Current Date

Search
Close this search box.
Search
Close this search box.

ആ തെറ്റായ ശീലങ്ങള്‍ ആരാണവരെ പഠിപ്പിച്ചത്?

angry.jpg

സന്താനപരിപാലനത്തില്‍ വാക്കാലുള്ള ഉപദേശ നിര്‍ദേശങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാല്‍ മക്കളെ കൂടുതലായും ശക്തമായും സ്വാധീനിക്കുന്ന ഒന്നാണ് ശാരീരിക ഭാഷ. ഒരു നോട്ടത്തിലൂടെയോ മുഖത്തെ ഭാവ മാറ്റത്തിലൂടെയോ ചെറിയ ഒരു ശാരീരിക ചലനത്തിലൂടെയോ സ്പര്‍ശനത്തിലൂടെയോ സാധ്യമാകുന്ന ഒന്നാണത്. നാവിനേക്കാള്‍ കൂടുതല്‍ സന്താന പരിപാലനത്തില്‍ സ്വാധീനിക്കുന്ന ഒന്നാണ് ശരീരം എന്നതാണ് വസ്തുത. മക്കളിലുള്ള തെറ്റായ ശീലങ്ങള്‍ കണ്ട് പലപ്പോഴും ആശ്ചര്യപ്പെട്ട് മാതാപിതാക്കള്‍ ചോദിക്കാറുണ്ട് ‘എവിടെന്നാണ് ഈ തെറ്റായ ശീലങ്ങളൊക്കെ ഇവര്‍ പഠിച്ചത്?’ സ്വന്തത്തെയും തന്റെ പെരുമാറ്റത്തെയും ശാരീരിക ഭാഷയെയും വിലയിരുത്തിയാല്‍ അതിന്റെ കാരണം കണ്ടെത്താന്‍ കഴിയും. മൂല്യങ്ങളും പെരുമാറ്റങ്ങളും പകര്‍ന്നു നല്‍കുന്നതില്‍ വാക്കുകളേക്കാള്‍ സ്വാധീന ശക്തിയുള്ളത് പ്രവര്‍ത്തനങ്ങള്‍ക്കാണെന്നതാണ് കാരണം.

മകന്റെ അമിതമായ ദേഷ്യത്തെ കുറിച്ച് എന്നോട് പരാതിപ്പെട്ട ഒരു മാതാവിനെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നുണ്ട്. അവര്‍ എപ്പോഴും ദേഷ്യപ്പെടരുതെന്ന് അവനെ ഉപദേശിക്കാറുണ്ട്. എന്നാല്‍ ആ ഉപദേശം പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാക്കുന്നില്ലെന്നാണ് അവരുടെ ആവലാതി. ഞാന്‍ അവരോട് ചോദിച്ചു : നിങ്ങള്‍ ഒരു ദിവസം എത്ര തവണ ദേഷ്യപ്പെടാറുണ്ട്? അവര്‍ പറഞ്ഞു : ‘ഞാന്‍ വലിയ ദേഷ്യക്കാരിയാണ്, എന്നാല്‍ മകനോട് ഞാന്‍ ദേഷ്യപ്പെടാറില്ല.’ ഞാന്‍ അവരോട് പറഞ്ഞു : ‘നിങ്ങള്‍ ഫോണിലൂടെ നിങ്ങളുടെ കൂട്ടുകാരിയോട് ദേഷ്യപ്പെടുമ്പോള്‍ അല്ലെങ്കില്‍ വീട്ടിലുള്ള ജോലിക്കാരിയോട് അട്ടഹസിക്കുമ്പോള്‍ നിങ്ങള്‍ ദേഷ്യപ്പെടുന്നത് മകന്‍ കാണുന്നുണ്ട്. ഓരോ സംഭവങ്ങളോടും പ്രതികരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ദേഷ്യപ്പെടലാണെന്ന് അതിലൂടെ മകനെ പഠിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. വളരെയധികം സ്വാധീന ശേഷിയുള്ള നിങ്ങളുടെ പെരുമാറ്റത്തിലൂടെ നിങ്ങള്‍ തന്നെയാണ് അവനെയത് പഠിപ്പിച്ചത്.’ വാചിക ഭാഷ ഒരാളില്‍ 35 ശതമാനം സ്വാധീനമുണ്ടാക്കുമ്പോള്‍ ശാരീരിക ഭാഷ 65 ശതമാനം സ്വാധീനം ചെലുത്തുന്നതായി ആശയവിനിമയ കാര്യങ്ങളില്‍ പഠനം നടത്തിയിട്ടുള്ള വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ സംസാരത്തെക്കാള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് നമ്മുടെ പെരുമാറ്റത്തിനാണ്. അങ്ങാടിയിലേക്ക് പോകുമ്പോള്‍ മകനോട് ഡോക്ടറെ കാണാന്‍ പോകുകയാണെന്ന് പറയുന്നു. പിതാവ് തന്നോട് കള്ളം പറയുകയാണെന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ കുട്ടിക്കാ സാധിക്കും. അതോടെ പിതാവിലുള്ള അവന്റെ വിശ്വാസം നഷ്ടപ്പെടുന്നു.

കുട്ടികള്‍ സ്‌പോഞ്ച് പോലെയാണ്. എല്ലാ കാര്യങ്ങളും അവര്‍ വലിച്ചെടുക്കുകയും തങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു. മകന്റെ മുമ്പില്‍ വെച്ച് പുകവലിക്കുന്ന പിതാവാണെങ്കില്‍ പുകവലി ദോഷകരമായ കാര്യമാണെന്ന് അവനെ എത്രതന്നെ ചൊല്ലിപ്പഠിപ്പിച്ചാലും അവനില്‍ കൂടുതല്‍ സ്വാധീനിക്കുക പിതാവിന്റെ പ്രവൃത്തിയായിരിക്കും. വാക്കാലുള്ള സന്താന പരിപാലനത്തിന് കൂടുതല്‍ പ്രാധാന്യം കല്‍പിക്കപ്പെടുമ്പോള്‍ നാമറിയാതെ നമ്മുടെ പെരുമാറ്റം പലതും അവരെ പഠിപ്പിക്കുന്നുണ്ട്. ഇത്തരത്തില്‍ പെരുമാറ്റത്തില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് തുടര്‍ന്ന് പറയുന്നത്:

1- മറ്റുള്ളവര്‍ക്ക് നേരെയുള്ള നമ്മുടെ വികാരങ്ങളും സ്‌നേഹവും ആരോഗ്യകരമായ രീതിയില്‍ തന്നെയാണോ നാം പ്രകടിപ്പിക്കുന്നത്?
2- ആലിംഗനത്തിലൂടെയും ചുംബനത്തിലൂടെയും സമ്മാനങ്ങള്‍ നല്‍കിയും മക്കളോടും കുടുംബത്തോടുമുള്ള സ്‌നേഹം നാം വീട്ടില്‍ പ്രകടിപ്പിക്കാറുണ്ടോ?
3- തെറ്റുപറ്റിയാല്‍ ക്ഷമാപണം നടത്താറുണ്ടോ? അല്ലെങ്കില്‍ അതിനെ ന്യായീകരിക്കാനാണോ ശ്രമിക്കാറുള്ളത്?
4- എന്തെങ്കിലും കാര്യങ്ങളുടെ പേരില്‍ നമ്മുടെ മുമ്പിലുള്ളവരെയും ജോലിക്കാരെയും പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യാറുണ്ടോ?
5- നമുക്ക് എന്തെങ്കിലും ഉപകാരമോ സഹായമോ ചെയ്തവര്‍ക്ക് നന്ദി പ്രകടിപ്പിക്കാറുണ്ടോ?
6- ആരെങ്കിലും നമ്മുടെ അടുത്ത് വന്നു പോയതിന് ശേഷം അവരെ കുറിച്ച് മോശമായി സംസാരിക്കുകയോ അവരുടെ രഹസ്യങ്ങള്‍ സംസാരിക്കുകയോ ചെയ്യാറുണ്ടോ?
7- മക്കളുടെ മുന്നില്‍ നമസ്‌കാരം, ഖുര്‍ആന്‍ പാരായണം, പ്രാര്‍ഥന തുടങ്ങിയ കാര്യങ്ങളില്‍ കൃത്യത പാലിക്കുന്നവരാണോ നാം?
8- സുഹൃത്തുകളെ ആദരിക്കുകയും പരിഗണിക്കുകയും അവരെ സഹായിക്കുകയും നല്ല ആതിഥ്യം നല്‍കുകയും ചെയ്യാറുണ്ടോ?
9- ഭക്ഷണം കഴിക്കുമ്പോള്‍ ആര്‍ത്തിയും തിരക്കും കാണിക്കുന്നതാണോ നമ്മുടെ ശീലം? പാത്രം നിറയെ ഭക്ഷണം വിളമ്പി അതില്‍ ബാക്കി വെക്കുന്നത് നമ്മുടെ രീതിയാണോ?
10- വാഹനം കേടുവരിക, ഡ്രൈവര്‍ വരാന്‍ വൈകുക, രോഗം, മരണം, വിവാഹം തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ എങ്ങനെയാണ് നാം പ്രതികരിക്കാറുള്ളത്?
11- സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുകയും വായിക്കുകയും അതില്‍ പങ്കാളികളായവുകയും ചെയ്യാറുണ്ടോ?
12-  ജോലിക്കാരോടും വീട്ടിലെ അംഗങ്ങളോടും പുഞ്ചിരിക്കുകയും നര്‍മത്തില്‍ സംസാരിക്കുകയും ചെയ്യാറുണ്ടോ?

ഇത്തരം സന്ദര്‍ഭങ്ങളില്‍ മക്കള്‍ നമ്മുടെ വാക്കുകളേക്കാള്‍ ഉള്‍ക്കൊള്ളുക പ്രവര്‍ത്തനങ്ങളെയായിരിക്കും. അറിയുക എന്നത് കേട്ടുകൊണ്ട് മാത്രമല്ല, മറിച്ച് അനുഭവിച്ചും നേരിട്ട് കണ്ടും കൂടിയുള്ളതാണ്. മാതാപിതാക്കളുടെ പ്രതികരണം കാണുന്ന കുട്ടിയില്‍ മുലുകുടി പ്രായത്തില്‍ നര്‍മം ആസ്വദിക്കാനുള്ള കഴിവ് വളര്‍ന്നു വരുന്നതായി ലണ്ടനില്‍ നിന്നിറങ്ങുന്ന ഒരു പത്രം പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. 12 മാസം ആകുന്നതോടെ മാതാപിതാക്കളില്‍ കാണുന്ന കാര്യങ്ങളില്‍ ഒരു അഭിപ്രായം രൂപപ്പെടുത്താനുള്ള ഒരു കഴിവ് അവരില്‍ ഉണ്ടാകുന്നതായും പ്രസ്തുത പഠനം വ്യക്തമാക്കുന്നു. ഒരു വയസ്സ് പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് തന്നെ നര്‍മത്തിന്റെയും സന്തോഷത്തിന്റെയും കാര്യത്തില്‍ ഒരു കുട്ടി ഇത്രത്തോളം ശ്രദ്ധ നല്‍കുന്നുവെങ്കില്‍ മറ്റു പെരുമാറ്റ രീതികളില്‍ അത് എത്രത്തോളമായിരിക്കും. ആദരണീയമായ മൂല്യങ്ങളും സ്‌നേഹ പ്രകടനവും തെറ്റു സംഭവിക്കുമ്പോള്‍ നടത്തുന്ന ക്ഷമാപണവും പരിഹസിക്കാതിരിക്കുന്നതിലൂടെയും സംഭാഷണത്തിലൂടെയല്ലാതെ തന്നെ കുട്ടിയെ നാം അക്കാര്യങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രവാചക തിരുമേനിയുടെ ജീവിതം പരിശോധിക്കുമ്പോള്‍ അദ്ദേഹം കുട്ടികളുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുകയും അവരെ ആദരിക്കുകയും ചെയ്തിരുന്നതായി കാണാം. വലിയവരെ പരിഗണിച്ചിരുന്ന പോലെ കുട്ടികളെയും പ്രവാചകന്‍(സ) പരിഗണിച്ചിരുന്നു. പ്രായക്കുറവിന്റെ പേരില്‍ ആരോടും യാതൊരു വിവേചനവും അദ്ദേഹം കാണിച്ചിരുന്നില്ല. പ്രവാചകന്‍(സ) അദ്ദേഹം സ്വീകരിച്ച നിലപാടുകളിലൂടെയും ശരീരഭാഷയിലൂടെയുമാണ് മറ്റുള്ളവരെ പഠിപ്പിച്ചിരുന്നതെന്ന് ചെറിയൊരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. ഒരിക്കല്‍ പ്രവാചകന്‍(സ) അടുക്കല്‍ കുറച്ച് പാല്‍ കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ വലത് വശത്ത് ഒരു കുട്ടിയും ഇടത് വശത്ത് പ്രായമായവരും ഉണ്ടായിരുന്നു. നബി തിരുമേനില്‍ അതില്‍ നിന്ന് അല്‍പം കുടിച്ച ശേഷം കുട്ടിയോട് ചോദിച്ചു : ഇനി ഇവര്‍ക്ക് (പ്രായമായവര്‍ക്ക്) നല്‍കാന്‍ നീ അനുവാദം തരില്ലേ? അപ്പോള്‍ കുട്ടി പറഞ്ഞു : അല്ലാഹുവാണ്, താങ്കളില്‍ നിന്നും എനിക്കുള്ള ഓഹരി ഞാന്‍ വിട്ടുകൊടുക്കില്ല. അപ്പോള്‍ ആ കുട്ടിക്ക് പാത്രം കൈമാറുകയാണ് അദ്ദേഹം ചെയ്തത്. നമ്മുടെ പെരുമാറ്റത്തിലൂടെ കാണിച്ച് കൊടുത്തതിന് ശേഷം പിന്നെ സംസാരം കൊണ്ട് അതിന് ശക്തിപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു രീതിയാണ് സന്താന പരിപാലനത്തില്‍ നാം പിന്തുടരേണ്ടത്.

വിവ : നസീഫ്

Related Articles