Current Date

Search
Close this search box.
Search
Close this search box.

എന്റെ ഉമ്മയും ഉപ്പയുമാണ് എന്നെ ദീനില്‍ നിന്നും അകറ്റിയത്!

abusing.jpg

‘ഞാന്‍ മതത്തെയും മതനിഷ്ഠ പുലര്‍ത്തുന്നവരെയും വെറുക്കുന്നു’ – നമസ്‌കാരം, ദീനിനെ കുറിച്ച സംസാരം ഇതൊന്നും എനിക്കിഷ്ടമല്ലാതായി തീര്‍ന്നിരിക്കുന്നു- അവന്‍ സംസാരിച്ചു തുടങ്ങിയത് ഇപ്രകാരമാണ്.
മതത്തെയും മതനിഷ്ഠയുള്ളവരെയും നീ വെറുക്കാന്‍ കാരണമെന്താണ്? -ഞാന്‍ അവനോട് ആശ്ചര്യത്തോടെ ചോദിച്ചു.
അവന്‍ തൊട്ടടുത്തിരിക്കുന്ന സഹോദരിയിലേക്ക് നോക്കി..അവളോട് പറഞ്ഞു. നാം എന്തുകൊണ്ടാണ് ഇത് വെറുത്തതെന്ന് വിശദീകരിച്ചുകൊടുക്കൂ! അവള്‍ പറഞ്ഞു. ഒരു കഥ പറഞ്ഞുകൊണ്ടു തുടങ്ങാം. എനിക്ക് ഇപ്പോള്‍ പതിനഞ്ച് വയസ്സായിട്ടുണ്ട്. എന്റെ സഹോദരന് പതിനേഴും. ഞങ്ങളുടെ മാതാപിതാക്കളെ കുറിച്ച് ചില പരാതികള്‍ നിങ്ങളെ അറിയിക്കാനാണ് താങ്കളുടെ അടുത്തേക്ക് വന്നിട്ടുള്ളത്. ഇവര്‍ തന്നെയാണ് ഞങ്ങളില്‍ മതത്തോടും മതനിഷ്ഠ പുലര്‍ത്തുന്നവരോടും അകല്‍ച്ച സൃഷ്ടിക്കാന്‍ പ്രധാന കാരണം.
എന്റെ ഉമ്മ പര്‍ദ്ധ ധരിക്കുകയും ദീനിന്റെ പ്രകടമായ നിഷ്ഠകള്‍ പാലിക്കുകയും ചെയ്യുന്നവളാണ്. പക്ഷെ, അവളുടെ സ്വഭാവ പെരുമാറ്റങ്ങള്‍ക്ക് ദീനുമായി യാതൊരു ബന്ധവുമില്ല.
ഞങ്ങളുടെ ചെറുപ്പകാലം മുതല്‍ തന്നെ ദീനിനോട് മടുപ്പുളവാക്കുന്ന രീതിയിലാണ് ഉമ്മ  ഞങ്ങളോട് സംസാരിച്ചുകൊണ്ടിരുന്നത്. ‘കളവ് പറയുന്നവരെ അല്ലാഹു നരകത്തിലിട്ട് കരിക്കും’ എന്ന് ഞങ്ങളോട് പറയുമായിരുന്നു. അതേ സമയം ഞങ്ങളുടെ മുമ്പില്‍ വെച്ച് തന്നെ അവള്‍ നിരന്തരം കളവ് പറയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ അല്ലാഹു എന്തിനാണ് ചെറിയ കുരുന്നുകളെ ഇപ്രകാരം തീയിലിട്ട് കരിക്കുകയും വലിയവരെ ശിക്ഷിക്കാതെ വെറുതെ വിടുകയും ചെയ്യുന്നത്!! എന്ന് ഞങ്ങള്‍ പരസ്പരം ചോദിക്കുമായിരുന്നു. ഞാനും എന്റെ പെങ്ങളും വല്ല പ്രവര്‍ത്തിയിലുമേര്‍പ്പെടുമ്പോള്‍ ഇപ്രകാരം ചെയ്യുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല എന്ന് ഉമ്മ പറയും. അപ്രകാരം അല്ലാഹു ഞങ്ങളെ ഇഷ്ട്‌പ്പെടുന്നവനല്ല എന്ന ഒരു ബോധ്യം ഞങ്ങളില്‍ കടന്നുകൂടി. മാത്രമല്ല കുട്ടികളെ അവന്‍ നരകത്തീയിലിട്ടു കരിക്കുമെന്നും! പിന്നെ എന്തിനാണ് നാം അവനെ ആരാധിക്കുകയും അവന് വേണ്ടി ഇബാദത്ത് ചെയ്യുകയും ചെയ്യുന്നത്?

ഉടന്‍ സഹോദരനിടപെട്ടു പറഞ്ഞു : ഞങ്ങളെ ചീത്തപറയുകയും അടിക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ ജനങ്ങളോട് ദീനിനെ പറ്റി അവള്‍ ഉപദേശിക്കുകയും ചെയ്യും. പിന്നെ എന്ത് ദീനിനെ കുറിച്ചാണ് ഉമ്മ സംസാരിക്കുന്നത്?

ഞങ്ങളുടെ പിതാവ് നമസ്‌കരിക്കുകയും  മതനിഷ്ഠ പുലര്‍ത്തുകയും ചെയ്യുന്നവനാണ്. പക്ഷെ, അശ്ലീല സിനിമകള്‍ അദ്ദേഹം കാണുന്നതായി നിരവധി തവണ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മൊബൈലിലൂടെ അന്യസ്ത്രീകളുമായി സല്ലപിക്കുന്നത് ഞങ്ങള്‍ കേട്ടിട്ടുണ്ട്. കമ്പനിയുടെ സ്വത്തുക്കള്‍ സ്വന്തം എക്കൗണ്ടിലേക്ക് വരവ് വെക്കുന്നതും ഞങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ ഞാനും സഹോദരിയും നമസ്‌കരിച്ചില്ലെങ്കില്‍ അദ്ദേഹം ഞങ്ങളെ അടിക്കുകയും ചെയ്യുമായിരുന്നു. അപ്രകാരം ഞങ്ങള്‍ നമസ്‌കാരം മാത്രമല്ല, ദീനിനെ തന്നെ വെറുക്കാന്‍ തുടങ്ങി. ഞങ്ങളുടെ വീട്ടില്‍ ദിനേന കണ്ടുകൊണ്ടിരിക്കുന്ന ഈ മതത്തിന്റെ പേരിലുള്ള കാപട്യവും  ഞങ്ങള്‍ വെറുത്തു.

മതത്തിന്റെ അന്തസത്തയെയും മതനിഷ്ഠ പുലര്‍ത്തുന്നവരെയും കുറിച്ച് ഞാന്‍ അവരോട് സംസാരിച്ചുതുടങ്ങി. ദീന്‍ എന്നത് ഒരു ജീവിത പദ്ധതിയാണ്. മനുഷ്യന്റെ ഐഹികവും പാരത്രികവുമായ ജീവിതത്തിലെ സന്തോഷത്തിനും വിജയത്തിനുമായി അല്ലാഹുവില്‍ നിന്നും അവതീര്‍ണമായ കല്‍പനകളും സാരാംശങ്ങളുമാണത്. മതനിഷ്ഠ പുലര്‍ത്തുന്നവന്‍ ദീനിനോട് താല്‍പര്യമുള്ളവനാണ്. മറിച്ച് അവനൊരിക്കലും മതമല്ല. ഒരാള്‍ ദീന്‍ ഉള്‍ക്കൊള്ളുകയും ഉത്തമ മാതൃക ജീവിതത്തിലൂടെ സമര്‍പിക്കുകയാണെങ്കില്‍ അവന്‍ ദീനിനെ കുറിച്ച് നല്ല ചിത്രം സമര്‍പിക്കുന്നു. നിന്റെ മാതാപിതാക്കളെ പോലെ തെറ്റായ മാതൃകകളാണ് സമര്‍പിക്കുന്നതെങ്കില്‍ തെറ്റായ കാഴ്ചപ്പാട് സമൂഹത്തിലേക്ക് പകര്‍ന്നു നല്‍കും. ഇവിടെ പ്രശ്‌നം ദീനിനല്ല. മറിച്ച് മതനിഷ്ഠ പുലര്‍ത്തുന്നവനാണ്. ഇത് രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്.
പിന്നീട് മാതാപിതാക്കളെ സത്യസന്ധമായി മതനിഷ്ഠ പുലര്‍ത്തുന്നവരാക്കിത്തീര്‍ക്കാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിക്കും എന്നതിനെ കുറിച്ചും അവരോട് വിവരിച്ചു. ഈ കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കളുടെ കപടതയെ കുറിച്ച് വിവരിച്ചിടത്ത് എന്നെ ഏറ്റവും സ്വാധീനിച്ചത് ‘അവര്‍ ജനങ്ങളുടെ മുമ്പില്‍ ദീനിന്റെ മാതൃകകളാണ്, എന്നാല്‍ യഥാര്‍ഥത്തില്‍ അവര്‍ അങ്ങനെയല്ല. വ്യക്തിപരമായി ജീവിതത്തിലെ ചില സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ദീനിനെ അവര്‍ ചൂഷണം ചെയ്യുകയാണ് ..ഇതാണ് ഞങ്ങളെ മതത്തോട് അസഹിഷ്ണുതയുള്ളവരും നിരീശ്വര ചിന്തയിലേക്കെത്തിച്ചതെന്നും എന്ന പരാമര്‍ശമാണ’്.

നാം നമ്മുടെ മക്കളെ ദീനിനോട് സ്‌നേഹമുള്ളവരായിട്ടോ അതല്ല, വെറുപ്പുള്ളവരായിട്ടോ വളര്‍ത്തുന്നത്?

നീ നമസ്‌കരിച്ചോ എന്ന് മകളോട് ചോദിക്കുമ്പോള്‍ അവള്‍ സത്യസന്ധമായി ഉത്തരം പറയുന്നു. എന്നോട് കളവ് പറയരുതേ എന്ന് വീണ്ടും കുട്ടിയോട് ആവര്‍ത്തിച്ചു ചോദിക്കുന്ന നിരവധി മാതാപിതാക്കളെ എനിക്കറിയാം. മകളെ അപ്രകാരം നിരന്തരം  അവിശ്വാസത്തിലെടുത്ത് സംസാരിച്ചത് കാരണം അവള്‍ പിന്നീട് നമസ്‌കാരം തന്നെ ഉപേക്ഷിക്കുകയുണ്ടായി. അവളെ കുറിച്ച ഉമ്മയുടെ തെറ്റായ വീക്ഷണം കാരണം അവള്‍ നിരന്തരമായി ഉമ്മയോട് കള്ളം പറയുന്നവളായിത്തീരുകയും ചെയ്യുന്നു.
മക്കളോട് വളരെ നല്ല നിലയില്‍ പെരുമാറുന്നവരെയും എനിക്കറിയാം. അവരുടെ സത്യസന്ധമായ പെരുമാററവും ശൈലികളും കാരണം നമസ്‌കാരത്തോട് അവര്‍ക്ക് ഇഷ്ടമുണ്ടാകുന്നു. മകളോട് നമസ്‌കരിച്ചിട്ടില്ലേ എന്നു ചോദിച്ചപ്പോള്‍ അവള്‍ മറുപടി പറഞ്ഞു.  ഇന്ന നമസ്‌കാരത്തിന് ശേഷം ഞാന്‍ നമസ്‌കരിച്ചിട്ടില്ല. അപ്പോള്‍ ഉമ്മ പ്രതികരിച്ചു. ശരി, നീ സത്യം പറഞ്ഞല്ലോ! നിനക്ക് നമസ്‌കാരത്തോട് നല്ല താല്‍പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇവിടെ ആക്ഷേപത്തേക്കാള്‍ പ്രശംസക്ക് മുന്‍ഗണന നല്‍കുന്നു. വിമര്‍ശനത്തേക്കാള്‍ പ്രോല്‍സാഹനത്തിന് പ്രാധാന്യം നല്‍കുന്നു. ഈ ശൈലി കുട്ടികളില്‍ മതത്തോടും നമസ്‌കാരത്തോടും ഇഷ്ടമുണ്ടാകാന്‍ കാരണമാകുന്നു.

ഉത്തമ മാതൃകയും ഉദാത്തമായ പെരുമാറ്റവുമാണ് മക്കളെ ദീനിനോട് സ്‌നേഹമുള്ളവരാക്കി വളര്‍ത്താന്‍ ഏറ്റവും ഉപകരിക്കുന്ന രണ്ട് ശൈലികള്‍. പ്രവാചകന്‍ പഠിപ്പിച്ചു : ‘സത്യവിശ്വാസികളില്‍ വിശ്വാസ പൂര്‍ണത കൈവരിച്ചവര്‍ ഉദാത്തമായ സ്വഭാവ പെരുമാറ്റങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ്. ജനങ്ങളോട് വിനയത്തോടെയും പരസ്പരം ഇണക്കത്തോടെയും പെരുമാറുന്നവരാണ്. ഇണക്കത്തോടെയും നൈര്‍മല്യത്തോടെയും പെരുമാറാത്തവരില്‍ ഒരു നന്മയില്ല’. (ത്വബ്‌റാനി)
ദീന്‍ എന്നത് സമ്പാദ്യം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു കച്ചവടമല്ല. അല്ലെങ്കില്‍ ജനങ്ങളെ പറ്റിക്കാനുള്ള ഒരേര്‍പ്പാടല്ല. നമ്മുടെ പ്രതിബദ്ധത വെളിപ്പെടുത്താനുള്ള ഒരു മറയുമല്ല. പരലോക വിശ്വസം, ഉത്തമ പെരുമാറ്റം എന്നിവയിലൂടെ ഉ്ദഭൂതമാകുന്ന ജീവിത ചര്യയാണ് ദീന്‍ എന്നു പറയുന്നത്. നമ്മുടെ സ്വഭാവം ഉത്തമവും മാതൃക ഉദാത്തവുമാകുമ്പോള്‍ മറ്റുള്ളവരെ സ്വാധീനിക്കാന്‍ നമുക്ക് കഴിയുന്നു. ദീനിനെ കുറിച്ച മനോഹരമായ ചിത്രം മററുള്ളവരുടെ മുമ്പില്‍ സമര്‍പ്പിക്കാന്‍ നമുക്ക് കഴിയുന്നു. ഇതാണ് നമ്മുടെ വീടകങ്ങളിലും സമൂഹത്തിലും നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നതും!!…

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്
 

Related Articles