Current Date

Search
Close this search box.
Search
Close this search box.

കുടുംബ ബന്ധം ശക്തിപ്പെടുത്താനുള്ള വഴികൾ

കുടുംബ ബന്ധം, സൗഹൃദ ബന്ധം, തൊഴിൽപരവും കച്ചവടപരവുമായ ബന്ധം തുടങ്ങിയ നാനാതരം ബന്ധങ്ങൾ നമ്മുടെ ജീവിതത്തിലെ മാധുര്യമാണ്. ഈ ബന്ധങ്ങൾ എത്ര ശക്തവും ഊഷ്മളവുമാണൊ അത്രയധികം ശാന്തിയും സമാധാനവും ലഭിക്കുമെന്ന് മാത്രമല്ല എല്ലാ നിലക്കുള്ള ഐശ്വര്യവും നമുക്ക് കൈവരുന്നു. കുടുംബാംഗങ്ങളുമായും അയൽക്കാരുമായും സ്നേഹിതന്മരുമായും ബന്ധമില്ലാത്ത ഒരാളെ കുറിച്ച് സങ്കൽപിച്ച് നോക്കൂ. സഞ്ചരിക്കുന്ന മൃതദേഹം എന്നല്ലാതെ മറ്റെന്ത് വിശേഷണമാണ് അയാൾ അർഹിക്കുക?

കൂടുമ്പോൾ ഇമ്പമുണ്ടാവുന്നതാണ് കുടുംബം എന്ന് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. അത്കൊണ്ടാണ് കുടുംബ ബന്ധം ചേർത്ത് വെക്കാൻ ഖുർആൻ ഉദ്ബോധിപ്പിക്കുന്നത്. ഇസ്ലാമിൻറെ ആദ്യകാലഘട്ടത്തിൽ തന്നെ നബി (സ) തൻറെ അനുയായികളിൽ കരുപിടിപ്പിക്കാൻ ശ്രമിച്ച നിരവധി ധാർമ്മിക മൂല്യങ്ങളിൽ സുപ്രധാനമായ ഒന്നായിരുന്നു കുടുംബ ബന്ധം. ഇസ്ലാമിൻറെ അടിസ്ഥാന ശിലയായ ഏകദൈവ വിശ്വാസത്തിൻറെ പ്രബോധനത്തോടൊപ്പം കുടുംബ ബന്ധത്തിൻറെ വർധിച്ച പ്രധാന്യവും അവരെ ബോധ്യപ്പെടുത്തുകയുണ്ടായി.

നബി (സ) അല്ലാഹുവിൽ നിന്നുദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ: “ഞാൻ അല്ലാഹു. നിങ്ങളുടെ രക്ഷാധികാരി. ഞാനാണ് കുടുംബ ബന്ധം ഉണ്ടാക്കിയവൻ. ആർ ആ കുടുംബ ബന്ധം ചേർക്കുന്നുവൊ അവനെ ഞാൻ ചേർക്കും.” അല്ലാഹുവിൻറെ സാമിപ്യത്തിലാവുന്നതിനെക്കാൾ സമാധാനം ലഭിക്കുന്ന മറ്റൊരു കാര്യവുമില്ല. അവൻറെ വിലയത്തിലകപ്പെടാനുള്ള നല്ല മാർഗ്ഗമാണ് കുടുംബ ബന്ധം ചേർക്കുക എന്നത് ഇതിൽ നിന്ന് അനുക്ത സിദ്ധമാണല്ലോ? കുടുംബ ബന്ധം മുറിക്കുന്നവൻ നമ്മിൽപ്പെട്ടവനല്ലെന്ന് നബി പറഞ്ഞു.

കുടുംബ ബന്ധത്തിന് ഇസ്ലാം ഇത്രയധികം പ്രധാന്യം നൽകാനുള്ള കാരണമെന്തായിരിക്കും? പലതരം കൂട്ടായ്മകൾ നമുക്കിടയിൽ ഉണ്ടെങ്കിലും എല്ലാ കൂട്ടായ്മകളുടേയും മാതാവ് എന്ന വിശേഷണത്തിനർഹമാണ് കുടുംബം. കുടുംബം ശൈഥില്യമായാൽ അധർമ്മം വ്യാപിക്കും. സാമൂഹ്യ അരാജകത്വം ഉണ്ടാവും. പാറാവുകാർ ഇല്ലാതിരിന്നാൽ കള്ളന്മാർ വിഹരിക്കുന്ന അവസ്ഥ പോലെയാണിത്. പവിത്രമായ നമ്മുടെ കുടുംബ ബന്ധം യാദൃശ്ചികമായി രൂപപ്പെട്ടതല്ളെന്നും അതിൻറെ പിന്നിൽ പ്രപഞ്ചനാഥൻറെ തീരുമാനവും ആസുത്രണവും ഉണ്ടെന്നും അതിനെ പരിപോഷിപ്പിക്കേണ്ടത് തൻറെ ബാധ്യതയാണെന്ന ഉത്തരവാദിത്ത്വബോധമുണ്ടാവുകയാണ് കുടുംബ ബന്ധം ശക്തിപ്പെടുത്താനുള്ള പ്രഥമ പടി.

ശക്തിപ്പെടുത്താനുള്ള വഴികൾ
കുടുംബാംഗങ്ങളെ ബന്ധിപ്പിക്കുന്ന സ്വർണ്ണനൂലാണ് സ്നേഹം. ആ സ്നേഹ ചരട് മുറിഞ്ഞ് പോയാൽ മറ്റൊന്നിനും പ്രസക്തിയുമില്ല. സ്നേഹം ഊട്ടിയുറപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാർഗ്ഗമാണ് സഹായം ആവശ്യമായി വരുന്ന ഘട്ടത്തിൽ സഹായിക്കുക എന്നത്. ദാന ധർമ്മം ചെയ്യുമ്പോൾ കുടുംബാംഗങ്ങൾക്ക് മുൻഗണന നൽകിയാൽ രണ്ട് പ്രതിഫലമാണെന്ന് പ്രവാചകൻ അരുളുകയുണ്ടായി. ദാനം ചെയ്തതിൻറെയും കുടുംബ ബന്ധം ചാർത്തിയതിൻറെതുമാണ് ആ രണ്ട് പ്രതിഫലങ്ങൾ. കടം ചോദിച്ചാൽ കടം കൊടുക്കുക, രോഗിയായാൽ സന്ദർശിക്കുക, നേട്ടമുണ്ടായാൽ പ്രശംസിക്കുക, ദൂ:ഖ വേളയിൽ സമാശ്വസിപ്പിക്കുക, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുക, സന്ദർഭാനുസരണം മറ്റ് ആവശ്യങ്ങൾ പൂർത്തീകരിച്ച് കൊടുക്കാൻ ഉൽസാഹം കാണിക്കലെല്ലാം ദാനധർമ്മത്തിൽ ഉൾപ്പെടുന്നതാണ്.

കുടുംബ ബന്ധത്തെ ധന സമ്പാദനവുമായി ബന്ധിപ്പിക്കുന്നത് ഇരട്ടി മധുരം നൽകുന്ന കാര്യമാണ്. പഴയ കാലങ്ങളിൽ നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കാര്യമായിരുന്നു കൂട്ടു സംരംഭങ്ങളിൽ ഏർപ്പെടുക എന്നത്. കുടുംബത്തിൻറെ വളർച്ചക്കും തളർച്ചക്കും ഒരുപോലെ സഹായിക്കുന്ന കാര്യം. കച്ചവടം,കൃഷി തുടങ്ങിയ ജീവിത യോഥനങ്ങൾക്ക് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങൾ,കലാ-സാംസ്കാരിക-വിനോദ മഖലകളിലെല്ലാം കുടുംബാംഗങ്ങൾക്ക് അവരുടെ ഭാവനക്ക് അനുയോജ്യമായ വിധത്തിൽ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നത് കുടുംബാംഗങ്ങൾക്കിടയിൽ കൂടുതൽ ഊഷ്മളമായ ബന്ധങ്ങൾക്ക് കാരണമായിതീരും. പലർക്കും പല കാര്യങ്ങൾ ചർച്ച ചെയ്യാനും പങ്ക് വെക്കാനും ഇത് അവസരമൊരുക്കും.

ആളുകളെ പുകഴ്തുകയും അനുമോദിക്കുകയും ചെയ്യുന്നത് അവർക്ക് വലിയ സന്തോഷം ലഭിക്കുന്ന കാര്യമായിരിക്കും. നിങ്ങൾ ഇന്നയാളെ സഹായിച്ചു എന്ന് അറിയാൻ കഴിഞ്ഞു. അത് നന്നായി. അയാളെ സഹായിക്കേണ്ടത് തന്നെ. തുടങ്ങിയ മധുരത്തിൽ ചാലിച്ച വാക്കുകൾ മനസ്സിൽ സുഗന്ധത്തിൻറെ കുളിർമ്മ സൃഷ്ടിക്കും. ചെറിയവരെന്നൊ മുതിർന്നവരെന്നൊ നോക്കാതെ ആദരവ് നൽകുക.

ഭാര്യയും ഭർത്താവും തമ്മിലുള്ള ഊഷ്മളമായ സ്നേഹ ബന്ധമാണ് ജീവിതത്തിലെ സന്തോഷത്തിൻറെ അടിസ്ഥാനം. കുട്ടികൾക്ക് ഏറ്റവും കൂടുതൽ സുരക്ഷിതബോധം സൃഷ്ടിക്കുന്നത് ഇവർ തമ്മിലുള്ള സ്നേഹ ബന്ധം തന്നെ. സ്നേഹിക്കാൻ പഠിപ്പിക്കുന്ന പാഠശാലയായി കുടുംബം മാറണം. ഇതിൽ നിന്നും രൂപം കൊള്ളുന്ന മറ്റൊരു ബന്ധമാണ് രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം. അവരെ അനുസരിക്കുക, അവർ പറയുന്നത് കേൾക്കുക, അവരുമായി വാൽസല്യത്തിൽ കഴിയുക. ഇക്കാര്യങ്ങൾ നാം ചെയ്യുമ്പോൾ നാളെ നമുക്ക് തിരിച്ച് കിട്ടുന്നതും നല്ലത് മാത്രമായിരിക്കും. രക്ഷിതാക്കളെ സന്തോഷിപ്പിക്കാൻ തസ്ബീഹ് മാലകൾ നൽകിയിരുന്ന പൂർവ്വസൂരികളുണ്ടായിരുന്നു. സാമ്പത്തികമായി വലിയ കഴിവുള്ളവരായിരുന്നില്ല അവർ. എന്നാൽ സമ്പത്ത് വർധിക്കുമ്പോൾ കുടുംബ ബന്ധങ്ങൾ വിസ്മരിക്കുന്ന പ്രവാണത സാധരണ സംഭവിക്കാറുണ്ട്.

ദുർബലമാവുന്ന വഴികൾ
അല്ലാഹു വിളക്കി ചേർത്ത കണ്ണികൾ മുറിച്ച് കളയാൻ പിശാച് നിരന്തരമായി ഇടപെട്ട്കൊണ്ടിരിക്കും. ഈ ദുശ്ചിന്ത പല രീതികളിലൂടെയും മനസ്സിലേക്ക് കടന്ന് വരാം. ഓരോ കുടുംബത്തിനും അവരവരുടേതായ സ്വകാര്യതകൾ ഉണ്ടാവുക സ്വാഭാവികമാണ്. കുടുംബാംഗങ്ങളുടെ അത്തരം സ്വകാര്യതകൾ ചുഴുന്നന്വേഷിക്കുകയൊ അത് വെളിപ്പെടുത്തുകയൊ ചെയ്യുന്നത് ഒരിക്കലും ഭൂഷണമല്ല. അവരുടെ ന്യൂനതകൾ മറച്ച്വെക്കുക. നമ്മുടെ താൽകാലിക നിർവൃതിക്കായി, കുടംബാംഗങ്ങൾക്ക് രുചികരമല്ലാത്ത കാര്യങ്ങൾ പറയാതിരിക്കുക. അവരുടെ രഹസ്യങ്ങൾ ചുഴിഞ്ഞന്വേഷിക്കാതരിക്കുന്നതും ബന്ധങ്ങൾ ദുർബലമാക്കാനെ സഹായിക്കൂ.

മനുഷ്യരെന്ന നിലയിൽ ഓരോരുത്തർക്കും പലതരം ന്യൂനതകൾ ഉണ്ടാവാം. കുടുംബാംഗങ്ങൾക്ക് ആ ന്യൂനതകൾ വേഗം ബോധ്യമാവും. ആ ന്യൂനതകളൊക്കെ വെളിവാക്കി, കുടുംബാംഗങ്ങളെ അപമാനിതനാക്കുന്നത് ബന്ധങ്ങൾ ദുർബലമാവാനാണ് നിമിത്തമാവുക. കുത്തുവാക്കുകൾ, പരദൂഷണം തുടങ്ങിയ മാനസിക രോഗങ്ങളിൽ നിന്നൊക്കെ സ്വയം മുക്തനാവുക. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ, നല്ലത് സംസാരിക്കട്ടെ. അല്ളെങ്കിൽ മിണ്ടാതിരിക്കട്ടെ എന്ന പ്രവാചക ഉപദേശം വാക്കുകൾ പുറത്ത് ചാടുന്നതിന് മുമ്പ് മനസ്സിലുണ്ടാവുന്നത് ബന്ധങ്ങൾ ഊഷ്മളമാവാൻ മാത്രമല്ല, പരലോകത്ത് പ്രതിഫലം ലഭിക്കാനും കാരണമാവും.

Related Articles