Current Date

Search
Close this search box.
Search
Close this search box.

സിവാക്: ദന്താരോഗ്യത്തിന്റെ ഇസ്‌ലാമിക പാഠം

teeth.jpg

പല്ലിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് ഇസ്‌ലാം നിര്‍ദേശിക്കുന്ന പ്രധാന വഴിയാണ് സിവാക്് അഥവാ ദന്തശുദ്ധീകരണം. സിവാക് എന്നത് വായയുടെ അകവും പല്ലും വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന മരകമ്പാണ്. സിവാക് ചെയ്യുന്നതിന് ‘ദലക’ എന്ന് അറബിയില്‍ ഉപയോഗിക്കാറുണ്ട്. മസാജ് എന്നാണ് ഈ വാക്കിന്റെ അര്‍ഥം. വെറും ടൂത്ത്ബ്രഷ് എന്നല്ല സിവാക് അല്ലെങ്കില്‍ മിസ്‌വാകിന്റെ അര്‍ഥം.

സിവാകിന്റെ ഏറ്റവും നല്ല ഇനം അറാക്ക് മരത്തിന്റെ കമ്പുകൊണ്ടുള്ളതാണ്. പ്രവാചകന്‍(സ)യുടെ സിവാകും അറാക്ക് മരത്തില്‍ നിന്നുള്ളതായിരുന്നു. പല്ലിനെ വൃത്തിയാക്കാന്‍ കഴിവുള്ള ചില മിനറലുകളും ധാതുക്കളും പ്രകൃത്യാ ഉള്ളടങ്ങിയ മരമാണ് അറാക്് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മോണയില്‍ നിന്ന് രക്തസ്രാവമുണ്ടാകാതിരിക്കാനും വായിലുണ്ടാകുന്ന മറ്റ് രോഗാണുക്കളെയും കീടങ്ങളെയും നശിപ്പിക്കാനും അറാക് കമ്പുകൊണ്ടുള്ള മസാജിങ്ങ് നല്ലതാണെന്ന് പഠനങ്ങളില്‍ വന്നിട്ടുണ്ട്. വായ്‌നാറ്റം കുറയാനും അറാക് നല്ലതാണ്. ലോകത്തുള്ള ഏത് കൃത്രിമ ടൂത്ത്‌പേസ്റ്റും ടൂത്ത്ബ്രഷും ഇതിനോട് കിടപിടിക്കുകയില്ല.

മാത്രമല്ല ടൂത്ത്ബ്രഷില്‍ നിന്ന് വ്യത്യസ്തമായി അറാക് കമ്പുകള്‍ ബലമുള്ളതും ഇലാസ്തികതയുള്ളതുമായതിനാല്‍ പല്ലുകള്‍ക്കിടയിലുള്ള ഭക്ഷണത്തിന്റെയും മറ്റും അവശിഷ്ടങ്ങള്‍ കൂടി നമുക്ക് പുറത്തെടുക്കാന്‍ സാധിക്കും. മാത്രമല്ല മിനുസ്സമുള്ള തലപ്പുകളായതിനാല്‍ മോണകളില്‍ മുറിവുണ്ടാകാതിരിക്കാനും അറാക്് നല്ലതാണ്. പല്ലുകള്‍ക്കിടയില്‍ ബാക്കിയാകുന്ന ഭക്ഷണ അവശിഷ്ടങ്ങളും മറ്റും പല്ല് വേദനക്കും മോണകളില്‍ നിന്ന് രക്തം വരാനും കാരണമാക്കും. അതിന് പുറമേ ഇവ ഉല്‍പാദിപ്പിക്കുന്ന ചിലതരം എന്‍സൈമുകള്‍ ആമാശയത്തിലെത്തിയാല്‍ ദഹനപ്രക്രിയക്കും തടസ്സം നേരിടും. ഇടക്കിടെ അറാകുപോലുള്ള മിസ്‌വാകുകള്‍കൊണ്ട് പല്ല് വൃത്തിയാക്കുന്നത് ഇത്തരം രോഗങ്ങള്‍ തടയും.

ജിബ്‌രീല്‍ എന്റെ അടുത്ത് വരുമ്പോഴെല്ലാം ദന്തശുദ്ധീകരണത്തെ കുറിച്ച് ഉണര്‍ത്താറുണ്ടായിരുന്നു എന്ന് പ്രവാചകന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. അല്ലാഹുവിന്റെ വഹ്‌യ നല്‍കാന്‍ വേണ്ടി വരുന്ന മാലാഖപോലും ഇതിനെകുറിച്ച് ഓര്‍മപ്പെടുത്തിയത് പല്ല് വൃത്തിയാക്കുന്നതിന് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.

പ്രവാചകന്‍ ദന്തശുദ്ധീകരണം നടത്തിയ സമയങ്ങള്‍
1) അഞ്ച് നേരത്തെ നമസ്‌കാരങ്ങള്‍ക്ക് വേണ്ടി അംഗശുദ്ധി വരുത്തുമ്പോള്‍ പ്രവാചകന്‍ ദന്തശുദ്ധീകരണം നടത്താറുണ്ടായിരുന്നു. പ്രവാചകന്‍ പറഞ്ഞു: ‘എന്റെ സമുദായത്തിന് പ്രയാസമാകില്ലായിരുന്നെങ്കില്‍ ഓരോ നമസ്‌കാരത്തിന്റെ കൂടെയും ദന്തശുദ്ധീകരണം നടത്താന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു.’ (ബുഖാരി, മുസ്‌ലിം) മറ്റൊരു രിവായത്തില്‍ പ്രവാചകന്‍ എല്ലാ നമസ്‌കാരത്തിനു മുമ്പും മിസ്‌വാക്ക് ചെയ്യാറുണ്ടായിരുന്നു എന്ന് വന്നിട്ടുണ്ട്.

2) കുടുംബത്തിലേക്കും വീട്ടിലേക്കും കയറിവരുമ്പോള്‍ പ്രവാചകന്‍ പല്ല് വൃത്തിയാക്കാറുണ്ടായിരുന്നു. വീട്ടില്‍ വരുമ്പോള്‍ പ്രവാചകന്‍ എന്താണ് ആദ്യം ചെയ്യാറുണ്ടായിരുന്നതെന്ന് പ്രവാചകപത്‌നി ആഇശയോട് ചെദിക്കപ്പെട്ടു. അവര്‍ പറഞ്ഞു: ‘അദ്ദേഹം വീട്ടില്‍ വരികയാണെങ്കില്‍ ആദ്യം ചെയ്യുക ദന്തശുദ്ധീകരണമായിരിക്കും.’ (മുസ്‌ലിം)

3) ഉറക്കില്‍ നിന്ന് ഉണര്‍ന്നാല്‍ നബി മിസ്‌വാക് ചെയ്യാറുണ്ടായിരുന്നു. പ്രവാചകന്‍ ഉറക്കില്‍ നിന്ന് ഉണരുകയാണെങ്കില്‍ അദ്ദേഹം സിവാക്ക് ചെയ്ത് വായ ശുദ്ധീകരിക്കാറുണ്ടായിരുന്നു. (ബുഖാരി)

4) പള്ളിയിലേക്ക് പുറപ്പെടുമ്പോളും ദിക്‌റിലും മറ്റും ഏര്‍പെടുന്നതിന് മുമ്പും വായക്ക് നാറ്റമുണ്ടാകുമ്പോളും പ്രവാചകന്‍ ദന്തശുദ്ധീകരണം നടത്തിയിരുന്നതായി വ്യത്യസ്ത റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

വിവ: ജുമൈല്‍ കൊടിഞ്ഞി

 

Related Articles