Current Date

Search
Close this search box.
Search
Close this search box.

കുട്ടികളുടെ സ്വഭാവദൂഷ്യങ്ങള്‍ എങ്ങനെ പരിഹരിക്കാം!

parenting.jpg

നമ്മുടെ മക്കള്‍ മാതൃക വിദ്യാര്‍ഥികളായിത്തീരണമെന്നത് നമ്മുടെയെല്ലാം സ്വപ്‌നമാണ്. അതിനാല്‍ തന്നെ നിരന്തരമായി അവരുടെ സ്വഭാവചര്യകള്‍ പരിഷ്‌കരിക്കാന്‍ വേണ്ടി നാം പരിശ്രമിക്കുന്നു. പക്ഷെ, ശിക്ഷാമുറകളിലൂടെ എളുപ്പത്തില്‍ പരിഹാരം കാണാനാണ് നാം ശ്രമിക്കാറുള്ളത്. അസ്വീകാര്യമായ ഈ മാര്‍ഗത്തിലൂടെ താല്‍ക്കാലികമായി കുട്ടിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നമുക്ക് സാധിച്ചേക്കാം. പക്ഷെ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ കുട്ടിയുടെ വ്യക്തിത്വത്തെ മോശമായി ബാധിക്കാന്‍ അത് ഇടവരുത്തും. അതേ സമയം ഇതിനപ്പുറം കുട്ടികളെ സംസ്‌കരിക്കാനുതകുന്ന മറ്റനേകം ലളിതമായ മാര്‍ഗങ്ങളുണ്ടെന്ന യാഥാര്‍ഥ്യം നാം വിസ്മരിക്കുകയും ചെയ്യുന്നു. ഇവ സാഹചര്യങ്ങള്‍ക്കനുസൃതമായി വ്യത്യസ്തമാകും. ചില സംഗതികള്‍ കുട്ടിയില്‍ സ്വാധീനം ചെലുത്താന്‍ സമയദൈര്‍ഘ്യമെടുക്കും. സഹനശേഷിയും ശാന്തതയും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകേണ്ടതുണ്ട്. ഒറ്റനോട്ടത്തില്‍ ഇവ പരാജയമാണെന്ന് മാതാപിതാക്കള്‍ക്ക് ഒരു പക്ഷെ തോന്നും. പക്ഷെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നാം പരിശോധിക്കുകയാണെങ്കില്‍ നല്ല ഫലം ചെയ്യുന്നതായി കാണാം. കുട്ടികളുടെ സ്വഭാവ സംസ്‌കരണത്തിനുതകുന്ന ചില മാര്‍ഗങ്ങള്‍ പരിശോധിക്കാം.

1. കുട്ടികളുടെ പ്രായത്തിനനുയോജ്യവും സദ്ഗുണസമ്പന്നവുമായ കഥകള്‍  പറഞ്ഞുകൊടുക്കുക. ഒരു ഘട്ടമെത്തുമ്പോള്‍ കുട്ടി അത്തരം സ്വഭാവങ്ങള്‍ ആര്‍ജിക്കാന്‍ വേണ്ടി ശ്രമം നടത്തും.

2. മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് ആക്ഷേപിക്കുകയും ശകാരിക്കുകയും ചെയ്തുകൊണ്ട് കുട്ടികളെ പ്രയാസപ്പെടുത്തുകയും അവരില്‍ മുറിവേല്‍പിക്കാതിരിക്കുകയും ചെയ്യുക.

3.കുട്ടികളെ പരിഗണിക്കുന്നു എന്ന ബോധ്യത്തോടെ അവരെ അഭിമുഖീകരിക്കുക : പ്രവാചകന്‍ ഇപ്രകാരം അഭിസംബോധനം ചെയ്തത് കാണാം. അല്ലയോ മകനേ! നീ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക, നീ വലതു കൈ ഉപയോഗിച്ചുകൊണ്ട് തൊട്ടുമുന്നിലുള്ളതില്‍ നിന്ന് ഭക്ഷിക്കുക’.(ബുഖാരി). മക്കളുമായി മാതാപിതാക്കള്‍ സഹവസിക്കുകയും കൂട്ടുകൂടുയും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തുന്നതോടെയാണ് ഇപ്രകാരം പെരുമാറാന്‍ കഴിയുക.

4.സ്‌നേഹവും പരിഗണനയും ശ്രദ്ധയും കുട്ടികള്‍ രക്ഷിതാക്കളില്‍ നിന്നും ആഗ്രഹിക്കുന്നതനുസരിച്ച് നല്‍കുക. അല്ലെങ്കില്‍ അവര്‍ തെറ്റായ മാര്‍ഗത്തിലൂടെ അത് നേടിയെടുക്കാന്‍ ശ്രമിക്കും.

5. ചില സ്വഭാവപ്രകൃതങ്ങള്‍ അവഗണിക്കുക, സ്വാഭാവികമായും അവകെട്ടടങ്ങും. ചിലകുട്ടികള്‍ കരഞ്ഞുകൊണ്ടിരിക്കും. അത് ശ്രദ്ദ നേടുന്നുവെന്ന് കാണുമ്പോള്‍ ചിലകുട്ടികള്‍ ഉച്ചത്തില്‍ കരഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ അത് ബോധപൂര്‍വം അവഗണിക്കുമ്പോള്‍ സ്വാഭാവികമായും കെട്ടടങ്ങിക്കൊള്ളും.

6. തെറ്റായ സ്വഭാവചര്യകള്‍ കാണുമ്പോള്‍ കുട്ടികളുമായി അതിനെ കുറിച്ച് നേരിട്ട് സംസാരിക്കുക. ചിലവിഷയത്തില്‍ നിശ്ശബ്ധത പാലിക്കുക. ഇത്തരം വിഷയങ്ങളെ കുറിച്ച് നമ്മുടെ കാഴ്ചപ്പാട് അവരുടെ മുമ്പില്‍ അവതരിപ്പിക്കുക. ഇത്തരം കാര്യങ്ങള്‍ എന്റെ അഭിപ്രായത്തില്‍ നമുക്ക് യോജിക്കാത്തതും മാന്യതക്ക് നിരക്കാത്തതുമാണ് എന്ന രീതിയില്‍  സംസാരിക്കുക. സംസാരത്തില്‍ യുക്തിദീക്ഷ കൈക്കൊള്ളുക വളരെ പ്രധാനമാണ്.

7. തെറ്റിലേക്കു നീങ്ങാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുക : അയല്‍പക്കത്തെ കുട്ടികളുമായി നിരന്തരം വഴക്കിടുന്ന കുട്ടിയാണെങ്കില്‍ വളരെ തന്മയത്തോടെ തന്നെ അവരുമായി കളിക്കുന്നതില്‍ നിന്നും അവനെ തടയുക. അത് അവനുള്ള ശിക്ഷയല്ല, മറിച്ച് അവന്‍ നേരിടുന്ന പ്രശ്‌നത്തിന്റെ വേരറുക്കുകയാണ്.

8. തെറ്റായ മാതൃകകളെ ഉത്തമ മാതൃകകള്‍ കൊണ്ട് മറികടക്കുക. കുട്ടി സംസ്‌കാര ശൂന്യമായ രീതിയില്‍ വല്ലതും ആവശ്യപ്പെടുമ്പോള്‍ ഉമ്മ അവനെ സംസ്‌കാരസമ്പന്നമായ രീതിയില്‍ ആവശ്യമുന്നയിക്കേണ്ട രീതി പഠിപ്പിക്കുക.

9.പ്രോത്സാഹനവും സമ്മാനവും നല്‍കുക. കുട്ടിയില്‍ നല്ല പ്രവര്‍ത്തനം കാണുമ്പോള്‍ അവനെ പ്രോത്സാഹിപ്പിക്കുകയും തൂക്കിയിട്ട ബോര്‍ഡില്‍ സ്റ്റാറോ പോയിന്റോ നല്‍കുക. നിശ്ചിത കോളമെത്തുമ്പോള്‍ സമ്മാനം നല്‍കുക.

10.സ്‌നേഹം കൊണ്ടാണ് ഇപ്രകാരം ചെയ്യുന്നതെന്ന് ബോധ്യപ്പെടുത്തുക. ഏതെങ്കിലും ഒരു സ്വഭാവദൂഷ്യത്തിന്റെ പേരില്‍ കുട്ടിയെ ശകാരിച്ചു പിന്മാറുക എന്നത് ഒരിക്കലും അതിന് പരിഹാരമല്ല. തെറ്റുബോധ്യപ്പെടുത്തിയതിന് ശേഷം കുട്ടിയോട് അതിന്റെ പേരില്‍ പാപമോചനം നടത്താന്‍ വേണ്ടി ആവശ്യപ്പെടുകയും അതോടൊപ്പം അവനെ സ്‌നേഹിക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുക.

ഇത്തരത്തില്‍ സവിശേഷ പരിഗണനയര്‍ഹിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. അവ മനസ്സിലാക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്തുകൊണ്ട് മികച്ച ശിക്ഷണത്തില്‍ തലമുറയെ വളര്‍ത്തിയെടുക്കുക.  

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്
 

Related Articles