Current Date

Search
Close this search box.
Search
Close this search box.

മാതൃത്വവും പിതൃത്വവും

baby.jpg

കുടുംബം തുടങ്ങുന്നത് ദമ്പതികളില്‍ നിന്നാണ്. അവരെ പരസ്പരം ചേര്‍ത്ത് നിര്‍ത്തുന്ന വിശുദ്ധമായ ബന്ധമാണ് വിവാഹമെന്നുള്ളത്. പ്രസ്തുത അടിസ്ഥാനത്തില്‍ നിന്നാണ് പരസ്പര ബാധ്യതകളും ഉത്തരവാദിത്വങ്ങളും രൂപപ്പെടുന്നത്. ദമ്പതികളില്‍ അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെയും മറ്റുചിലര്‍ക്ക് ആണ്‍കുട്ടികളെയും നല്‍കുന്നു. അപ്പോള്‍ മാതൃത്വവും പിതൃത്വവുമെല്ലാം ഒരു നിയോഗമാണ്.

കുടുംബം എന്നത് ചെറിയ ഒന്നില്‍ നിന്ന് വികസിച്ച് വരുന്നതാണ്. കുടുംബത്തിന്റെയും വിവാഹത്തിന്റെയും അടിസ്ഥാന ലക്ഷ്യമാണ് കുട്ടികളെന്നത്. അല്ലാഹു പറയുന്നു : ‘അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവര്‍ അസത്യത്തില്‍ വിശ്വസിക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്? (അന്നഹ്ല്‍ : 72)

അവകാശങ്ങളും ബാധ്യതകളും
സന്താനങ്ങള്‍ ഉണ്ടാകുന്നതോടെയാണ് കുടുംബത്തില്‍ മാതൃത്വവും പിതൃത്വവും ഉണ്ടാകുന്നത്. വിശാലമായ അര്‍ഥമുള്ള രണ്ട് പദങ്ങളാണവ. സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും അനുകമ്പയുടെയും ഉറവകളാണവ. മാതാപിതാക്കളുടെ അവകാശങ്ങളില്‍ പ്രധാനമായത് മക്കളില്‍ നിന്ന് കിട്ടാനുള്ള നന്മയും പുണ്യവുമാണ്. എല്ലാ മതങ്ങളും ഉദ്‌ഘോഷിച്ചിട്ടുള്ള ഒന്നാണത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നതിന് ഇസ്‌ലാം വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ‘തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവര്‍ രണ്ട് പേരും
തന്നെയോ നിന്റെ അടുക്കല്‍ വെച്ച് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് നീ അവര്‍ ഇരുവര്‍ക്കും താഴ്ത്തികൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റിവളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക. (അല്‍-ഇസ്‌റാഅ് : 23,24)

മാതാപിതാക്കളുടെ കാര്യത്തില്‍ ഇസ്‌ലാം പ്രത്യേകം ഉപദേശിച്ചിട്ടുണ്ടെങ്കിലും, പിതാവിനേക്കാള്‍ കൂടുതല്‍ പ്രയാസങ്ങള്‍ സഹിക്കുന്ന മാതാവിന് കൂടുതല്‍ പരിഗണന നല്‍കാന്‍ സൂചിപ്പിച്ചിട്ടുണ്ട്. മാതാവിനോടുള്ള കടപ്പാടിനെ കുറിച്ച് മൂന്ന് തവണ നബി(സ) ആവര്‍ത്തിച്ച് പറഞ്ഞതില്‍ നിന്നും അതാണ് മനസിലാകുന്നത്. എന്നാല്‍ മാതൃത്വത്തോടും പിതൃത്വത്തോടുമുള്ള ബാധ്യത മക്കളില്‍ മാത്രം പരിമിതപ്പെടുന്നതല്ല. ഒരു സ്ത്രീ പ്രസവിക്കുന്നത് മുതല്‍ സമൂഹം അവളുടെ മാതൃത്വത്തെ പരിഗണിക്കുകയും പരിചരിക്കുകയും വേണം. അവള്‍ ഒരു ഉദ്യോഗസ്ഥയാണെങ്കില്‍ അവളുടെ ജോലി ഭാരം കുറച്ച് കൊടുക്കണം. പ്രസവത്തിനും മുലയൂട്ടുന്നതിനും അവള്‍ക്ക് അവധി നല്‍കണം. സമൂഹത്തില്‍ സുപ്രധാനമായ ഒരു ദൗത്യമാണ് അവള്‍ നിര്‍വഹിക്കുന്നതെന്ന പരിഗണനയില്‍ അവളുടെ വേതനത്തില്‍ ഒരു കുറവും വരുത്താതെയാണത് ചെയ്യേണ്ടത്.

സാമ്പത്തിക ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം നേടിയ പ്രൊഫസര്‍ ഗാറി ബെക്കര്‍ പറയുന്നു: ‘സ്ത്രീകള്‍ വീട്ടിലിരുന്ന് നല്ല രീതിയില്‍ സന്താനങ്ങളെ വളര്‍ത്തുകയാണെങ്കില്‍ സമൂഹത്തിന്റെ സാമ്പത്തികാവസ്ഥയില്‍ അത് 25 മുതല്‍ 50 ശതമാനം വളര്‍ച്ചയുണ്ടാക്കും.’ ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന സ്ത്രീകള്‍ ദേശീയ വളര്‍ച്ചാ നിരക്കിന് ഭാരമാണെന്ന് കരുതുന്നവര്‍ ഇക്കാര്യം മനസിലാക്കുന്നില്ല.

മതങ്ങളെല്ലാം തന്നെ മാതൃത്വത്തിന് വലിയ പ്രാധാന്യം നല്‍കിയിരിക്കെ തന്നെ മാതൃത്വത്തെ രണ്ട് സ്ത്രീകള്‍ക്കിടയില്‍ വിഭജിക്കപ്പെടുമ്പോള്‍ ഉയരുന്ന ചോദ്യമുണ്ട്. വാടക ഗര്‍ഭപാത്രങ്ങള്‍ കിട്ടാനുള്ള ഇക്കാലത്ത് മാതൃത്വത്തിന്റെ അര്‍ഥവും മാറി പോയിരിക്കുന്നു. അണ്ഡം നല്‍കുന്ന സ്ത്രീയാണ് കുട്ടിയുടെ പാരമ്പര്യം നിര്‍ണയിക്കുന്നതെങ്കിലും, പ്രയാസങ്ങള്‍ സഹിക്കുന്ന ഗര്‍ഭപാത്രത്തിനുടമായ സ്ത്രീക്ക് ഏറെ പ്രസക്തിയുണ്ട്. ഗര്‍ഭം ചുമക്കുന്നതും പ്രസവിക്കുന്നതും അവളാണ്. ഗര്‍ഭകാലത്ത് അവളുടെ രക്തത്തില്‍ നിന്നാണ് കുട്ടിക്ക് പോഷണം ലഭിക്കുന്നതും. ഈ പ്രയാസങ്ങളെല്ലാം സഹിക്കുന്ന അവളാണ് മാതൃത്വമെന്ന് ആശയത്തെ പൂര്‍ത്തിയാക്കുന്നത്. അത് കൊണ്ടു തന്നെ അവള്‍ നന്മചെയ്യപ്പെടാന്‍ അര്‍ഹയുമാണ്.

മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അനാഥരാകുന്നവര്‍
ഒരു കുട്ടിക്ക് തന്റെ പിതാവാരെന്ന് ചൂണ്ടി കാണിക്കാന്‍ കഴിയാതിരിക്കുകയും സംരക്ഷണം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ വലിയ കുറ്റകൃത്യവും പാപവുമാണ്. നിയമവിരുദ്ധമായ ബന്ധത്തിലൂടെ ഗര്‍ഭിണികളാകുന്നവര്‍ക്കുണ്ടാകുന്ന മക്കളെ സമൂഹത്തില്‍ നമുക്കിന്ന് കാണാം. ആധുനിക നാഗരികതയുടെ ഭാഗമായ അഴിഞ്ഞാട്ട സംസ്‌കാരത്തിന്റെ ഫലമായി അവിവാഹിതരായ അമ്മമാര്‍ സമൂഹത്തിലുണ്ട്. വ്യഭിചാരവും അവിഹിത ഗര്‍ഭങ്ങളുമെല്ലാം യാഥാര്‍ഥ പിതാക്കളെ നിഷേധിക്കപ്പെടുന്ന കുട്ടികളുണ്ടാകുന്നതിന് കാരണമാകുന്നു. അതിലേറെ മോശപ്പെട്ട അവസ്ഥയാണ് ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുടേത്. മാതാപിതാക്കളുടെ കടിഞ്ഞാണില്ലാത്ത വികാരത്തിന്റെ പേരില്‍ യാതന അനുഭവിക്കുന്നവരാണവര്‍. മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥരായി കഴിയുന്നതിനേക്കാള്‍ കുട്ടികള്‍ മാതാപിതാക്കള്‍ ജീവിച്ചിരിക്കെ തന്നെ അവര്‍ ആരെന്ന് അറിയാതെ കഴിയുന്നവര്‍.

ശരിയായ സന്താന പരിപാലനം
ഏറെ പരിശ്രമം ആവശ്യമുള്ള ഒന്നാണ് സന്താനപരിപാലനം. മറ്റു ജീവികളുമായി താരതമ്യം ചെയ്യുമ്പോള്‍ മനുഷ്യന്റെ ശൈശവം ഏറ്റവും ദീര്‍ഘിച്ചതും പ്രയാസകരവുമാണ്. പക്ഷികളിലും ജീവികളിലും ജനിക്കുന്നതോടെ തന്നെ കുട്ടിക്ക് സ്വന്തമായി ചലിക്കാന്‍ നീങ്ങാനും കഴിയുന്നു. എന്നാല്‍ മനുഷ്യന് കൂടുതല്‍ പരിശീലനവും ശ്രദ്ധയും പരിചരണവും ആവശ്യമുണ്ടെന്ന് അല്ലാഹു പഠിപ്പിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. അവന് ജന്മം നല്‍കിയ മാതാപിതാക്കളുടെ ബാധ്യതയാണത്. ഒന്നും ഇല്ലാത്ത അന്ധകാരത്തില്‍ നിന്ന് ലോകത്തിന്റെ പ്രകാശത്തിലേക്ക് വന്നവനാണ് അവന്‍. ഭൗതികമായ തലത്തില്‍ അവനെ പരിപാലിക്കുന്നതോടൊപ്പം തന്നെ ആത്മീയവും സാംസ്‌കാരികവുമായിട്ടും വളര്‍ത്തണം. മാതാപിതാക്കളുടെ പ്രഥമ ബാധ്യത മുലയൂട്ടലാണ്. മുലൂയൂട്ടിയാല്‍ നിങ്ങളുടെ സൗന്ദര്യം നഷ്ടപ്പെടുമെന്നാണ് ആധുനിക നാഗരികത സ്ത്രീകളോട് പറഞ്ഞ് കൊണ്ടിരിക്കുന്നത്. കൃത്രിമമായ പാല്‍ നല്‍കാന്‍ അവരെയത് പ്രേരിപ്പിക്കുന്നു. പാല്‍ കുട്ടിയുടെ ആമാശയത്തിലെത്തുക എന്നത് മാത്രമല്ല യഥാര്‍ഥത്തില്‍ മുലയൂട്ടലിലൂടെ നടക്കുന്നത്. അതിലുപരിയായി ഉമ്മയുടെ മാറിടത്തോട് ചേര്‍ന്ന് കിടന്ന് അവരുടെ വാത്സല്ല്യം പകര്‍ന്ന് നല്‍കുകയാണ് ചെയ്യുന്നത്. ഉമ്മയുടെ മാറിടത്തില്‍ നിന്ന് ഭൗതികമായ പോഷണം വലിച്ചു കുടിക്കുന്നതോടൊപ്പം കുട്ടി മാതാവിന്റെ ഹൃദയത്തിന്റെ ചൂടും വൈകാരികമായ പോഷണവും അനുഭവിക്കുന്നു. ഉമ്മയുടെ മുലപ്പാലിന് മറ്റൊരു കൃത്രിമ ആഹാരവും പകരമാവുകയില്ലെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

അനാഥയെ സംരക്ഷിക്കുന്നതിന് ഇസ്‌ലാം വലിയ പ്രാധാന്യമാണ് നല്‍കിട്ടുള്ളത്.  ദൈവസാമീപ്യം കിട്ടുന്നതിനുള്ള മാര്‍ഗ്ഗമാണത്. അനാഥയുമായി ബന്ധപ്പെട്ട് രണ്ട് കാര്യങ്ങളാണ് ഇസ്‌ലാം സമൂഹത്തോട് ആവശ്യപ്പെടുന്നത്. അതില്‍ ഒന്നാമത്തേത് അവന് സമ്പത്തുണ്ടെങ്കില്‍ അത് സംരക്ഷിക്കുകയെന്നതാണ്. അല്ലാഹു പറയുന്നു : ‘ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെയല്ലാതെ നിങ്ങള്‍ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ നിങ്ങള്‍ നീതിപൂര്‍വ്വം അളവും തൂക്കവും തികച്ചുകൊടുക്കണം.’ (അന്‍ആം: 152) രണ്ടാമത്തെ കല്‍പ്പന അവന്റെ വ്യക്തിത്വത്തെ സംരക്ഷിക്കാനുള്ളതാണ്. അവനെ ആട്ടിയകറ്റുകയോ നിന്ദിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുത്. അല്ലാഹു പറയുന്നു : ‘അനാഥയെ നീ അടിച്ചമര്‍ത്തരുത്’ മാതാപിതാക്കള്‍ ജീവിച്ചിരിക്കെ തന്നെ അവരുടെ ശ്രദ്ധ കിട്ടാത്ത അനാഥകളുടെ അവസ്ഥയാണ് ഏറ്റവും മോശം. അവരാണ് യഥാര്‍ഥ അനാഥകളെന്ന് പ്രമുഖ അറബി കവി അഹ്മദ് ശൗഖി പറയുന്നുണ്ട്. മാതാപിതാക്കള്‍ മരണപ്പെട്ടു പോയവരല്ല അനാഥര്‍, മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അവര്‍ തിരക്കുകളില്‍ പെട്ട് അവരുടെ ശ്രദ്ധ കിട്ടാത്ത മക്കളാണ് യഥാര്‍ഥ അനാഥര്‍ എന്നാണ് ശൗഖി വ്യക്തമാക്കുന്നു.

മക്കള്‍ക്ക് നല്ല പരിചരണവും പൂര്‍ണമായ പരിപാലനവും നല്‍കാന്‍ മാതാപിതാക്കള്‍ പരസ്പരം സഹകരിക്കുകയെന്നത് മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും പൂര്‍ണ്ണതയുടെ ഭാഗമാണ്. വിശ്വാസത്തിലും ദൈവികാരാധനയിലും ആത്മീയമായി അവരെ വളര്‍ത്തണം. നല്ല സംസ്‌കാരവും ശ്രേഷ്ഠ ഗുണങ്ങളും അവനില്‍ വളര്‍ത്തിയെടുക്കണം. ശാരീരികമായ പരിചരണവും വൃത്തിയും അവനെ പരിശീലിപ്പിക്കണം. സാമൂഹിക സേവനത്തിലും അവന് പരിശീലനം നല്‍കേണ്ടതുണ്ട്. ആദര്‍ശത്തോടും സമൂഹത്തോടും കൂറുള്ളവനായി അവന്‍ മാറണം. പ്രപഞ്ചത്തില്‍ അവന് ചുറ്റിലുമുള്ള സൗന്ദര്യ ബോധം അവനില്‍ നട്ടുപിടിപ്പിക്കണം. ഇത്തരത്തില്‍ സന്താനങ്ങളെ വളര്‍ത്തല്‍ വളരെ പ്രധാന്യമുള്ളതാണ്. പ്രവാചകന്‍  (സ) ഒരിക്കല്‍ പറഞ്ഞു: ‘നിങ്ങള്‍ ഓരോരുത്തരും ഇടയന്‍മാരാണ്. കീഴിലുള്ളവരുടെ കാര്യത്തില്‍ നിങ്ങളോരുത്തരും ചോദ്യംചെയ്യപ്പെടുന്നവരുമാണ്.’ മക്കളുടെ ഭൗതികമായ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നതിലൂടെ ഒരിക്കലും മാതാപിതാക്കളുടെ ബാധ്യത പൂര്‍ത്തിയാവുന്നില്ല.

മാതൃത്വത്തിന്റെയും പിതൃത്വത്തിന്റെയും പൂര്‍ണ്ണതയുടെ ഭാഗമാണ് അവര്‍ പരസ്പരം മനസിലാക്കി സന്താനപരിപാലനത്തിന് ഒരു മാര്‍ഗരേഖ സ്വീകരിക്കുകയെന്നത്. പിതാവ് പാരുഷ്യത്തിന്റെയും കാര്‍ക്കശ്യത്തിന്റെയും നിലപാടെടുക്കുകയും അതേസമയം മാതാവ് ലാളനയുടെയും വിട്ടുവീഴ്ചയുടെയും രീതി സ്വീകരിക്കുകയെന്നതും അനുയോജ്യമല്ല. അവക്ക് രണ്ടിനും മധ്യേയുള്ള മധ്യമമായ ഒരു രീതിയാണ് അവര്‍ രണ്ട് പേരും സ്വീകരിക്കേണ്ടത്. കുട്ടികളോട് അങ്ങേയറ്റത്തെ കാര്‍ക്കശ്യവും പാരുഷ്യവും കാണിക്കരുത്. അതുപോലെ അതിര് കവിഞ്ഞ ലാളനയും കുട്ടികളോട് കാണിക്കരുത്. നബി(സ) പേരമക്കളെ ചുംബിക്കുന്നത് കണ്ട ചില അപരിഷ്‌കൃതനായ ഒരു അറബി അതില്‍ അത്ഭുതം പ്രകടിപ്പിച്ചു പറഞ്ഞു: എനിക്ക് പത്ത് മക്കളുണ്ട്, അവരില്‍ ഒരാളെ പോലും ഞാന്‍ ചുംബിച്ചിട്ടില്ല, ‘കാരുണ്യം കാണിക്കാത്തവര്‍ കാരുണ്യത്തിന് അര്‍ഹയാവുകയില്ല’ എന്നായിരുന്നു അയാള്‍ക്ക് നബി(സ) നല്‍കിയ മറുപടി.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles