Current Date

Search
Close this search box.
Search
Close this search box.

നമ്മുടെ മുമ്പില്‍ വെച്ച കണ്ണാടിയാണ് മക്കള്‍

parent-and-child.jpg

ഇന്നലെ മക്കളുടെ സ്‌കൂളില്‍ ഓപ്പണ്‍ ഹൌസ് ആയിരുന്നു. ടീച്ചറുമായുള്ള സംസാരത്തില്‍ ഒരു കുട്ടിയുടെ പേര് പരാമര്‍ശിച്ചു. പേര് ‘മിയ’… വളരെ നല്ല അഭിപ്രായമാണ് മിയയെ കുറിച്ച് ടീച്ചര്‍ക്കുള്ളത്. ഒരു വികൃതിയുമില്ലാത്ത, വളരെ നല്ല അടക്കവും ഒതുക്കവുമുള്ള പെണ്‍കുട്ടി. പറഞ്ഞു തുടങ്ങിയപ്പോ പിന്നെ ടീച്ചര്‍ക്ക് നിര്‍ത്താന്‍ കഴിഞ്ഞില്ല. അത്രക്ക് നല്ല കുട്ടി. ഒഴിവു സമയത്ത് പോലും ടീച്ചറുടെ അടുത്ത് നിന്ന് മാറാതെ ഓരോന്നു ചോദിക്കുകയും, ടീച്ചറെ സഹായിക്കുകയും ചെയ്യുകയാണ് അവളുടെ ശീലം…

ടീച്ചര്‍ ഇത്രക്കധികം പറയണമെങ്കില്‍ എന്തെങ്കിലും കാര്യം ഉണ്ടാവുമല്ലോ എന്നോര്‍ത്ത് മിയയുടെ വിലാസം വാങ്ങിച്ചു. ചുമ്മാ ഒന്ന് കണ്ട് കളയാം എന്നേ കരുതിയുള്ളു. പരിചയപ്പെട്ടപ്പോഴാണ് മിയയുടെ കഴിവ് മനസ്സിലായത്. നാലാം ക്ലാസ്സിലാണ് മിയ പഠിക്കുന്നത്. ഒരു സാധാരണ കുടുംബം. വാപ്പയും ഉമ്മയും അത്രയൊന്നും വിദ്യാഭ്യാസമില്ലാത്ത, എന്നാല്‍ വളരെ മാന്യമായി പെരുമാറാന്‍ അറിയുന്ന ആകര്‍ഷകമായ കുടുംബം.

മിയ പഠിക്കാന്‍ മിടുക്കിയാണ്. എനിക്കിഷ്ടമായത്, അവളെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ സഹായിക്കാറില്ല എന്നതാണ്. എല്ലാം മിയ തന്നെ സ്വന്തമായി ചെയ്യും. പരീക്ഷക്ക് പോലും അവളെ ശ്രധിക്കേണ്ടതില്ലെന്ന്! മാത്രമല്ല, താഴെയുള്ള സഹോദരങ്ങളെ കൂടി പഠിക്കാന്‍ സഹായിക്കുമെന്ന് വളരെ അഭിമാനത്തോടെ ആ മാതാപിതാക്കള്‍ പറഞ്ഞു.

മിയയുടെ പെരുമാറ്റം വളരെ പക്വതയുള്ളതായിരുന്നു. മലയാളം വളരെ നന്നായി അറിയാവുന്ന മിയക്ക് അഞ്ഞൂറിലേറെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്വന്തമായുണ്ട്. വായനയാണ് അവളുടെ ഹോബി. കഅട ആണ് അവളുടെ ലക്ഷ്യം. അത് മാത്രമല്ല, അവളുടെ ജില്ലയിലെ കലക്ടര്‍ എന്ന പദവി കൂടി അവളുടെ മനസ്സിന് സ്വന്തം. തന്റെ സ്വപ്നങ്ങളിലൂടെ സുവര്‍ണ്ണ നേട്ടങ്ങളിലേക്ക് പതിയെ പതിയെ ചുവടു വെക്കുകയാണ് കുഞ്ഞു മിയ.

മറ്റുള്ളവരെ സഹായിക്കുക എന്നത് ഒരു ജീവിത ലക്ഷ്യമായി കാണുന്നു മിയ. ആരാധനാ കാര്യങ്ങളിലുള്ള നിഷ്ഠ എന്നെ അത്ഭുതപ്പെടുത്തി. ചില ദിവസങ്ങളില്‍ തഹജ്ജുദ് നമസ്‌കാരത്തിന് അവളാണ് മാതാപിതാക്കളെ വിളിച്ചുണര്‍ത്താറുള്ളത് എന്നറിഞ്ഞപ്പോള്‍ ശരിക്കും അവള്‍ എന്റെ മകളായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയി.

കുട്ടികളെ മറ്റുള്ളവരുമായി മത്സരിപ്പിക്കാനുള്ള പരിശീലനമാണ് പൊതുവെ ഇന്ന് എല്ലാ ഭാഗത്തുനിന്നുമുണ്ടാകുന്നത്. എന്നാല്‍, അതുമാറി സ്വയം മത്സരിച്ച് പുരോഗതി കൈവരിക്കാനുള്ള പരിശീലനമാണ് മിയ ജീവിതത്തില്‍ നേടിയെടുക്കുന്നത്. ഒരുപാട് ആളുകള്‍ എന്നോട് പങ്കുവെച്ച ഒരു ചോദ്യമുണ്ട്. കുട്ടികള്‍ക്ക് അനുസരണമില്ല. എന്താണ് ചെയ്യേണ്ടത്? അത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് മിയയുടെ മാതാപിതാക്കള്‍ അവരുടെ ജീവിതത്തില്‍ പുലര്‍ത്തുന്ന ചില കാര്യങ്ങള്‍. മുഴുവന്‍ രക്ഷിതാക്കള്‍ക്കും വേണ്ടി അതിവിടെ പങ്കുവെക്കാം:

– അമിതമായി മക്കളെ സഹായിക്കുന്നത് നിര്‍ത്തുക.
– മക്കളുടെ കഴിവുകളെ അംഗീകരിക്കുക.
– അമിത ശാസന ഒഴിവാക്കുക.
– നന്മ ചെയ്താല്‍ അഭിനന്ദിക്കുക.
– നമ്മുടെ സ്വപ്നങ്ങള്‍ക്ക് പകരം അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുക.
– മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ചീത്ത പറയാതിരിക്കുക.
– ദേഷ്യമുള്ളപ്പോള്‍ അച്ചടക്കം പഠിപ്പിക്കുന്നത് ഒഴിവാക്കുക.
– എല്ലായ്‌പോഴും മാതാപിതാക്കളുടെ സ്ഥാനത്ത് നില്‍ക്കുക.
– സുഖ ദുഖങ്ങളെ നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുക.
– താരതമ്യം ഒഴിവാക്കുക.
– നമ്മുടെ ജീവിത വിശുദ്ധിയിലൂടെ അവര്‍ക്ക് വഴികാണിക്കുക.

പശുവിനെ തല്ലിയ മുല്ലയെയാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. പശുക്കുട്ടി മുല്ലയെ ഒരുപാട് ഓടിച്ചിട്ടും പിടി കൊടുക്കാതായപ്പോ, മുല്ല തിരിച്ചുവന്ന് തള്ള പശുവിനെ അടിച്ചു. ഇത് കണ്ട മുല്ലയുടെ ഭാര്യ ചോദിച്ചു. എന്തിനാണ് വെറുതെ അതിനെ അടിക്കുന്നേ? മുല്ല മറുപടി പറഞ്ഞു, ഇവള്‍ നല്ല പോലെ പശുക്കുട്ടിയെ വളര്‍ത്തിയിരുന്നെങ്കില്‍ അത് എന്നെ ഇങ്ങനെയിട്ട് ഓടിക്കുമോ?

ആരെയാണ് ശരിക്കും അടിക്കേണ്ടത്? നമ്മളെയോ? അതോ മക്കളെയോ? ഓര്‍ക്കുക, നമ്മുടെ മുമ്പില്‍ വെച്ച കണ്ണാടിയാണ് നമ്മുടെ മക്കള്‍. അതില്‍ തെളിയുന്നത് നമ്മുടെ തന്നെ രൂപമാണ്.

Related Articles