Current Date

Search
Close this search box.
Search
Close this search box.

കുട്ടിക്കാലവും സൗഹൃദങ്ങളും

playing-childern.jpg

കുട്ടിക്കാലത്തെ കൂട്ടുകാരെ ഓര്‍ക്കാത്ത ആരെങ്കിലും ഉണ്ടാവുമോ? കുട്ടിക്കാലത്ത് നമുക്കൊപ്പം കളിക്കുകയും പിണങ്ങുകയും ഇണങ്ങുകയും ചെയ്തവരെ ഓര്‍ത്തുപോകാത്തവരായി ആരെങ്കിലും ഉണ്ടോ? എന്തുകൊണ്ടാണ് കുട്ടിക്കാലത്തെ സൗഹൃദത്തിന് അതിന് ശേഷമുണ്ടാകുന്ന സൗഹൃദത്തേക്കാള്‍ ആഴത്തില്‍ സ്വാധീനിക്കുന്നത്?

കുട്ടികള്‍ക്ക് വളരെ ചെറുപ്രായത്തില്‍ തന്നെ ആളുകളില്‍ നല്ലവരെയും അല്ലാത്തവരെയും തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ആധുനിക പഠനങ്ങള്‍ അഭിപ്രായപ്പെടുന്നത്. തനിക്ക് ചുറ്റുമുള്ള വ്യക്തികളുമായി അവര്‍ പ്രതികരിക്കുകയും അവരില്‍ തനിക്ക് അടുപ്പം തോന്നുന്നവരുടെ സാന്നിദ്ധ്യത്തില്‍ ആശ്വസിക്കുകയും ചെയ്ുയന്നു. അതേസമയം തന്നോട് പരുഷമായും തെറ്റായ രീതിയിലും പെരുമാറുന്നവരെ അവര്‍ വെറുക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ തെളിഞ്ഞ അവരുടെ ഉള്ളില്‍ പ്രവേശിക്കുന്ന അനുഭവങ്ങളും സംഭവങ്ങളുമാണ് മറ്റുള്ളവരോടുള്ള അവരുടെ പെരുമാറ്റത്തെ നിര്‍ണയിക്കുന്നത്.

ഓരോ വാക്കും പ്രകടനവും ചുംബനവും ആലിംഗനവുമെല്ലാം വലിയ വലിയ അര്‍ഥങ്ങളാണ് കുട്ടിക്ക് പകര്‍ന്നു നല്‍കുന്നത്. മുതിര്‍ന്ന ഒരാളില്‍ നിന്നോ മറ്റൊരു കുട്ടിയില്‍ നിന്നോ ഉണ്ടാവുന്ന ഓരോ പ്രതികരണവും മറ്റുള്ളവരുമായുള്ള അവന്റെ ബന്ധത്തെ സ്വാധീനിക്കും.

മാതാപിതാക്കളുടെ പങ്ക്
ഒരു കുട്ടിക്ക് പ്രാഥമിക സൗഹൃദങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനും, അവനും മറ്റൊരു കുട്ടിക്കും ഇടയിലെ മറ ഇല്ലാതാക്കുന്നതിനും, അവന്റെ പ്രാഥമിക സാമൂഹ്യബന്ധങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിനും ചില നിര്‍ദേശങ്ങളും സഹായവും ആവശ്യമായിരിക്കും. പേരുകള്‍ നിര്‍ദേശിച്ചും നല്ല അന്തരീക്ഷം ഒരുക്കിയും കളിക്കാനുള്ള സാഹചര്യങ്ങള്‍ ഒരിക്കിയും അത് ചെയ്യാം. കുട്ടികള്‍ക്കിടയിലെ പെരുമാറ്റം നിരീക്ഷിക്കുകയും തെറ്റായ നീക്കങ്ങളുണ്ടാകുമ്പോള്‍ ഇടപെടുകയും വേണം.

ഇന്നയിന്ന കുട്ടികളുമായി നീ കൂട്ടുകൂടണം എന്നു പറഞ്ഞ് മാതാപിതാക്കള്‍ കുട്ടിക്ക് മേല്‍ സൗഹൃദം അടിച്ചേല്‍പിക്കരുത്. കാരണം കുട്ടിയുടെ പ്രാഥമിക സൗഹൃദങ്ങള്‍ സ്വഭാവികമായി ഉണ്ടാവുന്നതാണ്. അവരുടേതായ ചില സവിശേഷതകളും അതിനുണ്ടാവും. കൂട്ടുകാരനോട് പിണങ്ങി അവനെ കുറിച്ച് അധ്യാപകനോട് പരാതി പറഞ്ഞ് അല്‍പസമയം കഴിയുമ്പോഴേക്ക് ആ പിണക്കം മാറി അവര്‍ ഒരുമിച്ച് കളിക്കുന്നത് നമുക്ക് കാണാം. ഒരു പിണക്കവും അവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന പോലെയായിരിക്കും അവരുടെ പെരുമാറ്റം.

കുട്ടിയെ ആദ്യമായി സ്‌കൂളിലേക്ക് അയക്കുമ്പോള്‍ പല മാതാപിതാക്കളുടെയും ഭാഗത്തു നിന്നും ഉണ്ടാവാറുള്ള തെറ്റായ ഒരു പ്രവണതയാണ് മറ്റു കുട്ടികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയെന്നത്. അവന്‍ നിന്റെ സാധനങ്ങള്‍ മോഷ്ടിക്കും, അവന്‍ നിന്റെ പുസ്തകം കീറും എന്നൊക്കെയുള്ള ഉപദേശങ്ങള്‍ കുട്ടിയില്‍ തന്റെ സഹപാഠികളെ കുറിച്ച് തെറ്റായ ഒരു ചിത്രമാണ് സൃഷ്ടിക്കുക. അവന്റെ ഉള്ളില്‍ മറ്റുള്ളവരോടുള്ള ശത്രുതയാണത് വളര്‍ത്തുക. ക്ലാസ് മുറിയില്‍ പോലും ബാഗ് പുറത്തു നിന്നും അഴിച്ച് താഴെവെക്കാത്ത കുട്ടികളെ കാണാം. തന്റെ വസ്തുക്കള്‍ എപ്പോഴും തന്റെ തന്നെ നിരീക്ഷണത്തിലായിരിക്കണമെന്ന ചിന്തയാണ് അതിനവരെ പ്രേരിപ്പിക്കുന്നത്. മാതാപിതാക്കള്‍ അവനില്‍ കുത്തിനിറച്ച തെറ്റായ ചിന്തകളുടെ ഫലമാണത്. മറ്റുകുട്ടികളുമായുള്ള ബന്ധത്തെയും അത് ദോഷകരമായി ബാധിക്കുന്നു. ആവര്‍ത്തിച്ചാവര്‍ത്ത് ഒരു കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കപ്പെടുമ്പോള്‍ ഒരാള്‍ക്ക് സംഭവിക്കുന്നത് മാത്രമേ കുട്ടിയിലും സംഭവിക്കുന്നുള്ളൂ. സ്വാര്‍ത്ഥതയും മറ്റുള്ളവരെ കുറിച്ച സംശയവും അതവരിലുണ്ടാക്കും. മറ്റുള്ളവരുടെ കാര്യത്തില്‍ നിര്‍ഭയനായിരിക്കുമ്പോള്‍ മാത്രമേ നല്ല സൗഹൃദങ്ങള്‍ ഉണ്ടാവുകയുള്ളൂ.

ക്ലാസ്മുറികളുടെ പങ്ക്
ക്ലാസ് മുറികളെ മിക്ക പ്രവര്‍ത്തനങ്ങളും സംഘടിത സ്വഭാവത്തിലുള്ളവയായിരിക്കും. കുട്ടികള്‍ക്കിടയിലെ സൗഹൃദം ശക്തിപ്പെടുത്തുന്നതിനും സാമൂഹ്യബോധം വളര്‍ത്തുന്നതിനും ക്ലാസിന് അകത്തും പുറത്തുമെല്ലാം മറ്റുള്ളവരുമായി ഇടപഴകുന്നതിനും ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും അത് സഹായിക്കുന്നു.

കുട്ടികള്‍ക്കിടയില്‍ കളികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കളിക്കുമ്പോള്‍ അവര്‍ ആര്‍ത്തുല്ലസിക്കുന്നതും പാട്ടുപാടുന്നതുമെല്ലാം നമുക്ക് കാണാവുന്നതാണ്. ഒത്തൊരുമിച്ചുള്ള കളികള്‍ കുട്ടിയെ അവന്റെ ഏകാന്തതയില്‍ നിന്നും മോചിപ്പിച്ച് സൗഹൃദങ്ങളുടെ ലോകത്തേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്. ക്ലാസ് മുറികളില്‍ നിഷ്‌ക്രിയരായി അന്തര്‍മുഖരായി കഴിയുന്ന എത്രയെത്ര കുട്ടികളാണ് കളിസ്ഥലത്ത് തീര്‍ത്തും വ്യത്യസ്തനായ ഒരാളായി മാറുന്നത്.

പ്രായത്തിനനുസരിച്ച് കുട്ടികളുടെ ബന്ധങ്ങളും സൗഹൃദങ്ങളും വര്‍ധിക്കുന്നു. സൗഹൃദങ്ങളുടെയും ബന്ധങ്ങളുടെയും വൃത്തം വിപുലപ്പെടുന്നതിനനുസരിച്ച് അവന്റെ ആത്മവിശ്വാസവും തന്റെയും മറ്റുള്ളവരുടെയും വ്യക്തിത്വത്തിലുള്ള അഭിമാന ബോധവും ഉണ്ടാവുന്നു. അപ്രകാരം അതിനനുസരിച്ച് പുതിയ ചിന്തകളും അവനിലുണ്ടാകുന്നു. തന്റെയും തനിക്ക് ചുറ്റുമുള്ള ലോകത്തിന്റെയും മൂല്യം അവന്‍ തിരിച്ചറിയുന്നു. സാമൂഹിക ബോധത്തിനൊപ്പം ക്ഷമ, അനുകമ്പ, സ്‌നേഹം, സഹാനുഭൂതി തുടങ്ങിയ ഒട്ടേറെ സല്‍ഗുണങ്ങള്‍ അതവനില്‍ ഉണ്ടാകുന്നു. ഈ ഗുണങ്ങള്‍ക്ക് കുടുംബത്തില്‍ നിന്നും സ്‌കൂളില്‍ നിന്നുമുള്ള പിന്തുണ കുടി ലഭിക്കമ്പോള്‍ വിദ്വേഷത്തിനും വെറുപ്പിനും പകരം സഹവര്‍ത്തിത്വത്തിലും സാഹോദര്യത്തിലും സഹിഷ്ണുതയിലും ജീവിക്കുന്ന സമൂഹത്തെ ഒരുക്കാന്‍ സാധിക്കും.

വിവ: നസീഫ്‌

Related Articles