Current Date

Search
Close this search box.
Search
Close this search box.

ഉമ്മ പറഞ്ഞു തന്ന കഥകള്‍ മറന്നവരുണ്ടോ?

baby2.jpg

ബാല്യകാലത്ത് ഉമ്മ പറഞ്ഞു തന്ന കഥകള്‍ ഓര്‍മ്മിക്കുന്നവരും ഓര്‍ത്തെടുക്കുന്നവരുമാണ് അധികപേരും, എന്നാല്‍ ചിലരൊക്കെ അത് മറന്നുപോകാറുമുണ്ട്. മക്കള്‍ക്ക് മാതാവിന്റെ മാറിടവും അവരുടെ സാമീപ്യവും ആശ്വാസവും തണലുമാണ്. നിഷ്‌കളങ്ക ഹൃദയത്തിനുടമകളായ കുട്ടികള്‍ കേള്‍ക്കുന്ന കാര്യങ്ങളെല്ലാം യാഥാര്‍ഥ്യങ്ങളെന്ന നിലയില്‍ വിശ്വസിക്കുന്നു. ഉറങ്ങാന്‍ കിടക്കുമ്പോഴും ദേഷ്യപ്പെട്ട് പിണങ്ങി നില്‍ക്കമ്പോഴും ചിലപ്പോള്‍ മക്കളെ മറ്റെന്തെങ്കിലും കാര്യത്തിന് വേണ്ടി പ്രേരിപ്പിക്കാനുമൊക്കെ ഉമ്മ പറഞ്ഞ് കൊടുക്കുന്ന കഥകളും വര്‍ത്തമാനങ്ങളും മക്കളുടെ വ്യക്തിത്വവും ധര്‍മ്മബോധവും രൂപപ്പെടുന്നിടത്ത് സ്വാധീനം ചെലുത്തുന്നുണ്ട്.

കുട്ടികളുടെ വ്യക്തിത്വവും ധാര്‍മ്മിക ബോധവും രൂപപ്പെടുത്തിയെടുക്കുന്നതില്‍ മാതാവ് പറഞ്ഞു കൊടുക്കുന്ന കഥകള്‍ നിര്‍ണായക സ്വാധീനം ചെലുത്തുമ്പോള്‍ അതുവഴി മക്കളെ ചെറുപ്പത്തില്‍ തന്നെ ധാര്‍മ്മിക ബോധത്തോടെ വളര്‍ത്തിയെടുക്കാന്‍ നമുക്ക് കഴിയും. എന്നാല്‍ ഇതിന്റെ ഗൗരവം പലപ്പോഴും മാതാപിതാക്കള്‍ മനസ്സിലാക്കാറില്ലെന്നതാണ് ഖേദകരം. എന്നുമാത്രമല്ല, മാതാവ് പറഞ്ഞുകൊടുക്കുന്ന കഥകള്‍ മക്കളുടെ സാംസ്‌കാരിക – വൈജ്ഞാനിക വളര്‍ച്ചയില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്ന ധാരണയില്ലാത്തതിനാല്‍ പലപ്പോഴും ഈ അവസരം പല ഉമ്മമാരും വേണ്ടത്ര ഉപയോഗപ്പെടുത്താറില്ല. കഥകള്‍ പറയാനുള്ള മക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പലപ്പോഴും ജീവിതത്തിന് മുതല്‍ കൂട്ടാകുന്നതോ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ആയ കഥകള്‍ക്ക് പകരം യാഥാര്‍ഥ്യങ്ങളുമായി ഒട്ടും ബന്ധമില്ലാത്തതും തികച്ചും ഭാവനാത്മകവുമായ കഥകള്‍ മക്കള്‍ക്ക് പറഞ്ഞുകൊടുക്കാനാണ് ഉമ്മമാര്‍ ശ്രമിക്കാറുള്ളത്. ഇത്തരം നിരര്‍ഥകവും ഉപകാരപ്രദവുമല്ലാത്ത സാങ്കല്‍പ്പിക കഥകള്‍ ഉമ്മമാരില്‍ നിന്നും ധാരാളമായി കേള്‍ക്കുന്നത് അവരുടെ വ്യക്തിത്വ രൂപീകരണത്തില്‍ തെറ്റായ സ്വാധീനങ്ങളുണ്ടാക്കുകയും അവരുടെ മനസ്സില്‍ മൂഢത്തരങ്ങള്‍ നിറക്കുകയും ചെയ്യും.

കുട്ടികളുടെ ധാര്‍മ്മിക ശിക്ഷണത്തില്‍ മാത്രമല്ല മുതര്‍ന്നവരുടെയും ധാര്‍മ്മിക ശിക്ഷണത്തിലും അവരെ നേരായ മാര്‍ഗത്തില്‍ വഴി നടത്തുന്നതിലും കഥകളെ ഇസ്‌ലാം ഉപയോഗപ്പെടുത്തുന്നുണ്ട്. അല്ലാഹു പറുയുന്നു : ‘അതിനാല്‍ അവര്‍ക്ക് ഇക്കഥയൊന്ന് വിവരിച്ചു കൊടുക്കുക, ഒരുവേള അവര്‍ ചിന്തിച്ചെങ്കിലോ’ (അല്‍ അഅ്‌റാഫ് 176). കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും അവരുടെ ഹൃദയങ്ങള്‍ക്ക് കരുത്തേകുന്നതിനും ഉതകുന്നതായ ധാര്‍മ്മിക അധ്യാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇസ്‌ലാമിക കഥകള്‍. ഇസ്‌ലാമിക കഥകള്‍ ജീവിത യാഥാര്‍ഥ്യങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതും സത്യസന്ധവും മനസില്‍ ഉന്നത ഗുണങ്ങള്‍ക്ക് വിത്തുപാകുന്നതും സ്വഭാവ സംസ്‌കരണത്തിന് യോജിച്ചതുമാണ്.

ഇസ്‌ലാമിക കഥയുടെ ഒരു ഉത്തമമായ ഉദാഹരണം ഇവിടെ പറയാം : ഇമാം ബുഖാരി അബൂ ഹുറൈറ (റ) ല്‍ നിന്നും റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസ്. പ്രവാചകന്‍ പറഞ്ഞു : ഒരു വ്യക്തി മറ്റൊരാളില്‍ നിന്നും കുറച്ച് ഭൂമി വാങ്ങി. താന്‍ വാങ്ങിയ ഭൂമിയില്‍ നിന്നും സ്വര്‍ണം നിറച്ച ഒരു കുടം കിട്ടിയപ്പോള്‍ അദ്ദേഹം അത് തനിക്ക് ഭൂമി വിറ്റയാള്‍ക്ക് നല്‍കിയിട്ട് പറഞ്ഞു : ഈ സ്വര്‍ണം നിങ്ങളെടുക്കുക. ഞാന്‍ താങ്കളില്‍ നിന്നും ഭൂമി മാത്രമാണ് വാങ്ങിയത് സ്വര്‍ണം വാങ്ങിയിട്ടില്ല. എന്നാല്‍ ഭൂമി വിറ്റയാള്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല. അദ്ദേഹം പറഞ്ഞു : ഞാന്‍ ഭൂമിയും അതിലുള്ളതും താങ്കള്‍ക്ക് വിറ്റിരിക്കുന്നു. അങ്ങനെ അവരിരുവരും മറ്റൊരാളെ സമീപിച്ച് പ്രശ്‌നത്തിന് പരിഹാരം തേടി. അദ്ദേഹം ഇരുവരോടുമായി ചോദിച്ചു : നിങ്ങള്‍ക്ക് മക്കളുണ്ടോ? ഒരാള്‍ മറുപടി പറഞ്ഞു : എനിക്ക് ഒരു മകനുണ്ട്. മറ്റേയാള്‍ പറഞ്ഞു : എന്റെ കീഴില്‍ ഒരു അടിമ പെണ്‍കുട്ടിയുണ്ട്. മധ്യസ്ഥന്‍ പറഞ്ഞു : നിങ്ങളുടെ മകനെ അദ്ദേഹത്തിന്റെ അടിമ പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കുക. ഈ സ്വത്തില്‍ നിന്ന് ഇരുവരും ആവശ്യമുള്ളത് ചെലവഴിക്കുകയും ദാനം ചെയ്യുകയും ചെയ്യുക’.

തീര്‍ച്ചയായും നിഷ്‌കളങ്കതയും വിശുദ്ധിയും നിറഞ്ഞതാണീ കഥ. അതോടൊപ്പം സത്യത്തിന്റെ മഹത്വം ഉയര്‍ത്തുന്നതും മോഹങ്ങളെ നിയന്ത്രിക്കേണ്ടതിനെ കുറിച്ച് പഠിപ്പിക്കുന്നതും നന്മയില്‍ പങ്കുകാരാകേണ്ടതിലേക്ക് വിരല്‍ ചൂണ്ടുന്നതും ന്യായവും നീതിയും നോക്കി മധ്യസ്ഥം വഹിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുന്നതുമായ കഥ. ഇത്തരത്തില്‍ അല്ലാഹുവില്‍ അഭയം അര്‍പ്പിക്കുന്നതിനെ കുറിച്ചും ഉത്തരവാദിത്വ നിര്‍വഹണത്തെ കുറിച്ചും ഇടപാടുകളില്‍ സൂക്ഷ്മതയും സത്യസന്ധയും കാത്തുസൂക്ഷിക്കേണ്ടതിനെ കുറിച്ചും കരാര്‍ പാലിക്കേണ്ടതിനെ കുറിച്ചും ഉത്തമ സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതിനെ കുറിച്ചുമെല്ലാം പഠിപ്പിക്കുന്ന ഇസ്‌ലാമിക കഥകള്‍ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുക.

വിവ : ജലീസ് കോഡൂര്‍

Related Articles