Current Date

Search
Close this search box.
Search
Close this search box.

നോമ്പിന്റെ ആരോഗ്യ വശങ്ങൾ

ഈ അടുത്ത കാലത്തൊന്നും നാം അനുഭവിച്ചിട്ടില്ലാത്ത വിധം കൊറോണ വൈറസ് എന്ന മഹാമാരി ലോക വ്യാപകമായി ലക്ഷക്കണക്കിന് ആളുകളുടെ ജീവന് ഭീഷണി സൃഷ്ടിച്ച ഭീകരമായ ഒരു സാഹചര്യത്തിലാണ് ഇത്തവണ പരിശുദ്ധ രമദാൻ മാസത്തെ നാം വരവേൽക്കുന്നത്. അധിക നാടുകളും – അറബ് ഇസ്‌ലാമിക് നാടുകൾ അടക്കം – ലോക് സൗണിലാണ്‌, വൈറസ് വ്യാപനം തടയാൻ എല്ലാവരും സാമൂഹിക അകലം പാലിച്ച് ക്വാറന്റൈനിൽ കഴിയുന്നു. സ്വാഭാവികമായും അതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങൾ മുൻ നിർത്തി പള്ളികൾ അടക്കുകയും ജമാഅത്ത് നമസ്കാരങ്ങൾ നിർത്തിവെക്കുകയും ചെയ്തിരിക്കുന്നു. അതേ സമയം പലരും അവസരം മുതലെടുത്ത് കൊറോണ കാരണം നോമ്പ് നിർബന്ധമില്ല എന്ന നിലക്കുള്ള ചർച്ചകൾ വരെ നടത്തുകയും മറ്റു പലരും അതിന്റെ ഗുണ വശങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. സത്യത്തിൽ റമദാൻ വ്രതം നമ്മുടെ പ്രതിരോധ ശേഷി വർധിപ്പിക്കുമോ അല്ല പ്രശ്നങ്ങൾ ഉണ്ടാക്കുമോ ?

Also read: കൊറോണ കാലത്തെ വിശുദ്ധ റമദാൻ; ഇഅ്തികാഫ് വീട്ടിലിരിക്കാമോ?

നോമ്പും പ്രതിരോധ ശേഷിയും

നോമ്പ് മനുഷ്യശരീരത്തിന് സുരക്ഷാ കവചവും ആത്മാവിന് സംസ്കരണവുമാണ്. അതിന്റെ ശാരീരികവും മാനസികവുമായ ഗുണഫലങ്ങൾ ഒത്തിരിയാണ്. അതിൽ പലതും ശാസ്ത്രം ഇന്നു കണ്ടെത്തി കൊണ്ടിരിക്കുകയുമാണ്‌. മനുഷ്യ ശരീരത്തിലെ ഗ്രന്ഥികൾ, ആമാശയം, പ്ലീഹ, കിഡ്നി, കെണിപ്പുകൾ, ഹൃദയം, തൊലി, പ്രമേഹം, രക്ത ഗ്രന്ഥികൾ, അണു നശീകരണം, പ്രത്യേകിച്ച് കരൾ എന്നീ അവയവങ്ങൾക്കെല്ലാം പ്രത്യേകം ഗുണം ചെയ്യുന്നതാണ് വ്രതാനുഷ്ഠാനം. അതോടൊപ്പം വൈറസ്, ബാക്ടീരിയ ശക്തികളെ തടഞ്ഞ് ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാനും വ്രതാനുഷ്ഠാനം സഹായിക്കും. വ്രതാനുഷ്ഠാനത്തിലൂടെ ലഭിക്കുന്ന മറ്റൊരുപകാരം ലിംഫോസൈറ്റുകളുടെ പ്രവർത്തന സൂചിക പത്തിരട്ടി വർധിപ്പിക്കാനും പ്രതിരോധ ശേഷി സെല്ലുകളുടെ എണ്ണം വർധിപ്പിക്കാനും ചില ആന്റി ബയോട്ടിക്കുകളുടെ ക്ഷമത ഇരട്ടിപ്പിക്കാനും മെന്റൽ പ്രോട്ടീനുകളുടെ വർധനവിന്റെ ഫലമായി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും സഹായിക്കും എന്നതാണ്. ഇതിനൊക്കെ പുറമേ ഏറ്റവും പ്രധാനമായി നോമ്പ് പകർന്നു നൽകുന്ന ആത്മീയോർജം ഏതു ബാഹ്യ പ്രതിസന്ധികളെയും നേരിടാൻ ഉതകുന്ന തരത്തിലുള്ള ആത്മശക്തി നൽകുകയും പ്രതിരോധ ശേഷി വർധിപ്പിക്കുന്ന തരത്തിൽ മനശാന്തി നൽകുകയും ചെയ്യുന്നു. ഇത്രമേൽ എണ്ണമറ്റ ഒരുപാട് ആരോഗ്യ ഫലങ്ങളുള്ള വ്രതാനുഷ്ഠാനം ഒരുപാട് ശാസ്ത്രജ്ഞരുടെ ഗവേഷണങ്ങൾക്ക് വിധേയമായിട്ടുള്ളതുമാണ്. പ്രമുഖ അമേരിക്കൻ ഭിഷഗ്വരൻ മാക് ഫാടോൺ പറയുന്നു: രോഗിയല്ലെങ്കിൽ പോലും ഓരോ മനുഷ്യനും നോമ്പ് അനുഷ്ഠിക്കൽ ആരോഗ്യപരമായി ആവശ്യമാണ്. കാരണം ഒരാൾ നിത്യേന കഴിക്കുന്ന ആഹാരത്തിന്റെ വിഷാംശങ്ങൾ ശരീരത്തിൽ ഒരു വശത്ത് അടിഞ്ഞു കൂടുകയും ശരീരഭാരം വർധിച്ച് ഊർജ്ജത്തിനു ഭംഗം വരുത്തി ഒരാൾ രോഗിയാക്കി മാറുകയും ചെയ്യും. ഇനി നോമ്പനുഷ്ഠിക്കുന്നതോടെ അവന്റെ ഭാരം കുറഞ്ഞ് ഈ വിഷാംശങ്ങൾ ശരീരത്തിൽ നിന്ന് ഒഴിഞ്ഞു പോവുകയും ചെയ്യും. പിന്നീട് ശരീരത്തിലെ സെല്ലുകൾ പുതുരൂപം പ്രാപിക്കുകയും നോമ്പ് അവസാനിച്ച ശേഷം വെറുമൊരു ഇരുപത് ദിവസത്തിനകം തന്നെ തടി വീണ്ടെടുക്കാനും മുമ്പെങ്ങും അനുഭവിച്ചിട്ടില്ലാത്ത വിധം ഊർജം അനുഭവിക്കാനും ഒരാൾക്ക് സാധിക്കും. റഷ്യൻ പ്രൊഫസർ നിക്കോളാസ് ബൽവി അദ്ദേഹത്തിന്റെ ‘ ആരോഗ്യത്തിന് വേണ്ടി വിശക്കാം ‘ എന്ന പുസ്തകത്തിൽ പറയുന്നു: “ജീവിത കാലം മുഴുവൻ നല്ല ആരോഗ്യം ആഗ്രഹിക്കുന്ന ഒരാൾ എല്ലാ വർഷവും നാലു ആഴ്ചയെങ്കിലും ഭക്ഷണം നിയന്ത്രിച്ച് വ്രതാനുഷ്ഠാനം നടത്തേണ്ടതുണ്ട്”.

Also read: സംവാദത്തിന്റെ തത്വശാസ്ത്രം -ഏഴ്

മുകളിൽ പറയപ്പെട്ട ആരോഗ്യ രഹസ്യങ്ങളെ മുഴുവൻ പരിശുദ്ധ നബി തങ്ങൾ തന്റെ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു വെച്ചിട്ടുണ്ട്: ‘നിങ്ങൾ ആരോഗ്യം ആഗ്രഹിക്കുന്നുവെങ്കിൽ നോമ്പനുഷ്ഠിക്കുക”. നോമ്പിന്റെ ആരോഗ്യപരവും ആത്മീയവുമായ ഉപകാരങ്ങൾ പകൽ വെളിച്ചം പോലെ വ്യക്തമാണെങ്കിലും അപ്പോഴും കൃത്യമായ ശാസ്ത്രീയ പിൻബലമോ തെളിവുകളോ ഇല്ലാതെ നോമ്പിന്റെ ദോഷങ്ങൾ എന്ന പേരിൽ പലതും പടച്ചു വിടാൻ ശ്രമിക്കുന്ന പലരെയും കാണാം. മനുഷ്യന്റെ തൊണ്ട എപ്പോഴും നനഞ്ഞിരിക്കണമെന്നും എപ്പോഴും ഭക്ഷണങ്ങൾ കഴിച്ച് അതിനെ പുഷ്ടിപ്പെടുത്തണമെന്നുമുള്ള വർത്തമാനങ്ങൾ ഇതിന്റെ ഭാഗമായാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ആകാശ ലോകത്ത് നിന്ന് വന്ന വിശുദ്ധ ദൈവിക നിയമത്തിന്റെ സാധുതയെ യാതൊരു കാര്യവുമില്ലാതെ എതിർത്ത് വില കുറച്ചു കാണിക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. അല്ലാഹു പറയുന്നു: ഹേ സത്യവിശ്വാസികളേ, പൂര്‍വിക സമൂഹങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍. ഇനി നിങ്ങളിലൊരാള്‍ രോഗിയോ യാത്രക്കാരനോ ആയിരുന്നാല്‍ അത്രയെണ്ണം മറ്റുദിനങ്ങളിലനുഷ്ഠിക്കണം. സാഹസപ്പെട്ടുമാത്രമേ വ്രതാനുഷ്ഠാനത്തിന്നാവൂ എന്നുള്ളവര്‍ പകരം ഒരു ദരിദ്രനുള്ള ഭക്ഷണം പ്രായശ്ചിത്തം നല്‍കണം. ഇനിയൊരാള്‍ സ്വമേധയാ നന്മ ചെയ്താല്‍ അതവന്ന് ഗുണകരമാണ്. കാര്യബോധമുള്ളവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതു തന്നെയാണ് നിങ്ങള്‍ക്കുത്തമം. മാനുഷ്യകത്തിന്നു വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാര്‍ഗ ദര്‍ശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളും ആയി ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണു റമദാന്‍. അതുകൊണ്ട് നിങ്ങളാരെങ്കിലും ആ മാസം നാട്ടിലുണ്ടെങ്കില്‍ വ്രതമനുഷ്ഠിക്കണം. ഒരാള്‍ രോഗിയോ യാത്രക്കാരനോ ആയാല്‍ മറ്റു ദിനങ്ങളില്‍ അത്രയുമെണ്ണം തികക്കട്ടെ. നിങ്ങള്‍ക്കു ആശ്വാസമാണ്, ഞെരുക്കമല്ല അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ എണ്ണം പൂര്‍ത്തീകരിക്കാനും, നേര്‍മാര്‍ഗത്തിലാക്കിയതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്ത്വം വാഴ്ത്തുവാനും, കൃതജ്ഞത പ്രകാശിപ്പിക്കാനുമാണ് ഈ ശാസനം.( ബഖറ 183- 185) .

Also read: രണ്ട്‌ ഫിലിമുകൾ

കൊറോണ കാലത്തെ നോമ്പ്

നമ്മിൽ ചിലരെയെങ്കിലും റമദാൻ വ്രതം അനുഷ്ഠിക്കാതിരിക്കാൻ കാരണങ്ങൾ തിരഞ്ഞു നടക്കുന്നവരായി കാണാം. അതേ സമയം തന്നെ ഈ പരിശുദ്ധ മാസത്തിൽ ടെലിവിഷനുകളിൽ പ്രദർശിപ്പിക്കപ്പെടുന്ന വീഡിയോകൾ എന്തായാലും അതിനെ ഈ മാസത്തിന്റെ പേരിൽ പുണ്യമായി കാണുന്ന മുതലെടുപ്പ് കാരുമാണവർ. വിശുദ്ധ റമദാനിലെ പരിശുദ്ധി കളഞ്ഞുകുളിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി അതിന്റെ ആത്മസത്തയെ ചോർത്തുകയാണ് അവർ ചെയ്യുന്നത്. ആത്മാവിന്റെ ശുദ്ധീകരണത്തിനും ശരീരത്തിന്റെ നിയന്ത്രണത്തിനും ദൈവം ഒരുക്കിയ മാസം അശ്രദ്ധയുടെയും ഉറക്കിന്റെയും മാസമാക്കി മാറ്റി അവർ. വിശുദ്ധ ഖുർആൻ അവതീർണമായതും മുസ്‌ലിംകൾക്ക് അതുല്യമായ ഒത്തിരി വിജയങ്ങൾ സാധ്യമായതും ഈ മാസത്തിലാണ്. ദൗർഭാഗ്യകരമെന്നോണം പരിശുദ്ധിയുടെ ഈ മാസം തിന്മകളുടെ സീസണാക്കി പലരും മാറ്റുന്നു എന്നതാണ് സത്യം. അതിനു വേണ്ടിയുള്ള ഒരുക്കം ഭക്ഷണ പാനീയങ്ങൾ ഒരുക്കുന്നതിൽ മാത്രമായി ചുരുങ്ങി. റമദാൻ വ്രതം അവസാനിക്കുമ്പോൾ ആമാശയ സംബന്ധിയായ രോഗങ്ങൾ, പ്രമേഹം, ബ്ലഡ് പ്രഷർ വർധനവ്, തൂക്കം ക്രമാതീതമായി കൂടുക തുടങ്ങിയ രോഗങ്ങൾ വാങ്ങി കൂട്ടാൻ മാത്രമുള്ള ഒന്നായി ഇതിനെ കണ്ട് തുടങ്ങി. റമദാൻ മാസം അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങൾ മറന്നു പോയവർക്ക് ഇത്തവണ കൊറോണ ഒരു ഉണർത്തു പാട്ടാണ് എന്നു മനസ്സിലാക്കാം. കൊറോണ നമ്മെ അല്ലാഹുവിൻറെ ഭവനങ്ങളിൽ നിന്ന് അകറ്റി നമ്മുടെ ഭവനങ്ങൾ തന്നെ സംസ്കരിച്ച് ആരാധനാ യോഗ്യമാക്കാൻ പഠിപ്പിച്ചു. നമ്മുടെ മുൻഗണനാക്രമങ്ങളെ തീരുമാനിക്കാനും പഴയ മനുഷ്യത്വത്തിന്റെ പാഠങ്ങൾ പൊടിതട്ടിയെടുക്കാനും പഠിപ്പിച്ചു. അങ്ങനെയാണ് കൊറോണ കാലത്ത് നോമ്പ് അനുഷ്ഠിക്കാൻ നമുക്ക് അവസരം കൈ വന്നതും. ഇതൊരു പ്രയാസമോ പരീക്ഷണമോ അല്ല, മറിച്ച് നാഥനിലേക്ക് കൂടുതൽ അടുത്ത് സൽവൃത്തരാവനുള്ള അവസരമാണ്.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles