Current Date

Search
Close this search box.
Search
Close this search box.

Parenting

കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടത് ആര്?

confidence.jpg

മക്കളുടെ ആത്മവിശ്വാസമില്ലായ്മയെ കുറിച്ചും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിലുള്ള അവരുടെ കഴിവ്‌കേടിനെ പറ്റിയും ആവലാതി പ്രകടിപ്പിക്കുന്ന നിരവധി രക്ഷിതാക്കളെ നമുക്ക് കാണാം. അത് അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമോ എന്നതിനെ അവര്‍ ഭയപ്പാടോടെ വീക്ഷിക്കുകയും ചെയ്യുന്നു. ആത്മവിശ്വാസം എന്നത് എല്ലാവരിലും അനിവാര്യമായി ഉണ്ടാകേണ്ട ക്രിയാത്മകമായ ഗുണമാണ്. ചെറു പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ അത് കുട്ടികളില്‍ നട്ടുവളര്‍ത്തേണ്ടതുണ്ട്. എന്നാല്‍ സന്താനങ്ങളുടെ ആത്മവിശ്വാസം ചോര്‍ന്നുപോയതിന് ശേഷമാണ് മിക്ക രക്ഷിതാക്കളും ഇതിനെ കുറിച്ച് പരാതിയുമായെത്തുന്നത്.

ഇന്നത്തെ മക്കള്‍ നാളയുടെ പൗരന്മാരാണെന്ന് എന്ന യാഥാര്‍ഥ്യത്തോടെ പ്രവാചകന്‍(സ) തന്റെ പ്രബോധന സംഘത്തെ വളര്‍ത്തിയെടുക്കുകയുണ്ടായി. അതിനാല്‍ തന്നെ സഹാബികളിലെ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ പ്രവാചകന്‍ പ്രത്യേക ശ്രദ്ധപതിപ്പിച്ചിരുന്നു. ആദ്യമായി അല്ലാഹുവെ കുറിച്ചും പിന്നീട്  അവനവന്റെ കഴിവുകളും സാധ്യതകളും തിരിച്ചറിയുന്നതിനും ആത്മവിശ്വാസം പകര്‍ന്നു നല്‍കിയിരുന്നതായി കാണാം. അതിന്റെ പ്രായോഗികമായ നിരവധി തെളിവുകള്‍ പ്രവാചക ജീവിതത്തില്‍ നമുക്ക് ദര്‍ശിക്കാം.

ഇബ്‌നു അബ്ബാസ്(റ) വിവരിക്കുന്നു: ‘ഞാന്‍ പ്രവാചകന്‍(സ)യുടെ വാഹനത്തിന്റെ പിന്നിലായിരിന്നു. പ്രവാചകന്‍(സ) എന്നോട് പറഞ്ഞു: അല്ലയോ കുഞ്ഞുമോനെ, നിനക്ക് ചില കാര്യങ്ങള്‍ പഠിപ്പിച്ചുതരാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക, അവന്‍ നിന്നെ കാക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ നിന്റെ പ്രതിസന്ധികളില്‍ നിനക്ക് അവന്‍ തുണയാകും. വല്ലതും ചോദിക്കുകയാണെങ്കില്‍ അല്ലാഹുവിനോട് ചോദിക്കുക, സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് മാത്രം സഹായം തേടുക. സമൂഹം ഒന്നടങ്കം നിനക്ക് വല്ല ഉപകാരം ചെയ്യാന്‍ ഉദ്ദേശിക്കുകയാണെങ്കിലും അല്ലാഹു വിധിച്ചതല്ലാത്ത ഒരുപകാരവും നിനക്ക് നല്‍കാന്‍ അവര്‍ക്ക് സാധിക്കുകയല്ല. അപ്രകാരം സമൂഹം ഒന്നടങ്കം വല്ല ഉപദ്രവവും നിനക്ക് വരുത്താന്‍ ആഗ്രഹിക്കുകയാണെങ്കിലും അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ ഒരുപദ്രവവും അവര്‍ക്കു വരുത്താന്‍ സാധിക്കുകയില്ല. പേനകള്‍ ഉയര്‍ത്തപ്പെട്ടു. മഷി ഉണങ്ങി’.

ഈ ഹദീസില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട ശിക്ഷണത്തിന്റെ നിരവധി പാഠങ്ങള്‍ കാണാം :
പ്രവാചകന്‍(സ) രാഷ്ട്രത്തിന്റെ വലിയ നായകനായിട്ട് പോലും തന്റെ വാഹനത്തിനു പിന്നില്‍ കുട്ടിയെ ഇരുത്തിക്കൊണ്ട് സുപ്രധാനമായ ചില കാര്യങ്ങള്‍ പഠിപ്പിക്കുന്നു. സഹവാസ കല എന്ന ഈ സുപ്രധാനഗുണം ഇന്ന് മിക്ക മുറബ്ബികളിലും കാണുന്നില്ല. കുട്ടികള്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വസം വീണ്ടെടുക്കാന്‍ നാം അവരുമായി സഹവസിച്ച് വലിയ ലോകത്തേക്ക് അവരെ കൈപിടിച്ചുയര്‍ത്തുക. വര്‍ഷങ്ങള്‍ കഴിഞ്ഞാലും അവരുടെ മനസ്സില്‍ മായാത്ത മുദ്രകളായി അവശേഷിക്കും. ഇബ്‌നു അബ്ബാസ്(റ) വര്‍ഷങ്ങള്‍ക്കു ശേഷവും അവ വിസ്മരിക്കാതെ വരുന്ന തലമുറക്ക് ഈ വിജ്ഞാനീയങ്ങള്‍ പകര്‍ന്നുകൊടുക്കുന്നതായി കാണാം.

പ്രവാചകനുമായുള്ള സഹവാസത്തിലൂടെ ഹൃദയ വിശാലത ലഭിക്കുകയും ആത്മവിശ്വാസത്തോടെ മുന്നേറുകയും ചെയ്തതിനാലാണ്  ഇബ്‌നു അബ്ബാസ്(റ)ന് ഇസ് ലാമിക സമൂഹത്തിലെ സമുന്നതനായ പണ്ഡിതനായിത്തീര്‍ന്നത്. ഈ ഉപദേശങ്ങളിലൂടെ അദ്ദേഹത്തിന്റെ മനസ്സിന്റെ കവാടം തുറക്കുകയായിരുന്നു പ്രവാചകന്‍. എന്നിട്ടതില്‍ ആത്മവിശ്വാസം വേണ്ടുവോളം പകര്‍ന്നുനല്‍കുകയും ചെയ്തു.

‘കുട്ടി, നിനക്ക് ഞാന്‍ ചില കാര്യങ്ങള്‍ പഠിപ്പിച്ചു തരാം’ : ഏത് പ്രായത്തിലുള്ള കുട്ടിയാണെങ്കിലും അവരെ വിളിച്ച് പ്രത്യേകമായ ചില കാര്യങ്ങള്‍ പങ്കുവെക്കുന്നത് അവരില്‍ ആത്മവിശ്വാസം വളര്‍ത്താനിട വരുത്തും. പ്രവാചകന്‍(സ) തന്റെ വാഹനപ്പുറത്ത് പ്രത്യേകമായി വിളിച്ചിരുത്തി നല്‍കിയ ഉപദേശത്തിന് വലിയ പ്രാധാന്യവും ഫലവും നല്‍കിയതായി ഇബ്‌നു അബ്ബാസ്(റ)വിന്റെ ജീവിതവും സംഭാവനകളും വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നതാണ്.

ആത്മവിശ്വാസം വളര്‍ത്തിയതിന് ശേഷം ഇത് അന്ത്യനാള്‍ വരെ നിലനിര്‍ത്താനാവശ്യമായ നിര്‍ദ്ദേശങ്ങളാണ് പിന്നീട് നല്‍കുന്നതായി നമുക്ക് കാണാന്‍ കഴിയുന്നത്. ആദ്യം അല്ലാഹുവിനെ എല്ലാറ്റിനും അവലംബമാക്കാനുള്ള നിര്‍ദ്ദേശം നല്‍കുകയും പിന്നീട് അതുളവാക്കുന്ന ഫലം വ്യക്തമാക്കുകയും വ്യക്തിയെ തദനുസൃതമായി പരിവര്‍ത്തിപ്പിക്കുകയുമാണിവിടെ ചെയ്യുന്നത്.

അല്ലാഹുവിനോട് മാത്രം സഹായങ്ങള്‍ അര്‍ഥിക്കുക, സഹായം തേടുക എന്നത് അല്ലാഹുവില്‍ ഭരമേല്‍പിക്കാനുള്ള നിര്‍ദ്ദേശമാണ്. ദൃഢവിശ്വാസമുള്ളവരുടെ മനസ്സില്‍ മാത്രമാണ് തവക്കുല്‍ എന്ന വിശേഷണം സാധ്യമാകുക.

ഇത്തരത്തില്‍ കൃത്യമായ ലക്ഷ്യബോധവും ആത്മവിശ്വാസവും അനുചരന്മാരില്‍ പ്രവാചകന്‍ വളര്‍ത്തിയെടുത്തതിനാല്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളെ സധൈര്യം അഭിമുഖീകരിക്കാനും വിശ്വാസത്തിന്റെ പ്രകാശത്താല്‍ ഭൂമുഖത്ത് പ്രഭപരത്താനും അവര്‍ക്ക് സാധിക്കുകയുണ്ടായി. ഇത്തരത്തില്‍ വിശ്വാസദാര്‍ഢ്യവും ആത്മവിശ്വാസവുമുള്ള തലമുറയാണ് കാലഘട്ടം നമ്മോട് ആവശ്യപ്പെടുന്നത്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles