മനുഷ്യ ജീവി എന്ന അര്‍ത്ഥത്തില്‍ നമ്മെ എല്ലാവരെയും പലവിധത്തിലുള്ള സമ്മര്‍ദങ്ങള്‍ അലട്ടാറുണ്ട്. സ്‌കൂള്‍,ഓഫിസ്,വീട് തുടങ്ങി വിവിധ മേഖലകളില്‍ നിന്നെല്ലാം മാനസികമായും ശാരീരികമായും വിവിധ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നാം നേരിടാറുണ്ട്. നമ്മള്‍ നേരിടുന്ന സമ്മര്‍ദങ്ങള്‍ കുറക്കാന്‍ നിരവധി വഴികളുണ്ട്. അവയില്‍ ചിലതാണ് താഴെ.
1. ജോലിക്കിടെ ഇടവേള നല്‍കുക. അത് കോഫിയോ ചായയോ കുടിക്കാന്‍ വേണ്ടിയോ ടോയ്‌ലെറ്റില്‍ പോകാന്‍ വേണ്ടിയോ ഫോണ്‍ വിളിക്കാന്‍ വേണ്ടിയോ ഒക്കെ ആവാം. നിലവിലുള്ള സ്ഥലത്ത് നിന്നും ഒന്നു പുറത്തിറങ്ങി മനസ്സും തലയും ഒന്ന് റീഫ്രഷ് ചെയ്യുക. അത് കുറച്ച് സമയം ആയാലും മതി.
2. സിംപിള്‍ ആയി ചെയ്യാവുന്ന ഒന്നാണിത്. ശ്വാസം ഉള്ളിലേക്ക് എടുക്കുകയും സാവധാനം വിടുകയും ചെയ്യുക. അമിതമായി മാനസിക സമ്മര്‍ദ്ദം നേരിടുന്ന സമയത്ത് ഇങ്ങനെ ചെയ്താല്‍ അല്‍പം ആശ്വാസം ലഭിക്കും.
3. നേരത്തെ എഴുന്നേല്‍ക്കുക- രാവിലെ നേരത്തെ എഴുന്നേല്‍ക്കുകയും നേരത്തെ ജോലിക്കു പോകുന്നതും ശീലമാക്കുക. അതിനാല്‍ തന്നെ മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് സമയം ലഭിക്കും. മുസ്ലിംകള്‍ക്ക് ഇത് പതിവാക്കാന്‍ എളുപ്പമാണ്. സുബ്ഹിക്ക് പള്ളിയില്‍ പോകാന്‍ എഴുന്നേല്‍ക്കാറുണ്ട്. വലതുകാല്‍ വെച്ച് അന്നത്തെ ദിവസം തുടങ്ങുക. ഇത് ഒരു ദിവസം പ്രാര്‍ത്ഥനയോടെ തുടങ്ങുന്നതിനും സഹായിക്കുന്നു.
4. ഉച്ച ഭക്ഷണത്തിന് കൃത്യസമയം പാലിക്കുക- ഇന്ന് ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന ഒന്നാണ് കൃത്യ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക എന്നത്. ഏതു സമയവും കംപ്യൂട്ടറിനു മുന്നില്‍ നില്‍ക്കുന്നവരാണ് ഇതില്‍ അശ്രദ്ധ വരുത്തുന്നത്. അതിനാല്‍ ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക. ഉച്ചക്കുള്ള ഇടവേള മാനസികമായും ശാരീരികമായും ലഭിക്കുന്ന ഒരിടവേള കൂടിയാണ്.
5. നടത്തം- ഇടവേളകളില്‍ അല്‍പം നടക്കാന്‍ ശ്രമിക്കുക. ഇത് കൈകാലുകളും മനസ്സും റിലാക്‌സ് ആവാന്‍ ഉപകരിക്കുന്നു.
6. നോ പറയാന്‍ തയാറാകുക- അതായത് ആവശ്യമുള്ളിടത്ത് നോ പറയാന്‍ നാം മടി കാണിക്കരുത്. അങ്ങിനെ ചെയ്യാത്തതാണ് പലപ്പോഴും സമ്മര്‍ദ്ദങ്ങള്‍ ഇരട്ടിയാകാനുള്ള കാരണം. നിങ്ങളുടെ മനസ്സിനെ കത്തിച്ചു കളയുന്ന കാര്യത്തിലേക്ക് നിങ്ങള്‍ കടക്കരുത്. ഒന്നിലധികം പരിപാടികള്‍ ഒരേസമയം വരുമ്പോള്‍ ആവശ്യമില്ലാത്തതില്‍ നിന്നും മാറി നില്‍ക്കുക. എല്ലാം ഏറ്റെടുക്കേണ്ടതില്ല. എന്തിനാണോ മുന്‍ഗണന നല്‍കേണ്ടത് എന്ന് മനസ്സിലാക്കുക. കാരണം നിങ്ങളുടെ മാനസികാരോഗ്യം വളരെ പ്രധാനമാണ്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ക്ക് നിങ്ങള്‍ അധികം സമ്മര്‍ദ്ദം നല്‍കേണ്ടതില്ല.
അവലംബം: sisters-magazine.com
വിവ: സഹീര്‍ വാഴക്കാട്