Current Date

Search
Close this search box.
Search
Close this search box.

വിവാഹിതരാവാൻ പോകുന്നവരോട് ?

ഇരുപതുകളുടെ തുടക്കത്തിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരുമായി സംസാരിക്കാൻ എനിക്ക് അവസരം ലഭിക്കുകയുണ്ടായി. അവരിൽ ചിലർ വിവാഹിതരാണ്, എന്നാൽ അവരിലെ നാല് പേർ വിവാഹത്തിന്റെ ആദ്യ വർഷത്തിൽ തന്നെ വിവാഹമോചനം നേടുകയും പിന്നീട് വീണ്ടും വിവാഹിതരാവുകയും ചെയ്തിരിക്കുന്നു. ആദ്യവിവാഹത്തിലൂടെ അവർ നിരവധി കാര്യങ്ങളെ അനുഭവങ്ങളിലൂടെ പഠിച്ചുവെന്നാണ് അവ‌ർ പറഞ്ഞത്. സ്ത്രീകളെ മനഃശാസ്ത്രപരമായി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസ്സിലാക്കാൻ ആദ്യവിവാഹത്തിലൂടെ സാധിച്ചെന്നും, ഇത് രണ്ടാം വിവാഹത്തിന്റെ വിജയത്തിന് കാരണമായെന്നും അവർ പറയുകയുണ്ടായി. പിന്നീടവർ യുവാക്കൾ വിവാഹത്തിന് തയ്യാറാക്കാത്തതിന്റെ പ്രശ്നത്തെക്കുറിച്ചും അവരുടെ ആദ്യവിവാഹം പരാജയപ്പെട്ടതിനെക്കുറിച്ചും സംസാരിക്കുകയുണ്ടായി.

വിവാഹ ജീവിതത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന ഓരോ വ്യക്തിയും അറിയേണ്ട ഒരു കൂട്ടം ചോദ്യങ്ങൾ ഞാൻ അവരോടായി ചോദിച്ചു തുടങ്ങി. അതിങ്ങനെ സം​ഗ്രഹിക്കാം: വിവാഹത്തിന്റെ ഉദ്ദേശ്യം എന്താണ്? പ്രശ്‌നങ്ങളില്ലാതെ എങ്ങനെ ഒരു വിവാഹം ആസൂത്രണം ചെയ്യാം? ആദ്യരാത്രി എങ്ങിനെയാവണം? വൈവാഹിക അവകാശങ്ങളും കടമകളും എന്തൊക്കെയാണ്? വൈവാഹിക തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള വഴികൾ എന്തൊക്കെയാണ്? സ്ത്രീകളുടെയും പുരുഷന്മാരുടെയും മനഃശാസ്ത്രവും അവർ ചിന്തിക്കുന്ന രീതിയും തമ്മിലുള്ള വ്യത്യാസം എന്താണ്? വിവാഹ ജീവിതത്തിലെ എല്ലാ ദിവസങ്ങളിലും സന്തോഷം ശാശ്വതമാണോ? ഭർത്താവ് ഭാര്യക്ക് പ്രതിമാസം എന്ത് നൽകണം? വിവാഹ തർക്കം പരിഹരിക്കാൻ മാതാപിതാക്കളുടെ ഇടപെടൽ എപ്പോൾ ആവശ്യമാണ്? ഇണകളിൽ ഒരാൾ പിശുക്കനോ ശാഠ്യക്കാരനോ അക്രമാസക്തനോ ആണെങ്കിൽ എങ്ങനെ പ്രവർത്തിക്കും? ഒരു പുരുഷന് തന്റെ ഭാര്യയെ ജോലിയിൽ നിന്ന് തടയാനോ അവളുടെ പണം എടുക്കാനോ അവകാശമുണ്ടോ? ലൈംഗിക ബന്ധത്തിന് നിയമപരമായ വ്യവസ്ഥകൾ എന്തൊക്കെയാണ്? ദമ്പതികൾ അവരുടെ ഭാവി എങ്ങനെ ആസൂത്രണം ചെയ്യണം? കുട്ടികളുണ്ടാകാൻ ഏറ്റവും നല്ല സമയം ഏതാണ്? ദമ്പതികൾ തങ്ങളുടെ ജീവിതത്തിൽ ഇടപെട്ടാൽ മാതാപിതാക്കളോട് എങ്ങനെ ഇടപെടും? മാതാപിതാക്കളോടൊപ്പമുള്ള ജീവിതമാണോ അതോ നിങ്ങൾ രണ്ടുപേരും മാത്രം ഒന്നിച്ചുള്ള ജീവിതമാണോ താൽപര്യം? ദമ്പതികൾ കുടുംബ രഹസ്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നാണ് ആ​ഗ്രഹിക്കുന്നത്? സുഹൃത്തുക്കളുമായുള്ള ദമ്പതികളുടെ ബന്ധത്തിന്റെ പരിധികൾ എന്തൊക്കെയാണ്? എങ്ങനെയാണ് ഒരാൾ മറ്റൊരാളെ പുകഴ്ത്തുന്നത്? ഇണകൾക്കിടയിൽ എങ്ങനെ വിശ്വാസം വളർത്താം? തർക്കമുണ്ടായാൽ അവർ ആരെയാണ് സമീപിക്കുന്നത്? വിജയകരമായ സംഭാഷണത്തിന്റെയും കേൾവിയുടെയും വഴികൾ എന്തൊക്കെയാണ്? എപ്പോഴാണ് രണ്ട് പേരും വേർപിരിയൽ ശരിയായ പരിഹാരമുവുന്നത്? എങ്ങനെയാണ് കുടുംബ ജീവിതത്തെ പരസ്പരം വിജയിപ്പിക്കാൻ കഴിയുന്നത്? ഇണകൾ തമ്മിലുള്ള സംസ്കാരിക വ്യത്യാസം എങ്ങനെയാണ് കൈകാര്യം ചെയ്യുക? തെറ്റുകൾക്ക് നേരെ പരസ്പരം കണ്ണടയ്ക്കാനുള്ള കഴിവ് എങ്ങനെ പഠിക്കാം?

ഇതിനല്ലാമുള്ള ഉത്തരമെന്നോണം കൂട്ടത്തിലെ ഒരു ചെറുപ്പക്കാരൻ പറഞ്ഞു: ഇവ പ്രധാനപ്പെട്ട ചോദ്യങ്ങളാണ്, എന്നാൽ അവയ്ക്കുള്ള ശരിയായ ഉത്തരങ്ങൾ നമുക്ക് എങ്ങനെ അറിയാം? ഞാൻ അവനോട് പറഞ്ഞു: ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങളുടെ മാതാപിതാക്കളിൽ നിന്ന് നിങ്ങൾക്കറിയാം, സ്കൂളും വിവിധ മീഡിയകളുടെ വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളിലുള്ള പലവിധ പരിശീലന പരിപാടികളും മറ്റും സഹായിക്കുമല്ലോ. അപ്പോൾ കൂട്ടത്തിലൊരാൾ തന്റെ ചെറുപ്പത്തിന്റെ ഭാഷയിൽ ഇങ്ങനെ പറഞ്ഞു: ഡോക്ടർ, നിങ്ങൾ ഇത്തരത്തിലുള്ള സൈദ്ധാന്തിക സംസാരം ഉപേക്ഷിക്കുക. എനിക്ക് എന്റെ മാതാപിതാക്കളിൽ നിന്ന് പഠിക്കാൻ തീരെ താൽപ്പര്യമില്ല, കാരണം അവർ വിവാഹത്തിൽ പരാജയപ്പെട്ടവരാണ്. അതിനാൽ എന്നെ വിജയകരമായ വിവാഹ ജീവിതം പഠിപ്പിക്കാൻ ഞാൻ അവരെ എങ്ങനെ സമീപിക്കും? ഇനി വിദ്യാഭ്യാസത്തെ കുറിച്ചാണങ്കിൽ , സ്കൂളുകൾ ഞങ്ങളെ കുടുംബത്തെക്കുറിച്ചോ വിജയകരമായ ദാമ്പത്യത്തെക്കുറിച്ചോ ഒന്നും പഠിപ്പിച്ചിട്ടില്ല, പരിശീലന പരിപാടികളെ സംബന്ധിച്ചിടത്തോളവും ഇതു തന്നെയാണ് വസ്തുത , പ്രഭാഷണങ്ങളും സെമിനാറുകളും കേട്ട് ഞങ്ങൾക്ക് മടുത്തു, പക്ഷേ ഈ കാലഘട്ടത്തിന്റെ വേഗതയുമായി പൊരുത്തപ്പെടുന്ന വേഗത്തിലുള്ളതും സംക്ഷിപ്തവും ഉപയോഗപ്രദവുമായ വിവരങ്ങളാണ് ഞങ്ങൾക്ക് ആവശ്യമായിട്ടുള്ളത്.

ഈ ചോദ്യങ്ങൾക്ക് ഉത്തരമായി ഞാനവരോട് പറഞ്ഞു: പ്രവാചകൻ (സ)യുടെ, അദ്ദേഹത്തിന്റെ ഭാര്യമാരോടൊപ്പമുള്ള ജീവചരിത്രം പഠിക്കാനും മനസ്സിലാക്കാനും നാം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, നവദമ്പതികൾ നേരിടുന്ന നിരവധി ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ നമുക്ക് ഏറെ എളുപ്പമാകും. പ്രവാചകൻ തന്റെ ഭാര്യമാരോടൊപ്പം വിവിധ സാഹചര്യങ്ങളിൽ ജീവിച്ചു കാണിച്ചു തന്നിട്ടുണ്ട്, ചെറുപ്പകാരികളും പ്രായമായവരും, കന്യകയും വിധവയും, ബുദ്ധിമുട്ടുള്ളവരും ഇല്ലാത്തവരം, മൃദുസ്വഭാവികളും അല്ലാത്തവരുമായി ഇടപെടുന്നതിലെ രീതിശാസ്ത്രം നമ്മെ വേണ്ടമാതിരി പഠിപ്പിച്ചിട്ടുണ്ടല്ലോ. ജീവചരിത്രത്തിന്റെ സാമൂഹിക വായനയും കുടുംബ ഇടപെടലിന്റെ സാധ്യതകളും പഠിക്കാൻ ഇത് ഏറെ ഉപകാരപ്പെടുമല്ലോ.

അപ്പോൾ ഒരു ചെറുപ്പക്കാരൻ പറഞ്ഞു: എന്നെ സംബന്ധിച്ചിടത്തോളം ഞാൻ വിവാഹത്തെക്കുറിച്ച് ഇത്വരെ ചിന്തിച്ചിട്ടില്ല, എനിക്ക് മുപ്പത് വയസ്സ് ആവാൻ പോകുന്നു. ഇതെ കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്? ഞാൻ അവനോട് പറഞ്ഞു: ഇന്ന് ചെറുപ്പക്കാർക്കിടയിൽ ഇതൊരു വ്യാപകമായ പ്രതിഭാസമാണ്, അവർ അവരുടെ കുടുംബ സന്തോഷത്തെക്കാൾ വ്യക്തിഗത സന്തോഷത്തിന് ഊന്നൽ നൽകുന്നു, ഓരോ ദിവസവും നിങ്ങൾ വിവാഹം വൈകിപ്പിക്കുമ്പോൾ നിങ്ങൾക്ക് ഒരുപാട് നഷ്ടപ്പെടും. കുടുംബം എന്നത് നിങ്ങൾക്ക് സ്നേഹവും അഭിനന്ദനവും സുരക്ഷിതത്വവും സമാധാനവും ആശ്വാസവും നൽകുന്നു ഒന്നാണ്, ഒപ്പം സ്ഥിരതയും. നിങ്ങൾ സുഹൃത്തുക്കളുമായി തിരക്കിലായതിനാൽ ഇന്ന് നിങ്ങൾക്ക് ഇതിന്റെ ഉള്ള‌ർഥങ്ങൾ ആവശ്യമില്ലായിരിക്കാം, പക്ഷേ നിങ്ങൾക്ക് പ്രായമാകുമ്പോൾ, ഞാൻ നിങ്ങളോട് പറയുന്നതിൻറെ പ്രാധാന്യം നിങ്ങൾക്ക് അനുഭവപ്പെടും. ഞാൻ അവനോട് ഒന്ന്കൂടി തറപ്പിച്ചു പറഞ്ഞു: ഒരാൾ വന്നിട്ട് പ്രവാചകനോട് പറഞ്ഞു- ഞാൻ ജിഹാദിന് പോകാനും ഭാര്യ ഹജ്ജിന് പോകാനും തീരുമാനിച്ചിരിക്കുന്നു.എന്ത് ചെയ്യണം ഇതാണ് അദ്ദേഹത്തിന് അറിയേണ്ടത്. ഇതിന് പ്രവാചകൻ കൊടുത്ത പ്രത്യുത്തരം : നീ അവളോടൊപ്പം പോകൂ എന്നായിരുന്നു. ഇത് കേട്ട് യുവാവ് പറഞ്ഞു: ഈ ഹദീസ് ഞാൻ ആദ്യമായി കേൾക്കുകയാണ്. ഏറെ വിചിത്രമാണിത്. അപ്പോൾ ഞാനവനോട് പറഞ്ഞു: അതിനാലാണ് നിന്നോട് വിവാഹം വേഗത്തിലാക്കാൻ പറയുന്നത്, കുടുംബം എന്നത് സ്വർഗത്തിന്റെ കവാടത്തിൽ നിന്നുള്ള ഒരു വലിയ വാതിലാണ്. അതിനാൽ ഇത് നിന്റെ ലക്ഷ്യമാവണം. എന്നാൽ നിങ്ങളുടെ സുഹൃത്തുക്കൾ ചെയ്ത അതേ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ആദ്യം തയ്യാറാകുകയും ചെയ്യുക. അവൻ ഉച്ചത്തിൽ എന്നോട് മറുപടി പറഞ്ഞു: “ശരി, ഞാൻ ഇന്ന് രണ്ട് തീരുമാനങ്ങൾ എടുത്തു: ആദ്യത്തേത് വിവാഹത്തിന് തയ്യാറെടുക്കുന്നു എന്നതാണ്, രണ്ടാമത്തേത് വിവാഹവും.” ഇത് കേട്ട് യുവാക്കൾ ഒന്നടങ്കം ചിരിച്ചു, ഞങ്ങൾ അവരോടൊപ്പവും.

വിവ- അബൂ ഫ‌‍‌ർവാൻ

Related Articles