Current Date

Search
Close this search box.
Search
Close this search box.

കുടുംബം ഒരു ടീമായി നിലകൊള്ളുമ്പോൾ സംഭവിക്കുന്നത്

ഒരു പ്രത്യേക ലക്ഷ്യസാക്ഷാൽകാരത്തിനായി രണ്ടൊ അതിലധികമൊ പേർ ചേർന്ന ഒരു സംഘം എന്നാണ് ടീം (TEAM) എന്നതിൻറെ നിർവ്വചനം. Together Everyone Achieve More (ഒന്നിച്ചാൽ ഓരോരുത്തരും കൂടുതൽ നേടുന്നു) എന്നതിൻറെ എൻക്രിപ്റ്റാണത്. ഒരു ടീം ആദ്യമായി രൂപപ്പെടേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നാണ്. ഒരു കുടുംബം ഒരു ടീമായി ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ അവർക്ക് നേടാൻ കഴിയാത്തതായി ഒന്നുമില്ല. ടീം ലീഡർ, ടീം പ്ലെയർ, തീം (ദൗത്യം) എന്നീ മൂന്ന് ഘടകങ്ങൾ ചേർന്നാണ് കൂടുംബമെന്ന ടീം രൂപപ്പെടുന്നത്.

രക്ഷിതാക്കളെ ടീം ലീഡേർസ് ആയും കുട്ടികളെ ടീം പ്ലെയർസ് ആയും പരിഗണിക്കുകയും കുടുംബം ഏറ്റെടുക്കുന്ന ദൗത്യം തീമായും കണക്കാക്കുക. രക്ഷിതാക്കളും കുട്ടികളും ഒരു ടീമായി നിലകൊള്ളുമ്പോൾ കുടുംബത്തിന് ലഭിക്കുന്ന സുരക്ഷാബോധം വിവരണാതീതമാണ്. അതിലൂടെ അവർ പല മൂല്യങ്ങളും സ്വയം തന്നെ പഠിക്കും. പരസ്പര ബഹുമാനം, ആശയവിനിമയം, ഒരുമ, വിനയം, കുടുംബന്ധം, കാരുണ്യം അങ്ങനെ തുടങ്ങി പലതും ആ കൂടുംബാംഗങ്ങളിൽ സ്വമേധയാ രൂപപ്പെട്ട് വരും.

ഒരു കുടുംബത്തിന് ടീം ആയി പ്രവർത്തിക്കാം. എന്നാൽ ഒരു ടീമിന് സാങ്കേതികമായി കുടുംബമാവാൻ കഴിയില്ല. കാരണം ടീം അംഗങ്ങളായി ഇഷ്ടമുള്ളവരെ തെരെഞ്ഞെടുക്കാനും ടീമിൽ നിന്ന് പുകഞ്ഞകൊള്ളികളെ പുറത്താക്കാനും സാധിക്കുമെങ്കിൽ, കുടുംബാംഗങ്ങളെ അങ്ങനെ തരം പോലെ തെരെഞ്ഞെടുക്കാനൊ പുറംതള്ളാനൊ കഴിയില്ലല്ലോ? കുടുംബം ശാശ്വതമായ ഒരു സംവിധാനമാണെങ്കിൽ, പ്രത്യേക ലക്ഷ്യം നേടാനുള്ള കൂട്ടായ്മയുടെ പേരാണ് ടീം. ടീം പിരിച്ചുവിടുകയൊ, ടീമിൽ പുതിയ മെമ്പർമാർ വരുകയൊ പോവുകയൊ ചെയ്യാം. എന്നാൽ കുടുംബാംഗങ്ങൾ നമ്മുടെ കഴിവിന്നതീതമായ തീരുമാനത്താൽ രൂപപ്പെടുന്ന സംവിധാനമാണ്.

ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും നല്ല ടീം അയാളുടെ കുടുംബം തന്നെയാണ്. നിങ്ങൾ ഒരു ടീമിൻറെ ഭാഗമാവുമ്പോൾ, അതിലെ ടീം അംഗങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. നിങ്ങൾ അവരെ സംരക്ഷിക്കുന്നു. അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. ടീമിലെ ഓരോരുത്തർക്കും അവരുടേതായ പങ്ക് നിർവ്വഹിക്കാനുണ്ട്. ഓരോ അംഗത്തിൻറെയും കഴിവുകളും അവരുടെ മുല്യങ്ങളും വ്യക്തിത്വവും ചേർന്നാണ് കുടുംബ ടീം രൂപപ്പെടുന്നത്. ഒരു കുടുംബത്തിന് ടീമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ, മന:ശ്ശാസ്ത്ര കൗൺസിലറെ കണ്ട് പ്രശ്നത്തിന് പരിഹാരം കാണാവുന്നതാണ്.

കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം സംസാരിക്കുകയും കേൾക്കയും ചെയ്യുന്നതിലൂടെ ബന്ധങ്ങൾ നന്നാവുകയും അവർ ഒരു ടീമായി രൂപപ്പെടുകയും ചെയ്യും. കൂട്ടായ വിനോദങ്ങളിൽ ഏർപ്പെടൽ, വീട്ടുജോലികളിൽ സഹകരണവും പങ്കാളിത്തവും ഉറപ്പ് വരുത്തൽ, അതിന് വേണ്ടി ഷെഡ്യൂൾ നിശചയിക്കൽ തുടങ്ങിയവ കുടുംബ സംവിധാനത്തിലേക്ക് പതിയെ ടീംസ്പിരിറ്റ് കൊണ്ട് വരാൻ സാധിക്കുന്നതാണ്. പ്രവാചകൻ സഹധർമ്മിണി ആയിശയുമായി ഓട്ടമൽസരം നടത്തിയതും അവർ മാറിമാറി വിജയികളായതും ചരിത്രം.

ടീംവർകിനെ കുറിച്ച് നിരന്തരമായി സംസാരിക്കുക, ഞാനൊ നീയൊ അല്ല നമ്മളാണ് എന്ന ഐക്യബോധം ഉണർത്തുക, അതിലൂടെ ലഭിക്കുന്ന നേട്ടങ്ങളെ എടുത്ത് പറയുക, അത്തരം പുസ്തകങ്ങൾ വായിക്കുക, കുടുംബ ലൈബ്രറി സ്ഥാപിക്കുക, ഒന്നിച്ചിരുന്ന് അൽപസമയം വായിക്കാൻ സയമം കണ്ടത്തെുക തുടങ്ങിയവ കുടുംബാംങ്ങളിൽ ഒരുമയും ഐക്യവും സൃഷ്ടിക്കും. അത് നൽകുന്ന കരുത്തിലൂടെ ആത്മവിശ്വാസവും ആരോഗ്യവും വീണ്ടെടുക്കാം. ആരും നമ്മുടെ കുട്ടികളെ റാഞ്ചികൊണ്ടുപോവുമെന്ന് ഭയപ്പെടേണ്ടിവരില്ല.

മഹത്തായ ഒരു കുടുംബ ടീംവർക്കിൻറെ തേജസുറ്റ പ്രവർത്തന ഫലമാണ് ലോകത്തിലെ ആദ്യ പ്രാർത്ഥന കേന്ദ്രമായ മക്കയിലെ കഅ്ബാലയം. ഇബ്റാഹീം നബിയും സഹധർമ്മിണി ഹാജറയും മകൻ ഇസ്മായിൽ നബിയും അല്ലാഹുവിൻറെ നിയോഗത്താൽ, പ്രത്യേക ലക്ഷ്യത്തിനായി ടീംവർക്കോടെ നാല് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് കഠിനാധ്വനം ചെയ്തതിൻറെ നിത്യസ്മാരകമാണ് കഅ്ബ. അതാണ് വിശുദ്ധ ഖുർആൻ പറഞ്ഞത്: തീർച്ചയായും ഇബ്റാഹീമിലും അദ്ദഹേത്തോടൊപ്പമുള്ളവരിലും നിങ്ങൾക്ക് മഹിതമായ മാതൃകയുണ്ട്. 60:4

അത്തരം മഹത്തായ സാമൂഹ്യദൗത്യം കുടുംബം ഏറ്റെടുക്കുമ്പോൾ അവർക്ക് ഒരു ടീമായി പ്രവർത്തിക്കാൻ കഴിയും. അല്ലെങ്കിൽ കുടുംബത്തിൻറെ ചെറിയ ന്യൂക്ലിയസിൽ കറങ്ങി ആയുസ്സ് തീർക്കേണ്ടിവരുന്ന അവസ്ഥ എത്ര ദയനീയമാണ്. ചെറിയ ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കുമ്പോൾ കുടുംബ സംവിധാനം ഒരു ടീമിനെ പോലെ സജീവമാകും. ഒന്നിച്ച് നിൽക്കുന്നതിൻറെ നേട്ടം ഓരോരുത്തർക്കും ആസ്വദിക്കാൻ കഴിയും. കുടുംബനാഥൻറെ നേതൃത്വത്തിൽ കുടുംബയോഗങ്ങൾ ചേർന്ന്, കൂടിയാലോചനകളിലൂടെ തീരുമാനമെടുക്കുന്നത് ഊഷ്മളമായ ബന്ധങ്ങൾ സൃഷ്ടിക്കും. പ്രശ്നങ്ങൾ പരിഹരിക്കാനും തർക്കങ്ങൾക്ക് രമ്യമായ തീരുമാനം എടുക്കാനും സാധിക്കും. അത്തരം കുടുംബത്തിൽ ജീവിച്ചാൽ പൂതി തീരില്ല. അതാണ് കുടുംബം ഒരു ടീമായി നിലകൊള്ളുമ്പോൾ സംഭവിക്കുന്നത്.

Related Articles