Current Date

Search
Close this search box.
Search
Close this search box.

കുട്ടികളിലെ വികൃതി

naughty-boy.jpg

അമിത ഉത്സാഹിയും വികൃതിയുമായ ഒരു കുട്ടി തീര്‍ച്ചയായും മാതാപിതാക്കള്‍ക്ക് തലവേദനയായിരിക്കും. പലപ്പോഴും അവരുടെ വികൃതിത്തരങ്ങളോട് പൊരുത്തപ്പെടാനാകാതെ അവരോട് കയര്‍ക്കുന്നവരാണ് അധിക മാതാപിതാക്കളും. എന്നാല്‍ അമിത ഉത്സാഹം(Hyper Activity) എല്ലാ പ്രായത്തിലും കുട്ടികള്‍ പ്രകടിപ്പിക്കുന്ന സാധാരണ സ്വഭാവമായി മാതാപിതാക്കള്‍ ആദ്യം മനസ്സിലാക്കണം. ഉദാഹരണത്തിന് 2 മുതല്‍ 5 വയസ്സുവരെയുള്ള കുട്ടികള്‍ വളരെ അപൂര്‍വമായേ ഇരുത്തിയ സ്ഥലത്ത് തന്നെ ഇരിക്കുകയുള്ളൂ. അധിക സമയവും അവര്‍ എന്തെങ്കിലും പ്രവൃത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. നമ്മുടെ കുട്ടികള്‍ പാവത്താന്മാരും നാണംകുണുങ്ങികളും ആകണം എന്ന് നാം ആഗ്രഹിക്കരുത്. അത് ഭാവിയില്‍ അവരുടെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കും. സ്വന്തത്തെ അപകടത്തിലേക്ക് നയിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ഇത്തരം കുട്ടികളുടെ കാര്യത്തില്‍ മാതാപിതാക്കള്‍ ചെയ്യേണ്ടത്. ചില കുട്ടികള്‍ അമിത ഉത്സാഹികളാകുന്നത് മാതാപിതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാനായിരിക്കും.

അമിത ഉത്സാഹികളുടെ അടയാളങ്ങള്‍

⇒ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വിമുഖത കാണിക്കുക
⇒ഇരുത്തിയ സ്ഥലത്ത് ഇരിക്കാതിരിക്കുക
⇒ ഉയര്‍ന്ന ബുദ്ധിസാമര്‍ത്ഥ്യം ഉണ്ടെങ്കിലും സ്‌കൂളില്‍ മോശം പ്രകടനം നടത്തുക
⇒ ധാരാളമായി സംസാരിക്കുക, മറ്റുള്ളവരുടെ സംസാരത്തിന് ഭംഗം വരുത്തുക
⇒ പെട്ടെന്ന് ദേഷ്യവും സങ്കടവും ഉണ്ടാവുക
⇒ അക്രമസ്വഭാവം കാണിക്കുക

അമിത ഉത്സാഹികളായ കുട്ടികളെ എങ്ങനെ കൈകാര്യം ചെയ്യാം?
ഇത്തരം കുട്ടികളെ വളരെ ക്ഷമാപൂര്‍വം കൈകാര്യം ചെയ്യണം. ഒരു സമയം ഒരു കാര്യം മാത്രം ചെയ്യാന്‍ അവരെ ഉപദേശിക്കണം. എന്ത് പ്രവൃത്തിയും സൂക്ഷ്മതയോടെയും ജാഗ്രതയോടെയും ചെയ്യാന്‍ അവരെ പരിശീലിപ്പിക്കണം. വളരെ മാന്യമായ രീതിയിലായിരിക്കണം അവരോട് സംസാരിക്കേണ്ടത്. അവര്‍ പറയുന്ന ഏത് പരാതികള്‍ക്കും ചെവി കൊടുക്കുകയും അതിനുള്ള പരിഹാരം അവര്‍ക്ക് നിര്‍ദ്ദേശിച്ച് കൊടുക്കുകയും വേണം. ദേഷ്യം, സങ്കടം എന്നിവ നിയന്തിക്കാന്‍ അമിത ഉത്സാഹികളായ കുട്ടികള്‍ നന്നേ പ്രയാസപ്പെടും. ടി.വി കാണുന്നതും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതും കുറക്കാന്‍ ആവശ്യപ്പെട്ട് ചിലപ്പൊഴൊക്കെ അവരെ പുറത്ത് നടക്കാന്‍ കൊണ്ടുപോകാനും മാതാപിതാക്കള്‍ തയ്യാറാവണം. അതുപോലെ കലാപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും അതിനുള്ള പരിശീലനം അവര്‍ക്ക് നല്‍കുകയും വേണം. ക്രിയാത്മകമായ ചിന്തകള്‍ ഉത്പാദിപ്പിക്കാനും സര്‍ഗാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അവരെ പ്രചോദിപ്പിക്കണം. കുട്ടി സ്‌കൂള്‍ വിട്ട് വന്നാല്‍ നേരെ കളിക്കാന്‍ വിടാതെ ചിലപ്പോഴൊക്കെ ചെറിയ ചെറിയ കാര്യങ്ങളില്‍ തങ്ങളെ  സഹായിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവരോട് ആവശ്യപ്പെടാം. അവര്‍ തെറ്റ് ചെയ്യുമ്പോള്‍ അവരെ തിരുത്താന്‍ മാത്രമല്ല, അവര്‍ നല്ലത് ചെയ്യുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കാനും അഭിനന്ദിക്കാനും രക്ഷിതാക്കള്‍ക്ക് സാധിക്കണം. അവരുടെ അമിത ഉത്സാഹത്തെ നല്ലതിലേക്കും നന്മയിലേക്കും വഴിതിരിച്ചുവിടുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.

വിവ: അനസ് പടന്ന

Related Articles