Current Date

Search
Close this search box.
Search
Close this search box.

ക്യാന്‍സറും, എയ്ഡ്സും തടയാന്‍ ചേലാകര്‍മം ?

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ജനസമൂഹങ്ങള്‍ക്കിടയില്‍ അനുഷ്ടിക്കപ്പെട്ടു പോരുന്നതാണ് ചേലാകര്‍മം. ജൂതന്‍മാരും ക്രിസ്ത്യാനികളും മതത്തിന്റെ ഭാഗമായി ഇതനുഷ്ടിക്കുമ്പോള്‍, മധ്യ അമേരിക്ക, ആമസോണ്‍ മേഖലകളിലെ ആദിവാസികളും അബ്സീനിയയിലെ ക്രിസ്ത്യാനികളും ഇത് ഒരു ആചാരമായിട്ടാണ് നടത്തിവരുന്നത്. കേരളത്തിലെ ഒരു പ്രബല സമുദായമായ നായന്‍മാരുടെ ഇടയിലും ഇത് നടപ്പിലുണ്ടായിരുന്നു.

1949ല്‍ തിരുവനന്തപുരം റെഡ്യാര്‍ പ്രസ്സ് ആന്റ് ബുക്ക് ഡിപ്പോയില്‍ നിന്ന് പ്രസിദ്ധീകരിച്ചതും ശ്രീ കുറുപ്പം വീട്ടില്‍ കെ.എന്‍ ഗോപാലപിള്ള രചിച്ചതുമായ കേരളമഹാചരിത്രം രണ്ടാം ഭാഗത്തില്‍ ‘നായന്‍മാരുടെ പൂര്‍വികാചാരാങ്ങള്‍’ എന്ന തലക്കെട്ടില്‍ ഇപ്രകാരം പറയുന്നു ‘ലോകത്ത് എല്ലാ പ്രാചീന സമുദായങ്ങളും ആചരിച്ചു പോന്ന ഒരു ആചാരമാകുന്നു ‘ലിംഗ ശസ്ത്രം. പുരുഷ പ്രജകളുടെ ലിംഗാഗ്രത്തില്‍ ഉള്ള ബാഹ്യചര്‍മം ഛേദിച്ചുകളയുന്ന ക്രിയയാകുന്നു ലിംഗ ശസ്ത്രം. കേരളത്തില്‍ നായന്‍മാരുടെയിടയില്‍ പുരാതനകാലങ്ങളില്‍ ഈ ആചാരം നടപ്പിലുണ്ടായിരുന്നു. ദക്ഷിണ തിരുവിതാംകൂറില്‍ ചില പ്രദേശങ്ങളിലെ നായന്‍മാര്‍ ഒരു പാദശരവര്‍ഷം മുന്‍പ് വരെ ഈ കര്‍മം നടത്തി വന്നു. ഇതിന് ചേലാകര്‍മം എന്നും പേരുണ്ട്. ആണ്‍കുട്ടിയെ കൗപീനം ധരിപ്പിക്കുന്നതിന്റെ പ്രാരംഭ കര്‍മമായിട്ടാണ് ഈ ശസ്ത്രക്രിയ നടത്തി പോന്നത്. തന്നിമിത്തം ഈ ക്രിയക്ക് ‘ചേലാകര്‍മം’ എന്ന പേര് സിദ്ധിച്ചു.(പേജ് 54,55)

ചേലാകര്‍മം ശാസ്ത്ര വിരുദ്ധമോ ?

ചേലാകര്‍മം ശാസ്ത്രവിരുദ്ധമെന്ന വാദം അശാസ്ത്രീയമത്രെ. വൈദ്യശാസ്ത്രം ചേലാകര്‍മത്തെ അംഗീകരിക്കുകയും ആരോഗ്യപരമായ കാരണങ്ങളാല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ഇക്കൂട്ടര്‍ കാണാതെ പോവുകയാണ്. ലിംഗത്തിനുണ്ടാകുന്ന പല രോഗങ്ങള്‍ക്കും ചികിത്സയായിട്ട് ഇന്ന് ലിംഗാഗ്രപരിഛേദം വൈദ്യശാസ്ത്രം അംഗീകരിച്ചിട്ടുണ്ട്. ലിംഗാഗ്രത്തുള്ള ചര്‍മം വല്ലാതെ ഇടുങ്ങിയിരിക്കുമ്പോള്‍ ഇത് സംഭോഗത്തെ പ്രതികൂലമായി ബാധിക്കുകയും ചിലപ്പോള്‍ മൂത്രം ഒഴിഞ്ഞുപോവാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു. മൂത്രം കെട്ടിനില്‍ക്കുന്നത് പലതരം രോഗപകര്‍ച്ചകള്‍ക്കും കാരണമാകുമെന്നും, ഇതിനുള്ള ഏക പ്രതിവിധി പരിഛേദനമാണെന്നും വിദഗ്ധ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ചേലാകര്‍മം ശിശു പീഡനമാകയാല്‍ നിരോധിക്കണമെന്ന് ചിലര്‍ വാദിക്കുമ്പോള്‍, പ്രായപൂര്‍ത്തിയായാല്‍ താല്‍പര്യമുള്ളവര്‍ക്ക് ആയതിന് സ്വാതന്ത്ര്യം നല്‍കണണെന്ന് മറ്റു ചിലരും വാദിക്കുന്നു. ചേലാകര്‍മം ശൈശവകാലത്ത് തന്നെ നിര്‍വഹിക്കുന്നതാണ് അഭികാമ്യമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. ‘ബാല്യപ്രായത്തില്‍ തന്നെ ചേലാകര്‍മം ചെയ്യുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ലിംഗത്തിന് ബലക്ഷയമോ, വൈകാരികാസ്വാദനത്തിന് ഭംഗമോ നേരിടുന്നതല്ല’ എന്നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ മന:ശാസ്ര്ത വിദഗ്ധന്‍ പി.എം മാത്യുവിന്റെ പക്ഷം. (‘ബാല്യം, കൗമാരം, യൗവ്വനം, വാര്‍ധക്യം- പി.എം മാത്യു’ -പേജ്: 67,68).

‘ഭാഗികമായി മാത്രം മനസ്സിലാക്കാവുന്ന ചില കാരണങ്ങളാല്‍ ജനിച്ചയുടനെ ശരിയായവിധത്തില്‍ നടത്തപ്പെടുന്ന ചേലാകര്‍മം ക്യാന്‍സറിനെതിരെ പൂര്‍ണമായി പ്രതിരോധശക്തി നല്‍കുന്നു’ എന്നാണ് Baily and Love എഴുതിയ ‘A short practice of subject’ എന്ന ഗ്രന്ഥത്തില്‍ പറയുന്നത്. ‘ലിംഗാര്‍ബുദം ജൂതന്‍മാരില്‍ ഇല്ല തന്നെ. കുറച്ചു വൈകി മാത്രം ചേലാകര്‍മം ചെയ്യുന്ന മുസ്്ലിംകളിലും ഇത് അപൂര്‍വമാണ്’ പ്രസിദ്ധ പാത്തോളജിസ്റ്റായ വില്യം ബോയ്ഡിന്റേതാണ് ഈ അഭിപ്രായം. അഗ്രം മുറിക്കുന്നതോടെ സംവേദന ക്ഷമത ഉണ്ടാകുന്ന ഞരമ്പുകള്‍ക്ക് പരിക്ക് പറ്റുമെന്നും, അത് പരിഛേദനം നടത്തിയവരുടെ ലൈംഗിക സംതൃപ്തി ഇല്ലാതാക്കുമെന്ന വാദം, ഈ പഠനം ഖണ്ഡിക്കുന്നതിങ്ങനെ.

യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാര്‍ട്മെന്റ് ഓഫ് ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസസിന്റെ ഭാഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ Does male circumcision effect sexual function, Sensitivity, or Satisfaction എന്ന ലേഖനത്തില്‍ 1++, 2++, 2+ പഠനങ്ങള്‍ ലിംഗസംവേദന ക്ഷമത, ലൈംഗിക ഉത്തേജനം, ലൈംഗിക സംവേദനം, ഉദ്ധാരണ പ്രവര്‍ത്തനം, ശീഘ്രസ്ഖലനം, സ്ഖലന ലേറ്റന്‍സി, രതിമൂര്‍ഛ ബുദ്ധിമുട്ടുകള്‍, ലൈംഗിക സംതൃപ്തി, ആനന്ദം അല്ലെങ്കില്‍ പരിഛേദനക്ക് മൊത്തത്തിലുള്ള പ്രതികൂലമായതൊന്നും ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ചേലാകര്‍മം ശിശു പീഢനമാണെന്നും, 18 വയസ്സ് വരെ കാത്തിരിക്കണമെന്നും വാദിക്കുന്നവര്‍ക്കുള്ള മറുപടിയാണിത്.

ഇന്ത്യയില്‍ മതാചാരപ്രകാരം ചേലാകര്‍മം നടത്തി വരുന്ന മുസ്്ലിംകളില്‍ ലിംഗത്തിനുണ്ടാവുന്ന ക്യാന്‍സര്‍ വളരെ വിരളമാണ്. എന്നാല്‍ ചേലാകര്‍മം നടത്താത്ത അമുസ്ലിംകളില്‍ ഇത് 10% വരും. പാത്തോളജിസ്റ്റായ ആന്‍ജേഴ്സണ്‍ പറയുന്നു, ‘ന്യൂയോര്‍ക്കിലും, ഇസ്രായീലിലുമുള്ള സ്ത്രീകളില്‍ ഇതരരെ അപേക്ഷിച്ച് കാല്‍ഭാഗത്തിന് മാത്രമേ സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ കണ്ടുവരുന്നുള്ളൂ. പുരുഷന്‍മാരുടെ ചേലാകര്‍മവും അത് വഴി ലിംഗം എപ്പോഴും ശുദ്ധിയായിരിക്കുന്നതുമാണ് ഇതിന് കാരണം’. ഉദയ്പൂരിലെ ആര്‍.എന്‍.ടി. മെഡിക്കല്‍ കോളേജ് നടത്തിയ ഒരു പഠനം ചേലാകര്‍മം നടത്താത്തവരിലാണ് ലിംഗ കാന്‍സര്‍ കൂടുതലായി കാണുന്നതെന്ന് വ്യക്തമാക്കിയതായി 25-04-83 ലെ ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ‘സുന്നത്ത്’ നടത്തുന്ന മുസ്്ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന സിറ്റിയില്‍ നിന്നും ലിംഗത്തിന് ക്യാന്‍സര്‍ ബാധിച്ച ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ‘സുന്നത്തും, ക്യാന്‍സറും’ എന്ന ശീര്‍ഷകത്തില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച പ്രസ്തുത വാര്‍ത്ത ചൂണ്ടിക്കാണിക്കുന്നു.

‘ന്യൂയോര്‍ക്ക് നഗരത്തില്‍ നടത്തിയ ഒരു സര്‍വ്വെയില്‍ ജൂത വംശത്തില്‍പെട്ട ഒരു ലക്ഷം വനിതകളില്‍ മൂന്ന് പേര്‍ക്ക് മാത്രം ഗര്‍ഭാശയമുഴ ക്യാന്‍സര്‍ പിടിപെട്ടതായി കണ്ടപ്പോള്‍ നീഗ്രോ വംശജരായ സ്ത്രീകളില്‍ ഒരു ലക്ഷത്തിന് 47 പേരാണ് ഈ രോഗത്തിന് വിധേയരായതെന്നും, ജൂത വംശജരായ പുരുഷന്‍മാര്‍ പരിഛേദനം നടത്തുന്നതാണ് അവരുടെ ഭാര്യമാരില്‍ ഗര്‍ഭാശയമുഴ ക്യാന്‍സര്‍ കുറഞ്ഞിരിക്കുന്നതെന്നും തൃശ്ശൂരിലെ അമല ക്യാന്‍സര്‍ ഹോസ്പിറ്റലിലെ ഡോ.സി.ഡി.ജോസഫ് പറയുന്നു. (1983 ഡിസംബര്‍ ലക്കം വനിത മാസിക)

എയ്ഡ്സ് രോഗവുമായി ബന്ധപ്പെട്ട് അഗ്രചര്‍മഛേദനത്തെക്കുറിച്ച് ആസ്ട്രേലിയന്‍ ഡോക്ടര്‍മാര്‍ നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടില്‍ പുരുഷ ലിംഗം വഴിയാണ് എച്.ഐ.വി വൈറസുകള്‍ സാധാരണ സംക്രമിക്കുന്നതെന്നും ചേലാകര്‍മം നടത്തിയ പുരുഷന്‍മാരില്‍ വൈറസ് സംക്രമണ സാധ്യത രണ്ട് മുതല്‍ എട്ട് വരെ മടങ്ങ് കുറവാണെന്നും കണ്ടെത്തിയതായി പറയുന്നു. അതിനാല്‍ എയ്ഡ്സ് ബാധ തടയുന്നതിന് ഫലപ്രദമായ മാര്‍ഗമായി ചേലാകര്‍മത്തെ സ്വീകരിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

എയ്ഡ്സ് കൂടുതല്‍ ബാധിച്ചിട്ടുള്ള എല്ലാ രാജ്യങ്ങളിലും പ്രതിരോധ മാര്‍ഗമെന്ന നിലയില്‍ ചേലാകര്‍മം ഗൗരവമായി പരിഗണിക്കേണ്ടതാണെന്നാണ് മെല്‍ബണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ റോജര്‍ ഷോര്‍ട്സ് പറയുന്നത്. എയ്ഡ്സ് വൈറസിനെ പ്രതിരോധിക്കുന്നതിലുള്ള അതിന്റെ കഴിവ് പ്രകടമാവുന്നത് 15-20 വയസ്സുകളിലാണ്. അതിനാല്‍ പല മുസ്്ലിം സമൂഹങ്ങളിലും നടപ്പുള്ളത് പോലെ കൗമാത്തിലോ, ബാല്യത്തിലോ ചേലാകര്‍മം നിര്‍വഹിക്കുന്നതാണ് കൂടുതല്‍ ഫലപ്രദമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

പുരുഷന്‍മാര്‍ക്ക് എച്ച്.ഐ.വി ബാധിക്കുന്നതില്‍ നിന്നും, അത് സ്ത്രീകളിലേക്ക് പകരുന്നതില്‍ നിന്നും സംരക്ഷണം നേടാന്‍ സുന്നത്ത് കര്‍മം സഹായിക്കുന്നതായി ദക്ഷിണാഫ്രിക്കയിലെ ദര്‍ബാറില്‍ ഈയിടെ നടന്ന 13-ാമത് അന്താരാഷ്ട്ര എയ്ഡ്സ് കോണ്‍ഫറന്‍സില്‍ അമേരിക്കന്‍ ഗവേഷകര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. ബെല്‍ജിയത്തിലെ ശാസ്ത്രജ്ഞ ആനിബുവേ, തദ്സംബന്ധമായ തന്റെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എച്ച്.ഐ.വി പടരുന്നതിനെതിരെ സുന്നത്ത് കര്‍മം പ്രചരിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി (മാധ്യമം: 2000 ജൂലായ് 12)
ഇത്രയും ഗുണഫലങ്ങള്‍ ലഭ്യമാകുന്ന ചേലാകര്‍മം നിരോധിക്കണമെന്ന ചിലരുടെ വിതണ്ഡവാദം അര്‍ഹിക്കുന്ന അവജ്ഞതയോടെ കോടതി തള്ളിക്കളഞ്ഞതില്‍ അത്ഭുതമുണ്ടോ ?

Related Articles