Current Date

Search
Close this search box.
Search
Close this search box.

ഭാര്യ-ഭര്‍തൃ ബന്ധം: പുന:വിചിന്തനം അനിവാര്യം

family.jpg

പെട്ടെന്നാണ് മഴ ആരംഭിച്ചത്. മഴ ശക്തമായതു കൊണ്ട് വണ്ടിയുമായി മുന്നോട്ടു പോകാനേ കഴിഞ്ഞില്ല. അടുത്ത് കണ്ട കടയിലേക്ക് കയറി നിന്നു. മഴയുടെ ശക്തി കൂടി വരികയാണ്. വെറുതെ മുഖപുസ്തകത്തിലേക്ക് തിരിഞ്ഞു. ഒരേ സമയം ഒരേ പോലെയുള്ള ഒന്നിലധികം വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. വിഷയം കാമുകിയും ഭാര്യയും ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചത് തന്നെ. അതും പല സ്ഥലത്തു നിന്നാണ് ഒരേ സമയത്തു വാര്‍ത്ത വരുന്നത്. ചുരുക്കത്തില്‍ ഇതൊരു പകര്‍ച്ചവ്യാധിയായി മാറുന്നു എന്നതാണ് സത്യം.

ലോകത്തിലെ അതി ശക്തമായ ബന്ധങ്ങളില്‍ ഒന്നാണ് ഇണകള്‍ എന്ന ബന്ധം. വസ്ത്രം പോലെ ഒട്ടിനില്‍ക്കുന്ന ബന്ധം. ആരുമില്ലാത്ത അവസ്ഥയില്‍ നിന്നും എല്ലാം ആയിത്തീരുന്നു അവസ്ഥ. കുടുംബ ബന്ധത്തിന്റെ ആണിക്കല്ല് ഈ ബന്ധമാണ്. നാം പുറം നാടുകളില്‍ നിന്നും കേട്ട് കൊണ്ടിരുന്ന വാര്‍ത്തകള്‍ ഇന്ന് നമ്മുടെ വീടുകളില്‍ നിന്നും കേട്ട് തുടങ്ങുന്നു. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയേയും ശരിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഇന്നൊരു പുതുമയല്ല. മൂന്നും നാലും മക്കളുള്ള സ്ത്രീകള്‍ കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു കളയുന്ന വാര്‍ത്തകള്‍ക്കും ഇന്ന് പുതുമയില്ല. സ്വന്തം കൈ കൊണ്ട് ഭര്‍ത്താവിനെ അറുത്തു കൊല്ലാന്‍ മാത്രം ചങ്കൂറ്റം സ്ത്രീകള്‍ നേടിയിരിക്കുന്നു. കഴിഞ്ഞ ദിവസം ഇത്തരം വാര്‍ത്തകള്‍ നാടിന്റെ പല ഭാഗത്തു നിന്നും റിപ്പോര്‍ട് ചെയ്തിരുന്നു.

എങ്ങിനെയാണ് സ്‌നേഹിക്കാന്‍ ഒരാളുണ്ടായിരിക്കെ കാമുകന്‍ കയറി വരുന്നത് എന്നത് ഒരു പഠന വിഷയമാണ്. ഒരേ സമയം രണ്ടു പേരെ സ്‌നേഹിക്കാന്‍ സ്ത്രീക്ക് കഴിയില്ല എന്നാണു പറയാറ്. കുടുംബ ബന്ധങ്ങളില്‍ നിന്നും സ്‌നേഹം പടിയിറങ്ങി പോകുന്നതാണോ കാരണം എന്ന് കൂടി പരിശോധിക്കണം. സ്‌നേഹം വിശ്വാസം വിശ്വസ്തത എന്നിവ ധാരാളമായി ഉണ്ടാകേണ്ട ഒന്നാണ് കുടുംബം. കേവലം ലൈംഗികത മാത്രമായി ബന്ധങ്ങള്‍ ചുരുങ്ങുമ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്ത പലതും സംഭവിക്കും.

സമൂഹങ്ങള്‍ തകരാനുള്ള മുഖ്യ കാരണങ്ങളിലൊന്ന് കുടുംബ ബന്ധങ്ങളിലെ തകര്‍ച്ചയാണ്. പിശാച് ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയിലെ തകര്‍ച്ച കാണുമ്പോഴാണ് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഭാര്യയും ഭര്‍ത്താവും എന്ന രണ്ടു ശക്തികളുടെ കൂടിച്ചേരലാണ് കുടുംബത്തിന്റെ ആണിക്കല്ല്. ആണിക്കല്ല് ഇളകിയാല്‍ പിന്നെ ആ വഞ്ചി അധികം മുന്നോട്ട് പോകില്ല. ചെറിയ ഓളങ്ങള്‍ പോലും അതിനെ ബാധിക്കും. അതാണ് ഇന്ന് നടക്കുന്നതും. 35 കൊല്ലം ഒന്നിച്ചു ജീവിച്ചവര്‍ പരസ്പരം പിരിയുന്ന യാഥാര്‍ത്ഥ്യം നാം കണ്ടു കൊണ്ടിരിക്കുന്നു.

കുടുംബ ബന്ധം ചങ്ങല പോലെയാണ്. ഒന്നിച്ചു നിന്നാല്‍ അതിനു ഭയങ്കര ശക്തിയാണ്. മറ്റു പലതിനെയും അത് ഉപയോഗിച്ച് തളക്കാം. അത് പൊട്ടിപ്പോയാല്‍ പിന്നെ ഒരു ഭാരമാണ്. അങ്ങിനെയാണു കുടുംബവും ജീവിതവും പലര്‍ക്കും ഒരു ഭാരമാകുന്നത്.
കുടുംബ ബന്ധങ്ങളുടെ കാര്യത്തില്‍ മലയാളി പുനര്‍വിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മക്കള്‍ ഒരു വഴിക്ക് മാതാവ് മറ്റൊരു വഴിക്ക് പിതാവ് വേറെ വഴിക്കും എന്നത് കുടുംബത്തില്‍ സംഭവിക്കാന്‍ പാടില്ല. തകര്‍ന്നടിയുന്ന കുടുംബ ബന്ധങ്ങള്‍ കാര്യമായി പരിഗണിച്ചില്ലെങ്കില്‍ നാം അനുഭവിക്കേണ്ടി വരുന്ന ദുരന്തം വലുതാകും. പ്രവാചക കാലത്തെ ജൂതരെ കുറിച്ച് പറഞ്ഞപ്പോള്‍ ഖുര്‍ആന്‍ പറഞ്ഞത് ‘അവര്‍ അല്ലാഹു കൂട്ടിച്ചേര്‍ക്കാന്‍ പറഞ്ഞത് പൊട്ടിച്ചു കളഞ്ഞു’ എന്നാണ്. പൊട്ടിയ മുറിവിലേക്ക് ചലം കയറി വരാന്‍ എളുപ്പമാണ് എന്ന്കൂടി നാം ഓര്‍ക്കാതെ പോകരുത്.

Related Articles