ഒരു സഊദിവിദ്യാർത്ഥി ഒരു ബ്രട്ടീഷ് കുടുംബത്തോടൊപ്പം വാടകക്ക് താമസിച്ചിരുന്നു. ഭാര്യയും ഭർത്താവും ഒരു കുട്ടിയുമാണ് ആ വീട്ടിലുണ്ടായിരുന്നത്. ഒരു ദിവസം ആദമ്പതികൾക്ക് അത്യാവശ്യമായി പുറത്തു പോകേണ്ടി വന്നു . സൗദി വിദ്യാർത്ഥിയോട് അവർ ചോദിച്ചു ‘താങ്കൾ ഇന്ന് മുഴുവൻ ഇവിടെ ഉണ്ടാകുമല്ലോ അല്ലേ. ഞങ്ങൾ കുറച്ചു സമയത്തേക്ക് ഒന്ന് പുറത്തുപോയിട്ട് വരാം. ഞങ്ങളുടെ ഈ കൊച്ചുമോനെ ഒന്ന് ശ്രദ്ധിക്കണം..’ സൗദി യുവാവ് സമ്മതിച്ചു . അവരുടെ ആ ചെറിയ കുട്ടിയെ അവൻ പലപ്പോഴും കളിപ്പിക്കാറുള്ളതുമാണ്. അവരുടെ കളിയും ചിരിയും ആ വീടിനെ മുഖരിതമാക്കാറുമുണ്ട്. അത്ര സ്റ്റേഹബന്ധമായിരുന്നു അവർ തമ്മിൽ. അങ്ങനെ കുട്ടിയെ സൗദി യുവാവിനെഏൽപ്പിച്ചുകൊണ്ട് അവർ പുറത്തുപോയി.
അവർ കളിക്കുന്നതിനിടെ കുട്ടി അടുക്കളയിലേക്ക് നീങ്ങി. കുറച്ചു കഴിഞ്ഞ് ഒരു ഗ്ലാസ് വീണുടയുന്ന ശബ്ദം കേട്ട് അകത്തെത്തിയ വിദ്യാർത്ഥിയായ സഊദി യുവാവ് കുട്ടിയെ ആശ്വസിപ്പിച്ചു .സാരമില്ല അമ്മ വരുമ്പോൾ അവരോട് അങ്കിളിന്റെ കയ്യിൽ നിന്ന് ഗ്ലാസ് വീണുടഞ്ഞതാണ് എന്ന് പറഞ്ഞാൽ മതി. മോൻ ബേജാറാകേണ്ട . ഞാനും അത് തന്നെ പറയാം. അങ്ങനെ പറഞ്ഞു കൊണ്ടിരിക്കെ അമ്മയും അച്ഛനും തിരിച്ചുവന്നു . അടുക്കളയിൽ എത്തിയ അമ്മ ഗ്ലാസ്സ് പൊട്ടുകൾ ചിതറി കിടക്കുന്നതായികണ്ടു. അന്വേഷിച്ചപ്പോൾ കുട്ടി ഉണ്ടായ കാര്യങ്ങൾ എല്ലാം സത്യസന്ധമായി പറഞ്ഞു. തന്റെ കൈതട്ടി ഗ്ലാസ് വീണു പൊട്ടിപ്പോയി. എന്നാൽ അങ്കിൾ ഉപദേശിച്ച സൂത്രവും അമ്മയോട് അവൻ പറഞ്ഞു. പിന്നീട് പുറത്തുവന്ന കുട്ടി യുവാവിനോടൊപ്പം കളിചിരിയിലേർപ്പെട്ടു.
“ഗ്ലാസ് പൊട്ടിയ കാര്യം അമ്മയോട് പറഞ്ഞോ ” ?!
“ഓ ഒക്കെ പറഞ്ഞിട്ടുണ്ട് ” -അവൻ പൊട്ടിച്ചിരിച്ചു.!
അതങ്ങനെ കഴിഞ്ഞു . പിറ്റേന്ന് പഠനാവശ്യത്തിന് യൂണിവേഴ്സിറ്റിയിലേക്ക് പോകാനായി യുവാവ് ധൃതിയിൽ ഒരുങ്ങുകയാണ്. അപ്പോൾ ആരോ വാതിലിൽ മുട്ടുന്ന ശബ്ദം ! പുറത്ത് വന്ന് നോക്കുമ്പോൾ കുട്ടിയുടെ അമ്മയാണ് ഗൗരവത്തിൽ മുന്നിൽ നിൽക്കുന്നത്.
“എന്റെ കുട്ടിയെ കളവ് പറയാൻ പഠിപ്പിച്ചു അല്ലേ!?” അമ്മ പൊട്ടിത്തെറിച്ചു. നിന്നെക്കുറിച്ച് എനിക്കൊരു ബഹുമാനമുണ്ടായിരുന്നു. സത്യസന്ധനായ അയൽക്കാരൻ എന്ന കാഴ്ചപ്പാടുണ്ടായിരുന്നു. ഞങ്ങൾ കുട്ടികളെ കളവു പറയാൻ പ്രേരിപ്പിക്കാറില്ല. താങ്കളും അങ്ങനെയാണെന്നാണ് ഞാൻ കരുതിയത്. ഇന്നലെ ഉണ്ടായ സംഭവത്തിൽ കുട്ടിയെ തെറ്റായ കാര്യങ്ങൾ പറയാൻ പഠിപ്പിച്ചു. എന്നാൽ താൻ പഠിപ്പിച്ച തെറ്റായ കാര്യങ്ങൾ അവൻ കേട്ടില്ല. അവൻ സത്യസന്ധമായ കാര്യങ്ങളാണ് പറഞ്ഞത്. ഇപ്പോൾ എനിക്ക് തന്നോട്പറയാനുള്ളത് 24 മണിക്കൂറിനകം ഒഴിഞ്ഞു പോകണം. ദുസ്വഭാവങ്ങൾ കുട്ടികളിലേക്ക് പകരരുത്, തമാശക്ക് പോലും! അതുകൊണ്ട് ഇവിടെ തുടർന്നു പോകാൻ ആവില്ല – ഇതായിരുന്നു അവരുടെ അവസാന തീരുമാനം. ഒരു അറബി പത്രം ഈ സംഭവം പ്രാധാന്യപൂർവം റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോൾ നാം ചിന്തിക്കുക. ഇത്തരം ചെറിയ ചെറിയ കാര്യങ്ങൾക്ക് കളവു പറയാൻ പ്രേരിപ്പിക്കൽ പലരുടെയും സൂത്രമാണ്. സത്യ വിരുദ്ധമായ കാര്യങ്ങൾ പറയുന്നത് ചിലപ്പോൾ രക്ഷിതാവ് രക്ഷപ്പെടാൻ, ചിലപ്പോൾ കുട്ടികളെ രക്ഷപ്പെടുത്താൻ എല്ലാം ഉപയോഗിക്കും. പക്ഷേ ഇതൊക്കെ കുട്ടികളിൽ എന്തൊരു സന്ദേശമാണ് വളർത്തിയെടുക്കുക. ഇളംമനസ്സിൽ എന്താണ് തളിർക്കുക എന്താണ് മൊട്ടിടുക. നാം ചിന്തിക്കുക. തൽക്കാലം കുട്ടിയെ രക്ഷപ്പെടുത്താനായി ആവിഷ്കരിച്ച “സൂത്രം” ആ മാതാവിന് തീരെ പിടിച്ചില്ല. വിദ്യാർഥികൾ വിശിഷ്യാ ഈദൃശ കാര്യങ്ങൾ ചിന്തിക്കാറുണ്ടോ. നമ്മുടെ സമൂഹം ഉയർന്ന മൂല്യബോധമുള്ളവർ ആയി മാറേണ്ടതല്ലേ. ഇതൊക്കെയാണ് ഈ സംഭവത്തിൽ നിന്ന് നമുക്ക് ലഭിക്കുന്ന പാഠങ്ങൾ. മാതാക്കൾ തങ്ങളുടെ കുഞ്ഞുങ്ങളിൽ സദ് സ്വഭാവങ്ങൾ തുന്നിപ്പിടിപ്പിക്കാൻ ആവത് ശ്രമിക്കണമന്ന് കൂടി പറഞ്ഞു വെക്കട്ടെ… അത്തരം ഒരു ബ്രട്ടീഷ് കുടുംബത്തിലെ അമ്മയാണ് ഈ കഥയിലെ രാജകുമാരി … !!
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE