Current Date

Search
Close this search box.
Search
Close this search box.

ഭര്‍ത്താവിനെ രഹസ്യമായി നിരീക്ഷിക്കുന്ന ഭാര്യ

വിവാഹത്തിന് ശേഷം ഭാര്യ ഭര്‍ത്താവിനെ പത്ത് വര്‍ഷത്തോളം രഹസ്യമായി നിരീക്ഷിക്കുന്നു. അങ്ങനെ അവള്‍ തന്റെ ഭര്‍ത്താവിന് വിവാഹത്തിനു മുമ്പ് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും, വിവാഹ ശേഷം അത് അവസാനിപ്പിച്ചെന്നും കണ്ടെത്തി. തുടര്‍ന്ന് അവള്‍ക്ക് അത്തരത്തിലുളള ചുഴിഞ്ഞന്വേണത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയുന്നില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ധമുണ്ടായിരുന്ന സ്ത്രീകളുമായി ഇപ്പോള്‍ ബന്ധമില്ലെന്ന് ഉറപ്പിക്കാന്‍ എല്ലാ ദിവസവും ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണ്‍ നോക്കിയാലല്ലാതെ അവള്‍ക്ക് സമാധാനം ലഭിക്കുന്നില്ല. തുടര്‍ന്ന്, അവളുടെ ജീവതത്തില്‍ ചുഴിഞ്ഞന്വേഷിക്കാതെ ഒരു ദിവസവും കടന്നുപോകുന്നില്ലെന്നായി. അത് അവളുടെ ജീവതത്തിന്റെ അടിസ്ഥാന ഭാഗമായി മാറുകയും ചെയ്തു. അങ്ങനെ, ചുഴിഞ്ഞന്വേഷിക്കല്‍ മനോരോഗമായിമാറുകയും അവളുടെ മാനസിക നില തകിടം മറിയുകയും അത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. അസ്വസ്ഥത കാരണമായി രക്ത സമര്‍ദം വര്‍ധിക്കുകയും ആരോഗ്യ നില കൂടുതല്‍ മോശമാവുകയും ചെയ്തു. ഇത്തരത്തിലുളള ഒരുപാട് പ്രശ്‌നങ്ങള്‍ക്കിടയിലാണ് അവള്‍ ജീവിക്കുന്നത്. അതേസമയം, അവളുടെ ഭര്‍ത്താവ് നന്നായി ജീവിക്കുന്നു. നല്ല സ്വഭാവത്തോടെ ജീവിക്കുന്ന ഭര്‍ത്താവ് അവളോട് നന്നായി പെരുമാറുകയും നമസ്‌കാരം നിലനിര്‍ത്തുകയും കുട്ടികളെ സ്‌നേഹിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കഴിഞ്ഞകാലം മോശമാണെന്നത് ശരിതന്നെയാണ്. എന്നാല്‍, വിവാഹാനന്തരം നല്ല ജീവിതം നയിക്കുകയും ഉത്തരവാദിത്വങ്ങളെല്ലാം നന്നായി നിര്‍വഹിക്കുകയും ചെയ്യുന്നു. പക്ഷേ, അവള്‍ ചുഴിഞ്ഞന്വേഷിക്കുന്നത് മുഖേന അവളുടെ ആരോഗ്യനില അവതാളത്തിലാക്കുകയും, ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ അഭിമുഖീരിച്ചുകൊണ്ടിരിക്കുകയുമാണ്. അത് അവസാനം വിവാഹമോചനത്തിലേക്ക് നയിച്ചു. അങ്ങനെ അവള്‍ക്ക് ഊഹങ്ങളുടെ ലോകത്ത് തനിച്ച് ജീവിക്കേണ്ടതായും വന്നു.

ശേഷം, ഞാനെന്റെ മനസ്സില്‍ പറയുകയുണ്ടായി: ‘ നിങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത് ‘ എന്ന് അല്ലാഹു പറഞ്ഞത് എത്ര സത്യമാണ്! ചാരവൃത്തി നടത്തുന്നത് അല്ലാഹുവില്‍നിന്ന് ശിക്ഷ നേടിതരാന്‍ കാരണമാകുന്നതാണ്. മാത്രമല്ല, അതൊരു രോഗവുമാണ്. ഒരുവന്‍ ഒരിക്കല്‍ അങ്ങനെ പ്രവര്‍ത്തിച്ചാല്‍ വീണ്ടും അതില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതാണ്. അതില്‍നിന്ന് വിടുതല്‍ അവന് സാധ്യമല്ല. കാരണം, മനുഷ്യന് താല്‍പര്യം നിഗൂഢമായത് ചികഞ്ഞ് കണ്ടെത്തുകയും ന്യൂനതകള്‍ പുറത്തുകൊണ്ടുവരികയും ചെയ്യുന്നതിലാണ്. ചുഴിഞ്ഞന്വേഷിക്കല്‍ എന്നു പറഞ്ഞാല്‍ അത് വെളിപ്പെടുത്തലുകളാണ്. അഥവാ, ഔറത്തും, രഹസ്യമായതും, ഓരോര്‍ത്തക്ക് പ്രത്യേകമായിട്ടുളളതുമായ കാര്യങ്ങള്‍ ചികഞ്ഞ് കണ്ടെത്താന്‍ ശ്രമിക്കുകയാണത്. അത് ഭാര്യക്കും ഭര്‍ത്താവിനുമിടയിലാണെങ്കിലും പൊതുനിയമപ്രകാരവും ഇസ്‌ലാമിക നിയമപ്രകാരവും തിരസ്‌കൃതമായ പ്രവര്‍ത്തിയാണ്. പക്ഷേ, രാജ്യ സുരക്ഷ മുന്‍നിര്‍ത്തി ചാരവൃത്തി നടത്തുന്നതിന് ഇതില്‍നിന്ന് അപവാദമാണ്. രാജ്യ സുരക്ഷക്കുവേണ്ടി അത് ശരിയുമാണ്. എന്നാല്‍, കുടുംബത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തെറ്റാണ്. അതിനൊരു ന്യായവുമില്ല. ചുഴിഞ്ഞന്വേഷിക്കുക എന്നത് ഈ കാലത്തിലെ രോഗമായി മാറിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണുകള്‍ വര്‍ധിച്ച ഇക്കാലത്ത് ഭാര്യമാര്‍ക്കും അവരുടെ കൂട്ടുകാര്‍ക്കുമിടയിലെ ബന്ധം ഏതുതരത്തിലാണെന്ന് മനസ്സിലാക്കുന്നതിന് ചാരവൃത്തി നടത്തുന്ന പ്രവണത വര്‍ധിച്ചിരിക്കുന്നു. അസാന്മാര്‍ഗിക രീതിയുലുളള ഇത്തരം അന്വേഷണം ഇസ്‌ലാമിക നിയമങ്ങള്‍ക്കെതിരിലും ന്യായീകിക്കാന്‍ കഴിയാത്തതുമാണ്. പുതിയ കാലത്തെ പ്രധാന രോഗങ്ങളില്‍പ്പെട്ട രോഗമായി മാറിയിരിക്കുന്നു ചുഴിഞ്ഞന്വേഷണം. ഇവ്വിഷയകമായി എന്റെടുത്ത് വ്യത്യസ്ത ഉദാഹരണങ്ങള്‍ നിരത്താനുണ്ട്. ഒരിക്കല്‍ ഒരു സ്ത്രീ പറയുകയുണ്ടായി: ചുഴിഞ്ഞന്വേഷിക്കുന്നത് നിമിത്തമായി രോഗം ബാധിച്ചിരിക്കുന്നു. മറ്റൊരു സ്ത്രീ ഭര്‍ത്താവിനെ രഹസ്യമായി പതിവായി പിന്തുടരുകയും അത് ഭര്‍ത്താവ് മനസ്സിലാക്കുകയും അതവരുടെ ദാബത്യത്തെ ബാധിക്കുകയും അവസാനമത് ത്വലാഖിലെത്തി. ഈ അന്വേഷണത്തിലൂടെ ഭാര്യയും ഭര്‍ത്താവും പരസ്പരം ഒന്നും കണ്ടെത്തുകയുണ്ടായില്ല. പക്ഷേ, അവരുടെ സംശയരോഗം പരസ്പര വിശ്വാസത്തെ ഇല്ലാതാക്കി എന്നതാണ് ഇങ്ങനെയൊരു പര്യവസാനത്തിന് കാരണമായത്.

ചുഴിഞ്ഞന്വേഷിക്കുന്നത് സമയത്തെ കൊല്ലുകയും വിശ്വാസ്യത കെടുത്തികളയുന്നതുമാണ്. അങ്ങനെയുളളവര്‍ എപ്പോഴും അസ്വസ്ഥതയോടുകൂടിയാണ് ജീവിക്കുന്നത്. അത് ഉറക്കം ഇല്ലാതാക്കുകയും ദേഷ്യവും കോപവും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന്, മറ്റുളളവരോട് പ്രിതികാര മനോഭാവം നാമ്പെടുക്കുന്നു. മാത്രമല്ല, അവര്‍ ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ കോപത്തിന് പാത്രമാവുകയും ചെയ്യുന്നു. പ്രവാചകന്‍ മുഹമ്മദ്(സ) പറയുന്നു: ‘ഒരുവന്‍ മറ്റുള്ളവരുടെ സംസാരം അവര്‍ ഇഷ്ടമില്ലാതെ കേള്‍ക്കുകയാണെങ്കില്‍, ഖിയാമത്ത് നാളില്‍ അവന്റെ ചെവിയില്‍ ഇയ്യം ഉരുക്കി ഒഴിക്കുന്നതാണ് ‘. എങ്ങനെയാണ് നമുക്ക് മറ്റുളളവര്‍ രഹസ്യമാക്കിവെച്ചത് ഫെയ്‌സ് ബുക്കിലായാലും, വാട്‌സാപ്പിലായാലും ചുഴിഞ്ഞന്വേഷിക്കാന്‍ കഴിയുക! സ്ത്രീകള്‍ പറയാറുള്ളത്: എന്റെ ഭര്‍ത്താവ് എന്നെ ആദരിക്കുന്നവനും മറ്റുളള സ്ത്രീകളോട് ബന്ധമില്ലാതിരിക്കുകയും ചെയ്യുന്നവനാകണം. അത് പുരുഷന്മാരില്‍നിന്നുളള ഞങ്ങളുടെ അവകാശമാണ്. അവരോട് പറയാനുളളത് അത് നിങ്ങളുടെ അവകാശം തന്നെയാണ്. പക്ഷേ, നിങ്ങള്‍ ശരിയല്ലാത്ത വഴികള്‍ സ്വീകരിച്ച് ചുഴിഞ്ഞന്വേഷണം നടത്താന്‍ തുനിയരുത്. ഇതുതന്നെയാണ് പുരുഷന്മാരോടും പറയാനുളളത്. അതൊരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഇത് ആളുകള്‍ പരസ്പരം സ്‌നേഹിച്ച് ജീവിക്കേണ്ടതിനും മറ്റുളളവരുമായി നല്ല ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും വേണ്ടിയുളളതാണ്. മറ്റുളളവരില്‍ നല്ലത് വിചാരിക്കുകയും അറിയാത്ത കാര്യങ്ങള്‍ അല്ലാഹുവിന് വിട്ടുകൊടുക്കുകയും ചെയ്യുക. ഇനി, ഒരുവന്‍ അവിഹിത കൂട്ടുകെട്ടുമായി മുന്നോട്ടുപോകുകയാണെങ്കില്‍ അല്ലാഹു അവനെ വിചാരണ ചെയ്യുന്നതാണ്. അതുമല്ലെങ്കില്‍, അവന്‍ ചെയ്തുകൊണ്ടിരിക്കുന്ന ചതി കുറച്ചുകഴിഞ്ഞാണെങ്കിലും അല്ലാഹു പുറത്തുകൊണ്ടുവരുന്നതാണ്. ഇതാണ് ഇസ്‌ലാം സമാധാന ജീവിതത്തിന് മുന്നില്‍ വെക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍.

വിവ: അര്‍ശദ് കാരക്കാട്

Related Articles