Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാം പറയുന്ന ചികിത്സാരീതി

ശരീരം, ആത്മാവ്, മനസ്സ് എന്നിയെക്കുറിച്ചുള്ള ചിന്തയില്‍ നിന്നാണ് ഇസ്‌ലാമില്‍ ചികിത്സയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ശരീഅത്ത് പ്രത്യേക ശ്രദ്ധ നല്‍കിയ അനിവാര്യമായ അഞ്ച് അടിസ്ഥാന തത്വങ്ങളില്‍ പെട്ടതാണത്. അല്ലാഹു തന്നെ പറയുന്നത് നോക്കുക: ‘നിങ്ങള്‍ ആത്മനാശത്തിലേക്ക് ചാടരുത്'(ബഖറ: 195). ആത്മനാശം എത്രമാത്രം കുറ്റകരമാണെന്നുള്ള ഓര്‍മപ്പെടുത്തലാണ് ഈ പ്രമാണം. ആത്മനാശത്തിന് ഏത് മാര്‍ഗം സ്വീകരിച്ചാലും ശരി എല്ലാം അതെല്ലാം നിഷിദ്ധമാണ്. മറ്റൊരു സൂക്തത്തില്‍ കാണാം: ‘അന്യോന്യം കൊലനടത്താനും പാടില്ല. അല്ലാഹു നിങ്ങളോട് ഏറെ കരുണാമയനത്രേ'(നിസാഅ്: 29). ‘സ്വയം ബുദ്ധിമുട്ടാകാനും പാടില്ല, അന്യരെ ബുദ്ധിമുട്ടിക്കാനും പാടില്ല’ തിരുനബി(സ്വ)യുടെ മൊഴിയും ഇതോട് ചേര്‍ത്തുവെക്കാം.

ഉസാമത്ത് ബ്‌നു ശരീക്(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ അദ്ദേഹം പറയുന്നതായി കാണാം: ഞാന്‍ തിരുനബിയുടെ അരികില്‍ വന്നു. നബിക്ക് ചുറ്റും ഇരിക്കുന്നുണ്ട്. അവരുടെയെല്ലാം തലയില്‍ പക്ഷി പോലെ എന്തോ ഉണ്ട്. ഞാന്‍ സലാം പറഞ്ഞ് അവിടെ ഇരുന്നു. അന്നേരം അങ്ങിങ്ങു നിന്ന് അഅ്‌റാബികള്‍ വന്ന് നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ, ഞങ്ങള്‍ രോഗത്തിന് ചികിത്സ തേടട്ടെ? അവിടുന്ന് പ്രതികരിച്ചു: ‘നിങ്ങള്‍ ചികിത്സ തേടുക. വാര്‍ദ്ധക്യമല്ലാത്ത എല്ലാ രോഗങ്ങള്‍ക്കും അല്ലാഹു മരുന്ന് നിശ്ചയിച്ചിട്ടുണ്ട്'(അബൂ ദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നു മാജ). ഇസ്‌ലാമിന്റെ ചികിത്സാ രീതികളെ താഴെ കാണുന്ന രീതിയില്‍ നമുക്ക് സംഗ്രഹിക്കാം:

അല്ലാഹുവിന്റെ വിധിയിലും തീരുമാനങ്ങളിലുമുള്ള വിശ്വാസം

അല്ലാഹുവിലും അവന്റെ വിധിയിലും തീരുമാനങ്ങളിലുമുള്ള വിശ്വാസമാണ് ആദ്യത്തേത്. അല്ലാഹു ഉദ്ദേശിച്ചതെന്തോ അത് മാത്രമാണ് സംഭവിക്കുക. അവന്‍ ഉദ്ദേശിച്ചില്ലായെങ്കില്‍ ഈ മാനവകുലം തന്നെ സൃഷ്ടിക്കപ്പെടുമായിരുന്നില്ല. ഇങ്ങനെയൊക്കെ ആണെങ്കിലും ബുദ്ധിമുട്ടുകളെയും അസുഖങ്ങളെയും പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തേടാനും അവ വരുന്ന വഴികളെ സൂക്ഷിക്കാനും പ്രേരിപ്പിക്കുന്നുണ്ട്. അപകടം വരും മുമ്പേ അതിന് മുന്‍കരുതലെടുക്കാനും ശരീഅത്ത് നിര്‍ദ്ദേശിക്കുന്നുണ്ട്. ഇനി വല്ല പ്രയാസങ്ങളോ അസുഖങ്ങളോ വന്നു കഴിഞ്ഞാല്‍ അതിനുള്ള പ്രതിവിധിയും തേടണം.

ക്ഷമയും ക്ഷമകൊണ്ടുള്ള നിര്‍ദേശവും

മനുഷ്യന് അസുഖമെത്തിക്കഴിഞ്ഞാല്‍ അല്ലാഹുവില്‍ നിന്നും പ്രതിഫലം ആഗ്രഹിച്ച് ക്ഷമാ ശീലനാകണം. ക്ഷമയുടെ കാര്യത്തില്‍ ഓരോരുത്തര്‍ക്കും നല്‍കപ്പെടുന്ന പ്രതിഫലം അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന്റെ തോതനുസരിച്ചായിരിക്കും. അതോടൊപ്പം തന്നെ അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ സന്തുഷ്ടനാവുകയെന്നതും പ്രധാനമാണ്.

ദിക്‌റുകളുടെ പ്രാധാന്യം

തന്റെ സ്മരണകള്‍കൊണ്ട് അസുഖങ്ങളില്‍ നിന്നും സംരക്ഷണം തേടണമെന്ന് അല്ലാഹു നമ്മോട് കല്‍പിക്കുന്നുണ്ട്. ഉസ്മാന്‍ ബ്‌നു അഫ്ഫാന്‍(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ അദ്ദേഹം പറയുന്നു: നബി(സ്വ) പറഞ്ഞതായി ഞാന്‍ കേട്ടു: ‘ بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ، وَهُوَ السَّمِيعُ الْعَلِيمُ എന്ന് ആരെങ്കിലും മൂന്ന് പ്രാവശ്യം ചൊല്ലിയാല്‍ പ്രഭാതമാകും വരെ അവനിലേക്കൊരു വിപത്തും വന്നുചേരുകയില്ല. പ്രഭാത സമയത്ത് ആരെങ്കിലുമത് ചൊല്ലിയാല്‍ സന്ധ്യയാകും വരെ അവനിലേക്കൊരു വിപത്തും വന്നുചേരുകയില്ല'(അബൂ ദാവൂദ്, തിര്‍മിദി). ഇമാം ഖുര്‍ത്വുബി പറയുന്നു: ഇത് സ്വീകാര്യയോഗ്യമായ ഹദീസാണ്. അനുഭവം കൊണ്ടത് തെളിയിക്കപ്പെട്ടതുമാണ്. ഞാന്‍ ഈ ദിക്‌റ് പതിവാക്കാന്‍ തുടങ്ങിയത് മുതല്‍ എനിക്ക് യാതൊരു പ്രയാസവും നേരിടേണ്ടി വന്നിരുന്നില്ല. ഒരിക്കല്‍ ഞാനത് ഉപേക്ഷിച്ചു. അന്നേദിവസം മദീനയില്‍ വെച്ച് രാത്രി എന്നെയൊരു തേള്‍ കുത്തി. അന്നേരമാണ് അത് ചൊല്ലാന്‍ മറന്ന കാര്യം എനിക്ക് ഓര്‍മ വന്നത്(ഇബ്‌നു അലാന്‍, അല്‍-ഫുതൂഹാത്തുര്‍റബ്ബാനിയ്യ, 3/100).

പ്രതിസന്ധികളെ പ്രതിരോധിക്കുന്ന ദിക്‌റുകള്‍

പ്രയാസങ്ങളില്‍ നിന്നും പ്രതിബന്ധങ്ങളില്‍ നിന്നും നമ്മെ സംരകഷിക്കുന്ന ദിക്‌റുകള്‍ അനവധിയാണ്. അബ്ദുല്ലാഹ് ബ്‌നു ഖുബൈബ്(റ) പറയുന്നു: ശക്തമായ ഇരുളും മഴയുമുള്ളൊരു രാത്രി ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ റസൂലിനെയും തേടി ഞങ്ങളിറങ്ങി. നബി(സ്വ) ഞങ്ങളെ കണ്ട ഉടനെ ചോദിച്ചു: ‘നിങ്ങള്‍ നമസ്‌കരിച്ചില്ലേ?’. ഞാനൊന്നും പറഞ്ഞില്ല. നബി(സ്വ) ചോദ്യം ആവര്‍ത്തിച്ചു. ഞാന്‍ വീണ്ടും മൗനിയായി. അവിടുന്ന് പിന്നെയും ചോദിച്ചു. അപ്പോഴും ഞാന്‍ മിണ്ടിയില്ല. തിരുനബി(സ്വ) ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഞാനെന്താണ് പറയേണ്ടത്? അവിടുന്ന പറഞ്ഞു: ‘രാവിലെയും വൈകുന്നേരവും മൂന്ന് തവണ സൂറത്തുല്‍ ഇഖ്‌ലാസും മുഅവ്വിദത്തൈനിയും പാരായണം ചെയ്യുക. അതുമാത്രം മതി നിങ്ങള്‍ക്ക് സകല കാര്യങ്ങളില്‍ നിന്നും രക്ഷനേടാം'(അബൂ ദാവൂദ്, തിര്‍മിദി). പ്രാര്‍ഥനകളും ദിക്‌റുകളും പ്രയാസങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും രക്ഷ നല്‍കുമെന്ന് സാരം. ദിക്‌റുകള്‍ ചൊല്ലിയിട്ടും വല്ല പ്രയാസങ്ങളും അനുഭവിക്കേണ്ടി വരുന്നുവെങ്കില്‍ അത് അല്ലാഹുവിന്റെ നിശ്ചയമാണെന്ന് മനസ്സിലാക്കണം. അതിനെ മികക്കാന്‍ നമുക്ക് സാധ്യവുമല്ല.

ചികിത്സ തേടാനുള്ള കല്‍പന

അസുഖം വന്നാല്‍ ചികിത്സിക്കണമെന്നതും ഇസ്‌ലാമിന്റെ നിസ്‌കര്‍ശതയാണ്. ശാസ്ത്ര, വൈദ്യ ചികിത്സ പോലെ ഹലാലായ എല്ലാ മരുന്നുകളും ചികിത്സാ രീതികളും ഇസ്‌ലാം അനുവദനീയമാക്കിയിട്ടുണ്ട്. ഹിജാമ, തേന്‍, കരിഞ്ചീരകം പോലെ വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും പറഞ്ഞ കാര്യങ്ങള്‍ അതിന് തെളിവാണ്.

എല്ലാ രോഗങ്ങള്‍ക്കും മരുന്നുകളുണ്ട്

ഓരോരോ അസുഖങ്ങള്‍ക്കും മരുന്നുണ്ടെന്നത് മാലോകരോടുള്ള ഇസ്‌ലാമിന്റെ അധ്യാപനമാണ്. അത് ചിലപ്പോള്‍ ജനങ്ങള്‍ക്ക് കണ്ടെത്താനോ തിരിച്ചറിയാനോ കഴിയണമെന്നില്ല. തിരുനബി(സ്വ) പറയുന്നു: ‘പ്രതിവിധി ഇറക്കാതെയോ സൃ്ഷ്ടിക്കാതെയോ ഒരു രോഗവും ്അല്ലാഹു പടച്ചിട്ടില്ല. തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്കത് കണ്ടെത്താനാകും. അല്ലാത്തവര്‍ അതേതൊട്ട് അജ്ഞരായിരിക്കും. പക്ഷെ സാമിന് മരുന്നില്ല’. എന്താണ് നബിയേ സാം? സ്വഹാബികളുടെ ചോദ്യം കേട്ട് അവിടുന്ന് അരുളി: ‘സാമെന്നാല്‍ മരണമാണ്'(അഹ്മദ്, നസാഈ). എത്ര വലിയ രോഗം പിടിപെട്ടവനാണെങ്കില്‍ അവന് സമാശ്വസിക്കാന്‍ ഈയൊരു ഹദീസ് മാത്രം മതി. എല്ലാ രോഗങ്ങള്‍ക്കും മരുന്നുണ്ടെന്ന തിരുമൊഴി ഉണ്ടായിരിക്കെ രോഗികളൊരിക്കലും ആശ വെടിയരുത്.

രീതികളും മര്യാദകളും

ചികിത്സക്ക് കൃത്യമായ ചട്ടങ്ങളും രീതികളും ശരീഅത്ത് മുന്നോട്ട് വെക്കുന്നുണ്ട്. ആത്മീയവും മാനസികവുമായ ചികിത്സാ രീതികള്‍ക്കും പ്രത്യേക നിയമങ്ങളുണ്ട്. ഭിഷഗ്വരന്മാര്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്.
1- വൈദ്യശാസ്ത്രത്തില്‍ നൈപുണ്യമുള്ള വ്യക്തിയായിരിക്കണം ചികിത്സിക്കേണ്ടത്. വൈദ്യ സര്‍ട്ടിഫിക്കറ്റ്, വര്‍ക്ക് എക്‌സ്പീരിയന്‍സ് എന്നിവ ഇന്ന് അനിവാര്യമായ കാര്യമാണ്. അത് ശരീഅത്ത് പരിഗണിക്കുന്ന കാര്യം തന്നെയാണ്.
2- പ്രവര്‍ത്തനത്തില്‍ ആത്മാര്‍ത്ഥതയുള്ളവനായിരിക്കണം. മറ്റുള്ളവരുടെ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളവരായിരിക്കണം. കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യാന്‍ തന്റേടമുള്ളവനായിരിക്കണം.
3- രോഗി, ഭിഷഗ്വരന്‍ എന്നിവയുമായി ബന്ധപ്പെട്ട ശരീഅത്തിന്റെ വിധിവിലക്കുകളെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരിക്കണം.
4- ഇസ്‌ലാമിന്റെ മഹിതമായ സ്വഭാവം സിദ്ധിച്ചവനായിരിക്കണം.
5- വൈദ്യശാസ്ത്ര മേഖലയില്‍ തനിക്കുള്ള കഴിവിനെപ്പോലെത്തന്നെ മറ്റുള്ളവരുടെ കഴിവുകളെയും ബഹുമാനിക്കണം.
6- അധ്വാനത്തിന്റെ രഹസ്യങ്ങളും മൂല്യങ്ങളുമുള്‍ക്കൊള്ളണം.
7- രോഗികളുടെ സമ്മതമില്ലാതെ അവര്‍ക്കുമേല്‍ പരീശീലനം നടത്താന്‍ മുതിരരുത്.
8- ഗവണ്‍മെന്റ് മുന്നോട്ട് വെക്കുന്ന ആരോഗ്യവുമായി ബന്ധപ്പെട്ട ചിട്ടകളും നിയമങ്ങളും തീരുമാനങ്ങളും കൃത്യമായി പാലിക്കണം.

വിവ: മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Related Articles