Current Date

Search
Close this search box.
Search
Close this search box.

കൗമാരം വഴിതെറ്റാതിരിക്കാന്‍

teenage.jpg

ജീവിതത്തിലെ സങ്കീര്‍ണമായിട്ടുള്ള ഘട്ടമാണ് കൗമാരം. അതിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പെരുമാറാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം മക്കളെ തന്നെ നഷ്ടപ്പെടുന്നതിലേക്കായിരിക്കും അത് നയിക്കുക. കൗമാരത്തെ മാതാപിതാക്കളോടുള്ള സൗഹൃദത്തിലേക്ക് തിരിച്ചുവിടുന്നതിന്റെ അഞ്ച് ശൈലികളാണ് നിങ്ങളുടെ മുന്നില്‍ വെക്കുന്നത്.

കൗമാരക്കാരെ പിടിച്ചു വെക്കാനുള്ള ഒന്നാമത്തെ മാര്‍ഗം അവരോട് സംവദിക്കുകയും കൂടിയാലോചിക്കലുമാണ്. അവര്‍ ഏതെങ്കിലും വിഷയത്തെ കുറിച്ച് ദീര്‍ഘമായി സംസാരിക്കുകയാണെങ്കില്‍ ആ സംഭാഷണത്തില്‍ അവരോടൊപ്പം തുടരാന്‍ മാതാപിതാക്കള്‍ മനസ്സുവെക്കണം. കൂടുതലായി സംസാരവും ഉദാഹരണങ്ങളും തന്റെ വീക്ഷണത്തെ തൃപ്തിപ്പെടുത്തുന്ന വാക്കുകളുടെ പ്രയോഗങ്ങളും അവര്‍ ഇഷ്ടപ്പെടുന്ന ഘട്ടമാണത്. സംസാരത്തിനിടയില്‍ അവര്‍ ശബ്ദമുയര്‍ത്തുകയോ അതൃപ്തി പ്രകടിപ്പിക്കുകയോ ചെയ്താല്‍ അതിന്റെ പേരില്‍ കോപിക്കുകയോ സംസാരം അവസാനിപ്പിക്കുകയോ ചെയ്യരുത്. കാരണം സംഭാഷണത്തിന്റെ മര്യാദ അവരെ പഠിപ്പിക്കുകയാണ് നാം. പക്ഷപാത സമീപനത്തിന് പകരം സംവദിക്കാനും അവരെ കേള്‍ക്കാനും നാം തയ്യാറാവണം. വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിലും അവധി ദിനങ്ങള്‍ ചെലവഴിക്കുന്നതിലും അവരുമായി കൂടിയാലോചിക്കണം. അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കപ്പെടുമ്പോള്‍ താനും കുടുംബത്തിന്റെ പ്രധാന ഭാഗമാണെന്ന തോന്നല്‍ അവനിലുണ്ടാവും. ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് അത് സഹായകമാകും.

കേള്‍ക്കുക, ധൃതിവെച്ച് കുറ്റപ്പെടുത്താതിരിക്കുക എന്നതാണ് രണ്ടാമത്തെ ശൈലി. അവര്‍ സംസാരിക്കുമ്പോള്‍ നമുക്ക് യോജിക്കാനാവാത്തതും നമുക്കിണങ്ങാത്തതുമായ കാര്യങ്ങളോ ധാര്‍മികമോ മതപരമോ ആയ തെറ്റുകളോ ഉണ്ടാവുന്നുണ്ടെങ്കില്‍ പോലും അത് കേള്‍ക്കാന്‍ നാം തയ്യാറാവണം. തനിക്ക് പരിഗണന ലഭിക്കുന്നുണ്ടെന്നും തന്റെ ചിന്തകള്‍ അവഗണിക്കപ്പെടുന്നില്ലെന്നുമുള്ള ബോധമുണ്ടാക്കാന്‍ അത് കാരണമാകും. പിന്നെ നാം അവനെ ശ്രവിച്ച പോലെ നാം സംസാരിക്കുമ്പോള്‍ കേട്ടിരിക്കാന്‍ അവനോട് പറയാം. നമുക്കിഷ്ടപ്പെടാത്ത എന്തെങ്കിലും അവര്‍ പറഞ്ഞാല്‍ ധൃതിവെച്ച് കുറ്റപ്പെടുത്താന്‍ ഒരിക്കലും മുതിരരുത്. ഒറ്റയടിക്ക് അതിനെ നിരാകരിക്കുന്നതിന് പകരം സംവദിച്ച് അതിലെ തെറ്റ് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്.

അവരുടെ കളികളിലും പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവുക എന്നതാണ് മൂന്നാമത്തേത്. അവര്‍ ഇഷ്ടപ്പെടുന്ന കളികളിലും ഹോബികളിലും പങ്കാളികളാവാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഇലക്ട്രോണിക് ഗെയിമുകളോ പക്ഷിമൃഗാദികളെ വളര്‍ത്തലോ ചിത്രം വരക്കലോ എല്ലാം ആവാം അത്. നാം അവര്‍ക്കൊപ്പമുണ്ടെന്നും അവരെ സ്‌നേഹിക്കുന്നുണ്ടെന്നുമുള്ള ബോധം സൃഷ്ടിക്കാന്‍ അതിലൂടെ സാധിക്കും. പ്രായവ്യത്യാസം ബന്ധത്തെ ഒരിക്കലും ദോഷകരമായി ബാധിക്കാതിരിക്കാന്‍ ഇത് സഹായിക്കും.

സ്‌നേഹം പ്രകടിപ്പിക്കലാണ് നാലാമത്തേത്. വാക്കുകളാലും സമ്മാനങ്ങള്‍ നല്‍കിയും ആലിംഗനത്തിലൂടെയും ഇടക്കിടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ മാതാപിതാക്കള്‍ മറക്കരുത്. സ്‌നേഹപ്രകടനത്തിന്റെ കാര്യത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികള്‍ക്കും ഇടയില്‍ വ്യത്യാസം മാതാപിതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും. വൈകാരികമായ സംസാരം കേള്‍ക്കുന്നതാണ് പെണ്‍കുട്ടിയെ സന്തോഷിപ്പിക്കുന്നതെങ്കില്‍ നിശബ്ദമായി സ്‌നേഹം പ്രകടിപ്പിക്കുന്നവനാണ് ആണ്‍കുട്ടി.

അല്ലാഹുവിനോടും അവന്റെ ദൂതനോടുമുള്ള സ്‌നേഹം അവരില്‍ നട്ടുവളര്‍ത്തലാണ് അഞ്ചാമത്തെ കാര്യം. അല്ലാഹും അവന്റെ ദൂതനുമായുള്ള അവരുടെ ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നമ്മുടെ ഭാഗത്തു നിന്നും ഉണ്ടാവണം. കൗമാരത്തിന്റെ ഘട്ടത്തില്‍ ചിലര്‍ക്കെങ്കിലും നമസ്‌കാരം പോലുള്ള കര്‍മങ്ങളിലും പഠനത്തിലും താല്‍പര്യവും ശ്രദ്ധയും കുറയുന്നത് കാണാറുണ്ട്. അല്ലാഹുവെ അനുസരിക്കുന്നതിനും ആരാധനകളില്‍ ശ്രദ്ധിക്കുന്നതിനും മാതാപിതാക്കള്‍ ഓര്‍മപ്പെടുത്തുകയും പ്രചോദനം നല്‍കുകയും ചെയ്യണം.

ഈ അഞ്ച് കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞാല്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കൗമാര പ്രായത്തിലുള്ള മക്കളെ സുഹൃത്തുക്കളാക്കി മാറ്റാന്‍ സാധിക്കും. വിശുദ്ധ ഖുര്‍ആന്‍ സൂക്തവും പ്രവാചക വചനവുമാണ് ഈ ആശയങ്ങളുടെ അടിസ്ഥാനം. ഇബ്‌റാഹീം നബിയും മകനും തമ്മിലുള്ള സംഭാഷണം ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക: ‘അപ്പോള്‍ നാം അദ്ദേഹത്തെ സഹനശാലിയായ ഒരു പുത്രനെ സംബന്ധിച്ച ശുഭവാര്‍ത്ത അറിയിച്ചു. ആ കുട്ടി അദ്ദേഹത്തോടൊപ്പം എന്തെങ്കിലും ചെയ്യാവുന്ന പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: ”എന്റെ പ്രിയ മോനേ, ഞാന്‍ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടിരിക്കുന്നു. അതിനാല്‍ നോക്കൂ; നിന്റെ അഭിപ്രായമെന്താണ്.” അവന്‍ പറഞ്ഞു: ”എന്റുപ്പാ, അങ്ങ് കല്‍പന നടപ്പാക്കിയാലും. അല്ലാഹു ഇച്ഛിച്ചെങ്കില്‍ ക്ഷമാശീലരുടെ കൂട്ടത്തില്‍ അങ്ങയ്‌ക്കെന്നെ കാണാം.” (37: 101,102) അങ്ങേയറ്റം ഗുരുതരമായ വിഷയത്തില്‍, അത് ദൈവിക കല്‍പനയായിട്ടും മകനുമായി കൂടിയാലോചിക്കുന്ന മാതൃകയാണ് ഇബ്‌റാഹീം നബിയിലൂടെ നമുക്ക് കാണിച്ചു തരുന്നത്. അവര്‍ക്കിടയില്‍ സ്‌നേഹവും ശക്തമായ സുഹൃദ്ബന്ധവും ഉണ്ടായിരുന്നത് കൊണ്ടു മാത്രമാണ് ഇങ്ങനെ കൂടിയാലോചിക്കാന്‍ അദ്ദേഹത്തിന് സാധിച്ചത്.

ഒരിക്കല്‍ തനിക്ക് വ്യഭിചരിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒരു യുവാവ് നബി(സ)യെ സമീപിച്ചു. അയാള്‍ക്ക് പറയാനുള്ളത് കേട്ടുകഴിഞ്ഞ ശേഷം നബി(സ) അയാളോട് പറഞ്ഞു: നിന്റെ ഉമ്മയെയോ, മകളെയോ, സഹോദരിയെയോ ആരെങ്കിലും വ്യഭിചരിക്കുന്നത് നീ ഇഷ്ടപ്പെടുമോ? ഒരിക്കലും ഇല്ലെന്ന് അയാള്‍ മറുപടി പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: അതുപോലെ ആളുകളാരും അത് ഇഷ്ടപ്പെടുന്നില്ല. തുടര്‍ന്ന് അയാളുടെ പാപമോചനത്തിനും ഹൃദയവിശുദ്ധിക്കും വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. അതോടെ അയാള്‍ക്ക് ഏറ്റവും വെറുക്കപ്പെട്ട കാര്യമായി വ്യഭിചാരം മാറി. അതിന് കാരണമായത് ശരീഅത്തിന് ഒരു നിലക്കും അംഗീകരിക്കാനാവാത്ത ആവശ്യത്തിന് വേണ്ടിയുള്ള അയാളുടെ സംസാരം കേള്‍ക്കാന്‍ നബി(സ) തയ്യാറാവുകയും അദ്ദേഹത്തെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്തതാണ്. പിന്നെ സ്‌നേഹത്തിന്റെ ഭാഷയില്‍ കാര്യങ്ങള്‍ സംസാരിച്ച് ബോധ്യപ്പെടുത്തുകയും പ്രാര്‍ഥിക്കുകയും ചെയ്തപ്പോള്‍ ആ മനസ്സിനെ മാറ്റിയെടുക്കാന്‍ സാധിച്ചു. ഇപ്രകാരം കൗമാരക്കാരായ മക്കളെ സുഹൃത്തുക്കളാക്കി മാറ്റിയെടുക്കാന്‍ നമുക്കും സാധിക്കട്ടെയെന്ന പ്രാര്‍ഥനയോടെ.

മൊഴിമാറ്റം: നസീഫ്‌

Related Articles