Current Date

Search
Close this search box.
Search
Close this search box.

ദമ്പതികൾക്കിടയിലെ സാമ്പത്തിക ബന്ധം

ദാമ്പത്യ ജീവിതത്തിൽ ഉടലെടുക്കുന്ന അസ്വാരസ്യങ്ങളിൽ സുപ്രധാനമാണ് സാമ്പത്തിക പ്രശ്നങ്ങൾ. ഇത് സ്ത്രീകളുടെ ജോലിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ്. എന്നാൽ ജോലി പല‍ർക്കും ഒരു ആവശ്യമായി മാറിയ കാലം കൂടിയാണല്ലോ ഇപ്പോൾ. ദമ്പതികൾക്കിടയിലെ ഇത്തരം കാര്യങ്ങൾ എങ്ങിനെയാണ് സ്വാധീനിക്കുന്നത് എന്നതിനെ കുറിച്ചാണ് ഇവിടെ ചിലത് പറയാൻ ശ്രമിക്കുന്നത്.

അല്ലാഹു പറയുന്നു: ‘ പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്. പുരുഷന്മാരുടെ അഭാവത്തില്‍ അല്ലാഹു സംരക്ഷിക്കാനാവശ്യപ്പെട്ടതെല്ലാം കാത്തുസൂക്ഷിക്കുന്നവരുമാണ്. എന്നാല്‍ ഏതെങ്കിലും സ്ത്രീ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ അവരെ ഗുണദോഷിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നുനില്‍ക്കുക. അടിക്കുകയും ചെയ്യുക. അങ്ങനെ അവര്‍ നിങ്ങളെ അനുസരിക്കുന്നുവെങ്കില്‍ പിന്നെ നിങ്ങള്‍ അവര്‍ക്കെതിരായ നടപടികളൊന്നുമെടുക്കരുത്. അത്യുന്നതനും മഹാനുമാണ് അല്ലാഹു; തീര്‍ച്ച.’ (4:34),

‘നിങ്ങളുടെ കഴിവിനൊത്തവിധം ഇദ്ദാവേളയില്‍ അവരെ നിങ്ങള്‍ താമസിക്കുന്നിടത്ത് തന്നെ താമസിപ്പിക്കുക. അവര്‍ക്ക് ഇടുക്കമുണ്ടാക്കുംവിധം നിങ്ങളവരെ പ്രയാസപ്പെടുത്തരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നത് വരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കുക. അവര്‍ നിങ്ങള്‍ക്കായി കുഞ്ഞുങ്ങളെ മുലയൂട്ടുന്നുവെങ്കില്‍ അവര്‍ക്ക് അതിനുള്ള പ്രതിഫലവും നല്‍കുക. അക്കാര്യം നിങ്ങള്‍ നല്ല നിലയില്‍ അന്യോന്യം കൂടിയാലോചിച്ച് തീരുമാനിക്കുക. എന്നാല്‍ നിങ്ങള്‍ക്കിരുവര്‍ക്കും അത് പ്രയാസകരമാവുകയാണെങ്കില്‍ അയാള്‍ക്കുവേണ്ടി മറ്റൊരുവള്‍ മുലയൂട്ടട്ടെ. സമ്പന്നന്‍ തന്റെ കഴിവിനനുസരിച്ചു ചെലവു ചെയ്യണം. തന്റെ ഉപജീവനത്തിന് ഇടുക്കമനുഭവിക്കുന്നവന്‍ അല്ലാഹു അവന് നല്‍കിയതില്‍ നിന്ന് ചെലവിനു നല്‍കട്ടെ. അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. പ്രയാസത്തിനു ശേഷം അല്ലാഹു എളുപ്പം ഉണ്ടാക്കിക്കൊടുക്കുന്നു.’ (65:6,7).

നബി (സ) പറഞ്ഞു: ‘ ഒരാൾ തന്റെ കുടുംബത്തിന്റെ മേൽ ചെലവഴിച്ചാൽ അത് സ്വദഖയാണ് ‘. വിവാഹം കഴിച്ചത് മുതൽ തന്റെ ഭാര്യക്ക് ചെലവ് കൊടുക്കൽ ഭർത്താവിന് നിർബന്ധമാണെന്നതിൽ കർമ്മ ശാസ്ത്ര പണ്ഡിതൻമാർ ഏകാഭിപ്രായക്കാരാണ്. ഭാര്യക്ക് നൽകുന്ന ഒരു ഉരുള ഭക്ഷണം പോലും സ്വദഖയാണെന്ന പ്രവാചകധ്യാപനവും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. മാന്യമായ ജീവിതം നയിക്കാൻ ആവശ്യമായ പാർപ്പിടം, ഭക്ഷണം, ചികിത്സ, വാഹനം, ഭർത്താവിന്റെ കഴിവ് അനുസരിച്ചുള്ള ആസ്വാദനം തുടങ്ങിയവയെല്ലാം ചെലവിൽ ഉൾപ്പെടും. ഇനി ഇണകൾ തമ്മിലുള്ള സാമ്പത്തിക ബന്ധം എങ്ങനെയൊക്കെ ആണെന്ന് പരിശോധിക്കാം.

സാമ്പത്തിക ബാധ്യതയിലെ വ്യത്യാസം

ഭാര്യയെ സംബന്ധിച്ച് അവൾ സമ്പാദിക്കുന്നതെല്ലാം അവളുടേത് തന്നെയായി നിലനിൽക്കും. അതിന്റെ ഉടമസ്ഥാവകാശവും വിനിയോഗത്തിനുള്ള അവകാശവും അവൾക്ക് തന്നെ. ആ സമ്പത്തിൽ ഭർത്താവിന് നിയന്ത്രണാവകാശം ഇല്ല. അത് ചെലവഴിക്കാൻ അവന്റെ സമ്മതമോ മറ്റോ തേടേണ്ട ആവശ്യവും വരുന്നില്ല.

ഭാര്യക്കുള്ള ചെലവ്

ഭർത്താവിന്റെ പക്കൽ നിന്നും ഭാര്യക്ക് ലഭിക്കേണ്ട ചെലവ് അവളുടെ അവകാശമാണ്. പിണക്കം കൊണ്ടല്ലാതെ അത് ഇല്ലാതുവുകയില്ല. തന്റെ കഴിവും പ്രാപ്തിയും അനുസരിച്ച് ശറഅ് അനുവദനീയമാക്കിയ രീതിയിൽ അധ്വാനിച്ച് അവൾക്ക് ചെലവ് നൽകൽ ഭർത്താവിന് നിർബന്ധ ബാധ്യതയാണ്.

ഭാര്യയുടെ ജോലി

ഒരു ഭാര്യയുടെ അടിസ്ഥാനപരമായ ഉത്തരവാദിത്വം എന്നത്, കുടുംബ പരിപാലനവും മക്കളെ വളർത്തലുമാണ്. ആവശ്യമെങ്കിൽ മതനിയമങ്ങൾക്കനുസൃതമായി അടിസ്ഥാനപരമായ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചു കൊണ്ട് തന്നെ മറ്റു ജോലിക്ക് പോകാവുന്നതുമാണ്.
നിയമപരമായി ഭാര്യ ജോലിക്ക് പോകുന്നു എന്നതുകൊണ്ട് ചെലവിന് കൊടുക്കേണ്ട ഭർത്താവിന്റെ നിർബന്ധ ബാധ്യത ഒഴിവാകുകയുമില്ല.

കുടുംബ ചെലവുകളിലെ ഭാര്യയുടെ പങ്കാളിത്തം

ഇസ്ലാമിക നിയമപ്രകാരം കുടുംബ ചെലവുകൾ ഭാര്യ വഹിക്കേണ്ടതില്ല. അതിന് അവളെ നിർബന്ധിക്കാൻ പാടില്ല. എന്നാൽ, ദമ്പതികൾ പരസ്പര ധാരണയുടെ പുറത്ത് ഔചിത്യത്തോടെ കുടുംബചെലവുകൾ ഒന്നിച്ചു കൈകാര്യം ചെയ്യുന്നത് ഏറെനല്ല കാര്യമാണ്.

ജോലി നിബന്ധനയായി വെക്കൽ

വിവാഹ കർമ്മത്തിൽ ജോലി നിബന്ധനയായി വെക്കൽ വധുവിന് അനുവദനീയമാണ്. വരൻ അത് സ്വീകരിക്കലോടുകൂടി അവൾക്ക് പുറത്തുപോയി ജോലി ചെയ്യാനുള്ള സമ്മതമായി അത് പരിഗണിക്കപ്പെടും.
ആവശ്യമെങ്കിൽ കുടുംബ കാര്യങ്ങളിലും സന്താന പരിപാലനത്തിനുമായി ജോലി ഉപേക്ഷിക്കാൻ ഭർത്താവിന് ആവശ്യപ്പെടാവുന്നതുമാണ്. എന്നാൽ ഭാര്യക്ക് ജോലിക്ക് സമ്മതം നൽകുന്നതോടൊപ്പം തനിക്ക് നിർബന്ധ ബാധ്യതയായുള്ള ചെലവ് പകുതി വഹിക്കണമെന്ന് നിബന്ധന വെക്കാൻ ഭർത്താവിന് അനുവദവുമില്ല.

ഉടമസ്ഥതയിൽ ഭാര്യയുടെ പങ്കാളിത്തം

ഒരു വീട്, റിയൽ എസ്റ്റേറ്റ് അല്ലെങ്കിൽ ബിസിനസ് പ്രോജക്റ്റ് സ്വന്തമാക്കാൻ ഭാര്യ അവളുടെ പണത്തിൽ നിന്നോ അവളുടെ ജോലി വരുമാനത്തിൽ നിന്നോ നൽകിയിട്ടുണ്ടെങ്കിൽ, അവൾ നൽകിയ പണത്തിന് ആനുപാതികമായി ആ വീടിന്റെയോ പ്രോജക്റ്റിന്റെയോ ഉടമസ്ഥതയിൽ അവൾക്ക് അവകാശമുണ്ട്.

അവകാശങ്ങളുടെ ദുർവിനിയോഗം

ദമ്പതികൾ പരസ്പരം കടമകളും ബാധ്യതകളും നിർവഹിക്കേണ്ടതുണ്ട്. ഒന്നിച്ച് സ്നേഹ വായ്പ്പോടെ ജീവിത നൗക തുഴയേണ്ടവരാണ് അവർ. ഭാര്യക്ക് പ്രയാസമുണ്ടാക്കാനായി അവളെ ജോലിയിൽ നിന്ന് തടയുകയോ മറ്റോ ചെയ്യുന്നത് ഭർത്താവിന് അനുവദനീയമല്ല. അത് തന്റെ നിയന്ത്രണ അവകാശത്തെ ദുരുപയോഗം ചെയ്യലാണ്. അതുപോലെതന്നെ ഭർത്താവിനെയും കുടുംബത്തിനെയും ബുദ്ധിമുട്ടിക്കാൻ തന്റെ അവകാശങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഭാര്യക്കും നിഷിദ്ധമാണ്.

ഇണകളിൽ സാമ്പത്തിക ബന്ധത്തിന്റെ സ്വാധീനം

ഇണകൾ തമ്മിലുള്ള സാമ്പത്തിക ബന്ധം സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കുന്നതിനുള്ള ഫലപ്രദമായ നിദാനമാണ്. അല്ലെങ്കിൽ അത് പ്രശ്നങ്ങളുടെ മാതാവാണ്. ഭാര്യയുടെ സമ്പത്തിൽ അതിമോഹിയായ ഭർത്താവും തന്റെ സമ്പാദ്യത്തിൽ പിശുക്ക് കാണിക്കുന്ന ഭാര്യയും കുടുംബത്തിന്റെ സമാധാന അന്തരീക്ഷത്തെ തകർക്കും.

ദമ്പതികൾക്കിടയിൽ പോരും വാശിയും ഉടലെടുക്കാൻ മോശമായ സാമ്പത്തിക ബന്ധങ്ങൾ കാരണമാവാറുണ്ട്. ഇണകൾ കൈമാറേണ്ട അവകാശങ്ങളും ബാധ്യതകളും കൂലിക്ക് വകവെച്ചു നൽകുന്ന വിചിത്രമായ അവസ്ഥയിലേക്ക് കുടുംബം മാറിപോകുന്നു. ഇത് തന്നിഷ്ടവും അഹംഭാവവും വളർത്തി സുദൃഢമായ ബന്ധത്തെ തളർത്തും. മറ്റു ചില കുടുംബങ്ങളിൽ ഭർത്താവ് പൂർണമായും കുടുംബ ചെലവുകളെ കുറിച്ച് അശ്രദ്ധനാവുകയും ഒടുവിൽ ഭാര്യ കുടുംബഭാരം പേറേണ്ടി വരികയും ചെയ്യേണ്ടുന്ന ദുരവസ്ഥയും ഇന്ന് കാണപ്പെടുന്നു.

പരിഹാരം

അധ്യാപനം, ചികിത്സ, നെയ്ത്, പ്രബോധനം പോലുള്ള സ്ത്രീക്ക് ആവശ്യമായ ജോലികളൊഴിച് അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജോലിയേക്കാൾ കുടുംബത്തിന് പ്രാധാന്യം നൽകുക എന്നതാണ് അത്യന്തികമായി നിർദേശിക്കാവുന്ന പരിഹാരം. ഉമ്മയായും ഭാര്യയായും തന്റെ കടമകളെ നിർവഹിക്കാൻ സാധിക്കുന്നവൾക്ക് ആവശ്യമെങ്കിൽ മതനിയമാനുസൃതമായി ഭർത്താവിന്റെ സമ്മതത്തോടെ ജോലിക്ക് പോകാം. ധനികയായ ഭാര്യ പ്രതിസന്ധിഘട്ടങ്ങളിൽ ഭർത്താവിനെ സഹായിക്കാൻ തയ്യാറാവണം. പരസ്പരം സഹായിച്ചും പരിഗണിച്ചും മുന്നോട്ട് പോകുമ്പോൾ ജീവിതത്തിന് മധുരമുണ്ടാകും. കുടുംബം ഒരു ഭാരമാവാതെ ഇരുവരുടെയും ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാൻ അത് വഴി സാധിക്കും തീർച്ച.

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles