Current Date

Search
Close this search box.
Search
Close this search box.

പോസ്റ്റുമോര്‍ട്ടം : ഇസ്‌ലാമിക വായന

ഏറ്റവും ഉത്തമമായ രീതിയിലാണ് മനുഷ്യനെ അല്ലാഹു പടച്ചിരിക്കുന്നത്. മനുഷ്യശരീരത്തിന്റെ സംരക്ഷണവും രക്ഷയും സാക്ഷാല്‍കരിക്കുന്നനിയമങ്ങളാണ് അല്ലാഹു ആവിഷ്‌കരിച്ചിരിട്ടുള്ളത്. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ച ലക്ഷ്യത്തിനുതകുന്ന വിധത്തിലാണ് അവന്റെ ശരീരഘടന. എന്നാല്‍ ആ ശരീരത്തിന് രോഗങ്ങളും ക്ഷീണവും ബാധിക്കുകയും അതിന്റെ സ്വസ്ഥത നഷ്ടപ്പെടുകയും ചെയ്‌തേക്കാം. ചിലപ്പോള്‍ അതിന്റെ ഫലമായി മരണവും സംഭവിച്ചേക്കാം. ചില രോഗങ്ങള്‍ മരുന്നുകള്‍ കൊണ്ടു ഭേദമാവുമ്പോള്‍ മറ്റുചിലതിന് ശസ്ത്രക്രിയ ആവശ്യമായി വരുന്നു.

മനുഷ്യശരീരത്തിന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി ചികിത്സ ശരീഅത്ത് അനുവദിച്ചിട്ടുള്ളതാണ്. അതിന് ശരീരത്തിന്റെയും അവയവങ്ങളുടെയും ഘടനയും അവയുടെ പരസ്പര പ്രവര്‍ത്തനങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. അവയെ ബാധിക്കുന്ന രോഗങ്ങളെയും ലക്ഷണങ്ങളെയും അറിഞ്ഞിരിക്കേണ്ടതുണ്ട്. ചികിത്സാരീതികള്‍ പഠിക്കുന്നതിന് പോസ്റ്റുമോര്‍ട്ടം നടത്തേണ്ടതുണ്ട്. പകര്‍ച്ചവ്യാധികളുടെ വ്യാപനത്താലോ, കുറ്റകൃത്യങ്ങള്‍ക്കിരയായോ മരണപ്പെടുന്നതിന്റെ കാരണം അറിയുന്നതിനും വേണ്ടിയാണത്. പോസ്റ്റുമോര്‍ട്ടം അല്ലാതെ അതിന് വേറെ വഴിയില്ല. മൃതശരീരവുമായി ബന്ധപ്പെട്ട അത്തരം ചില ചര്‍ച്ചകളാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

എന്താണ് പോസ്റ്റുമോര്‍ട്ടം
ശരീരത്തിലെ അവയവങ്ങള്‍ മുറിച്ച് വേര്‍പ്പെടുത്തി അവയുടെ ഘടനയും സ്ഥാനവും പരസ്പര ബന്ധവും മനസ്സിലാക്കുന്നതിനാണ് പോസ്റ്റുമോര്‍ട്ടം എന്നു പറയുന്നത്. ശരീരത്തിന്റെ ഘടന, ശരീരഭാഗങ്ങളുടെയും അവയവങ്ങളുടെയും പരസ്പര ബന്ധം തുടങ്ങിയ കാര്യങ്ങളാണ് അതിലൂടെ പരിശോധിക്കപ്പെടുന്നത്. അവയവങ്ങളെയും ശരീരഭാഗങ്ങളെയും മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ അതിനെ മൈക്രോസ്‌കോപിക് പോസ്റ്റ്‌മോര്‍ട്ടം അഥവാ ഹിസ്‌റ്റോലജി എന്നു പറയുന്നു. ശരീരം കീറിമുറിക്കാതെ തന്നെ ആന്തിരിക ഘടന മനസ്സിലാക്കാന്‍ സഹായകമായ ആധുനിക സംവിധാനങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. എക്‌സറേ പോലുള്ള സംവിധാനങ്ങള്‍ അതിനുദാഹരണമാണ്.

പോസ്റ്റമോര്‍ട്ടത്തിന്റെ ലക്ഷ്യങ്ങള്‍
1) ശരീരത്തിന്റെ ആന്തരിക ഘടനയും സംവിധാനങ്ങളും മനസ്സിലാക്കല്‍:
പഠനാവശ്യാര്‍ത്ഥമുള്ള പോസ്റ്റുമോര്‍ട്ടത്തിന്റെ ഇനത്തില്‍ പെട്ടതാണിത്. അറിവും പരിചയവുമുള്ള ഡോക്ടര്‍ക്കു കീഴില്‍ വൈദ്യവിദ്യാര്‍ഥികള്‍ ശവശരീരം കീറിമുറിച്ച് നടത്തുന്നത് അത്തരത്തിലുള്ള ഒന്നാണ്. മനുഷ്യശരീരത്തിന്റെ ഘടന, സന്ധികള്‍, അവയവങ്ങളുടെ സ്ഥാനം, അവ നിര്‍വ്വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍, ആരോഗ്യാവസ്ഥയിലും അല്ലാത്തപ്പോഴും അവയുടെ വലുപ്പം, രോഗം അതില്‍ വരുത്തുന്ന മാറ്റങ്ങള്‍, അവക്കുള്ള ചികിത്സാരീതികള്‍ തുടങ്ങിയ കാര്യങ്ങള്‍ അവര്‍ക്കറിയേണ്ടതുണ്ട്. ജീവനുള്ള രോഗിയുടെ ശരീരത്തില്‍ ചികിത്സ നടത്തുന്നതിന് അത് ആവശ്യമാണ്.
വൈദ്യം പഠിക്കുന്നവര്‍ ശരീരഘടനയെ കുറിച്ച് പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അബൂബക്ര്‍ റാസി പറയുന്നത് വളരെ ശ്രദ്ധേയമാണ്. ശരീരഘടനയെയും അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും കുറിച്ചാണ് വിദ്യാര്‍ഥിയോട് ആദ്യമായി ചോദിക്കേണ്ടത് എന്നാണദ്ദേഹം പറയുന്നത്. ആന്തരികാവയവങ്ങളുടെ രോഗങ്ങളെ കുറിച്ച ശരിയായ ജ്ഞാനത്തിന് അവ കീറിമുറിച്ച് കാണേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.
ശസ്ത്രക്രിയ നടത്തുന്നവന് ആന്തരികഘടനയെക്കുറിച്ച് തൃപ്തികരമായ അറിവുണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. അവയവങ്ങളുടെ ദൗത്യം, രൂപം, സ്വഭാവം, അവയവങ്ങള്‍ സന്ധിക്കുകയും വേര്‍പ്പെടുകയും ചെയ്യുന്ന ഭാഗങ്ങള്‍, അസ്ഥികള്‍, ഞരമ്പുകള്‍, പേശികള്‍ എന്നിവയെകുറിച്ചുള്ള അറിവ് തുടങ്ങിയ കാര്യങ്ങള്‍ അറഞ്ഞിരിക്കേണ്ടതുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ചുള്ള അജ്ഞത ആളുകളെ കൊല്ലുന്ന അപകടത്തിലേക്കാണ് എത്തിക്കുകയെന്ന് അബുല്‍ ഖാസിം സഹ്‌റാവി പറഞ്ഞിട്ടുണ്ട്. അക്കാരണത്താല്‍ തന്നെ അവയവങ്ങളെയും അവയുടെ ദൗത്യത്തെയും കുറിച്ച് അറിവ് ഉറപ്പുവരുത്തിയ ശേഷമാണ് ഒരാള്‍ക്ക് ചികിത്സിക്കാനുള്ള അംഗീകാരം നല്‍കാറുള്ളൂ. അല്ലാത്ത പക്ഷം അവന്റെ സര്‍ജിക്കല്‍ ബ്ലേയ്ഡ് ഉദ്ദേശിക്കാത്ത ഞരമ്പുകളിലായിരിക്കും പ്രയോഗിക്കപ്പെടുക. അത് അവയവത്തിന്റെ അപ്പാടെയുള്ള നാശത്തിന് കാരണവുമായിത്തീരും.
2) കുറ്റാന്വേഷണാവശ്യത്തിനായുള്ള പോസ്റ്റ് മോര്‍ട്ടം:
കൊലപാതകം, വിഷബാധ പോലുള്ള കാര്യങ്ങളില്‍ യഥാര്‍ത്ഥ മരണകാരണം വ്യക്തമാക്കുന്നതിനായി നടത്തുന്നതാണിത്. മരത്തിന്റെ യഥാര്‍ത്ഥ കാരണവും അതിനെ ചുറ്റിപറ്റിയുള്ള സംശയങ്ങളും ദുരീകരിക്കുകയാണതിന്റെ ലക്ഷ്യം. മരണത്തിന്റെ പ്രകടമായ കാരണവും ആന്തരികമായ കാരണവും വ്യത്യസ്തമാവുമ്പോള്‍ അതിന്റെ വിധിയിലും ആ മാറ്റം പ്രകടമാവും.
3) രോഗിയുടെ മരണകാരണമായ രോഗത്തിന്റെ യാഥാര്‍ത്ഥ്യം വ്യക്തമാകുന്നതിനുള്ള പോസ്റ്റ്‌മോര്‍ട്ടം:
മരണത്തിന് മുമ്പ് രോഗിയില്‍ പ്രകടമായ ലക്ഷണങ്ങളും പരിശോധനകളും തമ്മിലുള്ള ബന്ധം സൂക്ഷ്മമായി മനസ്സിലാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതിലൂടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണത്തെ കുറിച്ച് അറിയാന്‍ സാധിക്കും. അറിയപ്പെടാത്ത രോഗങ്ങളെ കുറിച്ച് അവബോധം അത് ഉണ്ടാക്കും. മരണകാരണമായേക്കാവുന്ന പുതിയ രോഗങ്ങള്‍ക്കുള്ള ചികിത്സ അതിനെ അവലംബിച്ചായിരിക്കും. അതിലൂടെ അതു ബാധിച്ച കുറെ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമാവുന്നു.
4) ശരീരഭാഗങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് ശരീരം കീറിമുറിക്കല്‍:
ഒരു രോഗിയുടെ ചികിത്സക്ക് ആവശ്യമായ ശരീരഭാഗം ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയവരുടെ ശരീരത്തില്‍ നിന്ന് എടുക്കുന്ന രീതിയാണിത്.

മരണ കാരണം വ്യക്തമാകുന്നതിനോ പഠനത്തിനോ മയ്യിത്ത് കീറിമുറിക്കുന്നതിന്റെ വിധി
മനുഷ്യ ശരീരത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും മരണകാരണം അവ്യക്തമായിരിക്കെ അത് അറിയുന്നതിനുമുള്ള പോസ്റ്റുമാര്‍ട്ടത്തെ കുറിച്ച് പണ്ഡിതന്‍മാര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്.
ഒന്നാമത്തെ അഭിപ്രായം ചില നിബന്ധനകളോടെ അത് അനുവദിക്കുന്നതാണ്. അനിവാര്യത, മരണത്തിന് മുമ്പ്തന്നെ പ്രസ്തുത വ്യക്തിയുടെയോ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിന്റെയോ അനുവാദം, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രത്തിലെ അനുബന്ധ വകുപ്പുകളുടെ അനുവാദം തുടങ്ങിയ നിബന്ധനകള്‍ പാലിച്ചു കൊണ്ടായിരിക്കണം. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ശരീരഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുമ്പോള്‍ മൃതദേഹത്തെ വികൃതപ്പെടുത്തുന്ന രൂപത്തിലാവരുത്. ആവശ്യമായ ഭാഗങ്ങള്‍ മാത്രമായിരിക്കണം കീറിമുറിക്കേണ്ടത്.

കൊലയാളിയായി ആരോപിക്കപ്പെടുന്ന വ്യക്തിയുടെ കുറ്റമോ നിരപരാധിത്വമോ വ്യക്തമാക്കുന്നതിന് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് അനുവാദം നല്‍കുന്ന ഫത്‌വ ഈജിപ്തിലെ മുഫ്തിയായ അബ്ദുല്‍ മജീദ് സലീം നല്‍കിയിട്ടുണ്ട്. അപ്രകാരം വിഷബാധയേറ്റ് മരിച്ച വ്യക്തിയുടെ ശരീരം മരണകാരണവും വിഷത്തിന്റെ ഇനവും അറിയുന്നതിനും വൈദ്യപഠനത്തില്‍ ആന്തരിക ഘടനയെകുറിച്ച് പഠിക്കുന്നതിനും പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് അദ്ദേഹത്തിന്റെ ഫത്‌വയില്‍ അനുവാദം നല്‍കുന്നുണ്ട്. മേല്‍പറയപ്പെട്ട ലക്ഷ്യങ്ങള്‍ക്കായി പോസ്റ്റ്‌മോര്‍ട്ടം അനുവദനീയമാണെന്നു പറയുന്ന ഫത്‌വകള്‍ വേറെയും പണ്ഡിതന്‍മാര്‍ നല്‍കിയിട്ടുണ്ട്.
മേല്‍പറയപ്പെട്ട കാര്യങ്ങള്‍ക്കായി പോസ്റ്റമോര്‍ട്ടം ചെയ്യുന്നതിനെ നിഷിദ്ധമാക്കുന്നതാണ് രണ്ടാമത്തെ വീക്ഷണം. മുഹമ്മദാ സകരിയാ കാന്‍ദഹ്‌ലവി, മുഹമ്മദ് ബുര്‍ഹാന്‍ സന്‍ബഹലി, മുഹമ്മദ് ബുഗീത് തുടങ്ങിയ ആധുനിക പണ്ഡിതന്‍മാരാണ് ഈ അഭിപ്രായം പറഞ്ഞിട്ടുള്ളത്.

പോസ്റ്റുമോര്‍ട്ടം അനുവദനീയമെന്നു പറയുന്നവരുടെ തെളിവുകള്‍ നമുക്ക് പരിശോധിക്കാം
യുക്തിയിലധിഷ്ഠിതമായ തെളിവുകള്‍
1) ജീവിച്ചിരിക്കുന്നവര്‍ക്ക് നാണം മറക്കാനും തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും സംരക്ഷണം നേടുന്നതിനും വസ്ത്രം ഇല്ലാത്ത അവസ്ഥയില്‍ മൃതദേഹത്തെ കഫന്‍ ചെയ്യാന്‍ വസ്ത്രം ഉപയോഗിക്കുകയില്ല. കാരണം മൃതദേഹം വികൃതമാക്കലിനേക്കാളും പിച്ചിചീന്തപ്പെടുന്നതിനേക്കാളും പവിത്രമാണ് ജീവിക്കുന്നവരുടെ ശരീരത്തിന്റെ പവിത്രത. ഈ രൂപത്തില്‍ കാണുമ്പോള്‍ പഠനത്തിനും മരണകാരണമറിയുന്നതിനുമെല്ലാം പോസ്റ്റ്‌മോര്‍ട്ടം അനുവദിക്കുന്നതില്‍ എന്ത് അപാകതയാണുള്ളത്. കാരണം അതിലൂടെ ജീവിക്കുന്നവര്‍ക്ക് പ്രയോജനവും അവരെ ബാധിച്ചേക്കാവുന്ന ഉപദ്രവങ്ങളില്‍ നിന്നുള്ള സംരക്ഷണവുമാണ്.
2) പണമോ മൂല്യമുള്ള മറ്റന്തെങ്കിലും വസ്തുവോ വിഴുങ്ങിയ ഒരാളുടെ വയര്‍ കീറി അത് പുറത്തെടുക്കുന്നത് അനുവദനീയമാണ്. ആ മൂല്യമുളള വസ്തു നഷ്ടപ്പെടുത്താതിരിക്കുന്നതിനാണത്. മുമ്പ് പറയപ്പെട്ട ലക്ഷ്യങ്ങള്‍ക്കായി പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് അനുവദിക്കപ്പെടാന്‍ കൂടുതല്‍ അര്‍ഹമായ കാര്യമാണ്. കാരണം ആളുകള്‍ക്ക് അതിലൂടെ ധാരാളം പ്രയോജനമുണ്ട്.
3) മരിച്ച ഗര്‍ഭിണിയുടെ വയറില്‍ ജീവനുള്ള ഗര്‍ഭസ്ഥ ശിശു ഉണ്ടെങ്കില്‍ അത് പുറത്തെടുക്കാന്‍ മൃതദേഹത്തിന്റെ വയര്‍ കീറല്‍ അനുവദനീയമാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ രക്ഷിക്കുകയാണ് അതിലൂടെ ഉദ്ദേശിക്കപ്പെടുന്നത്. ജീവിച്ചിരിക്കുന്നവര്‍ക്കുള്ള പ്രയോജനം കണക്കിലെടുത്ത് മൃതദേഹത്തിന്റെ പോസ്റ്റമോര്‍ട്ടവും അനുവദിക്കാവുന്നതാണ്.
4) മൃതദേഹം കഫന്‍ ചെയ്യാനുപയോഗിച്ചിരിക്കുന്നത് കവര്‍ന്നെടുക്കപ്പെട്ട വസ്ത്രത്തിലാണെങ്കില്‍ അത് വീണ്ടെടുക്കാന്‍ കബര്‍ മാന്തുന്നത് ചില കര്‍മ്മശാസ്ത്ര പണ്ഡിതര്‍ അനുവദിച്ചിട്ടുണ്ട്. മൃതദേഹത്തെ നിന്ദിക്കലും അതിന്റെ ഭാഗങ്ങള്‍ വെളിവാക്കുകയും ചെയ്യുന്ന പ്രവൃത്തിയാണത്. അപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം അനുവദനീയമല്ലെന്നു പറയുന്നതിലെ ന്യായമെന്താണ്.
5) സമൂഹത്തില്‍ ഒരു വിഭാഗം വൈദ്യം പഠിച്ചിരിക്കുകയെന്നത് സാമൂഹ്യബാധ്യതയാണ്. അതിനുള്ള ഒരു വിഭാഗം ഇല്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മുഴുവന്‍ സമൂഹത്തിനുമായിരിക്കും. ആന്തരികഘടനയെ കുറിച്ചുള്ള അറിവും പ്രായോഗിക ജ്ഞാനവം ഇല്ലാതെ വൈദ്യപഠനം സാധ്യമല്ല. ഒരു നിര്‍ബന്ധ കാര്യം പൂര്‍ത്തീരിക്കുന്നതിനാവശ്യമായ എല്ലാം നിര്‍ബന്ധമായതു കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധത്തിന്റെ പദവിയിലേക്കതിനെ ഉയര്‍ത്തിയില്ലെങ്കില്‍ പോലും അതിനെ അനുവദനീയമെങ്കിലും ആയി കാണേണ്ടതുണ്ട്.
6) പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയുള്ള പ്രയോജനം ജീവിച്ചിരിക്കുന്നവരുടെ ശരീരത്തിനും സമ്പത്തിനുമാണ്. മൃതദേഹത്തിന്റെ പവിത്രതയേക്കാള്‍ ജീവിച്ചിരിക്കുന്നവര്‍ക്കുള്ള പ്രയോജനത്തിനാണ് ശരീഅത്ത് മുന്‍ഗണന നല്‍കുന്നത്.
7) മനുഷ്യശരീരത്തിന്റെ ആന്തരിക ഘടനയെയും മരണത്തിന്റെയോ രോഗത്തിന്റെയോ കാരണത്തെയും കുറിച്ച് അറിയാന്‍ പോസ്റ്റുമോര്‍ട്ടം അല്ലാതെ മറ്റൊരു ബദല്‍ മാര്‍ഗം നിലവില്ല. മൃഗശരീരം കീറിമുറിക്കുന്നതിലൂടെ മനുഷ്യരുടെ ആന്തരിക ഘടനയെയോ അവയവങ്ങളെയോ കുറിച്ച് വ്യക്തമായ ജ്ഞാനം ലഭിക്കുകയില്ല. അപ്രകാരം ചെയ്യുന്നത് ഡോക്ടര്‍മാരുടെ മനസ്സില്‍ മനുഷ്യ ശരീരത്തെ കുറിച്ച തെറ്റായ ധാരണ ഉണ്ടാക്കുകയും അത് അപകടങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. കാരണം മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീര ഘടന വളരെ വ്യത്യസ്തമായിട്ടാണുള്ളത്.
8) ശരീരത്തിന് ബാധിക്കുന്ന രോഗങ്ങളെയും ദൗര്‍ബല്യങ്ങളെയും ആന്തരികഘടനയെയും അവയവങ്ങളുടെ പരസ്പര ബന്ധത്തെയും കുറിച്ചറിയുന്നതിന് അനിവാര്യമായ കാര്യമാണ് പോസ്റ്റ്‌മോര്‍ട്ടം. മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ രോഗത്തെ തിരിച്ചറിയാന്‍ സാധിക്കും. അത് മുഖേന ധാരാളം ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനത് ഉപകരിക്കുകയും ചെയ്യും. പോസ്റ്റുമോര്‍ട്ടത്തിലൂടെ അത് സാധിക്കാത്ത പക്ഷം ശസ്ത്രക്രിയകള്‍ രോഗിയുടെ മരണത്തിലായിരിക്കും അവസാനിക്കുക.

ശറഈ തത്വങ്ങള്‍
ശരീഅത്തിലെ തത്വങ്ങളും ഇത്തരത്തിലുള്ള പോസ്റ്റ്‌മോര്‍ട്ടത്തെ അനുവദിക്കുന്നു.
1) ദോഷകരമായ രണ്ട് കാര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ കുറഞ്ഞ ദോഷഫലമുള്ളതിനെയാണ് സ്വീകരിക്കേണ്ടത് എന്നത് ഒരു ശരീഅത്ത് തത്വമാണ്. ഈ തത്വത്തിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റമോര്‍ട്ടം ദോഷകരമാണെങ്കിലും അത് ചെയ്യാതിരിക്കുന്നത് അതിനേക്കാള്‍ വലിയ ദോഷത്തിന് കാരണമാവുമെന്നതിനാല്‍ അതിനെയാണ് സ്വീകരിക്കേണ്ടത്. കുറ്റകൃത്യത്തിലെ മരണകാരണം അവ്യക്തമാവുന്നത് നീതിയും സത്യവും നിലനിര്‍ത്തുന്നതിന് തടസ്സമാകുന്നു. വൈദ്യപഠനത്തില്‍ പ്രായോഗിക പരിചയം ഇല്ലാത്ത ഡോക്ടര്‍ ശസ്ത്രക്രിയ പോലുള്ള ചികിത്സാരീതികള്‍ സ്വീകരിക്കുന്നത് രോഗിയുടെ മരണത്തിന് തന്നെ കാരണമായേക്കാം. പകര്‍വ്യാധികള്‍ ഉണ്ടാകുമ്പോള്‍ അവയുടെ കാരണങ്ങളും അവ ബാധിക്കുന്ന രീതിയും കണ്ടെത്തിയാല്‍ മാത്രമേ അതിന് പ്രയോജനപ്രദമായ ചികിത്സ നിര്‍ണ്ണയിക്കാനും അതിലൂടെ ധാരാളം ആളുകളുടെ ജീവന്‍ രക്ഷിക്കാനും സാധ്യമാവൂ. അല്ലാത്തപക്ഷം പ്രസ്തുത രോഗത്തില്‍ നിന്ന് ആളുകളെ സംരക്ഷിക്കാനാവില്ല. ഇതെല്ലാം തന്നെ പോസ്റ്റമോര്‍ട്ടത്തെ അപേക്ഷിച്ച് വലിയ ദുരന്തങ്ങള്‍ തന്നെയാണ്.
2) ഒരു കാര്യത്തില്‍ തന്നെ ഗുണവും ദോഷവും ഉണ്ടാവുകയും ഗുണം ദോഷത്തേക്കാള്‍ മികച്ച് നില്‍ക്കുകയും ചെയ്യുമ്പോള്‍ അത് അനുവദനീയമാണെന്നത് ഒരു ശരീഅത്ത് തത്വമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ദോഷവശങ്ങളുണ്ടെങ്കിലും അതിന്റെ പ്രയോജനങ്ങള്‍ അതിലേറെ മികച്ച് നില്‍ക്കുന്നു. മുമ്പ് പറയപ്പെട്ടിട്ടുള്ള ലക്ഷ്യങ്ങള്‍ക്കായി പോസ്റ്റ്‌മോര്‍ട്ടം അനുവദനീയമാണെന്ന് വളരെ വ്യക്തമാണ്.
3) നിര്‍ബന്ധമായ ഒരു കാര്യം പൂര്‍ത്തീകരിക്കാനാവശ്യമായ എല്ലാം നിര്‍ബന്ധമാണെന്നത് മറ്റൊരു ശറഈ തത്വമാണ്. ജനങ്ങള്‍ക്ക് ഇഹലോകത്തും പരലോകത്തും പ്രയോജനപ്രദമായ എല്ലാ കാര്യങ്ങളും പഠിക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കിയതാണ്. അതിന്റെ പ്രയോജനം ആളുകള്‍ക്ക് ലഭ്യമാക്കുന്നതിനാണത്. അത്തരത്തിലുള്ള ഒരു വിജ്ഞാനശാഖയാണ് വൈദ്യശാസ്ത്രം. കാരണം ശരീരത്തിന്റെ സംരക്ഷണത്തിനായുള്ളതാണത്. വൈദ്യപഠനത്തിന്റെ ഭാഗമായി വരുന്ന കാര്യമാണ് ശരീരത്തിന്റെ ആന്തരികഘടനനെയും അവയവങ്ങളുടെ പരസ്ബരബന്ധത്തെയും വ്യത്യസ്തങ്ങളായ രോഗകാരണങ്ങളെയും മരണത്തിന്റെ യഥാര്‍ത്ഥ കാരണത്തെയും കുറിച്ചുള്ള അറിവ്. അപ്രകാരം ആളുകള്‍ക്കിടയില്‍ നീതി സ്ഥാപിക്കുന്നതിന് അ്ല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്. ദുരൂഹമായ രീതിയില്‍ കൊല്ലപ്പെട്ട ഒരാളുടെ യഥാര്‍ത്ഥ മരണകാരണവും കുറ്റകൃത്യത്തിന്റെ രീതിയും അറിഞ്ഞെങ്കില്‍ മാത്രമെ യഥാര്‍ത്ഥ നീതിയും സത്യവും നടപ്പാക്കാന്‍ സാധിക്കുകയുള്ളൂ. മരണകാരണം അവ്യക്തമായിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധമായി തീരുന്നു. സത്യത്തിന്റെയും നീതിയുടെയും സ്ഥാപനത്തിന് നിര്‍ബന്ധമായതിനാല്‍ തന്നെ അതിനാവശ്യമായ പോസ്റ്റ് മോര്‍ട്ടവും നിര്‍ബന്ധമാണ്.

പോസ്റ്റ്‌മോര്‍ട്ടം നിഷിദ്ധമെന്ന് പറയുന്നവരുടെ തെളിവുകള്
1) ഖുര്‍ആനില്‍ നിന്നുള്ള തെളിവ്:
‘തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു’ (ഇസ്‌റാഅ്: 70) അല്ലാഹു മുഴുവന്‍ മനുഷ്യരെയും ആദരിച്ചിരിക്കുന്നു. ഈ ആദരവ് ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും നിലനില്‍ക്കുന്നതാണ്. പോസ്റ്റ്‌മോര്‍ട്ടം നടത്തുമ്പോള്‍ മൃതദേഹത്തിന്റെ വയര്‍ കീറുകയും അവയവങ്ങള്‍ വേര്‍പ്പെടുത്തുകയും ചെയ്യുന്നതിനാല്‍ അതിനെ നിന്ദിക്കലാണത്. അല്ലാഹുവിന്റെ ആദരവിനും ശ്രേഷ്ഠതക്കും വിരുദ്ധമായ പ്രവൃത്തിയായതിനാല്‍ അത് നിഷിദ്ധവുമാണ്.
2) സുന്നത്തില്‍ നിന്നുള്ള തെളിവുകള്‍:
മൃതശരീരം പിച്ചിചീന്തുന്നതിനെ വില്ക്കുന്ന നബി(സ)യുടെ ധാരാളം ഹദീസുകളുണ്ട്. അവയില്‍ ചിലത് ഇവിടെ ഉദ്ധരിക്കുന്നു.
നബി(സ) യുദ്ധത്തിന് സൈന്യത്തെ അയക്കുമ്പോള്‍ അവരോട് ഇങ്ങനെ പറയാറുണ്ടായിരുന്നു. ‘ദൈവനാമത്തില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ പോരാടുക. ദൈവനിഷേധികളോട് യുദ്ധം ചെയ്യുക. നിങ്ങള്‍ യുദ്ധം ചെയ്യുക അതിര് വിടരുത്. വഞ്ചിക്കുയോ മൃതദേഹങ്ങള്‍ വികൃതമാക്കുകയോ ചെയ്യരുത്.’
ഖതാദയുടെ ഹദീസില്‍ പറയുന്നു. അകല്‍ അരീന സംഭവത്തിന് ശേഷം നബി(സ) ദാനദര്‍മ്മങ്ങള്‍ക്ക് പ്രേരിപ്പിക്കുയും ചിത്രവധം വിലക്കുകയും ചെയ്തിരുന്നു.
ഇംറാന്‍ ബിന്‍ ഹുസൈന്‍(റ) നിന്നുള്ള റിപോര്‍ട്ടില്‍ പറയുന്നു. പ്രവാചകന്‍(സ) ഞങ്ങളോട് ദാനദര്‍മ്മങ്ങള്‍ കല്‍പ്പിക്കുകയും ചിത്രവധം വിലക്കുകയും ചെയ്തിട്ടല്ലാതെ ഉണ്ടായിരുന്നില്ല. അദ്ദേഹം പറഞ്ഞു: ‘നിന്റെ മൂക്ക് ഞാന്‍ മുറിക്കുമെന്ന് ഒരാള്‍ പറഞ്ഞാല്‍ അത് ചിത്രവധത്തിന് തുല്യമാണ്.’ മനുഷ്യ ശരീരം അത് ജീവനോടെയാണെങ്കിലും മരിച്ചാലും പിച്ചിചീന്തുന്നതിനെ വിലക്കുന്നതാണ് ഈ ഹദീസുകള്‍. ശരീരത്തിന്റെ ഒരു ഭാഗം മുറിക്കുന്നതും ചിത്രവധത്തിന്റെ ഭാഗം തന്നെയാണെന്നാണ് ഹദീസ് വ്യക്തമാക്കുന്നു.
ആഇശ(റ) നിന്ന് നിവേദനം: ‘മയ്യിത്തിന്റെ എല്ല് പൊട്ടിക്കുന്നത് ജീവിച്ചിരിക്കുന്നവരുടെ എല്ല് പൊട്ടിക്കുന്നത് പോലെയാണ്.’ മയ്യിത്തിനോട് അന്യായം പ്രവര്‍ത്തിക്കുന്നത് വിലക്കുകയാണ് ഈ ഹദീസ്.
മരണപ്പെട്ടവരെ വേദനിപ്പിക്കുന്നത് പ്രവാചകന്‍(സ) വിലക്കിയിട്ടുള്ളതാണ്. അവരെ ആക്ഷേപിക്കുന്നതും ഖബറുകളില്‍ ഇരിക്കുന്നതും അവക്ക്‌മേല്‍ വിസര്‍ജ്ജനം നടത്തുന്നതുമെല്ലാം അവരെ വേദനിപ്പിക്കല്‍ തന്നെയാണ്. ആഇശ(റ) നിന്ന് ഉദ്ധരിക്കുന്ന ഹദീസില്‍ പറയുന്നു: ‘നിങ്ങള്‍ മരിച്ചവരെ ആക്ഷേപിക്കരുത്. തീര്‍ച്ചയായും അവര്‍ ചെയ്തതിലേക്ക് അവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.’
3) യുക്തിയിലധിഷ്ഠിതമായ തെളിവുകള്‍:
മുമ്പ് പറയപ്പെട്ട ഏത് ലക്ഷ്യത്തിനായാലും മയ്യിത്തിനെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് നിഷിദ്ധമാണ്. കാരണം മയ്യിത്തിന്റെ ബന്ധുക്കളെ നിന്ദിക്കലാണത് അത് അവരെ വേദനിപ്പിക്കുകയും ചെയ്യും. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ‘നിങ്ങള്‍ മരിച്ചവരെ ആക്ഷേപിക്കരുത്. ജീവിച്ചിരിക്കുന്നവരെയത് വേദനിപ്പിക്കും.’ മയ്യിത്തിനെ കീറിമുറിക്കുന്നത് ആക്ഷേപത്തേക്കാള്‍ കൂടുതല്‍ അവരെ വേദനിപ്പിക്കുന്ന കാര്യമായതിനാല്‍ അത് നിഷിദ്ധമാണ്.
അപഹരിക്കപ്പെട്ട ധനം പുറത്തെടുക്കുന്നതിനോ, ഗര്‍ഭിണിയുടെ വയറ്റിലുള്ള ജീവനുള്ള ശിശുവിനെ പുറത്തെടുക്കുന്നതിനോ വയര്‍ കീറുന്നത് ചില പണ്ഡിതന്‍മാര്‍ വിലക്കിയിട്ടുണ്ട്. സമ്പത്തിന്റെയും ധനത്തിന്റെയും സംരക്ഷണമെന്ന അനിവാര്യ താല്‍പര്യമാണ് ഇവയിലുള്ളത്. അനിവാര്യ താല്‍പര്യങ്ങള്‍ക്കായി മയ്യിത്തിനെ പോസ്റ്റമോര്‍ട്ടം നടത്തല്‍ അനുവദനീയമല്ല. മരണത്തിന്റെയും രോഗത്തിന്റെയും കാരണങ്ങള്‍ വ്യക്തമാകുന്നതിനും പഠനാവശ്യാര്‍ത്ഥവും പോസ്റ്റമോര്‍ട്ടം അല്ലാത്ത ബദല്‍ സംവിധാനങ്ങള്‍ ഉണ്ടായതു കൊണ്ട് പ്രസ്തുത ലക്ഷ്യങ്ങള്‍ക്കും അനുവദനീയമല്ല.
പോസ്റ്റ്‌മോര്‍ട്ടം ഒരു അനിവാര്യമായ കാര്യമോ ആവശ്യമോ അല്ല. പോസ്റ്റ്‌മോര്‍ട്ടം നിര്‍ബന്ധമല്ലാത്തത് കൊണ്ട് തന്നെ അത് ചെയ്യേണ്ട ആവശ്യവുമില്ല. മനുഷ്യശരീരത്തിന്റെ പവിത്രതയെ നശിപ്പിക്കുന്ന കാര്യമായതിനാല്‍ അത് നിഷിദ്ധമാണ്.
4) ശരീഅത്തിലെ തത്വങ്ങള്‍:
എല്ലാ വിധ ഉപദ്രവങ്ങളും നിഷിദ്ധമാണ് എന്നത് ശരീഅത്തിലെ ഒരു തത്വമാണ്. ശരീരത്തില്‍ നിന്ന് രോഗത്തിന്റെ ഉപദ്രവം നീക്കുക, രോഗ കാരണങ്ങള്‍ അറിയുക, ദൂരൂഹമായ അവസ്ഥയില്‍ മരണകാരണം അറിയുക, ആന്തരികഘടനയെയും അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും കുറിച്ച് അജ്ഞത നീക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം രോഗത്തിന്റെയും അജ്ഞതയുടെ ഉപദ്രവങ്ങള്‍ നീക്കലാണത്. തതുല്യമോ കൂടുതല്‍ ശക്തതമോ ആയ ഉപദ്രവം വരുത്തി ഒരു ഉപദ്രവം നീക്കുന്നത് അനുയോജ്യമല്ല.

പോസ്റ്റുമോര്‍ട്ടം അനുവദനീയമെന്നു പറയുന്നവരുടെയും അതിനെ നിഷിദ്ധമായി കരുതുന്നവരുടെയും വാദങ്ങളും അവയുടെ വിശദീകരണങ്ങളും നാം മനസ്സിലാക്കി. പോസ്റ്റ്‌മോര്‍ട്ടം മയ്യിത്തിനെയും അതിന്റെ ബന്ധുക്കളെയും വേദനിപ്പിക്കുന്ന കാര്യമാണെന്നും അതിനാല്‍ അത് നിഷിദ്ധമാണെന്നും പറയുന്നത് ശരിയല്ല. വേദനിപ്പിക്കല്‍ മയ്യിത്തിനോട് ചെയ്യുന്ന ദ്രോഹമാണെങ്കില്‍ പോലും അത് ചെയ്യാത്ത പക്ഷം ഉണ്ടാവുന്ന ദോഷങ്ങളോടാണ് അതിനെ താരതമ്യം ചെയ്യേണ്ടത്. മരണകാരണം അവ്യക്തമായയിടത്ത് സത്യം മനസ്സിലാക്കല്‍, ശസത്രക്രിയ നടത്തുന്നവര്‍ക്ക് മനുഷ്യന്റെ ആന്തരികഘടനയെ കുറിച്ച് വ്യക്തമായ ധാരണ നല്‍കല്‍ തുടങ്ങിയവയുടെ അഭാവത്തില്‍ സംഭവിക്കുന്ന ദോഷങ്ങള്‍ വളരെ വലുതായിരിക്കും. മാത്രമല്ല അത്തരം ദോഷങ്ങള്‍ ജനങ്ങളെ പൊതുവായി ബാധിക്കുന്ന കാര്യവുമായിരിക്കും. നീതി നടപ്പാക്കാന്‍ സാധ്യമാവാതെ വരിക, ശസ്ത്രക്രിയകള്‍ മരണത്തിലേക്ക് എത്തിക്കുക തുടങ്ങിയ ദോഷങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ പോസ്റ്റുമോര്‍ട്ടത്തില്‍നിന്നുണ്ടാവുന്ന ദോഷം വളരെ നിസ്സാരമാണ്. ആയതിനാല്‍ തന്നെ അവയില്‍ ലഘുവായതാണ് നാം സ്വീകരിക്കേണ്ടത്.
ജീവനുള്ള ഗര്‍ഭസ്ഥ ശിശുവിനെയോ അപഹരിച്ച ധനമോ പുറത്തെടുക്കാന്‍ വയര്‍ കീറുന്നത് ചില പണ്ഡിതന്‍മാര്‍ വിലക്കിയിട്ടുണ്ട്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തെ ഇതിനോട് താരതമ്യപ്പെടുത്താവതല്ല (ഖിയാസ്). കാരണം പണ്ഡിതന്‍മാര്‍ക്ക് വിയോജിപ്പുള്ള വിഷയമാണിത്. ഭൂരിപക്ഷം പണ്ഡിതന്‍മാരും അതിനെ അനുവദനീയമാക്കിയിട്ടുള്ളതുമാണ്. അടിസ്ഥാന വിധിയില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ള കാര്യത്തെ മാനദണ്ഡമാക്കി നടത്തുന്ന ഖിയാസ് ശരിയല്ല.
മയ്യിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം അത്യാവശ്യമോ ആവശ്യമോ അല്ലെന്ന് പറയുന്നതും ശരിയായ വാദമല്ല. മനുഷ്യശരീരത്തിന് ബദലായി വെക്കുന്ന വെക്കുന്ന ശരീരം ഒരിക്കലും അതിന്റെ യഥാര്‍ത്ഥ ചിത്രം തരുന്നില്ല. കാരണം മനുഷ്യരുടെയും മറ്റു സസ്തനികളുടെയും അവയവ ഘടനയും അവയെ ബാധിക്കുന്ന രോഗങ്ങളും അതിന്റെ ലക്ഷണങ്ങളും വളരെ വ്യത്യസ്തമാണ്. മനുഷ്യരെ ബാധിക്കുന്ന പല രോഗങ്ങളും മൃഗങ്ങളെ ബാധിക്കുകയില്ല. അക്കാരണത്താല്‍ തന്നെ മനുഷ്യശരീരത്തിന് ബദല്‍ ആയി മറ്റു സസ്തനികളുടെ ശരീരം ഉപയോഗിക്കുന്നത് പ്രയോജനപ്പെടുകയില്ല.
അപ്രകാരം സംശയകരമായി കൊല്ലപ്പെട്ടവന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ ബാഹ്യമായ പരിശോധനയിലൂടെയോ എക്‌സറേ പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയോ, മരണത്തിന് തൊട്ടുമുമ്പുണ്ടായിരുന്ന അവസ്ഥയില്‍ നിന്നോ, കണ്ണുകള്‍ പരിശോധിച്ചോ, സംഭവസ്ഥലത്തു നിന്നും ശേഖരിച്ച കോശങ്ങളുടെ ഡി.എന്‍.എ ടെസ്റ്റ് വഴിയോ അല്ലെങ്കില്‍ അതുപോലുള്ള മറ്റുമാര്‍ഗങ്ങളോ ഉപയോഗപ്പെടുത്താമെന്നാണവരുടെ വാദം. ഇവയിലേതു സ്വീകരിച്ചാലും മരണകാരണം സംശയകരമായി നിലനില്‍ക്കുക തന്നെ ചെയ്യും. അതിനാല്‍ ശരിയായ മരണ കാരണം വ്യക്തമാകുന്നതിന് പോസ്റ്റ്‌മോര്‍ട്ടം ആവശ്യമായി വരും.
പോസ്റ്റമോര്‍ട്ടം നിഷിദ്ധമെന്ന വാദത്തേക്കാള്‍ അനുവദനീയമെന്ന വാദത്തിന് നാം മുന്‍ഗണന കൊടുക്കുന്നതോടൊപ്പം ചില നിബന്ധനകള്‍ കൂടി പാലിക്കേണ്ടതുണ്ട്.
1) പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ആവശ്യം ഉണ്ടായിരിക്കണം. മുമ്പ് സൂചിപ്പിച്ച ഏതെങ്കിലും ഒരു ലക്ഷ്യത്തിനായിരിക്കുമത്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ദോഷത്തെ അതിജയിച്ചു നില്‍ക്കുന്ന ഫലം അതില്‍ നിന്നുണ്ടാവണം. അല്ലാത്ത അവസരത്തില്‍ അത് അനുവദനീയമാവുകയില്ല.
2) മരണപ്പെട്ട വ്യക്തയുടേയോ അല്ലെങ്കില്‍ അവരുടെ ബന്ധുക്കളുടേയോ അനുവാദത്തോടെയായിരിക്കണം. എന്നാല്‍ കുറ്റകൃത്യങ്ങളില്‍ ഭരണകൂടമാണത് തീരുമാനിക്കേണ്ടത്.
3) പോസ്റ്റ്‌മോര്‍ട്ടം നല്‍കാന്‍ ശരീരം നല്‍കുന്നതിന് പ്രതിഫലം സ്വീകരിക്കരുത്. അത് ആ വ്യക്തി മരണത്തിന് മുമ്പ് തന്നെ വാങ്ങുന്നതായാലും അയാളുടെ ബന്ധുക്കള്‍ വാങ്ങുന്നതായാലും അനുവദനീയമല്ല. പ്രതിഫലം പറ്റുന്നത് അവന്റ മനുഷ്യനെന്ന പവിത്രതയെ നശിപ്പിച്ച് അവനെ നിന്ദിക്കലാണ്. ആര്‍ക്കും പൂര്‍ണ്ണമായ അവകാശം ഇല്ലാത്ത വസ്തുവാണ് ശരീരം അതുകൊണ്ടു തന്നെ അത് കച്ചവടചരക്കാക്കാവതല്ല.
4) പോസ്റ്റമോര്‍ട്ടം മയ്യിത്തിനെ നിന്ദിക്കുന്ന തരത്തിലാവരുത്. അതിനെ വികലമാക്കുന്ന രൂപത്തിലായിരിക്കരുത് അത്. അതിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മാത്രം ആവശ്യമായതില്‍ കൂടുതല്‍ അത് അനുവദനീയമല്ല. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം പഴയ രൂപത്തിലത് ഘടിപ്പിക്കേണ്ടതുണ്ട്. അവയവങ്ങള്‍ വില്‍ക്കുന്നതിനോ അതുപോലുള്ള മറ്റു ആവശ്യങ്ങള്‍ക്കോ മയ്യിത്ത് സൂക്ഷിച്ച് വെക്കുന്നത് അനുവദനീയമല്ല. പോസ്റ്റമോര്‍ട്ടം കൊണ്ടുദ്ദേശിക്കുന്ന ലക്ഷ്യം പൂര്‍ത്തിയായാല്‍ കരള്‍, വൃക്ക, ശ്വാസകോശം തുടങ്ങിയ അവയങ്ങള്‍ പരിശോധനക്ക് ശേഷം യഥാസ്ഥാനത്ത് തിരിച്ചു വെക്കല്‍ നിര്‍ബന്ധമാണ്.
5) പോസ്റ്റുമോര്‍ട്ടത്തിന് മുമ്പ് മരണം ഉറപ്പ് വരുത്തിയിരിക്കണം. എല്ലാ അവയവങ്ങളും നിലച്ചുവെന്നും ജീവന്‍ തിരിച്ചു വരില്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് ജീവിച്ചിരിക്കുന്ന മനുഷ്യനോട് ചെയ്യുന്ന അനീതിക്ക് സമമാണ്. അല്ലാഹു വളരെ ശക്തമായി വിലക്കിയ കൊലപാതകമായിട്ടാണത് പരിഗണിക്കുക. അത് കൊണ്ട് റൂഹ് നഷ്ടപ്പെടുന്നതിന് മുമ്പ് സര്‍ജിക്കല്‍ ബ്ലേയ്ഡ് ഉപയോഗിക്കല്‍ അനുവദനീയമല്ല. മരണം ഉറപ്പാക്കുന്നതിന് ഡോക്ടര്‍മാര്‍ സ്വീകരിക്കാറുള്ള ഹൃദയമിടിപ്പ്, ശ്വസനം തുടങ്ങിയ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.
6) പുരുഷന്റെ മൃതദേഹം പുരുഷനും സ്ത്രീയുടേത് സ്ത്രീയുമാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടത്. മറക്കല്‍ നിര്‍ബന്ധമായ ഭാഗങ്ങളിലേക്ക് നോക്കുന്നത് നിഷിദ്ധമായതിനാല്‍ അത് സ്പര്‍ശിക്കുന്ന് നിഷിദ്ധമാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ജീവിച്ചിരിക്കെ നിഷിദ്ധമായത് മരിച്ചാലും നിഷിദ്ധം തന്നെ. അതേ ലിംഗത്തിലുള്ളവരെ കിട്ടാത്ത അവസരത്തിലും പഠനാവശ്യാര്‍ത്ഥമാകുമ്പോഴും മയ്യിത്തിന്റെ പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന ഭാഗം ഒഴികെയുള്ള ഭാഗങ്ങള്‍ മറക്കേണ്ടതുണ്ട്. ആവശ്യമില്ലാത്ത സ്ഥാനങ്ങളിലേക്ക് നോക്കുന്നതും അനിവാര്യ സാഹചര്യത്തിലല്ലാതെ സ്പര്‍ശിക്കുന്നതും വിലക്കപ്പെട്ടതാണ്.
7) പോസ്റ്റുമോര്‍ട്ടം ചെയ്യുന്ന വ്യക്തിയിലേക്കും പഠിക്കാനായി അവിടെ നില്‍ക്കുന്നവരിലേക്കും മൃതദേഹത്തില്‍ നിന്നും രോഗം പകരുകയില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. രോഗത്തിന്റെ കാരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്. രോഗം ഉള്ളവരും ഇല്ലാത്തവരും കൂടി കലരുന്നത് രോഗം പകരുന്നതിന് കാരണമാകുമെന്നതിനാലാണ് അത് വിലക്കിയിട്ടുള്ളത്. അതിനാല്‍ മൃതശരീരത്തില്‍ നിന്നും രോഗാണുക്കളും വൈറസുകളും ആരോഗ്യമുള്ളവരിലേക്ക് പകരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് സ്വന്തത്തെ നാശത്തിലേക്ക് തള്ളിവിടലായിരിക്കും. അത് വിരോധിക്കപ്പെട്ടതുമാണ്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

 

 

Related Articles