Current Date

Search
Close this search box.
Search
Close this search box.

പുതിയ സംരംഭം തുടങ്ങുന്നവര്‍ ശ്രദ്ധിക്കൂ…

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധിയാളുകളാണ് ഇന്ന് കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ നിന്നും രാജിവെച്ച് സ്വന്തം ബിസിനസുകള്‍ ആരംഭിക്കുന്നത്. സ്വന്തമായി സംരഭങ്ങള്‍ തുടങ്ങണമെന്നാണ് പലരുടെയും ആഗ്രഹം. എന്നാല്‍ സാഹസം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ആവേശകരവും വെല്ലുവിളി നിറഞ്ഞതുമാകും. പുതുതായി ബിസിനസ് തുടങ്ങാനിരിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വായിക്കാം…

1. നിങ്ങള്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം ലഭിക്കില്ല

പലരും വിചാരിക്കുക സ്വന്തമായി ബിസിനസ് ആരംഭിച്ചാല്‍ ആവശ്യത്തിന് സ്വാതന്ത്ര്യം ലഭിക്കും എന്നാണ്. എന്നാല്‍ ചിലരുടെ കാര്യത്തില്‍ ഇതില്‍ മാറ്റം വരാം. നിങ്ങളുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാകും ഇക്കാര്യത്തില്‍ മാറ്റം വരിക. കഠിനമായി പ്രവര്‍ത്തിക്കുക എന്നതിലല്ല കാര്യം, ബുദ്ധിപരമായി പ്രവര്‍ത്തിക്കുക എന്നതിലാണ്. കഴിയുന്നതും പരസഹായം തേടാതെ സ്വന്തമായി ചെയ്യുക. ആവശ്യമുള്ളപ്പോള്‍ മറ്റുള്ളവരുടെ സഹായം തേടുക.

2. ഭയം എന്നത് സത്യമാണ്

പല തരത്തിലുള്ള ഭയമുണ്ട്. ബിസിനസില്‍ പണം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന ഭയം, സംരഭം പരാജയപ്പെടുമോ എന്ന ഭയം. നിങ്ങള്‍ ആരംഭിക്കുന്ന സംരംഭം നിങ്ങളുടെ നിലവിലെ ജോലിയെക്കാള്‍ സമ്മര്‍ദ്ദം കുറവാണോ എന്ന് പരിശോധിക്കുക. നിങ്ങള്‍ ബിസിനസ് തുടങ്ങിയതിന്റെ ആവശ്യകതയെക്കുറിച്ച് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഭയം മറികടക്കാനുള്ള വഴി.

3. ആത്മാര്‍ത്ഥത

ബിസിനസ് വിജയിക്കണമെങ്കില്‍ നിങ്ങള്‍ അതില്‍ ആത്മാര്‍ത്ഥത കാണിക്കണം. നിങ്ങളുടെ വ്യക്തിത്വ വികസനത്തിന്റെ കാര്യത്തിലും ആത്മാര്‍ത്ഥത വേണം. ബിസിനസിന്റെ ഭാവിയെക്കുറിച്ച് ആത്മാര്‍ത്ഥമായി പഠിച്ചു മനസ്സിലാക്കുക. ഇതിനായുള്ള ശില്‍പശാലകളില്‍ പങ്കെടുക്കുക,പുസ്തകങ്ങള്‍ വായിക്കുക,ഓണ്‍ലൈന്‍ ക്ലാസുകള്‍ ശ്രദ്ധിക്കുക,ഈ മേഖലയിലുള്ള സുഹൃത്തുക്കളോടും ബന്ധുക്കളോടും ഉപദേശം തേടുക.

4. ഒറ്റപ്പെടല്‍

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരു പക്ഷേ നിങ്ങള്‍ ഒറ്റപ്പെട്ടേക്കാം. ഒറ്റയ്ക്ക് ജോലി ചെയ്യേണ്ടി വരും.നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് നിങ്ങളുടെ സുഹൃത്തുക്കള്‍ മനസ്സിലാക്കിയെന്ന് വരില്ല. നിങ്ങളുടെ അതേ പ്രശ്‌നങ്ങള്‍ നേരിടുന്നവരോട് കാര്യങ്ങള്‍ തുറന്നു പറയുക. അവര്‍ക്ക് നിങ്ങളെ സഹായിക്കാനാകും.

5. ബന്ധങ്ങളില്‍ ബുദ്ധിമുട്ട് നേരിട്ടേക്കാം

നിങ്ങളുടെ ഏറെ പ്രിയപ്പെട്ടവരുമായി കുറഞ്ഞ സമയമേ ചിലപ്പോള്‍ നിങ്ങള്‍ക്ക് ചിലവഴിക്കാന്‍ കഴിയൂ. അവരെ കാണുമ്പോഴെല്ലാം നിങ്ങള്‍ക്ക് ബിസിനസിനെ കുറിച്ചേ സംസാരിക്കാനുണ്ടാകൂ. നിങ്ങളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ മാത്രമാകും ഈ സമയം ഒപ്പമുണ്ടാവുക. അവര്‍ക്കു വേണ്ടി സമയം മാറ്റി വെക്കാന്‍ ശ്രമിക്കുക.

6. ആരോഗ്യം ത്യജിക്കേണ്ടി വരും

ദീര്‍ഘനേരമുള്ള ജോലികള്‍,സമയത്തിന് ഭക്ഷണം ലഭിക്കാതിരിക്കുക,ഉറക്കക്കുറവ് ഇവയെല്ലാം നിങ്ങള്‍ നേരിട്ടേക്കാം. ജോലി പ്രധാനപ്പെട്ടത് തന്നെ, എന്നാല്‍ അതിനെക്കാള്‍ പ്രധാനപ്പെട്ടതാണ് നിങ്ങളുടെ ആരോഗ്യം എന്ന ബോധം വേണം. അല്ലെങ്കില്‍ നിങ്ങളുടെ ബിസിനസും ജീവിതവും പ്രയാസത്തിലാകും.

7. ചിലവുകള്‍

മിക്ക ബിസിനസുകളും ആദ്യത്തെ രണ്ടു വര്‍ഷത്തിനുള്ളില്‍ തകരാനുള്ള കാരണം പണമിടപാടില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളാകും. തുടക്കത്തിലുള്ള ഭീമമായ ചിലവ് അവര്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ ഒതുങ്ങാത്തതാണ് പലരുടെയും പ്രശ്‌നം.

8. ക്ഷമ കൈകൊള്ളുക

‘എനിക്ക് എല്ലാം ഇപ്പോള്‍ തന്നെ ചെയ്യണം ‘ എന്നുള്ള വാശി നിങ്ങളെ നശിപ്പിക്കും. പരാജയപ്പെടും എന്ന ഭയം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവ നിങ്ങളെ പിന്നോട്ടടുപ്പിക്കും. അങ്ങനെ വന്നാല്‍ ഒരു മെന്ററിന്റെയോ കൗണ്‍സിലറുടെയോ സഹായം തേടുക.

9. സ്വയം പ്രചോദനമേകുക

നിങ്ങളുടെ ജോലിയെക്കുറിച്ച് നല്ലതു പറയാന്‍ ആരുമില്ലെങ്കിലോ കാര്യങ്ങള്‍ നല്ല നിലയിലല്ലെങ്കില്‍ പിന്തുണ നല്‍കാനോ ആരുമില്ലെങ്കില്‍ നിങ്ങള്‍ തന്നെ മനസ്സിന് സ്വയം പ്രചോദനം നല്‍കുക. നിങ്ങളുടെ ബോസ് അപ്പോള്‍ നിങ്ങളാവുക. ഇത് നിങ്ങള്‍ക്ക് മാറ്റം വരുത്താന്‍ സഹായകമാകും.

അവലംബം:alarabiya.net
വിവര്‍ത്തനം: സഹീര്‍ വാഴക്കാട്

Related Articles