Current Date

Search
Close this search box.
Search
Close this search box.

ഏത് തരം പിതാവാണ് നിങ്ങള്‍?

സോഷ്യല്‍ മീഡിയകളിലൂടെ എനിക്കെത്തുന്ന മെസ്സേജുകളില്‍ മിക്കപ്പോഴും ഉണ്ടാവാറുള്ള ഒന്നാണ് ‘നിങ്ങള്‍ എന്റെ ഉപ്പയായിരുന്നെങ്കില്‍’ എന്നുള്ള വാചകം. ആ മക്കളുടെ കത്തുകളുടെ അടിസ്ഥാനത്തില്‍ പിതാക്കന്‍മാരെ അഞ്ചായി തരം തിരിക്കാന്‍ എനിക്ക് സാധിച്ചു. അവഗണിക്കുന്നവന്‍, വിട്ടുവീഴ്ച്ചക്കാരന്‍, ഭരിക്കുന്നവന്‍, സ്വേച്ഛാധിപതി, നൈര്‍മല്യത്തോടെ പരിരക്ഷിക്കുന്നവന്‍ എന്നിവയാണവ.

അവഗണിക്കുന്ന പിതാവ് മക്കളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ അവരെ പരിഗണിക്കുകയോ ചെയ്യാതെ സ്വന്തത്തിന് വേണ്ടി മാത്രം ജീവിക്കുന്നവനാണ്. മക്കള്‍ക്ക് നേരെ തികച്ചും നിഷേധാത്മക സമീപനമായിരിക്കും അവര്‍ക്ക്. മകന്‍ തന്റെ അടുക്കല്‍ വന്ന് ഒരു ആവലാതി ഉന്നയിക്കുകയോ ആവശ്യം അറിയിക്കുകയോ ചെയ്യുമ്പോള്‍ അതിനോട് പ്രതികരിക്കാത്തവരാണവര്‍. താങ്കള്‍ ഈ ഗണത്തില്‍ പെടുന്ന പിതാവാണോ അല്ലയോ എന്നറിയാന്‍ ഏതാനും ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തിയാല്‍ മതി. നിങ്ങളുടെ കുട്ടിയുടെ വൈകാരികവും ശാരീരികവും വിനോദപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങള്‍ നിങ്ങള്‍ പരിഗണിക്കാറുണ്ടോ? നിങ്ങളുടെ കുട്ടിയുടെ ദിനചര്യ നിങ്ങള്‍ക്കറിയുമോ? നിങ്ങള്‍ കുട്ടിയെ ദീര്‍ഘനേരെ ഒറ്റക്കം സമയം ചെലവിടാന്‍ വിടാറുണ്ടോ? കുട്ടിയില്‍ നിന്ന് അകന്നുനില്‍ക്കുന്നതിനും അവന്റെ കാര്യങ്ങളില്‍ വീഴ്ച്ചവരുത്തുന്നതിനും നിങ്ങളുടെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന ന്യായങ്ങള്‍ നിങ്ങള്‍ക്ക് എപ്പോഴും ഉണ്ടാകാറുണ്ടോ? നിങ്ങളുടെ കൂട്ടിയുടെ കൂട്ടുകാരെയും സ്‌കൂളിലെ അവന്റെ അധ്യാപകരെയും നിങ്ങള്‍ക്കറിയുമോ? കുട്ടിയുടെ ബാഹ്യപ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ പങ്കാളിയാവാറുണ്ടോ? ഇവയാണ് ആ ചോദ്യങ്ങള്‍. ഈ ചോദ്യങ്ങള്‍ക്ക് ‘ഇല്ല’ എന്നതാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ നിങ്ങള്‍ അവഗണിക്കുന്ന പിതാവാണ്.

അതേസമയം വിട്ടുവീഴ്ച്ചക്കാരനായ പിതാവ് മക്കളുടെ ആവശ്യങ്ങള്‍ എപ്പോഴും നിര്‍വഹിച്ചു കൊടുക്കുന്നവനായിരിക്കും. എന്നാല്‍ അവരോടൊന്നും ആവശ്യപ്പെടുകയില്ല. അവരുടെ സ്‌നേഹം നഷ്ടപ്പെടാതിരിക്കാന്‍ അവരുടെ തെറ്റുകളെ പോലും കണ്ടില്ലെന്ന് വെക്കുന്നവരാണ് ഇത്തരക്കാര്‍. നിങ്ങള്‍ ഈ ഗണത്തില്‍ പെടുന്ന പിതാവാണോ എന്നറിയാന്‍ സഹായിക്കുന്ന ഏതാനും ചോദ്യങ്ങളുണ്ട്. നിങ്ങള്‍ക്ക് മക്കള്‍ക്ക് വീടിനകത്തും പുറത്തും എന്തെങ്കിലും വ്യവസ്ഥകളും നിയന്ത്രണങ്ങളും വെച്ചിട്ടുണ്ടോ? മക്കളുമായുള്ള അഭിപ്രായവ്യത്യാസങ്ങളും എതിര്‍പ്പുകളും നിങ്ങള്‍ ഉപേക്ഷിക്കാറുണ്ടോ? മക്കളുദ്ദേശിക്കുന്ന കാര്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുന്നതിന് പകരം നിങ്ങള്‍ എന്തെങ്കിലും വ്യവസ്ഥകള്‍ വെക്കാറുണ്ടോ? ‘ഇല്ല’ എന്നാണ് ഈ ചോദ്യങ്ങള്‍ക്ക് നിങ്ങളുടെ ഉത്തരമെങ്കില്‍ വിട്ടുവീഴ്ച്ചക്കാരനായ ഒരു പിതാവാണ് താങ്കള്‍.

അതേസമയം മക്കളെ സദാ നിരീക്ഷിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെയും സംസാരത്തെയുമെല്ലാം നിയന്ത്രിക്കുകയും വീഴ്ച്ചകളില്‍ നിന്ന് പഠിക്കുന്നതിനോ ഇടപെടുന്നതിനോ ഒട്ടും ഇടം അനുവദിക്കാത്തവരുമാണ് ഇത്തരക്കാര്‍. താങ്കള്‍ ഈ ഗണത്തില്‍ പെടുന്ന പിതാവാണോ അല്ലയോ എന്ന് തിരിച്ചറിയാന്‍ ഏതാനും ചോദ്യങ്ങളിലൂടെ സാധിക്കും. കുട്ടിയെ പൂര്‍ണാര്‍ത്ഥത്തില്‍ നിയന്ത്രിക്കുകയും അവന്റെ അഭിപ്രായത്തിന് വിരുദ്ധമായി താങ്കളുടെ തീരുമാനം നടപ്പാക്കപ്പെടുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ആനന്ദം അനുഭവിക്കാറുണ്ടോ? താങ്കളുടെ അഭിപ്രായത്തെ മാറ്റാന്‍ നിങ്ങളുടെ കുട്ടി ശ്രമിച്ചാല്‍ അവന്‍ പറയുന്നതിനെ നിങ്ങള്‍ ശക്തമായി നിരാകരിക്കാറുണ്ടോ? നിങ്ങള്‍ ആവശ്യപ്പെടുന്നത് കുട്ടി നടപ്പാക്കാന്‍ വൈകുന്നത് കാണുമ്പോള്‍ നിങ്ങള്‍ ക്ഷോഭിക്കുകയും ഒച്ചയിടുകയും ചെയ്യാറുണ്ടോ? കുട്ടി താങ്കളെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ വെല്ലുവിളിയിലും താക്കീതിലും നിങ്ങള്‍ അഭയം തേടാറുണ്ടോ? ഈ ചോദ്യങ്ങള്‍ക്ക് ‘അതെ’ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ അടക്കിഭരിക്കുന്ന ഒരു പിതാവാണ് നിങ്ങള്‍.

തന്റെ വ്യവസ്ഥകള്‍ അതിവേഗത്തില്‍ നടക്കാനാഗ്രഹിക്കുകയും അത് നടക്കാതിരിക്കുമ്പോള്‍ ശിക്ഷിക്കുകയും ചെയ്യുന്നവരാണ് സ്വേച്ഛാധിപതിയായ പിതാവിന്റെ ഗണത്തില്‍ വരുന്നത്. ഏതാനും ചോദ്യങ്ങളിലൂടെ താങ്കള്‍ ഈ ഗണത്തിലാണോ അല്ലയോ എന്ന് മനസ്സിലാക്കാം. സന്ദര്‍ഭമോ സാഹചര്യമോ പരിഗണിക്കാതെ തന്റെ വ്യവസ്ഥകള്‍ നടപ്പാക്കാനാഗ്രഹിക്കുന്ന തരക്കാരനാണോ താങ്കള്‍? എപ്പോഴും ശരി തന്റെ പക്ഷത്തും തെറ്റ് മകന്റെ ഭാഗത്തുമാണെന്ന നിലപാടുകാരനാണോ താങ്കള്‍? താങ്കള്‍ പറയുന്നത് കുട്ടി അനുസരിക്കാന്‍ ശിക്ഷാമാര്‍ഗങ്ങള്‍ ധാരാളമായി നിങ്ങള്‍ സ്വീകരിക്കാറുണ്ടോ? ഇവക്ക് ‘അതെ’ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കില്‍ താങ്കളൊരു സ്വേച്ഛാധിപതിയായ പിതാവാണ്.

അതേസമയം ബാഹ്യഇടപെടലുകളില്‍ നിന്ന് മക്കളെ സംരക്ഷിക്കുന്നതിനൊപ്പം മൂല്യങ്ങളും സല്‍ഗുണങ്ങളും അവരില്‍ ഉണ്ടാക്കിയെടുക്കുന്നതിനും ജാഗ്രത കാണിക്കുന്നവനാണ് നൈര്‍മല്യത്തോടെ പരിചരിക്കുന്ന പിതാവ്. മക്കള്‍ക്ക് സംവദിക്കാനും അവരുടെ അഭിപ്രായങ്ങള്‍ തുറന്നു പറയാനും അവസരം നല്‍കുന്നവരായിരിക്കും അവര്‍. അവര്‍ മക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും ചെയ്യുമെങ്കിലും അതിന്നൊപ്പം അവര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. താങ്കള്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിയാണോ അല്ലയോ എന്ന് ഏതാനും ചോദ്യങ്ങളിലൂടെ മനസ്സിലാക്കാം. അടിസ്ഥാന മൂല്യങ്ങളും മര്യാദകളും മക്കളെ പഠിപ്പിക്കാന്‍ താങ്കള്‍ താല്‍പര്യം കാണിക്കാറുണ്ടോ? നിങ്ങളുടെ കുട്ടി നിങ്ങളെ എതിര്‍ക്കുകയോ തെറ്റ് ചെയ്യുകയോ ചെയ്താല്‍ അവനെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് അവന്നുമായി നിങ്ങള്‍ സംവദിക്കാറുണ്ടോ? മക്കളുടെ ആവശ്യങ്ങള്‍ അറിയാനും അത് പൂര്‍ത്തീകരിച്ചു കൊടുക്കുന്നതിനും മക്കള്‍ക്കൊപ്പം സമയം ചെലവിടാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ? നിങ്ങളുടെ മക്കള്‍ കുടുംബ മൂല്യങ്ങളും പാരമ്പര്യവും മുറുകെ പിടിക്കുന്നവരായിരിക്കാന്‍ നിങ്ങള്‍ താല്‍പര്യപ്പെടാറുണ്ടോ? മക്കളെ നിങ്ങള്‍ നൈപുണികള്‍ പരിശീലിപ്പിക്കുകയും അത് നടപ്പാക്കാന്‍ അവര്‍ക്ക് അവസരം നല്‍കുകയും ചെയ്യാറുണ്ടോ? ഇവക്കുള്ള നിങ്ങളുടെ ഉത്തരം ‘അതെ’ എന്നാണെങ്കില്‍ നിങ്ങളൊരു നൈര്‍മല്യത്തോടെ പരിചരിക്കുന്ന പിതാവാണ്.

പിതാക്കന്‍മാരുടെ കൂട്ടത്തിലെ ഏറ്റവും നല്ല ഗണം നൈര്‍മല്യത്തോടെ പരിചരിക്കുന്ന പിതാക്കന്‍മാരാണ്. അവര്‍ തങ്ങളുടെ മക്കളെ സന്തുലിതത്തിലും മാനസിക സുസ്ഥിരതയിലും അറിവുള്ളവരായും വളര്‍ത്തുന്നു. എന്നാല്‍ അവഗണിക്കുന്നവരോ വിട്ടുവീഴ്ച്ചക്കാരോ ആയ പിതാക്കളുടെ മക്കള്‍ തങ്ങളുടെ മാതാപിതാക്കളുടെ അടുത്ത് നിര്‍ഭയത്വം അനുഭവിക്കുന്നില്ല. അവരുടെ സാമൂഹ്യ ശേഷികള്‍ വളരെ ദുര്‍ബലമായിരിക്കും. ഉത്തരവാദിത്വങ്ങള്‍ വഹിക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. എന്നാല്‍ സ്വേച്ഛാധിപതിയോ അടക്കിവാഴുന്നവരോ ആയ പിതാക്കന്‍മാരുടെ അടുത്ത് ഭയത്തോടെയും ലജ്ജയോടെയുമായിരിക്കും മക്കള്‍ വളരുക. ആത്മനിന്ദ അനുഭവിക്കുന്ന അവര്‍ക്ക് അനുസരണത്തിനും സ്‌നേഹത്തിനുമിടയിലെ വ്യത്യാസം തിരിച്ചറിയാനാവില്ല. മാതാപിതാക്കളില്‍ നിന്നും അകന്നിരിക്കുമ്പോള്‍ പൊതുവെ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്തരഹിതമായിരിക്കും. ഇവര്‍ക്ക് ആത്മവിശ്വാസം വളരെ കുറവായിരിക്കുകയും ചെയ്യും.

മൊഴിമാറ്റം: അബൂ അയാശ്‌

Related Articles