Current Date

Search
Close this search box.
Search
Close this search box.

പ്രവാസികളും ജീവിതാസൂത്രണവും

സ്വന്തം ജീവിതത്തിൻറെ നേട്ടത്തിനായി ഭാവിയിൽ ചെയ്യെണ്ട പ്രവർത്തനങ്ങൾ എന്താണെന്ന് നിർണ്ണയിക്കലാണ് ജീവിതാസൂത്രണം. പരിമിതമായ വിഭവങ്ങളെ ശരിയായ രൂപത്തിലും കാര്യക്ഷമമായും ഉപയോഗപ്പെടുത്താൻ ആസൂത്രണത്തിലൂടെ സാധ്യമാണ്. ജീവിത ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുള്ള മൂർത്തമായ കർമ്മ പദ്ധതിയാണ് ആസൂത്രണം. ആ ലക്ഷ്യത്തിലേക്കത്തൊനുള്ള കടമ്പകൾ മുൻകൂട്ടി കാണാനും അത് നിയന്ത്രിക്കാനും അങ്ങനെ സമാധാനപൂർണ്ണമായ ജീവിതം നയിക്കാനും ആസൂത്രണം അനിവാര്യമാണ്.

പ്രവാസികൾ ജീവിതം ആസൂത്രണം ചെയ്യുന്നില്ല എന്ന് പറഞ്ഞ് കൂട. പൊതുമരാമത്ത് പണികളും അടുത്ത ഒഴിവ് ദിനങ്ങൾ എപ്പോഴാണെന്നും അത് എവിടെ ചിലവഴിക്കണമെന്നും ആലോചിക്കുന്നതിൽ പരിമിതമാവുന്നു അവരുടെ ആസൂത്രണം. അതിനപ്പുറമുള്ള ജീവിതത്തിൻറെ വിശാലമായ ക്യാൻവാസിനെ കുറിച്ച് എന്ത് ചെയ്യണമെന്നറിയുന്നില്ല. പ്രവാസ ജീവിതം തന്നെ പ്രതീക്ഷകളുടേയും സ്വപ്നങ്ങളുടേയും ലക്ഷ്യങ്ങളുടേയും സംഘാതമാണ്. എത്ര എത്ര സ്വപ്നങ്ങളും പദ്ധതികളുമായിട്ടാണ് ഓരോരുത്തരും പ്രവാസ ജീവിതത്തിലേക്ക് വരുന്നത്!

ഒരു മഹാ നഗരത്തിൽ ഭൂപടമില്ലാതേയൊ ഗൂഗിളിൻറെ സഹായമില്ലാതെയൊ നിർണ്ണിത സ്ഥലം കണ്ട് പിടിക്കുന്നത് പോലെ ദുശ്കരമാണ് കൃത്യമായ ആസൂത്രണമില്ലാതെ ജീവിക്കുന്നതും. എന്നാൽ നഗരത്തിൻറെ ഭൂപടം കൈവശം ഉണ്ടായിരുന്നെങ്കിൽ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചേരുക എളുപ്പമാണ്. ആസുത്രണമില്ലാതെ ജീവിക്കുന്നത്, ഏതാണ്ട് ഇതൊക്കെപോലെയാണ്.

ജീവിതത്തിലെ എല്ലാ കാര്യങ്ങൾക്കും അന്തിമ പരിണാമം ഉള്ളത് പോലെ, പ്രവാസ ജീവതത്തിനും വിട പറയേണ്ട സമയം ആസന്നമാവുമെന്ന കാര്യത്തിൽ സംശയമില്ല. പ്രവാസ ജീവിതാനന്തര കാര്യങ്ങളുടെ സുഖകരമായ പ്രയാണത്തിന് അനിവാര്യമായത് എന്താണെന്നും അത് എങ്ങനെ ആർജജിക്കാമെന്നും ഓരോ പ്രവാസിയും ആസൂത്രണം ചെയ്യുന്നത് നല്ലതാണ്.

ജീവികളിൽ താരതമ്യേന ബ്രെയിൻ സെല്ലുകൾ കൂടുതലുള്ള ചെറു ജീവിയാണു തേനീച്ച. അവ പോലും ഭാവി ജീവിതത്തിന് ഭക്ഷണ സാധനങ്ങൾ കരുതിവെക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ ആകാരത്തിൽ ഭീമനായ ആന, ശക്തിയുടെ പ്രതീകമായ പുലി ഇവക്കൊന്നും അത്തരം മുൻകരുതലുകളില്ല എന്ന് മാത്രമല്ല അടുത്ത വിശപ്പിൻറെ ഊഴം വരെ അവ നിദ്രയിലാണ്. കൊച്ചു പ്രാണിയായ തേനീച്ച നമുക്ക് തരുന്ന ആസൂത്രണ പാഠം എത്ര മഹത്തരം.

ആസൂണ്രം പലതരം

സ്വന്തത്തിൻറെ ഭാവി ഭാഗധേയം, സാമ്പത്തികാസൂത്രണം, തൊഴിൽ-കച്ചവട-കൂടുംബാസൂത്രണം അങ്ങനെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ആസൂത്രണം അനിവാര്യമാണ്. ആസുത്രണത്തിൻറെ അഭാവത്തിൽ ജീവിതത്തിൽ എന്താണ് ആർജ്ജിക്കേണ്ടതെന്നും അതിനുള്ള മാർഗ്ഗങ്ങളെന്താണെന്നും പ്രവാസികൾ മനസ്സിലാക്കാറില്ല. പണം കൈവശമുണ്ടാവുക എന്നതല്ല പ്രശ്നം, ആ പണം ചിലവഴിച്ച് അഭിവൃദ്ധിനേടുക എന്നതാണ് പ്രധാനം. അപ്പോൾ പണത്തെക്കാൾ അമൂല്യമായ നമ്മുടെ ജീവിതം/സമയം ആസൂത്രണം ചെയ്യാതിരുന്നാൽ എന്തായിരിക്കും അവസ്ഥ?

സമയം,ആരോഗ്യം, സമ്പത്ത്,വിജ്ഞാനം എന്നിവയാണ് മനുഷ്യ ജീവിതത്തിലെ നാല് സുപ്രധാന വിഭവങ്ങൾ. ഇത് നാലും കൃത്യമായി ആസൂത്രണം ചെയ്ത് ജീവിതം മുന്നോട്ട് നയിക്കുന്നവരാണ് വിജയിക്കുക. ആസൂത്രണം ചെയ്യാൻ പരാജയപ്പെട്ടാൽ, ജീവിതം പരാജയപ്പെടാനാണ് ആസൂത്രണം ചെയ്യുന്നത് എന്ന മഹത് വചനം എത്ര സത്യം. ജീവിതത്തിന് വിജയകരമായ പരിണാമം ആഗ്രഹിക്കുന്നവർ ജീവിതം ആസൂത്രണം ചെയ്തിരിക്കും.

ഹൃസ്വ കാലം, ദീർഘ കാലം എന്നിങ്ങനെയും ആസൂത്രണത്തെ രണ്ടായി വിഭജിക്കാം. ചുരുങ്ങിയ കാലം കൊണ്ട് നേടേണ്ട കാര്യങ്ങളാണ് ഹൃസ്വകാല ആസൂത്രണം. അത് പുർത്തിയായാൽ മറ്റൊരു ലക്ഷ്യം ആസൂത്രണം ചെയ്യാം. എന്നാൽ ഒരു ആയുഷ്കാലം മുഴുവൻ ചിലവഴിച്ചു നേടി എടുക്കേണ്ട കാര്യങ്ങളാണ് ദീർഘകാല ആസുത്രണം കൊണ്ടു ഉദ്ദ്യേശിക്കുന്നതു.

ഭാവിയിൽ എത്തിച്ചേരാനുള്ള കൃത്യമായി ലക്ഷ്യം നിർണ്ണയിക്കുക, ആ ലക്ഷ്യ സാക്ഷാൽകാരത്തിനായി കർമ്മങ്ങൾ തീരുമാനിക്കുക,അതിന് ലഭ്യമായ വിഭവങ്ങൾ ഉപയോഗപ്പെടുത്തുക, കാര്യങ്ങൾ സമയ ബന്ധിതമായി നടപ്പാക്കുക. ഇതാണ് ആസൂത്രണത്തിൽ ചെയ്യേണ്ട കാര്യങ്ങൾ. മനസ്സിൽ സ്വപ്നങ്ങൾ താലോലിക്കുന്നതോടൊപ്പം, അത് പരമാവധി ഭംഗിയോടെ ചെയ്യാൻ ആസൂത്രണം സഹായിക്കും. ഇഛാശക്തി, കഠിനാധ്വാനം,ദൃഡനിശ്ചയം എന്നിവയും ആസൂത്രണത്തിൻറെ ചേരുവകളാണ്.

ആസൂത്രണത്തിൻറെ മേഖലകൾ

1. ആസൂത്രണത്തിൽ ശ്രദ്ധിക്കേണ്ട സുപ്രധാനപ്പെട്ട കാര്യമാണ് ശാരീരികവും മാനസികവുമായ ആരോഗ്യം. ജീവിതത്തിൻറെ നെട്ടോട്ടത്തിൽ, പോഷകാഹാരം, ഉറക്കം, വ്യായാമം, വിശ്രമം എന്നിവക്ക് പ്രവാസികൾ വേണ്ടത്ര പരിഗണന നൽകാറില്ല. അതിൻ്റെ ഫലമായി അകാല മരണം,പെടുന്നനെയുള്ള ഗുരുതരമായ രോഗങ്ങൾ, ജീവത ശൈലി രോഗങ്ങളായ പഞ്ചസാര,കൊളസ്ട്രോൾ, പ്രഷർ തുടങ്ങിയവ വർധിച്ചുവരുന്നത് ദാരുണമാണ്. ഇത് അവരുടെ മാനസിക ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. ആരോഗ്യമുള്ള ശരീരത്തിലാണ് ആരോഗ്യമുള്ള മനസ്സുണ്ടാവുക എന്ന കാര്യം മറക്കരുത്.

2. ആസൂത്രണം ചെയ്യേണ്ട മറ്റൊരു മേഖലയാണ് സമയം. ഭൂമിയിൽ ഒരിക്കൽ മാത്രമേ നമുക്ക് ജീവിക്കാൻ അവസരമുള്ളൂ. ഒരു പ്രാവിശ്യം മാത്രം വരുകയും പോവുകയും ചെയ്യുന്ന അമൂല്യമായ സമ്പാദ്യമാണ് സമയം. അത് ഇഹപര വിജയത്തിന് വേണ്ടി ഉപയോഗിക്കുന്നതാണ് ബുദ്ധിപരം. അനാവശ്യ കാര്യങ്ങളിൽ സമയം പാഴാക്കുന്നവർ ഇരുലോകത്തും വിജയിക്കുകയില്ല എന്ന് മാത്രമല്ല നിരാശയിലകപ്പെടുകയും ചെയ്യും.

3. ആസൂത്രണം ആവശ്യമായ മറ്റൊരു തലമാണ് സമ്പത്ത്. സാമ്പത്തികമായ സ്വയം പര്യപ്തത എല്ലാ പ്രവാസികളുടേയും ജീവിതാഭിലാഷമാണ്. ഉപരിപ്ളവമായ തീരുമാനങ്ങളും ദീർഘ ദൃഷ്ടിയില്ലായ്മായും കാരണം പ്രവാസികൾ സാമ്പത്തികമായി പരാജയപ്പെടുന്നു. പ്രവാസ ജീവിതത്തിലുണ്ടായിരുന്ന ജീവിത നിലവാരത്തിൻെറ ചെറിയ അംശമെങ്കിലും പ്രവാസാനന്തര ജീവിതത്തിൽ ഇല്ളെങ്കിൽ, മാനസികമായ പ്രയാസം അനുഭവിക്കേണ്ടിവരും.

4. സംതൃപ്തമായ കുടുംബ ജീവിതം, കുട്ടികളുടെ ശിക്ഷണം തുടങ്ങിയവ കൈവരിക്കുന്നതിനാവശ്യമായ കാര്യങ്ങളുടെ ആസൂത്രണമാണ് മറ്റൊന്ന്. കുടുംബത്തിൻറെ അഭിവൃദ്ധിക്കായി പരദേശത്തേക്കത്തെുമ്പോൾ കുട്ടികൾ വഴിപിഴച്ച് പോവാറുണ്ട്. ദാമ്പത്യജീവിതം തകരാറിലാവുന്നു. നാട്ടിൽ കൗമാരപ്രായക്കാരനായ മകൻറെ/മകളുടെ ചെയ്തികൾ കാരണം പ്രയാസപ്പെടുന്ന പ്രവാസികളുണ്ടു. ഭാര്യയോടും കുട്ടികളോടുമുള്ള തുറന്ന സംസാരം, കുടുംബയോഗങ്ങൾ,കുട്ടികളുടെ നൈസർഗ്ഗിക വാസനകൾ കണ്ടത്തെി അവരെ പ്രോൽസാഹിപ്പിക്കൽ തുടങ്ങിയ പരിപാടികളുലൂടെ ഇഴയടുപ്പം ഉണ്ടാക്കാൻ കഴിയും.

ആസൂത്രണം ചെയ്യുന്നത് പോലെ അത് നടപ്പാക്കാനുള്ള ക്ഷമയും സഹനവും ഉണ്ടാവുക എന്നതും വളരെ പ്രധാനമാണ്. ഏട്ടിലെ പശു പുല്ല് തുന്നുകയില്ല എന്ന പറഞ്ഞത് പോലെ, ആസൂത്രണങ്ങൾ മനസ്സിൽ താലോലിച്ചത് കൊണ്ട് കാര്യമില്ല. ആസൂത്രണം എന്നാൽ സമയ ബന്ധിതമായി ക്രിയാത്മകമായ തീരുമാനങ്ങൾ എടുക്കുന്ന പ്രക്രിയാണ്. അത് പുതിയ ആലോചനകളിലേക്കും വഴിത്തിരിവിലേക്കും അച്ചടക്കത്തിലേക്കും നമ്മെ നയിക്കുന്നു. തെറ്റുകൾ മുൻകൂട്ടി മനസ്സിലാക്കുവാനും തിരുത്തുവാനും ആസൂത്രണം സഹായിക്കും.

(ഉടൻ പ്രസിദ്ധീകരിക്കുന്ന പ്രവാസികളുടെ മാർഗദർശി എന്ന കൃതിയിൽ നിന്നു)

Related Articles