്‍ച്ച!

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles