FamilyLife

വെറുപ്പിനും വിദ്വേഷത്തിനും നല്‍കേണ്ടി വന്ന വില

കുട്ടിയുടെ മാതാവിനോട് തോന്നിയ വെറുപ്പ് അവരെ കൊണ്ടെത്തിച്ചത് ഒരു കടുംകൈ ചെയ്യാന്‍. ഉറങ്ങി കിടന്നിരുന്ന ഏഴു മാസം മാത്രം പ്രായമായ കുട്ടിയെ കിണറ്റില്‍ എറിഞ്ഞു കൊല്ലാനുള്ള കാരണമായി പറഞ്ഞത് കേട്ടാല്‍ നാം ഞെട്ടണം. അസൂയ മനുഷ്യനില്‍ ഉണ്ടാക്കുന്ന രോഗം വളരെ വലുതാണ്. ഒരാളോടുള്ള വെറുപ്പും വിദ്വേഷവും പലപ്പോഴും ആരംഭിക്കുന്നത് അയാളോടുള്ള അസൂയയില്‍ നിന്നാണ്. ഒരുപാട് ബുദ്ധിമുട്ടുകളില്‍ നിന്നും ദൈവത്തില്‍ ശരണം തേടണം എന്ന് പറഞ്ഞതില്‍ ഒന്ന് അസൂയയാണ് എന്നതും ശ്രദ്ധേയമാണ്. തനിക്കു ലഭിക്കാത്ത അനുഗ്രഹവും പരിഗണനയും മറ്റുള്ളവര്‍ക്ക് ലഭിക്കുന്നു എന്ന് വരുമ്പോള്‍ ആരുടെ മനസ്സിലും ഉണ്ടാകുന്ന വികാരമാണ് അസൂയ. ആ വികാരം മനസ്സുകളെ കീഴ്‌പ്പെടുത്തിയാല്‍ പിന്നെ ശ്രദ്ധ മുഴുവന്‍ അപ്പുറത്തുള്ളവരെ എങ്ങിനെ നശിപ്പിക്കാം എന്നത് മാത്രമാകും. ‘നിങ്ങള്‍ അസൂയയെ സൂക്ഷിക്കണം, തീ വിറകിനെ തിന്നുന്നത് പോലെ അസൂയ സല്‍കര്‍മങ്ങളെ തിന്നു കളയും’ എന്നാണു പ്രവാചക വചനം.

പൊതു രംഗത്തും കുടുംബ രംഗത്തും മനുഷ്യര്‍ നേരിടുന്ന വലിയ വിപത്താണ് അസൂയ. തങ്ങള്‍ പരിഗണിക്കപ്പെടാതെ പോകുന്നു എന്നത് ആരിലും വിഷമം ഉണ്ടാക്കും. കൂട്ടുകുടുംബം എന്നത് ഇന്നൊരു അപൂര്‍വ സംഗതി ആയതു കൊണ്ട് ഇത്തരം വിഷയങ്ങള്‍ കുടുംബങ്ങളില്‍ ഉണ്ടാവുക ഇപ്പോള്‍ അസാധാരണമാണ്. അനുജന്റെ ഭാര്യക്ക് കൂടുതല്‍ പരിഗണന ലഭിക്കുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അവഗണനയായി അനുഭവപ്പെട്ടേക്കാം. അതിനുള്ള പ്രതികാരമാവും അത്തരം ആളുകളുടെ മനസ്സില്‍ എല്ലായ്പ്പോഴും. സ്വന്തം കഴിവ് കൊണ്ട് പലരും മുന്നോട്ടു വരുമ്പോള്‍ ചിലര്‍ സ്വയം പിന്നോട്ടു മാറി നിന്ന് കൊടുക്കുന്നു. അതെ സമയം മുന്നോട്ടു പോകാന്‍ കഴിയാത്തത് തന്റെ കുറവ് കൊണ്ടാണ് എന്ന് അവര്‍ ഒരിക്കലും മനസ്സിലാക്കാന്‍ ശ്രമിക്കില്ല. ഒരു തരം ‘അപകര്‍ഷതാ ബോധം’ പേറി നടക്കുന്ന ഇവരുടെ മനസ്സ് എപ്പോഴും വൈകാരികമാവും എന്നാണ് ശാസ്ത്രം പറയുന്നതും.

ചില ആളുകള്‍ സ്വയം ഒറ്റപ്പെട്ട് ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ലോകത്തോട് മുഴുവന്‍ അവര്‍ക്ക് വെറുപ്പാവും. അവസാന സമയത്ത് അവരുടെ മനോനിലകള്‍ തെറ്റിയതായി കാണാം. ഒരിക്കല്‍ പ്രവാചകന്‍ സദസ്സില്‍ വന്ന ഒരാളെ കുറിച്ച് സ്വര്‍ഗാവകാശി എന്ന് പറഞ്ഞു. ഒരു സഹാബി അയാളുടെ പിറകെ കൂടി അങ്ങിനെ പ്രവാചകന്‍ പറയാനുള്ള കാരണം അന്വേഷിച്ചു. അവസാനം കിട്ടിയ മറുപടി ഞാന്‍ ഒരാളോടും മനസ്സില്‍ വിദ്വേശം വെച്ച് രാത്രി ഉറങ്ങാന്‍ കിടക്കാറില്ല എന്നാണ്.

വിശാലമായ മനസ്സുകള്‍ക്ക് മാത്രമേ നിത്യ ജീവിതത്തിലെ ഇത്തരം ചതിക്കുഴികള്‍ നേരിടാന്‍ കഴിയൂ. അതിനെ നാം വിശ്വാസം എന്ന് വിളിക്കും. അസൂയ മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ്. അതെങ്ങിനെ നേരിടാം എന്നതിനെ കുറിച്ച് പറഞ്ഞ ഉദാഹരണം ഇങ്ങിനെയാണ്. ‘നിങ്ങള്‍ വിശാലമായ റോഡിലൂടെ വാഹനം ഓടിച്ചു പോകുന്നു. അപ്രതീക്ഷിതമായി കാറിന്റെ മുന്നിലേക്ക് ഒരു പൂച്ച എടുത്തു ചാടുന്നു. ഏതു നല്ല ഡ്രൈവറും ഒന്ന് പതറും. നല്ല ഡ്രൈവര്‍ അടുത്ത നിമിഷം തന്നെ വിവേകം വീണ്ടെടുത്ത് കാറിന്റെ ഗതി ശരിപ്പെടുത്തും. കഴിവില്ലാത്ത ഡ്രൈവര്‍ ഉണ്ടാക്കുന്ന അപകടം പോലെയാണ് അസൂയയും.’ അടുത്ത നിമിഷം മനസ്സിനെ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപ്പെടും. അല്ലെങ്കില്‍ എരിയുന്ന ഹൃദയുമായി നാം ജീവിക്കേണ്ടി വരുന്നു.

Facebook Comments
Show More

Related Articles

Close
Close