Current Date

Search
Close this search box.
Search
Close this search box.

കുഞ്ഞുമനസ്സുകളെ തകര്‍ക്കുന്ന ആക്ഷേപസ്വരങ്ങള്‍

cry.jpg

മിക്ക മാതാപിതാക്കളും തങ്ങളുടെ പൊന്നോമന മക്കളോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നവരാണ്. എന്നാല്‍ തങ്ങളുടെ വാക്കുകളും സംസാരശൈലികളും മക്കളുടെ വളര്‍ച്ചക്കോ അതല്ല തകര്‍ച്ചക്കോ വഴിയൊരുക്കുക എന്ന് എത്ര പേര്‍ ആലോചിക്കാറുണ്ട്! ശിക്ഷണം നല്‍കലിന്റെ അടിസ്ഥാന മാധ്യമമാണ് വാക്കുകള്‍. നാം നമ്മുടെ മക്കളെ അഭിസംബോധന ചെയ്യലും ചേദ്യം ചെയ്യലും പ്രോത്സാഹിപ്പിക്കലും പ്രശംസിക്കലും ദേശ്യപ്പെടാറുള്ളതുമെല്ലാം വാക്കുകളുപയോഗിച്ചാണ്.

തെറ്റായ പദപ്രയോഗങ്ങളും മോശമായ സംസാരശൈലികളുമാണ് മിക്ക കുട്ടികളും അനുസരണക്കേടു കാണിക്കാനും വ്യതിചലിക്കാനുമുള്ള പ്രധാന കാരണമെന്ന് ഇത്തരം പ്രശ്‌നങ്ങളില്‍ നിരന്തരമിടപെടുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് പറയാന്‍ കഴിയും. രണ്ട് ദിവസം മുമ്പ് വീട്ടില്‍ നിന്നും ഒളിച്ചോടിയ ഒരു യുവാവുമായി എനിക്ക് സംസാരിക്കേണ്ടി വന്നു. അവന്റെ പ്രധാന പരാതി മാതാപിതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മോശമായ സംസാരങ്ങളെ കുറിച്ചാണ്. മറ്റൊരു യുവതി എന്നോട് പരാതി പറഞ്ഞത്, ഞാന്‍ ഇത്തരത്തില്‍ അധപതിച്ചത് ബോധപൂര്‍വം ആഗ്രഹിച്ചതുകൊണ്ടല്ല, മറിച്ച് മാതാപിതാക്കളുടെ മോശമായ സംസാരത്തോട് പ്രതികാരമെന്ന നിലയിലാണ് ഞാന്‍ ഈ അവസ്ഥയിലെത്തിയത്. മക്കളുടെ മനസിനെ തകര്‍ക്കുകയും അവരെ വ്യതിചലനത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പത്ത് രീതികളെ കുറിച്ച് അന്വേഷിക്കാം.

1. കഴുത, നായ തുടങ്ങിയ മൃഗങ്ങളുടെ വിശേഷണങ്ങളുപയോഗിച്ച മക്കളെ ചീത്ത വിളിക്കുക(കഴുതേ, നായേ…)

2. എന്തെങ്കിലും ന്യൂനത അവരില്‍ കാണുമ്പോള്‍ കള്ളന്‍, ഹറാമി, തടിയന്‍ തുടങ്ങിയ നിഷേധാത്മകമായ പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് അവരെ അഭിസംബോധന ചെയ്യുക.

3. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുക : ഇത് കുട്ടികളുടെ വ്യക്തിത്വത്തെ തകര്‍ക്കാന്‍ കാരണമാകുന്ന പ്രധാന സംഗതിയാണ്. കാരണം ഓരോ കുട്ടിക്കും വ്യത്യസ്തമായ കഴിവുകളാണുണ്ടാകുക. രണ്ട് വീടുകളിലെ സാഹചര്യവും പഠനത്തിലെ ശ്രദ്ദയുമെല്ലാം വിഭിന്നമാകുും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുമ്പോള്‍ അവന്റെ ആത്മവിശ്വാസത്തെ അത് തകര്‍ക്കുകയും താരതമ്യപ്പെടുത്തുന്നവനോട് അവനില്‍ വിദ്വേഷവുമുണ്ടാക്കക്കുവാനും അത് ഇടവരുത്തും.

4. നീ ഇന്നത് ചെയ്താല്‍ നിന്നെ ഞാന്‍ ഇഷ്ടപ്പെടില്ല, നീ അത് തിന്നാല്‍ നിന്നെ ഞാന്‍ ഇഷ്ടപ്പെടും…തുടങ്ങിയ സ്‌നേഹബന്ധത്തെ ചില നിബന്ധനകളുമായി ചേര്‍ത്ത് പറയല്‍:  കുട്ടികള്‍ക്ക് താല്‍പര്യമില്ലാത്തത് മൂലമായിരിക്കും ഒരു കാര്യം ചെയ്യാതിരിക്കുന്നത്. ചെറുപ്പത്തില്‍ ഇത്തരത്തില്‍ വളര്‍ത്തുന്നവര്‍ വലുതായാല്‍ അതിന്റെ പ്രതിപ്രവര്‍ത്തനമെന്നോണം കുടുംബത്തോട് ചേര്‍ന്നുനില്‍ക്കാന്‍ വിമുഖത കാട്ടുന്നത് കാണാം. മാത്രമല്ല, വലിയുപ്പയെയും വലിയുമ്മയെയും പോലെ നിസ്സ്വാര്‍ഥമായി സ്‌നേഹിക്കുന്നവരെ കുട്ടികള്‍ കൂടുതലായി ഇഷ്ടപ്പെടുന്നതിനും ഇതാണ് കാരണം.

5.നിന്നെ അല്ലാഹു ശിക്ഷിക്കും, നരകത്തിലിടും തുടങ്ങിയ മതത്തെ കുറിച്ച് ചെറുപ്പത്തിലേ ഭീകര രൂപം പകര്‍ന്നുനല്‍കുന്ന ശൈലികള്‍.

6. നിന്നോട് പറഞ്ഞിട്ട് കാര്യമല്ല, നിനക്കൊന്നിനും കഴിയില്ല, മിണ്ടാതിരിക്കൂ ശൈത്വാനെ തുടങ്ങിയ കുട്ടികളില്‍ പരാജിതബോധം പകര്‍ന്നു നല്‍കുന്ന രീതിയില്‍ അവരോട് പെരുമാറല്‍.

7.നിന്റെ തലഞാന്‍ പൊട്ടിക്കും, നിന്നെ ഞാന്‍ കൊല്ലും തുടങ്ങിയ തെറ്റായ ഭീഷണിസ്വരങ്ങള്‍ ഒഴിവാക്കുക.

8.അവരുടെ ആവശ്യങ്ങള്‍ കാരണമൊന്നും ബോധ്യപ്പെടുത്താതെ നിരന്തരം നിരസിച്ചുകൊണ്ടിരിക്കുക

9. പടച്ചോന്‍ ശപിക്കട്ടെ! നീ അധികം മുന്നോട്ട പോകില്ല എന്നീ രീതിയില്‍ അവര്‍ക്കെതിരായി പ്രാര്‍ഥിക്കുക.

10. അവരുടെ രഹസ്യങ്ങള്‍ മറ്റുള്ളവരുടെ മുമ്പില്‍ വെച്ച് പറഞ്ഞുകൊണ്ട് അവരെ വഷളാക്കുക.

എട്ടു വയസ്സുള്ള ഒരു കുട്ടി ആ പ്രായത്തിനിടയില്‍ മനസ്സിനെ തകര്‍ക്കുന്ന 5000 വാക്കുകള്‍ കേള്‍ക്കുന്നുവെന്നു കരുതുക. അത് അവന്റെ ജീവിതത്തെയും മനസ്സിനെയും തകര്‍ക്കുന്നത് കൂട്ടനശീകരണായുധങ്ങളേക്കാള്‍ മാരകമായ രീതിയിലായിരിക്കും. മനസ്സിനെ തകര്‍ക്കുന്ന ഇത്തരം പ്രയോഗങ്ങള്‍ വിശ്വാസികള്‍ക്ക് യോജിച്ചതല്ലെന്ന് പ്രവാചകന്‍ (സ) ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് നമ്മെ ഉണര്‍ത്തുന്നുണ്ട്. പ്രവാചകന്‍(സ) പഠിപ്പിച്ചു:  ‘സത്യവിശ്വാസി ആക്ഷേപിക്കുന്നവനോ ശപിക്കുന്നവനോ അശ്ലീലം പറയുന്നവനോ മ്‌ളേഛമായരീതിയില്‍ സംസാരിക്കുന്നവനോ അല്ല’. നിഷേധാത്മകമായ ഇത്തരം ശൈലികളുപേക്ഷിച്ചുകൊണ്ട് മക്കളെ അഭിസംബോധന ചെയ്യുമ്പോള്‍ സ്‌നേഹം, പ്രോത്സാഹനം, പ്രശംസ, ആദരവ് എന്നീ ക്രിയാത്മകമായ നാല് ശൈലികള്‍ പകരം വെക്കുക എന്നതാണ് അവരുടെ അഭിവൃദ്ധിക്ക് ഏറ്റവും അനുഗുണമായത്.

നല്ല സംസാരം ദാനം നല്‍കുന്നതിനേക്കാള്‍ പ്രാധാന്യമുള്ളതാണ്. ‘നന്മ ചെയ്തത് എടുത്തുപറഞ്ഞു ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉത്തമം നല്ലവാക്കു പറയലും വിട്ടുവീഴ്ച കാണിക്കലുമാകുന്നു'(അല്‍ ബഖറ 263). നാം നമ്മുടെ മക്കള്‍ക്ക് നല്ല ഭക്ഷണവും കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളുമെല്ലാം വാങ്ങിക്കൊടുക്കുന്നു. പക്ഷെ, പിന്നീട് ഉപദ്രകരമായ ഇത്തരം സംസാരം മൂലം അതെല്ലാം നാം കരിച്ചുകളയുകയും ചെയ്യുന്നു. ഇത് ഖുര്‍ആനിക രീതിശാസ്ത്രത്തിനെതിരാണ്. ആധുനിക പണ്ഡിതന്മാരുടെ നിഗമനമനുസരിച്ച് നല്ലവാക്കിനും ദാനം നല്‍കുന്നതിനും മസ്തിഷ്‌കത്തില്‍ ഒരേ സ്വാധീനമാണ്ടാക്കുക. അതിനാല്‍ വീട്ടില്‍ നിന്നു തന്നെ നമ്മുടെ സംസാരത്തെ നമുക്ക് നിയന്ത്രിച്ചു തുടങ്ങാം. വാക്കുകള്‍ക്ക് വലിയ സ്വാധീനമുണ്ട്. വിശുദ്ധ ഖുര്‍ആന്‍ അഭിസംബോധന ചെയ്യുന്നത് വാക്കുകളുപയോഗിച്ചാണ്. ജനം ഇസ്‌ലാമാശ്‌ളേശഷിക്കുന്നതും അതില്‍ നിന്ന് പുറത്ത് പോകുന്നതും വാക്കുപയോഗിച്ചാണ്. ഒരു യുവാവ് വൈവാഹിക ജീവിതത്തെ പുല്‍കുന്നതും അതില്‍ നിന്ന് പിന്മാറുന്നതും വാക്കുപയോഗിച്ചാണ്. അതിനാല്‍ ഇരുതലമൂര്‍ച്ചയുള്ള ഈ ആയുധത്തെ നമ്മുടെ അരുമ മക്കളുടെ വളര്‍ച്ചക്കുവേണ്ടി ക്രിയാത്മകമായി നമുക്ക് ഉപയോഗിക്കാം.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles