Current Date

Search
Close this search box.
Search
Close this search box.

ഉറങ്ങാന്‍ വൈകുന്ന കുട്ടികള്‍

കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ വിശ്രമം കിട്ടുന്നത് ഉറക്കത്തിലൂടെയാണെന്നതില്‍ രണ്ടു പക്ഷമില്ല. പേശികളുടെയും രണ്ട് കണ്ണുകളുടെയും മാത്രം വിശ്രമമല്ല. മറിച്ച് കുട്ടിയുടെ വളര്‍ച്ചയിലും ഉറക്കം കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. കുറഞ്ഞ ഊര്‍ജ്ജം മാത്രമേ കുട്ടികളുടെ ശരീരത്തില്‍ ഉപയോഗിക്കപ്പെടുന്നുള്ളൂ. ബാക്കി ഊര്‍ജ്ജം മുഴുവനും വളര്‍ച്ചാ പ്രക്രിയകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്.

പക്ഷെ പല വീട്ടുകാരും, തങ്ങളുടെ കുട്ടികള്‍ ഉറങ്ങാതിരിക്കുന്നുവെന്നും വൈകി മാത്രം കിടക്കാന്‍ പോവുന്നുവെന്നും പരാതിയുള്ളവരാണ്. പല കുട്ടികളും ഉണര്‍ന്നിരിക്കാന്‍ താല്‍പര്യം കാണിക്കാറുണ്ട്. കുട്ടികള്‍ യാതൊരു വിധ പ്രയാസവും കൂടാതെ കൃത്യസമയത്ത് കിടന്നുറങ്ങുന്ന അവസ്ഥക്കായി കൊതിക്കുന്ന മാതാപിതാക്കളും കുറവല്ല.

ഉറക്കം കുട്ടികളില്‍ ഉറക്കം കുറയുന്നതിന് കാരണങ്ങള്‍ പലതാണ്. കുടുംബ പരമോ വിദ്യാലയ സംബന്ധിയോ ആയ പ്രശ്‌നങ്ങള്‍ അലട്ടുന്നവരായിരിക്കും ചില കുട്ടികള്‍. തനിക്ക് ആസ്വാദ്യകരമായത് ഉറക്കത്തലൂടെ നഷ്ടമാവുന്നുവെന്ന തോന്നല്‍ കുട്ടികളിലുണ്ടാവാം. ഉദാഹരണത്തിന് വീട്ടിലെ മറ്റംഗങ്ങള്‍ ടെലിവിഷന്‍ പരിപാടി പോലുള്ളവ ആസ്വദിക്കുന്ന സന്ദര്‍ഭത്തില്‍ കുട്ടികളോട് ഉറങ്ങാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ കുട്ടിയുടെ മനസില്‍ സൃഷ്ടിക്കുന്ന തോന്നലുകള്‍. തനിക്കു മാത്രമെന്തുകൊണ്ട് അതാസ്വദിച്ചു കൂട എന്ന വിചാരം അവരുടെ ഉറക്കം കെടുത്തിയേക്കാം.

കുട്ടിയുടെ മനസിലെ ഭയമുളവാക്കുന്ന ചിന്തകള്‍. ഉദാഹരണത്തിന്, രാത്രി ഉറക്കത്തില്‍ മൂത്രമൊഴിച്ചാല്‍ ശിക്ഷിക്കുമെന്ന മാതാപിതാക്കളുടെ താക്കീത് പോലുള്ളവ കുട്ടിയുടെ ഉറക്കത്തിന് വിഘാതമാവും. ചെറുപ്രായത്തില്‍ കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് അമിതമായി അവരെ ലാളിക്കുന്നുവെങ്കില് പിന്നീട് സ്വാഭാവികമായി ആ സമയം കുട്ടിക്ക് ഉറക്കം വരില്ല. ഇതിന് കുറ്റക്കാര്‍ മാതാപിതാക്കളാണ്.

ഉറങ്ങുന്ന സ്ഥലത്തില്‍ മാറ്റം വരിക. ചില കുട്ടികള്‍ക്ക് സ്ഥിരമായി ഉറങ്ങുന്ന മുറിയോ കട്ടിലോ മാറിയാല്‍ ഉറങ്ങാന്‍ സാധിക്കില്ല. അമിതമായ പഠന ഭാരം കാരണമുള്ള ക്ഷീണവും അകാരണമായ ടെന്‍ഷനും കുട്ടികള ഉറക്കില്‍ നിന്ന് തടയാറുണ്ട്. ഉറക്കിന് മുമ്പ് അപസര്‍പ്പക കഥകള്‍ കേള്‍ക്കുകയോ പേടിപ്പെടുത്തുന്ന സിനിമകള്‍ കാണുകയോ ചെയ്യുന്ന കുട്ടികള്‍ക്ക് ഉറങ്ങാന്‍ പ്രയാസമാണ്. വിളര്‍ച്ച, ഹോര്‍മോണ്‍ അസന്തുലിതത്വം, പോഷകാഹാരക്കുറവ് തുടങ്ങിയവയുള്ള കുട്ടികളില്‍ ഉറക്കം കുറവായിരിക്കും. കുട്ടികളെ നിര്‍ബന്ധിച്ചുറക്കുക, ഉറങ്ങിയിട്ടില്ലെങ്കില്‍ ഹിംസ്ര ജന്തുക്കള്‍ പിടിക്കുമെന്ന് പറഞ്ഞ് പേടിപ്പിക്കുക, ഇരുട്ടുള്ള മുറികളില്‍ കുട്ടികളെ ഉറക്കുക എന്നിവ കാരണവും കുട്ടി നല്ലപോലെ ഉറങ്ങിയേക്കില്ല.

ഇങ്ങനെ പലവിധ കാരണങ്ങളാലും കൃത്യ സമയത്ത് കുട്ടികള്‍ ഉറങ്ങാതിരിക്കുന്നുവെങ്കില്‍ അതിനുള്ള പരിഹാരമാണ് ആവശ്യം. കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് വീട്ടില്‍ ശാന്തമായ അന്തരീക്ഷമുണ്ടാവണം. ബഹളമമയായ അന്തരീക്ഷം പാടെ ഇല്ലാതാക്കുക. കുട്ടികളുടെ കൂടെ കിടന്നുറങ്ങുക. അതോടൊപ്പം തന്നെ അവര്‍ക്ക് ഉറങ്ങാന്‍ മതിയായ സ്ഥലം അവര്‍ക്ക് വിട്ടുകൊടുക്കുക. അവരുടെ ഉറക്കത്തിന് വിഘ്‌നം വരാതെ ശ്രദ്ധിക്കുക. ഉറങ്ങും മുമ്പ് കുട്ടികളുടെ വിശപ്പും ദാഹവുമടങ്ങിയെന്നുറപ്പു വരുത്തുകയും സ്വസ്ഥതയും ഉന്‍മേഷവുമുള്ള അന്തരീക്ഷം ഒരുക്കുകയും ചെയ്യുക. ഉറങ്ങാനും ഉണരാനുമുള്ള കൃത്യമായ സമയം കുട്ടികള്‍ക്ക് നിര്‍ണ്ണയിച്ചു കൊടുക്കുക. എങ്കില്‍ കൃത്യമായി ഉറങ്ങാന്‍ കുട്ടികള്‍ നേരത്തെ തയാറെടുക്കാനും ഉറക്കമില്ലായ്മ പരിഹരിക്കാനും സാധിക്കും.

ഉറങ്ങേണ്ട സമയത്ത് കളിച്ചിരിക്കാതെ ഉറക്കത്തനായി തയാറെടുക്കാന്‍ കുട്ടികളോടു പറയുക. കുട്ടിക്ക് സമാധാനമുണ്ടാക്കുന്ന കളിപ്പാട്ടം കുട്ടിയുടെ അരികില്‍ തന്നെ വെക്കാന്‍ സമ്മതിക്കുക. അതവരില്‍ സമാധാനമുണ്ടാക്കും. ഉറങ്ങാത്ത കുട്ടികളെ ശകാരിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാതെ സ്‌നേഹമസൃണമായി ഉറക്കുക. മങ്ങിയ പ്രകാശമുള്ള മുറിയില്‍ കുട്ടികളെ കിടത്തുകയും അവര്‍ക്ക് ഭയമില്ലാതിരിക്കാന്‍ കൂടെ കിടക്കുകയും ചെയ്യുക. കുട്ടികള്‍ക്ക് മനസമാധാനമുണ്ടാക്കുന്ന നല്ല സാരോപദേശ കഥകള്‍ പറഞ്ഞ് അവരെ ഉറക്കുക. ഓരോ കുട്ടികളുടെയും ഉറക്കത്തിന്റെ രീതിയും അളവുമെല്ലാം മറ്റുള്ള കുട്ടികളില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും. ക്രമേണ ഉറക്കം ശരിയായിക്കോളും എന്ന് കരുതി ഒഴിവാക്കുന്നതിനു പകരം ചെറുപ്പത്തിലേ നല്ല ശീലങ്ങള്‍ കുട്ടികളിലുണ്ടാക്കുക.

വിവ. ഇസ്മായില്‍ അഫാഫ്‌

Related Articles