Family

ഈ ആനയെ പോലെയല്ല ജീവിക്കേണ്ടത്

അഞ്ച് ടണ്ണോളം ഭാരമുള്ള വലിയൊരു ആന തന്റെ പാപ്പാനെ അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയുമോ? ചെറിയൊരു ബലപ്രയോഗത്തിലൂടെ തനിക്കുചുറ്റുമുള്ള വേലിക്കെട്ടുകള്‍ തകര്‍ക്കാന്‍ കഴിവുണ്ടായിട്ടും പടുകൂറ്റന്‍ ശരീരമുള്ള ആന മൃഗശാലയില്‍ നിന്ന് രക്ഷപ്പെടാത്തതെന്താണെന്ന് നിങ്ങള്‍ക്കറിയുമോ? താന്‍ ചെറുപ്പത്തില്‍ തന്നെ ശീലിപ്പിക്കപ്പെട്ട ശീലത്തിന് ആ കൂറ്റന്‍ ആന അടിമപ്പെട്ടിരിക്കുന്നു എന്നതാണ് മുകളിലെ രണ്ട് ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം. ആ ആന ചെറുതായിരുന്നപ്പോള്‍ പത്ത് മീറ്റര്‍ നീളമുള്ള കയറില്‍ ബന്ധിച്ചായിരുന്നു അതിനെ മെരുക്കിയതും പരിശീലനം നല്‍കിയതും. പത്ത് മീറ്ററിനടുത്തേക്ക് അത് നടക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ബന്ധിച്ചിരുന്ന കയര്‍ അതിനെ പിടിച്ചുവെച്ചു. ഇങ്ങനെ അതിന്റെ ജീവിതത്തിന്റെ ഒരു ഘട്ടം പത്ത് മീറ്റര്‍ വൃത്തത്തിനുള്ളില്‍ തളക്കപ്പെട്ടതായി മാറി. ആ വലുതായി അതിന്റെ ഭാരം അയ്യായിരം കിലോയിലെത്തിയെങ്കിലും അതിപ്പോഴും വിശ്വസിക്കുന്നത് പത്ത് മീറ്ററിനപ്പുറം തനിക്ക് നടക്കാനാവില്ലെന്നാണ്. കാരണം ചെറുപ്പം മുതല്‍ അതാണ് ശീലിപ്പിക്കപ്പെട്ടിരിക്കുന്നത്. അതിനെ ബന്ധിച്ചിരുന്ന നീളമുള്ള കയര്‍ മുറിക്കപ്പെട്ടിരിക്കുന്നു. ഭൂമിയുമായി ബന്ധിപ്പാതെ അതിന്റെ ഒരു ഭാഗം മാത്രം കാലിന് ചുറ്റും ബന്ധിച്ചിരിക്കയാണെങ്കിലും താന്‍ കയറുകൊണ്ട് ഭൂമിയുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുകയാണെന്നാണ് ആന വിശ്വസിക്കുന്നത്.

മേല്‍പറഞ്ഞ കഥയിലേത് പോലെയാണ് മിക്ക ആളുകളുടെയും ജീവിതം. ചെറുപ്പത്തിലെ ശീലങ്ങള്‍ അവരെ അടിമപ്പെടുത്തിരിക്കുകയാണ്. ആ ശീലത്തെ തകര്‍ത്തെറിയാനുള്ള ശക്തിയും മനോദാര്‍ഢ്യവും തങ്ങള്‍ക്കില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എവിടെയും ബന്ധിപ്പിക്കാതെ തന്റെ കാലില്‍ ചുറ്റിയിരിക്കുന്ന കയര്‍ ഭൂമിയുമായി ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന് വിശ്വസിക്കുന്ന ആനയെ പോലെ സാങ്കല്‍പിക ലോകത്താണവര്‍ ജീവിക്കുന്നത്.

തന്റെ മനസ്സിലുള്ള കാര്യങ്ങള്‍ പ്രകടിപ്പിക്കാന്‍ പ്രയാസപ്പെടുന്ന ഒരാളുമായി ഞാനൊരിക്കല്‍ സംസാരിച്ചു. തന്റെ ആ പ്രകൃതം മാറ്റാനാവില്ലെന്നാണ് അയാള്‍ പറുന്നത്. താങ്കളതിന് ശ്രമിച്ചിട്ടുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു. ഞാന്‍ ശ്രമിച്ചിട്ടുണ്ട് പക്ഷേ വിജയിച്ചിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എത്ര തവണ ശ്രമിച്ചിട്ടുണ്ടെന്ന് ഞാനയാളോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു: രണ്ടോ മൂന്നോ പ്രാവശ്യം. ഞാനദ്ദേഹത്തോട് പറഞ്ഞു: താങ്കളുടെ പരിശ്രമം വളരെ കുറവാണ്. ഒരു മനുഷ്യന് തന്റെ മനസ്സിലുള്ള ഒരു വിശ്വാസത്തെ തകര്‍ത്ത് തന്നില്‍ അടിയുറച്ചിരിക്കുന്ന പ്രകൃതത്തെ പിഴുതെറിഞ്ഞ് പുതിയതിനെ സ്ഥാപിക്കാന്‍ വളരെയേറെ ശ്രമിക്കേണ്ടതുണ്ട്. ഇരുപതിലേറെ തവണ ശ്രമിച്ചപ്പോഴാണ് അയാള്‍ക്ക് അതില്‍ വിജയിക്കാന്‍ സാധിച്ചത്. പെട്ടന്ന് ക്ഷോഭിക്കുന്നു എന്ന ആവലാതിയുമായാണ് ഒരു സ്ത്രീ എന്റെ അടുക്കല്‍ വന്നത്. ആനയുടെ കയര്‍ പോലെയാണ് ഈ പ്രകൃതമെന്ന് ഞാന്‍ അവരോട് പറഞ്ഞു. എനിക്ക് സാധിക്കുകയില്ല എന്നതില്‍ നിന്ന് വിശ്വാസത്തെ എനിക്ക് സാധിക്കുമെന്നതിലേക്ക് മാറ്റി അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. വളരെയധികം ശ്രമിച്ചതിന്റെ ഫലമായി തന്റെ ക്ഷോഭത്തെ നിയന്ത്രിക്കാന്‍ അവര്‍ക്ക് സാധിച്ചു.

ഒരാള്‍ തന്റെ പഴയതും തെറ്റായതുമായ ഒരു ശീലത്തെ മാറ്റാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അഞ്ച് കാല്‍വെപ്പുകളാണ് സ്വീകരിക്കേണ്ടത്. താന്‍ ശീലിച്ചിരിക്കുന്നത് തെറ്റായ ശീലമാണെന്ന ഉറച്ച ബോധ്യമാണ് അതില്‍ ഒന്നാമത്തേത്. ആ തെറ്റായ ശീലത്തെ തകര്‍ത്തു മാറ്റാന്‍ ആ ബോധം സഹായിക്കും. ‘ഞാന്‍ ചെയ്യില്ല’ എന്നതിന് പകരം ‘എനിക്ക് സാധിക്കില്ല’ എന്ന വാക്ക് പകരം വെക്കുകയാണ് രണ്ടാമത്തേത്. ‘ഞാന്‍ ചെയ്യില്ല’ എന്ന് താങ്കളുടെ മനസ്സ് തീരുമാനമെടുക്കുമ്പോള്‍ തെറ്റായ ആ ശീലത്തെ മാറ്റാന്‍ താങ്കള്‍ തയ്യാറല്ലെന്നാണ് തീരുമാനിക്കുന്നത്. അതേസമയം ‘എനിക്ക് സാധിക്കില്ല’ എന്ന് പറയുമ്പോള്‍ ബാഹ്യമായ ഏതോ കാരണമാണ് താങ്കള്‍ക്ക് മുമ്പില്‍ തടസ്സം സൃഷ്ടിക്കുന്നത്. ആനയുടെ കാലിലെ കയറു പോലെയുള്ള ആ ബാഹ്യകാരണത്തെ ചികിത്സിച്ച് തെറ്റായ ശീലത്തിന് മാറ്റം വരുത്താനാവും. മൂന്നാമത്തെ കാല്‍വെപ്പ് താന്‍ പതിവാക്കിയ ശീലങ്ങളുടെ ദോഷങ്ങള്‍ തിരിച്ചറിയലാണ്. ഭക്ഷണത്തിന് ശേഷം ചായകുടിക്കുന്നതിന്റെ ദോഷങ്ങള്‍, വ്യായാമം ചെയ്യാതിരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍, പൊണ്ണത്തടിയുടെ ദോഷങ്ങള്‍ തുടങ്ങിയവ ഉദാഹരണങ്ങളായെടുക്കാം. അതിന്റെ ദോഷങ്ങള്‍ അറിയുമ്പോള്‍ ആനയുടെ ജീവിതത്തില്‍ നിന്ന് വേറിട്ട ഒരു ജീവിതത്തിന് താങ്കളെയത് സഹായിക്കും.

തെറ്റായ ശീലം ഒഴിവാക്കുമ്പോള്‍ ഒരു നല്ലശീലം പകരംവെക്കുകയെന്നതാണ് നാലാമത്തെ കാല്‍വെപ്പ്. പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിച്ച ഒരാളെ എനിക്കറിയാം. പക്ഷേ എന്തെങ്കിലും കയ്യില്‍ പിടിക്കുകയെന്നത് അയാളുടെ ശീലമായി മാറിയിരുന്നു. തസ്ബീഹ് മാല കൈയ്യില്‍ പിടിച്ചാണ് അദ്ദേഹമതില്‍ വിജയിച്ചത്. ആഹാരത്തിന് ശേഷം മധുരപലഹാരം കഴിക്കുന്നത് ശീലമാക്കിയിരുന്ന ഒരു സ്ത്രീ ച്യൂയിംഗം ചവച്ചാണ് അതിനെ മറികടന്നത്. അഞ്ചാമത്തെ കാല്‍വെപ്പ് അല്ലാഹുവോടുള്ള ആത്മാര്‍ത്ഥമായ പ്രാര്‍ഥനയാണ്. തെറ്റായ ശീലങ്ങളില്‍ നിന്ന് മോചനം കിട്ടാനും നല്ലശീലങ്ങല്‍ ജീവിതത്തിന്റെ ഭാഗമാകുന്നതിനും പ്രാര്‍ഥിക്കുമ്പോള്‍ അല്ലാഹുവിന്റെ ഭാഗത്തു നിന്നും അതിന്നുള്ള സഹായം ലഭിക്കും. സ്വഭാവത്തെയും ജീവിതത്തിലെ പ്രവര്‍ത്തനങ്ങളെയും ബന്ധിക്കുന്ന തെറ്റായ ധാരണകളില്‍ കുടുങ്ങി ആയുഷ്‌ക്കാലം മുഴുവന്‍ കഥയിലെ ആനയെ പോലെ ജീവിക്കുന്നതിന് പകരം മേല്‍പറഞ്ഞ അഞ്ച് കാല്‍വെപ്പുകളിലൂടെ തെറ്റായ ശീലങ്ങളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നും മോചനം നേടാം. അല്ലാത്തപക്ഷം യഥാര്‍ത്ഥ സന്തോഷത്തില്‍ ജീവിക്കുന്നതിന് പകരം വ്യക്തിത്വത്തെയും മാനസികാവസ്ഥയെയും സ്വാധീനിക്കുന്ന ഒരുകൂട്ടം ഊഹങ്ങളിലായിരിക്കും താങ്കളുടെ ജീവിതം.

മൊഴിമാറ്റം: അബൂഅയാശ്

Facebook Comments
Related Articles
Show More

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Close
Close