Current Date

Search
Close this search box.
Search
Close this search box.

പ്ലാസ്റ്റിക് സര്‍ജറി; ഒരു കര്‍മശാസ്ത്രവായന

ഗ്രീക്ക് ഭാഷയിലെ ‘പ്ലാസ്റ്റിക്’ എന്ന പദം ‘രൂപപ്പെടുത്തുക’ എന്നര്‍ഥം നല്‍കുന്നു. ശരീരാവയവം പുനര്‍സ്ഥാപിക്കല്‍, പുനര്‍നിര്‍മാണം, മാറ്റങ്ങള്‍ വരുത്തല്‍ എന്നിവയാണ് പ്രധാനമായും പ്ലാസ്റ്റിക് സര്‍ജറിയില്‍ ഉള്‍പ്പെടുന്നത്. ഇവയെ കോസ്‌മെറ്റിക് സര്‍ജറി, റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി എന്നിങ്ങനെ രണ്ടായി തിരിക്കാം. വൈകല്യമോ ആഘാതമോ ഇല്ലാതെതന്നെ തികച്ചും സൗന്ദര്യാത്മകതലത്തില്‍ രോഗിയുടെ അവസ്ഥ മെച്ചപ്പെടുത്തുകയെന്നത് മാത്രമാണ് കോസ്‌മെറ്റിക് സര്‍ജറി. ആഘാതം, അപകടം, രോഗം, ജന്മനായുള്ള വൈകല്യം എന്നിവ കാരണമുള്ള അവയവങ്ങളിലെ പ്രവര്‍ത്തനപരമായ തകരാറുകള്‍ പുനര്‍സ്ഥാപിക്കുന്നതിന് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി എന്നും പറയും.

കോസ്‌മെറ്റിക് സര്‍ജറിയില്‍, രോഗിയുടെ സംസ്‌കാരതലം മാത്രം കൂടുതലായി പരിഗണിക്കപ്പെടുമ്പോള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നത് മതവിശ്വാസങ്ങളാണ്. ഇപ്പോഴത്തെ കോസ്‌മെറ്റിക് സര്‍ജന്മാര്‍ തങ്ങളുടെ രോഗികളെ മതപരമായി ശരിയായ രീതിയില്‍ സേവിക്കാന്‍ മാത്രം പ്രാപ്തരല്ലാത്തതിനാല്‍ തന്നെ രോഗി തന്റെ ആശങ്കകള്‍ സ്വന്തം മത ഉപദേശ്ടാവുമായി ചര്‍ച്ച ചെയ്യുക മാത്രമാണ് പ്രതിവിധി. ഇസ്‌ലാമികനിയമം പരിശോധിക്കുമ്പോള്‍, ഫുഖഹാക്കള്‍ പ്ലാസ്റ്റിക് സര്‍ജറിയെ അനുവദനീയമായതും നിഷിദ്ധമായതും എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നത് കാണാം.

ഇസ്‌ലാമിക നിയമങ്ങള്‍ ശരീഅത്തിന്റെ അടിസ്ഥാന തത്വങ്ങളായ ഖുര്‍ആനെയും സുന്നത്തിനെയും ആസ്പദമാക്കിയുള്ളതാണ്. കാലങ്ങളായി ശരീഅത്ത് വികസിപ്പിച്ചെടുത്ത ‘ഇജ്മാഅ്'(പ്രവാചകന്റെ വിയോഗശേഷം പ്രത്യേക ചില യോഗ്യതകളുള്ള പണ്ഡിതരുടെ സമവായം), ‘ഖിയാസ്’ (വ്യക്തമായ നിയമങ്ങളൊന്നും ഇല്ലാതിരിക്കുമ്പോള്‍ മാനുഷികയുക്തി ഉപയോഗിച്ച് മറ്റു നിയമങ്ങളോട് സാദൃശ്യപ്പെടുത്തി തെളിവ് സ്വീകരിക്കുന്ന രീതി) എന്നിവയും ഇതില്‍ ഉള്‍ക്കൊള്ളുന്നു. ഉചിതമായിടത്ത് ‘മസ് ലഹത്'(പൊതുതാല്‍പര്യം), ”ഉര്‍ഫ്” (പ്രാദേശിക ആചാരം) എന്നിവയ്ക്കും ശരീഅത്ത് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഖുര്‍ആനും സുന്നത്തും അടിസ്ഥാനമാക്കി വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉള്ളതിന്റെ ഫലമായിട്ടാണ് പ്രധാനമായും നാല് മദ്ഹബുകള്‍ തന്നെ ഉണ്ടായത്.

ഇസ്‌ലാമിക നിയമങ്ങളുടെ ലക്ഷ്യങ്ങള്‍(മഖാസ്വിദു ശരീഅഃ)

ഇസ്‌ലാമിക നിയമങ്ങളുടെ ലക്ഷ്യങ്ങള്‍ മൂന്നായി കാണാം.
1) അത്യാവശ്യമുള്ളത് (ദറൂരിയ്യാത്ത്): വിശ്വാസം, ജീവന്‍, മനസ്സ്, സന്തതികള്‍, സ്വത്ത്, എന്നിവയുടെ സംരക്ഷണം ഇതില്‍പെടുന്നു. ജീവിതത്തിനും മതത്തിനും സമൂഹത്തിനും അത്യന്താപേക്ഷിതമാണിത്.

2) ആവശ്യമുള്ളത് (ഹാജിയ്യാത്ത്): സമൂഹത്തിന്റെയും വ്യക്തിയുടെയും ക്ഷേമത്തിനായുള്ള അംഗീകൃത ആവശ്യങ്ങളാണ് ഇത്. ഇവ സമൂഹത്തിനോ വ്യക്തിക്കോ മാത്രം ആവശ്യമായി വരുന്നു. എന്നാല്‍ ഇവ കൂടാതെയും ജീവിതം സാധ്യമാകുമെന്നത് ആദ്യത്തേതില്‍ നിന്നും ഇതിനെ വേറിട്ടുനിര്‍ത്തുന്നു.

3)അധിക ഭംഗിക്കുള്ളത് (തഹ്സീനിയാത്ത്): ജീവിതം അത്യധികം മനോഹരവും സുഖകരവുമാക്കാന്‍ വേണ്ടിയുള്ളതാണിത്. വ്യക്തിയെയും സമൂഹത്തെയും സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ഉച്ചിയിലെത്തിക്കാന്‍ ഇത് സഹായിക്കുന്നു. ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ മുസ്‌ലിം പണ്ഡിത സമൂഹം പൂര്‍ണമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. പ്രസ്തുത ലക്ഷ്യങ്ങളെക്കുറിച്ചുള്ള പൂര്‍ണമായ അറിവ് ഫത്‌വ രൂപപ്പെടുത്തുന്നതിനുള്ള പ്രധാന നിബന്ധനയാണ്. പ്രാഥമിക സ്രോതസ്സുകളായ ഖുര്‍ആനും പ്രവാചക വചനങ്ങളും നേരിട്ടു മാര്‍ഗനിര്‍ദേശം നല്‍കാത്ത ഏതൊരു വിഷയത്തിലും ഫത്‌വ നൽകുന്ന ഒരു പണ്ഡിതന്റെ സ്വയപ്രയത്‌നത്തെയാണ് ”ഇജ്തിഹാദ്” എന്നു വിളിക്കുന്നത്. ബയോഎത്തിക്‌സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഏറ്റവും ഉപകാരപ്രദമായ രീതിയായി ഇതു കാണപ്പെടുന്നു. ഈ സമീപനരീതി ഇമാം ശാഫി(റ)യില്‍ നിന്നാണ് ആദ്യമായി കാണുന്നത്. ഇസ്ലാമിക നിയമത്തിന്റെ ലക്ഷ്യങ്ങളെ ദറൂരിയ്യാത്ത്, ഹാജിയ്യാത്ത്, തഹ്‌സീനിയ്യാത്ത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചത് അല്‍-ജുവൈനിയാണ്. ഇതില്‍ ഏറ്റവും നിര്‍ണായകമായത് ദറൂരിയ്യാത്താണ്. അവിടെ മാനുഷിക നിലനില്‍പ്പിന്നാധാരമായ വിശ്വാസം, ജീവന്‍, ബുദ്ധി, സന്തതി, സ്വത്ത് എന്നീ അഞ്ചു കാര്യങ്ങളുടെ സംരക്ഷണത്തിനാണ് ഇസ്ലാം പ്രാധാന്യം കല്‍പ്പിക്കുന്നത്.

കര്‍മശാസ്ത്രപണ്ഡിതനായ ഇസ്സു ബ്നു അബ്ദിസ്സലാം തന്റെ പ്രശസ്ത ഗ്രന്ഥം’കിതാബുല്‍ അഹ്കാമില്‍’ പറയുന്നു: ‘ശരീഅത്തിന്റെ ലക്ഷ്യം പോലെ തന്നെയാണ് വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യവും. മനുഷ്യര്‍ക്ക് നന്മയും സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കി അപകടങ്ങളുടെയും അസുഖങ്ങളുടെയും സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നു. വൈദ്യശാസ്ത്രത്തിന്റെ ലക്ഷ്യം ആരോഗ്യസംരക്ഷണമാണ്. പൂര്‍ണമായി നഷ്ടപ്പെടുമ്പോള്‍ അത് പുനഃസ്ഥാപിക്കുകയും പരിക്കുകള്‍ ശമിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ വലിയ അസുഖത്തെ ചെറുക്കാന്‍ ചെറിയ വല്ല അപകടവും സഹിക്കേണ്ടി വരികയും ചെയ്യും. അല്ലെങ്കില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാമെന്ന് കരുതി നിശ്ചിത ആനുകൂല്യങ്ങള്‍ നഷ്ട്ടപ്പെടുത്തേണ്ടിവരും’. വലിയ തോതില്‍ പ്രായോഗികമായ ഈ ചര്‍ച്ച കര്‍മശാസ്ത്രതത്വങ്ങളില്‍ മുഴുക്കെയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വൈദ്യശാസ്ത്രമുള്‍പ്പെടെയുള്ള ദൈനംദിന കാര്യങ്ങളില്‍ പതിവായി പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു.

എല്ലാ പ്രവര്‍ത്തനങ്ങളിലും ഉദ്ദേശ്യം (നിയ്യത്ത്) നന്നാക്കല്‍ അനിവാര്യമാണ്. പ്രവാചകന്‍ (സ്വ) പറയുന്നു: ‘കര്‍മങ്ങള്‍ നിയ്യത്തിനാലാണ് വിലയിരുത്തപ്പെടുന്നത്’. ഒരു പ്രവൃത്തി പ്രത്യക്ഷത്തില്‍ നല്ലതാണെന്ന് തോന്നിപ്പിച്ചാലും ദുരുദ്ദേശ്യത്തോടെയാണ് ചെയ്തതെങ്കില്‍ അവന്‍ ശിക്ഷിക്കപ്പെടുന്നു. എന്നാല്‍, സല്‍കര്‍മം ചെയ്യാന്‍ ഉദ്ദ്യേശിക്കുകയും ഇടയില്‍ വല്ല ദോഷം വരുത്തുകയും ചെയ്താല്‍ പോലും അവനോട് ക്ഷമിക്കപ്പെടുന്നു. ഖുര്‍ആന്‍ ഒരു പ്രാര്‍ഥനയിലൂടെ ഇത് പ്രതിപാദിക്കുന്നുണ്ട്: ‘അല്ലാഹുവേ, ഞങ്ങള്‍ മറക്കുകയോ തെറ്റ് ചെയ്യുകയോ ചെയ്താല്‍ നീ ഞങ്ങള്‍ക്ക് മാപ്പ് തരണേ’ (ഖു 2:286). നിയ്യത്തിന്റെ തത്വം നിരവധി ഉപതത്വങ്ങളെ ഉള്‍കൊള്ളിക്കുന്നുണ്ട്. ‘ഓരോ കര്‍മങ്ങളും ഉദ്ദേശ്യാടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുന്നത്’ എന്ന ഉപതത്വം വൈദ്യന്‍ രോഗിയുടെ ആന്തരികമായ പരിശോധനക്ക് ശേഷമാണ് വിധിനിര്‍ണയം നടത്തേണ്ടതെന്ന ആശയത്തെ മുന്നോട്ടുവെക്കുന്നു.

പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം

ജന്മനായുള്ള വൈകല്യങ്ങള്‍ നീക്കം ചെയ്യാനും, രോഗം, അപകടങ്ങള്‍, പൊള്ളല്‍ പോലോത്ത പരിക്കുകള്‍ പരിഹരിക്കാനും സര്‍ജറി അത്യാവശ്യമോ ആവശ്യമോ ആയിവരുന്നു. ആയതിനാല്‍ അത്തരം സാഹചര്യങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറി അനുവദനീയമാണെന്ന് കര്‍മശാസ്ത്ര പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. യുദ്ധത്തില്‍ മൂക്ക് മുറിഞ്ഞ അര്‍ജഫാ ബ്ന്‍ സഅദ് എന്ന സ്വഹാബിക്ക് സ്വര്‍ണം കൊണ്ടുനിര്‍മിച്ച മൂക്ക് ധരിക്കാന്‍ നബി (സ്വ) അനുവാദം നല്‍കിയ സംഭവത്തില്‍ നിന്നാണ് പുനര്‍നിര്‍മാണ ശസ്ത്രക്രിയ അനുവദനീയമാണെന്ന് പണ്ഡിതര്‍ കണ്ടെത്തിയത്. പക്ഷെ, സൃഷ്ടിപ്പില്‍ വ്യതിയാനം വരുത്തുന്ന തരത്തിലുള്ള (തഗ്‌യീറു ഖല്‍ഖില്ലാഹ്) ശസ്ത്രക്രിയകള്‍ ലഘൂകരിക്കുകയല്ല ഈ സംഭവം. പല പണ്ഡിതന്മാരും പല തരത്തിലുള്ള ആധുനിക സര്‍ജറികളും നിരോധിച്ചിരിക്കുന്നത് ഇതുകൊണ്ടാണ്. ഇതില്‍ ചില ശസ്ത്രക്രിയകള്‍ അനുവദിക്കപ്പെടാനുള്ള പ്രധാന കാരണം, വലിയ ദോഷങ്ങള്‍ കടന്നുവരാത്ത രീതിയില്‍ ഉപദ്രവം നീക്കം ചെയ്ത് ശാരീരികവും മാനസികവുമായ കഷ്ടപ്പാടുകളില്‍ നിന്ന് വ്യക്തികളെ രക്ഷിക്കുക എന്ന ഉദ്ദേശ്യത്തിലാണ്.

പരിക്ക് സംഭവിച്ചാല്‍ അത് ചികിത്സിക്കപ്പെടണമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാനതത്വം. പരിക്ക് പരിഹരിക്കുന്നത് അതിന്റെ അതേ അളവിലോ അതില്‍ കൂടുതലോ ആയ പരിക്കിലേക്ക് നയിച്ചുകൊണ്ടാവരുത്. ഒരു പരിക്ക് സമാനമായ മറ്റൊരു പരിക്കുകൊണ്ട് പരിഹരിക്കരുതെന്ന നിയമ വ്യവസ്ഥയുടെ കീഴിലാണ് ഈ വിധി വരുന്നത്. പ്ലാസ്റ്റിക് സര്‍ജറി നടത്താനുള്ള ആഗ്രഹം ജനിക്കുന്നത് വൈകല്യങ്ങളുണ്ടാക്കുന്ന വിമുഖതയില്‍ നിന്നും അതുമായി ബന്ധപ്പെട്ട അതൃപ്തകരമായ രൂപത്തില്‍ നിന്നുമാണ്. അങ്ങനെ വൈകല്യങ്ങള്‍ നീക്കം ചെയ്യാനോ തിരുത്താനോ വേണ്ടി നടത്തുന്ന ശസ്ത്രക്രിയകള്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ മാറ്റം വരുത്തുക എന്ന ഗണത്തില്‍ പെടുന്നില്ല, പകരം അത് ഭംഗി വരുത്തലാകുന്നു.

അപായവൈകല്യങ്ങളില്‍ ശസ്ത്രക്രിയയുടെ പ്രധാന ലക്ഷ്യം രോഗിയുടെ മാനസിക സമ്മര്‍ദത്തിന് സാഹചര്യമൊരുക്കുന്ന അതൃപ്തകരമായ രൂപം മാറ്റി അവയുടെ പ്രവര്‍ത്തനം സാധൂകരിച്ച് സാധാരണ രൂപം പുനഃസ്ഥാപിക്കുക എന്നതാണ്. പരിക്കിന് മുമ്പുള്ള സാധാരണ അവസ്ഥയിലേക്ക് മാറ്റുക എന്ന ഉദ്ദേശ്യാടിസ്ഥാനത്തിലായതുകൊണ്ട് ഇത് ഫിത്വ്‌റ (ആദിമമനുഷ്യരൂപം)യില്‍ ഉള്‍പ്പെടുന്നില്ല. ഹെര്‍മഫ്രൊഡിറ്റും(ലിംഗഭേദം തിരിച്ചറിയിക്കുന്ന ശസ്ത്രക്രിയ) ഇതില്‍പെടുന്നില്ല. കാരണം, ഇവിടെ ക്രോമോസോമസുകള്‍ വരുത്തിയ കേടുപാടുകള്‍ പരിഹരിച്ച് അതിന്റെ ഘടനയെ സാധാരണ രൂപത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. മാത്രമല്ല, പ്രത്യുല്‍പാദന പ്രവര്‍ത്തനം സംരക്ഷിക്കലും ഇതിന്റെ ലക്ഷ്യമാണ്. ത്വക്ക് രോഗങ്ങള്‍, വാഹനാപകടങ്ങള്‍, പൊള്ളല്‍ മൂലമുണ്ടാകുന്ന പാടുകള്‍ എന്നിവ വ്യക്തിയെ മാനസികമായി വേദനിപ്പിക്കുമെന്നത് വ്യക്തമാണ്. അതിനാല്‍ ഇത്തരം രോഗങ്ങളെ ചികിത്സിക്കാന്‍ ഇസ്ലാം അനുവാദം നല്‍കിയിട്ടുമുണ്ട്.
ഓട്ടോലോഗ്‌സ് ഡോനോര്‍ ടിഷ്യു (autologous donor tissue )വിന്റെ ദൗര്‍ലഭ്യം നികത്തുന്നതിന് വിവിധ ശസ്ത്രക്രിയകള്‍ സംസ്‌കരിച്ച സെല്ലുലാര്‍ ഉത്പന്നങ്ങള്‍ നിരവധി ബയോമെറ്റീരിയലുകളായി സ്‌പെഷ്യലിറ്റി സെന്ററുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ ബയോമെറ്റീരിയലുകളില്‍ പലതും പോര്‍സിന്‍ ഉത്പന്നങ്ങളാണ്. പോര്‍സിന്‍ പന്നിമാംസം ഉത്പന്നമായതിനാല്‍ നിരോധിതമാണെന്നത് സുവ്യക്തം. എങ്കില്‍ കൂടി ജീവന്‍ നഷ്ടപ്പെടുന്ന വേളകളില്‍ ഇത്തരം സാമഗ്രികള്‍ ഉപയോഗിക്കലും അനുവദനീയമാകുന്നു.

കോസ്‌മെറ്റിക് സര്‍ജറി

‘അല്ലാഹു ഭംഗിയുള്ളവനാണ്, അവന്‍ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു’. സൗന്ദര്യവല്‍ക്കരണം ഇസ്ലാം വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഒരാള്‍ സൗന്ദര്യവര്‍ധനവ് വരുത്തുന്നത് മാനസിക സംഘര്‍ഷവും സമ്മര്‍ദവും അകറ്റാനുള്ള പ്രധാനമാര്‍ഗമാണ്. ഭൗതികമോ മാനസികമോ ആയ സംഘര്‍ഷങ്ങളെ നീക്കം ചെയ്യണമെന്ന് ‘ബുദ്ധിമുട്ടുകള്‍ നീക്കം ചെയ്യപ്പെടണം’ എന്ന സാത്വികമായ നിയമത്തിലൂടെ ഇസ്ലാം ഉദ്ദ്യേശിക്കുന്നു. ശരീരത്തില്‍ കാര്യമായി രൂപഭേദം വരുത്താന്‍ ഉപയോഗിക്കുന്ന സൗന്ദര്യവല്‍ക്കരണം സാധുവായ കാരണമുണ്ടെങ്കില്‍ ഇസ്ലാമില്‍ പൊതുവെ അനുവദനീയമാണ്. ഇത്തരം ശസ്ത്രക്രിയകള്‍ പാശ്ചാത്യഭൗതികര്‍ രൂപകല്‍പന ചെയ്ത സംസ്‌കാരത്തിന്റെ ഫലമാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടതായി കാണാം. ഹോളിവുഡ് നായകന്മാരും കായിക താരങ്ങളും നിശ്ചയിക്കുന്ന മാനദണ്ഡങ്ങളാണ് വര്‍ധിച്ചു വരുന്ന സൗന്ദര്യവല്‍ക്കരണ ജനപ്രീതിയുടെ പിന്നിലെ പ്രധാന കാരണം. ആന്തരിക സംസ്‌കരണത്തില്‍ വ്യാപൃതരാകുന്നതിന് പകരം ബാഹ്യപ്രകടങ്ങളില്‍ കൂടുതലായി ചെലവാക്കുന്നതുകൊണ്ടാണ് ജനങ്ങള്‍ സൗന്ദര്യവര്‍ധനവിന് പിന്നില്‍ ഇത്രയേറെ മുഴുകുന്നത്. അപ്പോള്‍ അല്ലാഹു സൃഷ്ടിച്ചതില്‍ അനാവശ്യ കൈകടത്തലുകള്‍ നടത്തുകയും വേദനയ്ക്കും പീഡനത്തിനും പണം പാഴാക്കുകയും ചെയ്യുന്നു. ശരീരം വികൃതമാക്കുന്നത് ഇസ്ലാമില്‍ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. ഇത്തരം ശസ്ത്രക്രിയകള്‍ മിക്കതും ബോധപൂര്‍വം സ്വയം ശരീരത്തെ വികലമാക്കുന്നതായി തന്നെ കണക്കാക്കാം.

ഖുര്‍ആനിലും ഹദീസിലും അപലപിക്കപ്പെട്ടതിനാല്‍ തന്നെ സാധാരണ ശരീരഘടന ഒന്നുകൂടി മെച്ചപ്പെടുത്താമെന്ന് കരുതി സര്‍ജറി നടത്തുന്നത് പൂര്‍ണമായും നിഷിദ്ധമാവും. സ്തനവളര്‍ച്ച, മുഖം ഉയര്‍ത്തല്‍, വയറു നിറയ്ക്കല്‍ മുതലായവ ഇതില്‍പെടുന്നു. അല്ലാഹു സൃഷ്ടിച്ച പ്രകൃതിദത്തമായ ഘടനയില്‍ അന്യായമായി ഇടപെടുകയാണിവിടെ. ഇത്തരം ശസ്ത്രക്രിയകള്‍ക്കു പിന്നിലുള്ള ലക്ഷ്യം സൗന്ദര്യവല്‍ക്കരണം മാത്രമായതിനാല്‍ തന്നെ ഇത് അനുവദിക്കുന്നതിനുള്ള ഉചിതമായ കാരണങ്ങള്‍ നിലനില്‍ക്കുന്നില്ല. സൗന്ദര്യവര്‍ധനവിന് സൃഷ്ടിപ്പില്‍ മാറ്റം വരുത്തി പുരികം പറിച്ചെടുക്കുകയും പല്ല് രാകുകയും ചെയ്തവരെ നബി (സ്വ) ശപിച്ചതായി ഹദീസുകളില്‍ കാണാം. വ്യക്തമായ കാര്യങ്ങള്‍ക്കു വേണ്ടിയല്ലാതെ ശരീരത്തെ വേദനിപ്പിക്കുന്നതിനോട് ഇസ്ലാം കടുത്ത വിരോധം പ്രകടിപ്പിച്ചിട്ടുണ്ട്. കേവലം സൗന്ദര്യവല്‍ക്കരണാവശ്യാര്‍ഥം മാത്രം ഒരു മുസ്‌ലിം ശാസ്ത്രക്രിയാവിദഗ്ധന്‍ സര്‍ജറി നടത്തിക്കൊടുക്കുന്നത് നിയമവിരുദ്ധമാണെന്നതും ഇതില്‍ നിന്ന് വ്യക്തം.

ദുരുദ്ദേശ്യത്തോടെ നടത്തുന്ന ശസ്ത്രക്രിയകളും പൂര്‍ണമായി നിരോധിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീയോ പുരുഷനോ മറ്റുള്ളവരെ കബളിപ്പിക്കാന്‍ വേണ്ടി വിവാഹസമയത്ത് നടത്തുന്ന ശസ്ത്രക്രിയകളും കുറ്റവാളിയെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി ചെയ്യുന്ന പ്ലാസ്റ്റിക് സര്‍ജറികളും ഇതില്‍ പെട്ടതാണ്. മാത്രമല്ല, ലിംഗഭേദം നിര്‍ണയിക്കുന്ന ശസ്ത്രക്രിയയ്ക്ക് അനുവാദം നല്‍കിയിട്ടുണ്ടെങ്കില്‍ കൂടി ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ഇസ്ലാമില്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഓരോ ശസ്ത്രക്രിയകള്‍ക്കും അതിന്റേതായ പിന്നാമ്പുറങ്ങളും പ്രേരണകളും ഉള്ളതിനാല്‍ തന്നെ വിധികള്‍ക്കും വ്യത്യാസമുണ്ടാകും. ആയതിനാല്‍ ഓരോ കോസ്‌മെറ്റിക് സര്‍ജറികളും പ്രത്യാകമായിതന്നെയാണ് വിലയിരുത്തപ്പെടേണ്ടതെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആധുനിക ശാസ്ത്രക്രിയകളില്‍ ഹാജിയ്യാത്ത്, ദറൂരിയ്യാത്ത് എന്നീ വിഭാഗത്തില്‍ പെട്ട ധാരാളം ശസ്ത്രക്രിയകള്‍ നിലവില്‍ സുലഭമാണ്. നിയമവിരുദ്ധമായ ചില വ്യവസ്ഥകള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ നിയമാനുസൃതമാക്കുന്നത് ശരീഅത്തിന്റെ ഒരു രീതിയാണല്ലോ. സാധാരണരീതിയില്‍ സ്തന വളര്‍ച്ചയുള്ള ഒരു സ്ത്രീക്ക് സ്തനങ്ങളില്‍ ശസ്ത്രക്രിയ നിരോധിതമാണെങ്കില്‍കൂടി സ്തനവളര്‍ച്ച തീരെയില്ലാത്ത സ്ത്രീക്ക് ഇത് അനുവദനീയമാകുന്നു. ഒരു സ്ത്രീയെ സംബന്ധിച്ച് ഇത് വളരെയധികം ക്ലേശം സൃഷ്ട്ടിക്കുന്നതും ലിംഗ നിര്‍ണയത്തില്‍ പോലും സന്ദേഹമുണ്ടാക്കുന്നതുമാണ് എന്നതുതന്നെ കാരണം.

കോസ്‌മെറ്റിക് സര്‍ജറിയുടെ ലക്ഷ്യം വ്യത്യസ്തമായതു കൊണ്ടുതന്നെ അതിന്റെ നിയമപരമായ ബാധ്യതകളും ഉത്തരവാദിത്തങ്ങളും മറ്റു ജോലികളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നു. മറ്റു ചികിത്സകളില്‍ രോഗി അസുഖശമനം ആഗ്രഹിക്കുമ്പോള്‍ ഇവിടെ ഒരു വ്യക്തി സൗന്ദര്യാത്മകത മാത്രം ലക്ഷ്യംവച്ച് വേദനകളും ക്ലേശങ്ങളും സഹിക്കാന്‍ തയ്യാറാവുന്നു. അവിടെ, സര്‍ജന്‍ ഒരു രോഗിക്കുപകരം ഒരുപാട് ആരോഗ്യവാന്മാരായ വ്യക്തികളെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. ശസ്ത്രക്രിയയുടെ ഫലങ്ങള്‍ പലപ്പോഴും പ്രസ്തുത വ്യക്തിയുടെ പ്രതീക്ഷകള്‍ക്ക് അനുസൃതമായിക്കൊള്ളണമെന്നുമില്ല. അതുകൊണ്ട് ശസ്ത്രക്രിയാവിദഗ്ധന്‍ ഓപ്പറേഷന്‍ കൊണ്ട് പ്രതീക്ഷിക്കാവുന്ന എല്ലാ അപകടസാധ്യതകളും സങ്കീര്‍ണതകളും രോഗിക്ക് പൂര്‍ണമായും വിശദീകരിച്ചു കൊടുക്കേണ്ടതുണ്ട്.

ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയുടെ പ്ലാസ്റ്റിക് സര്‍ജറിയെ കുറിച്ചുള്ള പ്രമേയം

ഇസ്ലാമിന്റെ ധാര്‍മികപരമായ നിയമങ്ങള്‍ കൂടുതല്‍ ചര്‍ച്ചയാക്കിയ സംവിധാനങ്ങളിലൊന്നാണ് ഓര്‍ഗനെസഷന്‍ ഓഫ് ഇസ്‌ലാമിക് കോണ്‍ഫറന്‍സിന്റെ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി (OIC -IFA ). ഇന്ന് ലോകജനത നേരിടുന്ന ജൈവനൈതിക വെല്ലുവിളികളെ ധാര്‍മികപരമായും നിയമബന്ധിതമായും ചര്‍ച്ചയാക്കി, മുസ്‌ലിം പണ്ഡിത സമൂഹത്തെയും വൈദ്യശാസ്ത്രജ്ഞരെയും ഒരുമിച്ചുകൂട്ടാനുള്ള ശ്രമം ഈ സംവിധാനം നടത്തുന്നുണ്ട്. 2007 ലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമി പ്ലാസ്റ്റിക് സര്‍ജറിയുടെ വിഷയം ചര്‍ച്ച ചെയ്ത് പുറത്തിറക്കിയ പ്രമേയം ഇങ്ങനെയാണ്:

1) പ്ലാസ്റ്റിക് സര്‍ജറി അനുവദനീയമാകുന്നത്:
ഒന്നാമതായി, ഒരു സാധാരണ മനുഷ്യ പ്രകൃതത്തിലേക്ക് മടക്കാന്‍ വേണ്ടി ശരീരാവയവങ്ങളുടെ ആകൃതി പുനഃസ്ഥാപിക്കുക.’തീര്‍ച്ചയായും, നാം മനുഷ്യനെ ഏറ്റവും നല്ല രൂപത്തിലാണ് സൃഷ്ട്ടിച്ചത്'(ഖു.95 :4). രണ്ടാമതായി, സാധാരണ നിലയിലെ പ്രവര്‍ത്തനത്തിന് വേണ്ടി അവയവം പുനഃര്‍സ്ഥാപിക്കുക. പിളര്‍പ്പ്, മൂക്കിന് ഗുരുതരമായ വൈകല്യം, വിരലുകള്‍ ഒട്ടിപ്പിടിച്ചത് പോലുള്ള വൈകല്യങ്ങളുടെ സാന്നിധ്യം ശാരീരികമോ മാനസികമോ ആയ ദോഷം വരുത്തുന്നുണ്ടെങ്കില്‍ ശസ്ത്രക്രിയ ചെയ്യാവുന്നതാണ്. മൂന്നാമതായി, പ്രശ്‌നം ഉണ്ടാക്കുന്ന തരത്തിലുള്ള അപകടങ്ങള്‍, പൊള്ളല്‍, രോഗങ്ങള്‍, സ്തനവളര്‍ച്ച തീരെ ഇല്ലാത്ത സ്ത്രീയില്‍ പൂര്‍ണ സ്തനനിര്‍മാണം എന്നിവയും പരിഹരിക്കപ്പെടാവുന്നതാണ്. അവസാനമായി, അവയവത്തെ നാശത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള കോലക്കേട് നീക്കം ചെയ്യാവുന്നതാണ്.

2) ചികിത്സാര്‍ഥമല്ലാതെ കേവലം സൗന്ദര്യവത്കരണത്തിന് വേണ്ടി മാത്രം കോസ്‌മെറ്റിക് സര്‍ജറി നടത്തല്‍ അനുവദനീയമല്ല. കാരണം ഒരു സാധാരണ വ്യക്തി തന്റെ രൂപം മറ്റുള്ളവരുടെ പാരമ്പര്യത്തിനും സംസ്‌കാരത്തിനും വിധേയപ്പെട്ട നിലയില്‍ സ്വശരീരത്തെ വേദനിപ്പിച്ച് മാറ്റം വരുത്തലാണത്. ഒരു പ്രത്യേക രൂപത്തോടെ മറ്റുള്ളവരെ കബളിപ്പിക്കാനും തെറ്റിദ്ധരിപ്പിക്കാനും മൂക്കിന്റെയും കണ്ണിന്റെയും ആകൃതിയില്‍ മാറ്റങ്ങള്‍ വരുത്തലും ചുണ്ടുകളില്‍ വലിപ്പവ്യത്യാസം വരുത്തുന്നതും ഇതില്‍ പെടുന്നു.

3) മറ്റൊരു മാര്‍ഗവും ഇല്ലാതെ വരികയും തുടര്‍ന്നുള്ള അനുബന്ധ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പ്രതീക്ഷിക്കാമെന്നുമായാല്‍ ലൈപ്പോസക്ഷന്‍ (liposuction) ഉള്‍പ്പെടെയുള്ള അംഗീകൃത ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ ശരീരഭാരം അമിതമായാല്‍ കുറയ്ക്കാവുന്നതാണ്.

4) ശസ്ത്രക്രിയയിലൂടെയോ കുത്തിവെപ്പുകളിലൂടെയോ ചുളിവുകള്‍ നീക്കം ചെയ്യപ്പെടാവുന്നതല്ല.
രോഗങ്ങള്‍ ചികിത്സിക്കുന്നതിനും സാധാരണ നിലയില്‍ ശരീരാവയവ പ്രവര്‍ത്തനപ്രക്രിയ സുഗമമാവാനുമാണ് ഇസ്ലാം പ്ലാസ്റ്റിക് സര്‍ജറി അനുവദനീയമാക്കുന്നത്. സൗന്ദര്യവര്‍ധക ശസ്ത്രക്രിയ ഇസ്ലാം നിഷിദ്ധമാക്കിയത് അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ കേവലം സൗന്ദര്യ വര്‍ദ്ധനവിന് വേണ്ടി മാറ്റങ്ങള്‍ വരുത്തുന്നു എന്നതുകൊണ്ടാണ്. ആരോഗ്യപ്രശ്‌നമോ വൈകല്യമോ ഉണ്ടായിരിക്കെത്തന്നെ സര്‍ജറി അല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നും ഇല്ലാതിരിക്കുമ്പോള്‍ മാത്രമേ സര്‍ജറി അനുവദനീയമാവുകയുള്ളൂ. ശസ്ത്രക്രിയകളില്‍ കുറഞ്ഞ മറ്റേതെങ്കിലും ചികിത്സാരൂപം വൈകല്യങ്ങള്‍ പരിഹരിക്കാന്‍ ലഭ്യമാണെങ്കില്‍ അത് സ്വീകരിക്കേണ്ടതുമാണ്.

വിവ: നജ ഫാത്വിമ ടിവി സഹ്‌റാവിയ്യ

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles