Current Date

Search
Close this search box.
Search
Close this search box.

മുലയൂട്ടലിന്റെ ഗുണം കുഞ്ഞിന് മാത്രമല്ല

feeding.jpg

ഗര്‍ഭധാരണത്തെയും മുലയൂട്ടലിനെയും മക്കളോട് ചെയ്യുന്ന നന്മയായിട്ടാണ് വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ‘മാതാപിതാക്കളോട് കൂറും സ്‌നേഹവും ഉള്ളവനാകണമെന്ന് മനുഷ്യനെ നാം ഊന്നി ഉപദേശിച്ചിട്ടുണ്ട്. മാതാവ് അവശതക്കുമേല്‍ അവശത സഹിച്ചുകൊണ്ടാണ് അവനെ ഗര്‍ഭംചുമന്നത്. രണ്ടുവര്‍ഷം അവന് മുലയൂട്ടുന്നതില്‍ കഴിഞ്ഞു. (അതുകൊണ്ട് നാം അവനെ ഉപദേശിച്ചു:) എന്നോട് നന്ദിയുള്ളവനായിരിക്കുക; നിന്റെ മാതാപിതാക്കളോടും. നിനക്ക് എന്നിലേക്കുതന്നെ മടങ്ങേണ്ടതുണ്ട്.’ (ലുഖ്മാന്‍: 14) മറ്റൊരിടത്ത് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. ‘അവന്റെ ഗര്‍ഭകാലവും മുലകുടിയും മുപ്പതുമാസങ്ങളായി ‘ (അഹ്ഖാഫ്-15) സ്വാഭാവിക മുലകുടി വളരെ പെട്ടെന്നും എളുപ്പത്തിലും നിര്‍വഹിക്കാവുന്നതാണ്. അതിനായി പ്രത്യേക ചെലവില്ല. പാല്‍ കൊടുത്ത ശേഷം  അണുവിമുക്തമാക്കാനായി ചൂടാക്കുകയോ തണുപ്പിക്കുകയോ ചെയ്യേണ്ടതില്ല. ദീര്‍ഘകാലത്തെ മുലയൂട്ടല്‍ കാരണം അണുബാധയുണ്ടാവുകയുമില്ല. കുട്ടിക്ക് സംതൃപ്തിയാകുന്നത് വരെ മുലയൂട്ടാം അത് കുഞ്ഞിനായി അല്ലാഹു ഒളിപ്പിച്ച് വെച്ച ഭക്ഷണമാണത്. അത് കൊണ്ട് ഉമ്മാക്കും കുഞ്ഞിനും ഒരു പോലെ നന്മയുണ്ട്. മുലയൂട്ടുന്നതിലൂടെ കുഞ്ഞിന്റൈ ബൗദ്ധിക ശേഷി ഉയരും, അസ്ഥികള്‍ ശക്തമാകും, പൊണ്ണത്തടി കുറയും, ആസ്തമപോലുള്ള ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കും ഇതു പോലെ മറ്റനേകം രോഗങ്ങളെ പ്രതിരോധിക്കാന്‍ മുലപ്പാലിനാകും എന്ന് വൈദ്യശാസ്ത്രം തെളിയിച്ചതാണ്. മുലയൂട്ടുന്നത് കൊണ്ട് മാതാവിനും ഒരു പാട് ഗുണങ്ങളുണ്ട്. മുലപ്പാല്‍ ഉല്‍പാദനത്തെ സഹായിക്കുന്ന ഓക്‌സിടോസിന്‍ ഹോര്‍മോണിന്റെ ഉല്‍പാദനം മൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ കുറക്കാന്‍ മുലയൂട്ടല്‍ സഹായിക്കും, ഗര്‍ഭധാരണത്തിന് ശേഷം വികസിച്ച് വന്നിരുന്ന ഗര്‍ഭപാത്രം ചുരുങ്ങി പഴയ അവസ്ഥയിലാകുന്ന പ്രക്രിയയുടെ വേഗം കൂട്ടും, പ്രസവാനന്തരമുണ്ടാകുന്ന വിഷാദ രോഗങ്ങളില്‍നിന്ന് സംരക്ഷണം നല്‍കുന്നത് പോലെതന്നെ ചില സ്ത്രീകള്‍ക്ക് പ്രസാവനന്തരമുണ്ടാകുന്ന ഗര്‍ഭാശയ രക്തസ്രാവത്തെ പ്രതിരോധിക്കാനും മുലയൂട്ടുന്നത് നല്ലതാണ്. എന്നാല്‍ ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം മുലയൂട്ടുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് ഹൃദ്‌രോഗത്തെ പ്രധിരോധിക്കുന്ന നല്ല കൊളസ്‌ട്രോള്‍ ഉണ്ടാകാനും ഇത് കാരണമാകുന്നു.

കുറഞ്ഞ കാലയളവില്‍ മാത്രമെങ്കിലുമുളള മുലയൂട്ടല്‍ ബ്രസ്റ്റ് ക്യാന്‍സറിനെയും ഗര്‍ഭാശയ ക്യാന്‍സറിന്റെയും സാധ്യത കുറക്കും. എല്ലുകള്‍ ശക്തിപ്പെടുത്തി തേയ്മാനത്തെയും പ്രതിരോധിക്കും. (അല്‍ഖലീജ് മാഗസിന്‍) ചില മാതാക്കള്‍ക്ക് രോഗം കാരണമോ പാലില്ലാത്തത് കൊണ്ടോ മുലയൂട്ടാന്‍ കഴിയാറില്ല. അങ്ങനെയുള്ളവര്‍ ചികില്‍സിക്കേണ്ടതാണ്. എന്നാല്‍ ചിലര്‍ സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും കോട്ടം തട്ടുമെന്ന് ഭയന്ന് മുലയൂട്ടുന്നതിന് വിസമ്മതിക്കാറുണ്ട്. പക്ഷെ അത് സ്ത്രീയുടെ അന്തസിന് യോജിച്ചതല്ല. കുട്ടികളുടെ കൂടെ മാതാവ് ഉണ്ടാകണമെന്നതിനാലാണ് അവളെ പുറം ജോലിക്ക് പോകുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്. ഒരു മാതാവിന്റെ സമൂഹത്തോടുള്ള ഏറ്റവും പ്രധാനപെട്ട ഉത്തരവാദിത്തം അല്ലാഹുവിന്റെ അടിമകളും ഭൂമിയെ നിര്‍മാണാത്മകമായി നിലനിര്‍ത്തേണ്ടവരുമായ സമൂഹത്തിലെ അംഗങ്ങളായ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ പോഷിപ്പിക്കുന്ന നല്ല മാതാവായിരിക്കുക എന്നതാണ്. ബാക്കി അവള്‍ ചെയ്യുന്ന മറ്റുകാര്യങ്ങളെല്ലാം അവള്‍ ഐച്ഛികമായി നിര്‍വഹിക്കേണ്ട കാര്യങ്ങളാണ്. സ്ത്രീയെ സംബന്ധിച്ചേടത്തോളം അവള്‍ നിര്‍വഹിക്കുന്ന സാമൂഹിക ബാധ്യതയാണ് സന്താനപരിപാലനം. അവള്‍ക്കും കുഞ്ഞിനുമായുള്ള ചെലവുകള്‍ അവള്‍ കണ്ടെത്തേണ്ടതില്ല. ചെലവിന് കൊടുക്കേണ്ട രക്ഷിതാവില്ലാത്ത സന്ദര്‍ഭത്തില്‍ അവളുടെയും കുഞ്ഞിന്റെയും ആവശ്യങ്ങള്‍ നിര്‍വഹിച്ച് കൊടുക്കാന്‍ സമൂഹം ബാധ്യസ്ഥരാണ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സമൂഹത്തിന്റെ പിന്തുണയോട് കൂടി നിര്‍വഹിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ് കുട്ടിയുടെ ശിക്ഷണം.
 
സ്ത്രീയുടെയും പുരുഷന്റെയും യഥാര്‍ത്ഥ ഉത്തരവാദിത്തെ സംബന്ധിച്ചുള്ള ഒരു പുനരാലോചനയാണ് നമ്മളുദ്ദേശിക്കുന്നത്. ഉമ്മയാകേണ്ട സ്ത്രീക്ക് നല്ല ശിക്ഷണം ലഭിക്കേണ്ടത് പോലെതന്നെ ശാരീരികവും ആത്മീയവും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പരിഗണയും ലഭിക്കണം. തന്റെ കുഞ്ഞില്‍ നിന്ന് അധികം ദൂരെപ്പോകേണ്ടതില്ലാത്ത ജോലിയും അവള്‍ക്ക് ലഭിക്കണം. അനിവാര്യ കാര്യങ്ങളാല്‍ ജോലിയെടുക്കാന്‍ നിര്‍ബന്ധിതയാണെങ്കില്‍ തന്റെ കുഞ്ഞിന് വിശ്വസ്തമായ രീതിയില്‍ ശക്ഷണം ലഭിക്കുന്ന ഇടങ്ങള്‍ കണ്ടെത്തണം. കുഞ്ഞിന് ധാരാളം അവകാശങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഗര്‍ഭാശത്തില്‍ വെച്ചും പിന്നീട് ജനിച്ചശേഷവും പിന്നീട് മുലയൂട്ടുന്ന കാലയളവിലും കുഞ്ഞിന് മാതാപിതാക്കളില്‍ നിന്ന് നല്ല പെരുമാറ്റവും നല്ല ശിക്ഷണവും കിട്ടേണ്ടതുണ്ട്. കുഞ്ഞ് വളരുന്നതിനനുസരിച്ച് മാതാപിതാക്കളും കുഞ്ഞിന്റെ വളര്‍ച്ചക്കനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കണം. ഇതിന്റെയെല്ലാം ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കുണ്ട് പ്രത്യേകിച്ച് ഉമ്മാക്കുണ്ട്. കുഞ്ഞിന്റെ സംരക്ഷണത്തിനായി മാതാപിതാക്കള്‍ക്ക് ചില കടമകളുണ്ട്. കുഞ്ഞിന്റെ ക്ഷേമത്തിനായി ഉറക്കമൊഴിക്കേണ്ടിവരും, ആരോഗ്യത്തിന്റെയും വൃത്തിയുടെയും കാര്യത്തില്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം, ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളിലെല്ലാം ക്ഷമയോടെ നിലകൊള്ളേണ്ടി വരും. ഇതില്‍ നമുക്ക് പ്രവാചകന്‍(സ)യുടെ മാതൃകയുണ്ട്. ഉമ്മുഖൈസ്(റ) പറയുന്നു. ഭക്ഷണം കഴിക്കാത്ത ഒരാണ്‍ കുഞ്ഞിനെ അവര്‍ നബിയുടെ സന്നിധിയില്‍ കൊണ്ട് വന്നു. ആ ശിശു നബിയുടെ മടിയില്‍ മൂത്രമൊഴിച്ചു. തദവസരത്തില്‍ റസൂല്‍(സ) അല്‍പം വെള്ളം കൊണ്ട് വരാന്‍ കല്‍പിക്കുകയും എന്നിട്ടത് തന്റെ വസ്ത്രത്തില്‍ കുടയുകയും ചെയ്തു അത് കഴുകുകയുണ്ടായില്ല (ബുഖാരി).

പരിചരണവും സംരക്ഷണവും
അബൂ ഖതാദ പ്രവാചകന്‍(സ)യില്‍ നിന്ന് നിവേദനം പ്രവാചകന്‍ തന്റെ മകള്‍ സൈനബിന്റെ മകളായ ഉമാമയെ എടുത്തുകൊണ്ട് നമസ്‌കരിക്കാറുണ്ടായിരുന്നു. നില്‍ക്കുമ്പോള്‍ പ്രവാചകന്‍ അവളെ എടുക്കും സുജൂദില്‍ പോകുമ്പോള്‍ അരികില്‍ വെക്കും. മുസ്‌ലിം ഉദ്ധരിക്കുന്ന ഹദീസില്‍ പ്രവാചകന്‍ ചുമലില്‍ എടുക്കുമായിരുന്നു എന്ന് കാണാം. ഈ ഹദീസുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ ഉമ്മമാരുടെ അവസ്ഥയെന്താണ്. ജുമുഅ, തറാവീഹ് നമസ്‌കാരങ്ങള്‍ക്കിടയില്‍ അവര്‍ നമസ്‌കരിച്ചു കൊണ്ടിരിക്കുമ്പോള്‍ കുട്ടികള്‍ നെഞ്ഞു പൊട്ടികരയുന്നുണ്ടാകും. അത് ആകുഞ്ഞിന്റെ അവകാശം നഷ്ടപ്പെട്ടത് കൊണ്ടുള്ള അസ്വസ്ഥകൊണ്ടാണ്. നമസ്‌കരിക്കുന്ന മറ്റുള്ള വര്‍ക്കും അത് പലപ്പോഴും ഒരു പ്രശ്‌നമായി ത്തീരാറുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ സ്ത്രീകള്‍ സൂക്ഷമത പുലര്‍ത്തണം. അല്ലാഹുവോട് പിശാചില്‍ നിന്ന് ശരണം തേടണം. മറിയമിന്റെ ഉമ്മയുടെ പ്രാര്‍ത്ഥന വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിക്കുന്നത് പോലെ  ‘അവളെയും അവളുടെ ഭാവി സന്തതികളെയും അഭിശപ്തനായ പിശാച് ബാധിക്കുന്നതില്‍നിന്നു ഞാന്‍ നിന്നില്‍ അഭയം തേടുന്നു.’ (ആലുഇംറാന്‍: 36) അല്ലാഹു അവരുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുകയുമുണ്ടായി. ഹസനും ഹുസൈനും വേണ്ടി പ്രവാചകന്‍ അഭയം തേടിയിരുന്നു. എന്നിട്ടദ്ദേഹം പറഞ്ഞിരുന്നു നിങ്ങളുടെ പിതാവ് (ഇബ്‌റാഹീം നബി) ഇസ്മാഈലിനും ഇസ്ഹാഖിനും വേണ്ടി അല്ലാഹുവോട് ഇങ്ങനെ ശരണം തേടിയിരുന്നു: ‘സര്‍വ്വ പിശാചുക്കളില്‍ നിന്നും, വിഷജീവികളില്‍ നിന്നും എല്ലാ ദുഷ്ടകണ്ണുകളില്‍ നിന്നും അല്ലാഹുവിന്റെ പരിപൂര്‍ണ്ണമായ വചനങ്ങളുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് അഭയം തേടുന്നു.’ (ബുഖാരി).

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles