Current Date

Search
Close this search box.
Search
Close this search box.

മക്കള്‍ക്ക് മേല്‍ സ്‌നേഹം ചൊരിയുക, അല്ലെങ്കില്‍….!

mobile-girls.jpg

രാത്രി പത്ത് മണിക്ക് ശേഷം ഫോണ്‍ ബെല്ലടിക്കുന്നു. സാധാരണയായി രാത്രി എട്ടു മണിക്ക് ശേഷം ഞാന്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യാറില്ല. എന്നാല്‍ നിരന്തരം ബെല്ലടിച്ചത് കൊണ്ട് ഞാന്‍ എടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. ‘അസ്സലാമു അലൈകും, ഡോക്ടര്‍’ മറുതലക്കല്‍ അസ്വസ്ഥതയും കിതപ്പും കലര്‍ന്ന സ്ത്രീ ശബ്ദമാണ്.
ഞാന്‍: വഅലൈകുമുസ്സലാം
സ്ത്രീ: ഇത്ര വൈകി വിളിച്ചതിന് ക്ഷമ ചോദിക്കുന്നു, ഞാന്‍ വലിയൊരു പ്രയാസത്തിലാണ്.
ഞാന്‍: അല്ലാഹുവില്‍ അഭയം തേടൂ… നല്ലത് വരും
സ്ത്രീ: എന്റെ മകള്‍….. (കരച്ചില്‍ കൊണ്ട് പറയുന്നത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല)
ഞാന്‍: ശാന്തയായി പറയൂ… എന്താണ് അവളുടെ പ്രശ്‌നം?
സ്ത്രീ: 13 വയസ്സുകാരിയായ അവള്‍ പഠനത്തില്‍ മിടുക്കിയാണ്. ഖുര്‍ആന്‍ മനപാഠ ക്ലാസ്സുകളില്‍ പങ്കെടുക്കാറുള്ള അവള്‍ ചിത്രകലയെ സ്‌നേഹിക്കുന്ന കലാകാരി കൂടിയാണ്. ഞാന്‍ അവളുടെ മുറിയില്‍ കടന്നു ചെന്നപ്പോള്‍ അവള്‍ പരുങ്ങുന്നതും ഫോണ്‍ എന്നില്‍ നിന്നും മറച്ചു വെക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു. സംശയം തോന്നിയ ഞാന്‍ ഫോണ്‍ തരാന്‍ ആവശ്യപ്പെട്ടു. അവസാനം ബലംപ്രയോഗിച്ച് ഞാനത് പിടിച്ചെടുത്തപ്പോള്‍ ഞെട്ടിത്തരിച്ചു പോയി. അശ്ലീല ചിത്രങ്ങളും യുവാക്കളുമായുള്ള ചാറ്റുകളുമാണ് ഞാനതില്‍ കണ്ടത്. അവരില്‍ ഒരാളുമായി അവള്‍ പ്രണയത്തിലാണെന്ന് വ്യക്തമാക്കുന്ന വാക്കുകളായിരുന്നു അതില്‍. ഒരു ഭ്രാന്തിയെ പോലെ ഞാന്‍ സ്വന്തത്തോട് ചോദിച്ചു ‘എന്ത് കുറവാണ് ഞാനവള്‍ക്ക് വരുത്തിയിട്ടുള്ളത്?’ അവളുടെ പ്രായത്തിലുള്ള ഒരു പെണ്‍കുട്ടി സ്വപ്‌നം കാണുന്നതെല്ലാം, കാറും അതിന് പ്രത്യേക ഡ്രൈവറെ വരെ അവള്‍ക്ക് വേണ്ടി ഒരുക്കികൊടുത്തിട്ടുണ്ട്. ഖുര്‍ആന്‍ സദസ്സുകളില്‍ അവളെ പങ്കെടുപ്പിക്കുന്നതില്‍ ഒതുക്കാതെ വീട്ടില്‍ വന്ന് അവളെ ഖുര്‍ആന്‍ പഠിപ്പിക്കാന്‍ അധ്യാപികയെയും എര്‍പ്പെടുത്തി.
അവരുടെ സംസാരം തടസ്സപ്പെടുത്തി കൊണ്ട് ഞാന്‍ ചോദിച്ചു: ഉപ്പയുമായുള്ള അവളുടെ ബന്ധം എങ്ങനെയാണ്?
സ്ത്രീ: അവളുടെ ഉപ്പ (വിതുമ്പിക്കൊണ്ട്) ഒരു ബിസിനസുകാരനാണ്. കുവൈത്തില്‍ അദ്ദേഹത്തിന് കമ്പനികള്‍ ഉണ്ട്. അതിന് പുറമെ വിദേശത്ത് മൂന്നോ നാലോ കമ്പനികളില്‍ ഷെയറുമുണ്ട്. കുവൈത്തിലാണെങ്കില്‍ രാത്രി പന്ത്രണ്ട് മണിക്ക് മുമ്പ് മടങ്ങിയെത്താറില്ല. കുവൈത്തിലും പുറത്തുമുള്ള കമ്പനിക്കാര്യങ്ങള്‍ക്കായി അദ്ദേഹത്തിന്റെ സമയം വീതംവെച്ചിരിക്കുകയാണ്. ദാനയുമായി (മകള്‍) അദ്ദേഹത്തിന് നല്ല ബന്ധമില്ലെന്നത് വളരെ ദുഖകരമാണ്. പരുഷമായ പെരുമാറ്റമാണ് പലപ്പോഴും അവള്‍ക്ക് നേരെയുണ്ടാവാറുള്ളത്. അപൂര്‍വമായി മാത്രമേ അവര്‍ തമ്മില്‍ കാണാറുള്ളൂ. ചില ആഴ്ച്ചകളില്‍ അവര്‍ തമ്മില്‍ കാണാറേ ഇല്ല.
ഞാന്‍: എന്തുകൊണ്ട്?
സ്ത്രീ: ഏതൊരു പിതാവിനെയും പോലെ മകളുടെ നന്മ അതിയായി ആഗ്രഹിക്കുന്ന വ്യക്തിയാണ് അദ്ദേഹം. എപ്പോഴും അവളുടെ ഖുര്‍ആന്‍ മനപാഠത്തെയും നമസ്‌കാരത്തെയും കുറിച്ചദ്ദേഹം ചോദിക്കും. ഉപ്പയെ പേടിച്ച് പലപ്പോഴും അവള്‍ കളവു പറയുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. മക്കളെ അതിയായി സ്‌നേഹിക്കുന്ന അദ്ദേഹം അവര്‍ക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. ഏറ്റവും ഉയര്‍ന്ന ജീവിത സൗകര്യങ്ങള്‍ അവര്‍ക്കായി അദ്ദേഹം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ അവരോടൊപ്പം ചെലവഴിക്കുന്നതിന് അദ്ദേഹത്തിന് സമയമില്ല. ഇവിടത്തെ ഏറ്റവും നല്ല സ്‌കൂളിലാണ് മക്കളെ ചേര്‍ത്തത്. അവരുടെ മതപഠനത്തില്‍ ശ്രദ്ധവെച്ച അദ്ദേഹം ഖുര്‍ആന്‍ മനപാഠമാക്കാന്‍ അധ്യാപകരെ വീട്ടില്‍ തന്നെ ഏര്‍പ്പെടുത്തി. വ്യായാമം ചെയ്യുന്നതിന് ജിം വരെ വീട്ടില്‍ സംവിധാനിച്ചു. ഇങ്ങനെ എല്ലാം അദ്ദേഹം ഒരുക്കി കൊടുത്തിട്ടുണ്ട്. അദ്ദേഹം ഫോണ്‍ വിളിക്കുമ്പോള്‍ മകള്‍ക്ക് കൊടുത്താല്‍ ഒരു കൂട്ടം നിര്‍ദേശങ്ങള്‍ നല്‍കാന്‍ അദ്ദേഹം മറക്കാറില്ല. ദാനയെ കുറിച്ച് അദ്ദേഹം പറയാറുള്ളത് അവള്‍ക്ക് മറ്റു മക്കളെ പോലെ (11, 9 വയസ്സുകളിലുള്ള രണ്ട സഹോദരിമാരും 7 വയസ്സുള്ള ഒരു സഹോദരുമാണ് അവള്‍ക്കുള്ളത്) സ്‌നേഹമില്ലെന്നാണ്. എന്നാല്‍ ഞാന്‍ മനസ്സിലാക്കുന്നത് മക്കള്‍ക്കാര്‍ക്കും അദ്ദേഹത്തോട് സ്‌നേഹമില്ലെന്നാണ്. ദാന അത് തുറന്നു പറയാറുണ്ട് എന്ന് മാത്രം.
ഞാന്‍: അവരുമായി നിങ്ങളുടെ ബന്ധം എങ്ങനെയാണ്?
സ്ത്രീ: ഡോക്ടര്‍, എനിക്ക് ശരിക്ക് ഉറങ്ങാന്‍ പോലും സമയം കിട്ടാറില്ല. സമയത്തിന്റെ പ്രധാന ഭാഗം ജോലിക്കായി പോകുന്നു. അതിനു പുറമെ ഞാനിപ്പോള്‍ പി.ജിക്ക് പഠിക്കുന്നുമുണ്ട്. ദിവസം രണ്ട് മണിക്കൂറെങ്കിലും അതിന് നീക്കിവെക്കണം. സ്വാഭാവികമായും വീട്ടുജോലികളും ജോലിക്കാരെയും ഞാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പാചകം ഞാന്‍ തന്നെയാണ് ചെയ്യാറുള്ളത്. അതുകൊണ്ട് മിക്കപ്പോഴും വീട്ടില്‍ വരുന്ന പ്രത്യേക അധ്യാപകരെ കാണാന്‍ സമയം കിട്ടാറില്ല. മക്കളുടെ പഠനനിലവാരം കാണിക്കുന്ന റിപോര്‍ട്ടുകള്‍ മാത്രമാണ് കാണാറുള്ളത്. ഒരു കാര്യം പറയാന്‍ വിട്ടുപോയി. പഠനം തുടരുന്നതിനാല്‍ മൂന്ന് മാസം കൂടുമ്പോള്‍ ഒരാഴ്ച്ചക്ക് ലണ്ടനില്‍ പോവാനും ഞാന്‍ നിര്‍ബന്ധിതയാണ്.
ഞാന്‍: നിങ്ങള്‍ പുറത്തായിരിക്കുമ്പോള്‍ മക്കളുടെ കാര്യങ്ങള്‍ ആരാണ് ശ്രദ്ധിക്കുക?
സ്ത്രീ: ഇക്കാര്യത്തില്‍ ഞാനും അവരുടെ ഉപ്പയും ഒരു ധാരണയിലെത്താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അവരെ വിട്ട് യാത്ര ചെയ്യാന്‍ അദ്ദേഹവും നിര്‍ബന്ധിതനാവും. എന്നാല്‍ മക്കളുടെ കാര്യങ്ങളൊക്കെ നന്നായി ശ്രദ്ധിക്കുന്ന വിശ്വസ്തയായ ഒരു ജോലിക്കാരി ഞങ്ങളുടെ വീട്ടിലുണ്ട്. ഞങ്ങളിരുവരും പുറത്തായിരിക്കുമ്പോള്‍ അവളാണ് കാര്യങ്ങള്‍ ശ്രദ്ധിക്കാറുള്ളത്. മറ്റു ജോലിക്കാരുടെ ചുമതല കൂടിയുള്ള അവള്‍ മക്കള്‍ക്കൊപ്പം ഉണ്ടാവാറുണ്ട്. ഇനി മറ്റെന്തെങ്കിലും കാര്യം ഞാന്‍ അറിയിക്കേണ്ടതുണ്ടോ?
ഞാന്‍: ഇതു തന്നെ മതി.
സ്ത്രീ: മകളുടെ കാര്യത്തില്‍ ഞാനെന്താണ് ചെയ്യേണ്ടത്? എന്തുകൊണ്ട് അവള്‍ ഇങ്ങനെ ചെയ്തു?
ഞാന്‍: നിങ്ങളും നിങ്ങളുടെ ഭര്‍ത്താവും തന്നെയാണ് അതിന്റെ പ്രധാന കാരണക്കാര്‍.
ഞാന്‍ സംസാരം പൂര്‍ത്തീകരിക്കുന്നതിന് മുമ്പേ അവര്‍ പറഞ്ഞു: അവര്‍ക്ക് വേണ്ടി ഇങ്ങനെയെല്ലാം ചെയ്തിട്ടും!
ഞാന്‍: അതെ, അവളോട് നിങ്ങള്‍ അതിക്രമം പ്രവര്‍ത്തിച്ചിരിക്കുകയാണ്. ഇത് ഇപ്പോള്‍ തുടങ്ങിയ ഒന്നാവില്ലെന്ന് തീര്‍ച്ചയാണ്. പെട്ടൊന്നൊരു സുപ്രഭാതത്തില്‍ ഒരു പെണ്‍കുട്ടിക്ക് അങ്ങനെ സാധിക്കുകയില്ല. നിങ്ങളുടെ ഭാഗത്തു നിന്നുള്ള അവഗണനയുടെ ഘട്ടങ്ങളാണ് അവളെ ഇതിലേക്ക് എത്തിച്ചത്. അധാര്‍മികമായിട്ടുള്ള ഉള്ളടക്കങ്ങള്‍ നിങ്ങള്‍ കാണാതെ എങ്ങനെ ഫോണില്‍ നിന്ന് നീക്കം ചെയ്യണമെന്ന് അവള്‍ക്കറിയുമെന്ന് ഉറപ്പാണ്. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ ഇത്തവണ അതിനവള്‍ക്ക് സാധിച്ചില്ല. ഞാന്‍ തുറന്നു പറയട്ടെ, വളരെ അപകടകരമായ കാര്യമാണിത്.
കരച്ചിലടക്കി കൊണ്ടവര്‍ ചോദിച്ചു: എപ്പോഴാണ് ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് കാണാനായി വരേണ്ടത്? അവളുടെ ഉപ്പ ഇന്നലെ യാത്രകഴിഞ്ഞ് എത്തിയിട്ടുണ്ട്. അവളുടെ കാര്യത്തില്‍ എന്താണ് ഞങ്ങളിനി ചെയ്യേണ്ടത്?
അടുത്ത ദിവസം വൈകിയിട്ട് കാണാമെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വെച്ചു.

അടുത്ത ദിവസം കൃത്യസമയത്ത് തന്നെ അവര്‍ ഇരുവരും വന്നു. പിതാവിന്റെ ഉള്ളിലെ തീയും മാതാവിന്റെ വിങ്ങലും പ്രകടമായിരുന്നു. സംസാരത്തിന് തുടക്കം കുറിച്ചു കൊണ്ട് ഉപ്പ പറഞ്ഞു: ഈ പെണ്‍കുട്ടിയെ അച്ചടക്കം പഠിപ്പിക്കാന്‍ ഞാനെന്താണ് ചെയ്യേണ്ടത്? അവള്‍ക്ക് വേണ്ടതെല്ലാം ഞാന്‍ ഒരുക്കിയിട്ടും എന്തുകൊണ്ട് അവളിത് ചെയ്തു എന്നെനിക്ക് അറിയണം.
ഇടക്കുകയറി ഞാന്‍ പറഞ്ഞു: എന്നാല്‍ ഒരു ഉപ്പയില്‍ നിന്ന് കിട്ടേണ്ട സ്‌നേഹവും വാത്സല്യവും സംരക്ഷണവും നിങ്ങള്‍ അവള്‍ക്ക് നല്‍കിയിട്ടില്ല. സന്താനപരിപാലമെന്ന നിങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുമ്പോഴാണ് അതുണ്ടാവുക. പ്രചോദനങ്ങള്‍ ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ഒരുകൂട്ടം അറിവുകളും കഴിവും നൈപുണ്യവും കൂടിചേര്‍ന്നതാണ് സന്താനപരിപാലനം. ചൊല്ലിപ്പഠിപ്പിക്കലിലൂടെയോ കല്‍പനകളിലൂടെയോ അത് സാധിക്കുകയില്ല. സംതൃപ്തിയോടെ അംഗീകരിപ്പിക്കാന്‍ സാധിക്കുമ്പോഴാണ് സാധ്യമാവുക. അതിന് അനിവാര്യമായി ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാമത്തേതാണ് ആത്മീയ വളര്‍ച്ച. ഖുര്‍ആന്‍ പഠിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കി നിങ്ങളത് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ഘടകമായ ബുദ്ധിപരമായ വളര്‍ച്ചക്ക് നല്ല സ്‌കൂളില്‍ ചേര്‍ക്കുകയും നല്ല അധ്യാപകരെ വെച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. മൂന്നാമത്തേത് ശാരീരികമാണ്. നല്ല ഭക്ഷണവും വീട്ടില്‍ വ്യായാമം ചെയ്യാനുള്ള സംവിധാനവും ഒരുക്കി അതിലും വീഴ്ച്ച വരുത്തിയിട്ടില്ല. നാലാമത്തേത് മാനസിക പരിചരണമാണ്. മേല്‍പറഞ്ഞ മൂന്ന് കാര്യങ്ങളുടെ അടിസ്ഥാനമാണ് മാനസികമായ പരിചരണം. നിങ്ങള്‍ അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നണം.
ഞാന്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു: എന്നെപോലെ മക്കളെ സ്‌നേഹിക്കുന്ന ഒരു ഉപ്പയുമുണ്ടാവില്ല!
ഞാന്‍: ശരിയായിരിക്കാം, എന്നാല്‍ നിങ്ങള്‍ അവരെ സ്‌നേഹിക്കുന്നതായി മക്കള്‍ക്ക് തോന്നുന്നുണ്ടോ എന്നതാണ് പ്രധാനം. വാത്സല്യത്തോടെയുള്ള തലോടലുകളിലൂടെയും സ്‌നേഹത്തോടെയുള്ള നോട്ടത്തിലൂടെയും വാക്കുകളിലൂടെയും അംഗീകാരങ്ങളിലൂടെയും അത് അവരെ അനുഭവിപ്പിക്കാന്‍ സാധിക്കണം. നിങ്ങളില്‍ നിന്ന് സ്‌നേഹം ലഭിക്കാതിരിക്കുമ്പോള്‍ വീടിന് പുറത്ത് അത് കിട്ടാനുള്ള വഴികള്‍ അവര്‍ തേടും. ദാന ചെയ്തത് അതാണ്.
പിതാവ്: ഡോക്ടര്‍, കാര്യമെനിക്കിപ്പോള്‍ മനസ്സിലായിരിക്കുന്നു. ദാന ചെറുപ്പത്തില്‍ എന്നോട് ചേര്‍ന്നിരിക്കാന്‍ വന്നിരുന്നപ്പോള്‍ ആദ്യ കമ്പനി പടുത്തുയര്‍ത്തുന്നതിന്റെ തിരക്കുകള്‍ കാരണം അവളില്‍ നിന്നും ഓടിയകലുകയായിരുന്നു ഞാന്‍.
ഞാന്‍: അവളുടെ ജീവിതത്തില്‍ നിങ്ങളുടെ അസാന്നിദ്ധ്യമാണ് ശീലിച്ചത്. നിങ്ങളുടെ അകല്‍ച്ച നിങ്ങളോടുള്ള വൈകാരിക ബന്ധത്തെ മരവിപ്പിച്ചിരിക്കുന്നു. അവളെ സംബന്ധിച്ചടത്തോളം നിങ്ങള്‍ ഒന്നുമല്ലാത്ത അവസ്ഥയിലായി. അതിനൊപ്പം ഉമ്മയുടെ ജോലിത്തിരക്ക് അവളുടെ മാനസിക പിരുമുറുക്കം ഇരട്ടിപ്പിക്കുകയും ചെയ്തു. മാതാപിതാക്കളില്‍ ഒരാളുടെ അസാന്നിദ്ധ്യത്തിന് പകരം വെക്കാന്‍ മറ്റൊരാളില്ലെങ്കില്‍ ഭൗതികമായി എന്തൊക്കെ അവര്‍ക്ക് വേണ്ടി കോരിചൊരിഞ്ഞാലും അതിനൊന്നും ഒരു വിലയുമില്ലെന്ന് മനസ്സിലാക്കുക.
പിതാവ്: എന്താണ് ഒരു പരിഹാരം?
ഞാന്‍: ഒന്നാമതമായി ജീവിതത്തിലെ ഓരോ കാര്യത്തിനും മുന്‍ഗണനാ ക്രമം നിശ്ചയിക്കുകയാണ് വേണ്ടത്. സന്താനപരിപാലനത്തിന്റെ പ്രാധാന്യത്തെയും വിലയെയും കുറിച്ച് നിങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടാവണം. അല്ലാഹു പറയുന്നു: ”വിശ്വസിച്ചവരേ, നിങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും നരകാഗ്‌നിയില്‍നിന്ന് കാത്തുരക്ഷിക്കുക.” (അത്തഹ്‌രീം: 6) തന്നെ ആശ്രയിച്ചു ജീവിക്കുന്നവരെ അവഗണിക്കുന്നത് തന്നെ ഒരു മനുഷ്യനെ സംബന്ധിച്ചടത്തോളം പാപമാണെന്ന് പ്രവാചകന്‍(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മക്കളാണ് യഥാര്‍ഥ നിക്ഷേപമെന്നത് വിസ്മരിക്കരുത്.
പിതാവ്: നിങ്ങള്‍ പറഞ്ഞതെല്ലാം എനിക്ക് ബോധ്യപ്പെട്ടു. എന്റെ വീഴ്ച്ച കൊണ്ടാണ് മകള്‍ ഇങ്ങനെയായതെന്നും എനിക്ക് മനസ്സിലായി.
തിരുത്തിക്കൊണ്ട് ഞാന്‍ പറഞ്ഞു: നിങ്ങളിരുവരുടെയും വീഴ്ച്ച കൊണ്ട്.
പിതാവ്: അതെ, ആറ് മണിക്കൂറിലധികം ജോലി ചെയ്യേണ്ടതില്ലെന്നും അവശേഷിക്കുന്ന സമയം അവര്‍ക്കൊപ്പം ചെലവഴിക്കാമെന്നും ഞാന്‍ തീരുമാനിച്ചു. എന്നാല്‍ എങ്ങനെ ചെലവഴിക്കും?
ഞാന്‍: സ്‌നേഹത്തിന്റെയും വിശ്വാസ്യതയുടെയും പാലങ്ങള്‍ പണിയലും നിലനിര്‍ത്തലുമാണ് പരിഹാരത്തിന്റെ അടിസ്ഥാനം. മക്കളിലേക്കുള്ള വാതില്‍ തുറക്കാന്‍ നിങ്ങള്‍ക്ക് സാധിക്കണം. നിങ്ങളുടെ അടുത്ത് അവരപ്പോള്‍ നിര്‍ഭയരാവുകയും നിങ്ങളോട് ഇണങ്ങുകയും ചെയ്യും. അതില്ലാതെ നിങ്ങള്‍ പറയുന്നതിനൊന്നും ഒരു വിലയുമുണ്ടാവില്ല. നിങ്ങളുടെ സ്‌നേഹവും വാത്സല്യവും പരിചരണവും അനുഭവിക്കാനാവുമ്പോഴാണ് കുടുംബത്തില്‍ നിന്നുള്ള സുരക്ഷിതത്വ ബോധം അവരിലുണ്ടാവുക. കൗമാരത്തിലെ വഴികേടുകളില്‍ നിന്നവര്‍ക്കത് സംരക്ഷണവും ആത്മവിശ്വാസവും നല്‍കും.
പിതാവ്: സ്‌നേഹബന്ധം ഉണ്ടാക്കിയെടുക്കുന്നത് മനസ്സിലായി. വിശ്വാസ്യത എങ്ങനെയുണ്ടാക്കും?
ഞാന്‍: വിശ്വാസ്യതക്ക് പല തലങ്ങളുണ്ട്. നിങ്ങളില്‍ അവര്‍ക്ക് വിശ്വാസം ഉണ്ടായിരിക്കുക എന്നതാണ് അതിലൊന്ന്. വളരെ പ്രധാനമാണത്. താക്കീതുകളും ശിക്ഷിക്കുമെന്ന ഭീഷണിയുമെല്ലാം തെറ്റുകളില്‍ നിന്ന് മക്കളെ അകറ്റി നിര്‍ത്തുമെന്നാണ് നാം വിശ്വസിക്കുന്നത്. നമ്മുടെ ഭാഗത്തു നിന്നുള്ള വീഴ്ച്ചയാണത്. അവര്‍ തെറ്റു ചെയ്യുമ്പോള്‍ സ്വാഭാവികമായും ശിക്ഷ ഭയന്ന് അവര്‍ കളവ് പറയുകയോ അല്ലെങ്കില്‍ വലിയ തെറ്റ് മറച്ചുവെച്ച് ചെറുത് വെളിപ്പെടുത്തുകയോ ചെയ്യും. നമുക്കും അവര്‍ക്കുമിടയിലുള്ള മാനസിക അകല്‍ച്ച വര്‍ധിപ്പിക്കുകയാണതിലൂടെ. നമ്മിലുള്ള അവരുടെ വിശ്വാസം ഒരു പരിധിവരെ നാം പറയുന്നത് സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവും. അപ്രകാരം നമ്മില്‍ വിശ്വാസമുണ്ടെങ്കില്‍ എത്രവലിയ തെറ്റാണെങ്കിലും സഹായം തേടി അവര്‍ നമ്മെ സമീപിക്കും.
ഇടക്കുകയറി അദ്ദേഹം പറഞ്ഞു: തെറ്റുകണ്ടാലും ശിക്ഷിക്കാതെ പിന്നീട് തിരുത്താമെന്നാണോ താങ്കള്‍ പറയുന്നത്?
ഞാന്‍: സ്വാഭാവികമായും അല്ല, ശിക്ഷയും സന്താനപരിപാലനത്തിന്റെ ഭാഗമായി ആവശ്യമായി വരാം. എന്നാല്‍ താന്‍ ചെയ്തത് തെറ്റാണെന്ന് കുട്ടിക്ക് ബോധ്യപ്പെടുകയും അതുണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് അവര്‍ മനസ്സിലാക്കലും ശിക്ഷാരീതിയുടെ ഭാഗമാണ്. ഒരു കാര്യത്തില്‍ നിന്ന് വിലക്കുമ്പോള്‍ ബദല്‍ കാണിച്ചു കൊടുക്കാനും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
പിതാവ്: നമുക്ക് ആത്മവിശ്വസത്തിലേക്ക് തന്നെ മടങ്ങാം..
ഞാന്‍: വിശ്വാസത്തിന്റെ രണ്ടാമത്തെ തലം കുട്ടികളുടെ ആത്മവിശ്വാസമാണ്. അവരിലെ ആത്മവിശ്വാസത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കലാണ് സന്താനപരിപാലനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
ഉമ്മ ഇടക്ക് കയറി പറഞ്ഞു: ‘നിനക്ക് നിന്നില്‍ വിശ്വാസമുണ്ടായിരിക്കണമെന്ന്’ ഞാന്‍ എപ്പോഴും പറയാറുണ്ട്.
ഞാന്‍: അല്ലാഹു അനുഗ്രഹിക്കട്ടെ, യഥാര്‍ഥത്തില്‍ ആത്മവിശ്വാസം തകര്‍ക്കുകയാണത് ചെയ്യുക.
മാതാവ്: പിന്നെ എങ്ങനെ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കും?
ഞാന്‍: അവര്‍ സ്വന്തത്തെ വിലയിരുത്തുമ്പോള്‍ ലഭിക്കുന്ന ചിത്രം മെച്ചപ്പെടുത്തുന്നതിലൂടെയാണത് സാധ്യമാവുക. പ്രോത്സാഹനങ്ങളിലൂടെയും അവരുടെ ഭാവിയെ സംബന്ധിച്ച നമ്മുടെ ശുഭപ്രതീക്ഷകള്‍ പങ്കുവെച്ചും നമുക്കത് ചെയ്യാം. ദാനയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നമുക്ക് അവളോട് ഇങ്ങനെ പറയാം: ”സ്വാഭാവികമായ ഒരു തെറ്റാണ് നിനക്ക് സംഭവിച്ചിരിക്കുന്നത്. നീ അല്ലാഹുവിനെ ഭയക്കുന്ന ദൈവഭക്തിയുള്ള കുട്ടിയാണെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. അശ്രദ്ധമായ ഒരു സന്ദര്‍ഭം പിശാച് ഉപയോഗപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവളാണ് നീ. നിശ്ചയദാര്‍ഢ്യവും വികാരങ്ങളെ നിയന്ത്രിക്കാന്‍ ശേഷിയുമുള്ള ഒരു മുസ്‌ലിം പെണ്‍കുട്ടിയാണ് ദാന.” ഇതിനൊപ്പം അവള്‍ ചെയ്ത നല്ല കാര്യങ്ങള്‍ കൂടി അനുസ്മരിക്കാം.
ആശ്ചര്യത്തോടെ ഉമ്മ പറഞ്ഞു: പറയുന്നത് ശരിയാണ്, എന്നാല്‍ എങ്ങനെയായിരിക്കും അവളുടെ പ്രതികരണം എന്ന് ഞങ്ങള്‍ക്കുറപ്പില്ല. മക്കള്‍ ഓരോരുത്തരെയും ഒറ്റക്ക് വിളിച്ച് അവരുടെ സഹോദരങ്ങള്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഞാന്‍ അന്വേഷിക്കാറുണ്ട്.
ഞാന്‍: നിരീക്ഷണവും ചുഴിഞ്ഞന്വേഷണവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. നിരീക്ഷണത്തിലൂടെ വിലയിരുത്തല്‍ സാധ്യമാകുമ്പോള്‍ ചുഴിഞ്ഞന്വേഷണം ഉള്ള ആത്മവിശ്വാസം കൂടി തകര്‍ക്കുയാണ് ചെയ്യുന്നത്. മാത്രമല്ല മാതാപിതാക്കളോടുള്ള മക്കളുടെ ബന്ധത്തെയും അത് തകര്‍ക്കും.
വിശ്വാസത്തിന്റെ മൂന്നാമത്തെ തലം അവര്‍ക്കും നമുക്കുമിടയിലെ ബന്ധമാണ്. അവര്‍ വായിച്ച പുസ്തകങ്ങളെയോ ഒരുമിച്ച് കണ്ട ടെലിവിഷന്‍ ഷോകളെയോ അവരിഷ്ടപ്പെടുന്ന കളികളെയോ കുറിച്ച് അവരോട് ചര്‍ച്ച ചെയ്യാം. അവധിക്കാലെ ചെലവഴിക്കുന്നതിനെ സംബന്ധിച്ച് അവരുമായി കൂടിയാലോചിക്കാം. ഇതെല്ലാം അവരിലെ വിശ്വാസവും രക്ഷിതാക്കളുമായുള്ള ബന്ധവും ശക്തിപ്പെടുത്തും. അതിലൂടെ അവര്‍ തെറ്റുകളിലേക്ക് പോകുന്നത് തടയാന്‍ സാധിക്കും. പ്രായത്തിന്റെ ഈ ഘട്ടത്തില്‍ കല്‍പനകള്‍ ഉപേക്ഷിച്ച് പകരം പ്രേരണകള്‍ നല്‍കണമെന്നാണ് എനിക്ക് പ്രത്യേകമായി പറയാനുള്ളത്. ഏറ്റവും ചുരുങ്ങിയത് ഭക്ഷണം കഴിക്കുമ്പോഴെങ്കിലും ഒരുമിച്ചിരുന്ന് വര്‍ത്തമാനങ്ങള്‍ പറയാനുള്ള അവസരം ഉണ്ടാക്കണം. അതില്‍ അവര്‍ക്ക് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യവും ധൈര്യവും നല്‍കണം.  അതോടൊപ്പം ഓരോരുത്തരുമായും പ്രത്യേക ബന്ധമുണ്ടാക്കിയെടുക്കുകയും അവരോടുള്ള സ്‌നേഹവും അവരുടെ കാര്യത്തില്‍ നിങ്ങള്‍ക്കുള്ള അഭിമാനവും പങ്കുവെക്കാനും സാധിക്കണം. അതോടൊപ്പം ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവരുടെ രഹസ്യങ്ങള്‍ പരസ്യമാക്കി കുറ്റപ്പെടുത്തുന്നതും മോശമായ അഭിപ്രായ പ്രകടനം നടത്തതലുമാണത്.
ഉമ്മ ചോദിച്ചു: ദാന ഇന്നലെ മുതല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. ഇങ്ങനെയൊരു സന്ദര്‍ഭത്തെ ഞങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും?
ഞാന്‍: അവള്‍ അസ്വസ്ഥയും നിങ്ങളെ കുറിച്ച ഭീതിയിലും ഏകാന്തതയിലുമാണുള്ളത്. യാതൊരു പിശുക്കുമില്ലാതെ വികാരം ചൊരിഞ്ഞ് നിങ്ങള്‍ക്കും അവള്‍ക്കുമിടയിലുള്ള മാനസികമായ മതില്‍ക്കെട്ട് തകര്‍ത്തു കളയേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് നിങ്ങള്‍ വീട്ടില്‍ ചെന്ന് അവളുടെ മുറിയിലെത്തി ഏറ്റവും വാക്കുകള്‍ കൊണ്ടവളെ വിളിക്കണം. ഉപ്പ അവളുടെ കൈകള്‍ പിടിച്ച് ആലിംഗനം ചെയ്യണം. ഡിന്നര്‍ പുറത്തു നിന്നാക്കാമെന്ന് പറഞ്ഞ് അവളെ വിളിക്കുക. അവളോട് സംസാരിക്കാനല്ല, അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനാണ് ശ്രമിക്കേണ്ടത്.
ഉമ്മ: ഡോക്ടര്‍, എന്താണ് നിങ്ങളുദ്ദേശിച്ചത്?
ഞാന്‍: ഉപദേശങ്ങളുടെ കെട്ടഴിക്കരുത്. കുട്ടികള്‍ക്ക് മടുപ്പുളവാക്കുന്ന കാര്യമാണത്.
ഉമ്മ: പിന്നെ എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത്?
ഞാന്‍: നാം ചോദിക്കണം, നീ ചെയ്ത പ്രവര്‍ത്തനത്തില്‍ നീ സംതൃപ്തയാണോ? എന്തുകൊണ്ട്? ഖുര്‍ആന്‍ പഠിക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്ന ദാന അങ്ങനെ ഒരു തെറ്റു ചെയ്തത് ഞങ്ങളുടെ ഓര്‍മയില്‍ നിന്ന് തന്നെ മായ്ച്ചു കളയുകയാണ്. സ്വന്തത്തെ കുറിച്ച് നല്ല ഒരു ചിത്രം രൂപപ്പെടുത്താനും ആത്മവിശ്വാസമുണ്ടാക്കാനും ഇത്തരം സംസാരം ഉപകരിക്കും. അവര്‍ക്കും നമുക്കുമിടയിലെ മാനസിക അകല്‍ച്ച അതില്ലാതാക്കുകയും ചെയ്യും.

അവസാനമായി പറയാനുള്ളത് മക്കള്‍ക്കൊപ്പം നാം സമയം ചെലവഴിക്കുന്നത് കൊണ്ട് മഹത്തായ രണ്ട് ഫലങ്ങളുണ്ട്. ഒന്ന്, അവരുമായുള്ള ബന്ധം ശക്തിപ്പെടുകയും അവരെ നന്നായി അറിയാന്‍ സാധിക്കുകയും ചെയ്യും. രണ്ട്, സന്താനപരിപാലനത്തിലെ ഏറ്റവും നല്ല തന്ത്രമാണത്. അവരെയും നമ്മെയും ബന്ധിപ്പിക്കുന്ന മാര്‍ഗം തുറന്നു കിടക്കുന്നതിനും അതിലൂടെ അവരിലേക്ക് മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനും മനസ്സുകളില്‍ അവ ഉറപ്പിച്ചു നിര്‍ത്തുന്നതിനും നമുക്ക് അതിലൂടെ കഴിയും. അല്ലാഹു നമ്മുടെ സന്താനങ്ങളെയെല്ലാം കാത്തു രക്ഷിക്കട്ടെ.

വിവ: നസീഫ്‌

 

Related Articles