Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകളെ മനസ്സിലാക്കുകയാണ് പരിഹാരം

പ്രമുഖനായ ഒരു സ്വഹാബി തന്റെ ഭാര്യയുമായി അൽപം ഉടക്കുകയുണ്ടായി. പരാതി ബോധിക്കാനായി ഖലീഫ ഉമറി(റ)നെക്കാണുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അണികളുടെ പരാതികൾ കേൾക്കാൻ സദാസമയം തന്റെ വാതിൽ തുറന്നിട്ട ഖലീഫ ഉമറി(റ)ന്റെ കഥ പ്രസിദ്ധമാണല്ലോ. അങ്ങനെയാണ് ഈ സ്വഹാബിയും ഖലീഫയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തി വാതിൽ മുട്ടിയപ്പോഴായിരുന്നു അകത്തു നടക്കുന്ന കോലാഹലങ്ങൾ സ്വഹാബി കേട്ടത്. ഖലീഫയും ഭാര്യയുമായി ഉടക്കിലാണെന്ന് കണ്ട സ്വഹാബി തൽക്കാലം അവിടംവിട്ടു പോവുന്നതാണ് നല്ലബുദ്ധിയെന്നു കണ്ട് തിരിച്ചുനടക്കുമ്പോഴായിരുന്നു വാതിൽ തുറന്ന് ഖലീഫ പുറത്തുവന്നത്. പ്രശ്‌നമെന്താണെന്ന് ഖലീഫ ചോദിച്ചപ്പോഴാണ് അദ്ദേഹം ‘ഭാര്യയെക്കുറിച്ച് പരാതിപ്പെടാനാണ് ഞാൻ വന്നതെങ്കിലും ഞാനനുഭവിക്കുന്നതുതന്നെ നിങ്ങളും അനുഭവിക്കുന്നുണ്ടന്ന് മനസ്സിലായത്’ എന്നദ്ദേഹം പ്രതിവചിച്ചു. ‘അവർ നമ്മുടെ ഭാര്യമാരല്ലേ, അവരിലെ ചില ദോഷങ്ങൾ നമ്മൾ വെറുക്കുകയാണെങ്കിൽ മറ്റുചിലത് ഇഷ്ടപ്പെടണം. നമ്മുടെ മക്കളെ പരിപാലിക്കുന്നതും കാര്യങ്ങളെല്ലാം നോക്കിനടത്തുന്നതും അവരാണ്. സ്ത്രീ പടക്കപ്പെട്ടത് വളഞ്ഞ ഒരു എല്ലിൽ നിന്നാണെന്നും അതിലെ മുകൾഭാഗം കൂടുതൽ വളഞ്ഞതാണെന്നും അവളുടെ വളവ് നേരെയാക്കാൻ പോയാൽ അത് പൊട്ടിപ്പോകുമെന്നും നിങ്ങൾ സ്ത്രീകളുടെ വിഷയത്തിൽ നല്ലതുമാത്രം ചെയ്യുകയെന്നും നബി തങ്ങൾ പറഞ്ഞിട്ടുണ്ട്.’

അത്ഭുതങ്ങൾ നിറഞ്ഞ ഹദീസ്
ഹജ്ജത്തുൽ വദാഇന്റെ സമയത്തും തന്റെ വഫാത്തിന്റെ നേരത്തും സ്ത്രീകളോടുള്ള പെരുമാറ്റത്തെക്കുറിച്ച് നബിതങ്ങൾ പറഞ്ഞതും ഈ അത്ഭുതകരമായ ഹദീസും എന്നെ ചെറുതല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. നബി തങ്ങളുടെ എല്ലാ ഹദീസിനെയുമെന്ന പോലെ ഇതും വലിയൊരു അമാനുഷികതയാണ്. ഒരുപാട് സങ്കീർണമായ കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാൻ ഈ ഹദീസ് എനിക്ക് സഹായകമാവുകയും ചെയ്തിട്ടുണ്ട്. പ്രത്യക്ഷത്തിൽ തോന്നുന്നതുപോലെ, അല്ലെങ്കിൽ പലരും മനസ്സിലാക്കുന്നതുപോലെ സ്ത്രീയെ അപമാനിക്കുകയോ വളഞ്ഞതെന്ന് വിശേഷിപ്പിക്കുകയോ ഒന്നുമല്ല ഈ ഹദീസ് ചെയ്യുന്നത്. മറിച്ച് നേരെ തിരിച്ചാണ് ആ ഹദീസ്. കുടുംബജീവിതത്തിൽ ഈ ഹദീസിന്റെ സ്വാധീനം വ്യക്തമാക്കുന്ന ഒരുപാട് സംഭവങ്ങളിൽ രണ്ടെണ്ണം മാത്രം ഞാൻ വിശദീകരിക്കാം.

അവരിലൊരാൾ ലോകവ്യാപകമായിട്ടുള്ള വലിയ വലിയ സംരംഭങ്ങൾ നടത്തുന്ന വ്യക്തിയാണ്. തന്റെ സംരംഭങ്ങളിൽ വലിയ വിജയങ്ങൾ നേടുമ്പോഴും ദാമ്പത്യജീവിതത്തിൽ വൻപരാജയമായിരുന്നു അദ്ദേഹം. മൂന്നാം ഭാര്യയെയും ത്വലാഖ് ചൊല്ലാനൊരുങ്ങുന്നതിനിടെ ഒരു സുഹൃത്തിന്റെ നിർദേശപ്രകാരമായിരുന്നു അദ്ദേഹം അലക്‌സാണ്ട്രിയയിൽ വന്ന് എന്നെക്കണ്ടത്. അദ്ദേഹം തന്റെ കഥ പറഞ്ഞുതുടങ്ങി:’ ആദ്യമായി ഞാനൊരു മിസ്രി പെണ്ണിനെ വിവാഹം ചെയ്തു. ഞാനുദ്ദേശിക്കുന്ന എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയവളാണ് അവളെന്നായിരുന്നു എന്റെ ധാരണ. സുന്ദരിയായൊരു കുട്ടിക്കവൾ ജന്മം നൽകുകയും ചെയ്തു. പക്ഷെ, പെട്ടെന്നാണ് നമുക്കിടയിൽ ഭിന്നതയുടെ വിത്തുകൾ മുളപൊട്ടിയത്. അവളെന്നെ മനസ്സിലാക്കാതെയായി. ഞാൻ ഉദ്ദേശിച്ച രൂപത്തിലല്ല അവളെന്ന് എനിക്കു തോന്നി. മാരകമായ രീതിയിൽ അവളെ ഞാൻ അടിക്കുന്നിടത്തായിരുന്നു കാര്യങ്ങൾ ചെന്നെത്തിയത്. തദ്ഫലമായി അവളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിയും വന്നു. പെണ്ണിന്റെ വീട്ടുകാർ കാര്യമറിയുന്നു, വിവാഹമോചനത്തിൽ പ്രശ്‌നം കലാശിക്കുന്നു, ആ മിസ്രി പെണ്ണിലാണ് പ്രശ്‌നമെന്നും അടുത്തത് ഒരു യൂറോപ്യൻ വനിതയാവണമെന്നും ഞാൻ തീരുമാനിക്കുന്നു. ജോലിയാവശ്യാർഥം ഞാൻ ലോകംചുറ്റുമ്പോൾ അതായിരുന്നു കൂടുതൽ സുഖപ്രദം.

ഒരു ഫ്രഞ്ച് വനിതയായിരുന്നു എന്റെ രണ്ടാം വിവാഹത്തിന്റെ ചോയ്‌സ്. പക്ഷെ, ചുരുങ്ങിയ മാസങ്ങൾക്കകം തന്നെ ആദ്യ ഭാര്യയിൽ സംഭവിച്ചതുതന്നെ സംഭവിച്ചു. എനിക്ക് ഉൾക്കൊള്ളാനാവാത്ത കാര്യങ്ങൾ അവളിൽ നിന്നുണ്ടായി. വലിയൊരു പോരിലേക്ക് കാര്യങ്ങൾ ചെന്നെത്തുകയും തദ്ഫലമായി അവൾ നാട്ടിലേക്ക് ഓടിരക്ഷപ്പെടുകയും ചെയ്തു.’ അയാൾ തുടർന്നു:’ ദിവസങ്ങളങ്ങനെ കടന്നുപോയി. മൂന്നാംഘട്ടം ഒരു സിറിയൻ സ്ത്രീയായിരുന്നു. അവളെ വിളിച്ചിരുത്തി എന്നെക്കുറിച്ച് ആദ്യം നന്നായി മനസ്സിലാക്കിക്കൊടുത്തു. കാറ്റലോഗ് കൊടുത്തു. എനിക്കിഷ്ടമുള്ളതും വെറുപ്പുള്ളതും വിശദീകരിച്ചുകൊടുത്തു. മുൻഭാര്യമാരുമായുള്ള ഭിന്നതയുടെ കാരണങ്ങൾ, എന്റെ ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ ഇങ്ങനെയെല്ലാം. ഈ സ്ത്രീയുടെയെങ്കിലും കാലാവധി അൽപം നീണ്ടുകിട്ടുമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഇന്നും എന്നോടൊപ്പം ജീവിക്കുന്ന ഒരു കുട്ടിക്കവൾ ജന്മം നൽകി. പക്ഷെ, ഇന്നലെ, ഞാൻ പറഞ്ഞ രീതിയിലല്ലാതെ ഭക്ഷണം പാകംചെയ്തതിന് ഞാൻ ഭക്ഷണസുപ്ര മുഴുവൻ അവൾക്കു മുന്നിൽ കീഴ്‌മേൽ മറിച്ചിട്ടു! ഞാനവളെ അതിനുമുമ്പും അടിച്ചിട്ടുണ്ട്. പക്ഷെ, മുമ്പുണ്ടായിരുന്ന പ്രശ്‌നങ്ങൾ എന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. എന്റെയൊരു സുഹൃത്തിനോട് കാര്യം പറഞ്ഞപ്പോഴാണ് കാര്യം നിസ്സാരമല്ലെന്നും എല്ലാതരം സ്ത്രീകളെ പരീക്ഷിച്ചിട്ടും ആരും നിന്റെ കൂടെ ഒത്തുപോവാത്തതിനാൽ പ്രശ്‌നം നിന്നിലാവാനാണ് സാധ്യതയെന്നും നിർബന്ധമായും ഡോ. അംറിനെ കാണണമെന്നും അവൻ പറഞ്ഞത്. എന്താണ് താങ്കളുടെ അഭിപ്രായം. സ്ത്രീകളെ അടിക്കാനുള്ള എന്തെങ്കിലും കുരുക്കുകൾ എനിക്കകത്തുണ്ടോ?’

രണ്ടാമത്തെ സംഭവത്തിൽ, ഭാര്യയായിരുന്നു എന്റെ പക്കൽ വന്നത്. അവളന്വേഷിക്കുന്ന ഭർത്താവിനെ എങ്ങനെയാണവൾ കണ്ടെത്തിയതെന്നും ഭർത്താവ് എങ്ങനെയാണ് തന്നെ സ്വീകരിച്ചതെന്നും അവൾ പറഞ്ഞുതുടങ്ങി. വിവാഹമോചിതയായ, ഒരു കുട്ടിയുള്ള സ്ത്രീയായിരുന്നിട്ടും തന്നെ വിവാഹം ചെയ്യാൻ അദ്ദേഹം കാണിച്ച വിശാലമനസ്‌കത അവൾ ഓർത്തു. നാളെ കൂടുതൽ ശോഭയുള്ളതാവുമെന്ന് അവൾ പ്രതീക്ഷിച്ചു. പക്ഷെ വിവാഹം കഴിഞ്ഞതോടെ പ്രതീക്ഷകളെല്ലാം തകിടംമറിഞ്ഞു. സ്വർഗതുല്യമായ ജീവിതം പ്രതീക്ഷിച്ച അവൾക്ക് ലഭിച്ചത് നേരെമറിച്ച് നരകതുല്യ ജീവിതമായിരുന്നു. ഭർത്താവ് എപ്പോഴും അവളിൽ മാറ്റങ്ങൾ ആഗ്രഹിച്ചു. തന്റെ ഭാവത്തിലുള്ള ആളാവണമെന്ന് കൽപിച്ചു. അവളുടെ വസ്ത്രവും ഭക്ഷണവും ചിന്താരീതിയും പോലും മാറാൻ അയാൾ ആഗ്രഹിച്ചു. അയാളുടെ താത്പര്യങ്ങൾക്കൊത്ത് ജീവിക്കാനാവാതെ വന്നാൽ എന്നെ നീ സ്‌നേഹിക്കുന്നില്ലെന്നും നീ മാറാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് പരസ്പരം തർക്കങ്ങൾ ആരംഭിക്കും. സത്യമായും ഞാനയാളെ സ്‌നേഹിക്കുന്നുവെന്നും വേർപിരിയാൻ സാധ്യമല്ലെന്നും അതേസമയം അയാളോടൊപ്പമുള്ള ജീവിതം അസഹനീയമാണെന്നും ആ സ്ത്രീ പറഞ്ഞുവെച്ചു. ഇനി ഞാനെന്തു ചെയ്യുമൈന്നായിരുന്നു അവരുടെ പരിഭവം.

ഇത്തരം സാഹചര്യങ്ങളിൽ ഞാൻ പൊതുവെ ചെയ്യാറുള്ളപോലെ ഭർത്താവിനോട് ഹാജറാവാൻ പറഞ്ഞു. ചിലപ്പോൾ ഭാര്യയുടേത് അതിശയോക്തികൾ നിറച്ച വിവരണം ആവാനും പ്രശ്‌നം ഭാര്യയിൽ ആവാനും സാധ്യതയുണ്ടല്ലോ. ശേഷം മനസ്സില്ലാമനസ്സോടെ ഭർത്താവ് എന്റെയടുക്കൽ വന്നു. ദീർഘനേരത്തെ സംസാരത്തിനു ശേഷം നമ്മൾ എത്തിച്ചേർന്ന കാര്യമിതായിരുന്നു: ‘എന്റെ ഭാര്യ അത്യുത്തമയാവണം എന്നതുമാത്രമാണ് എന്റെയാഗ്രഹം. അവൾ ഇതിലും നല്ല രൂപത്തിൽ ആവണമെന്ന് ആഗ്രഹിച്ചാണ് ഞാൻ ഇങ്ങനെ നിരൂപിക്കുന്നതും. അപ്പോൾ എന്റെ ആഗ്രഹങ്ങളെ അംഗീകരിക്കുന്നതല്ലേ അവൾക്ക് ഭൂഷണം! അവൾ അൽപം കാർക്കശ്യക്കാരിയാണ്. കാര്യങ്ങളൊക്കെ വ്യക്തമായിട്ടും എന്റെ ആവശ്യങ്ങളൊക്കെ നിരാകരിക്കുന്നു. സത്യത്തിൽ അവയൊന്നും കഠിനമേറിയ കാര്യങ്ങളൊന്നുമല്ല. ഇതാണെന്നെ ചൊടിപ്പിച്ചത്. അവസാനം അവൾ വഴങ്ങില്ലെന്നു കണ്ടപ്പോൾ അവളെ അടിക്കുകയും അവളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു’.

ഒരുപാട് ഉദാഹരണങ്ങളുടെ കൂട്ടത്തിൽ ഇവരണ്ടെണ്ണം തന്നെ തെരഞ്ഞെടുത്തത് പ്രശ്‌നങ്ങളുടെ കാഠിന്യവും പരസ്പരം അടിക്കുന്നതു വരെ എത്തിച്ചേരുന്ന അവസ്ഥകളും ചൂണ്ടിക്കാട്ടാനാണ്. മറ്റു സാഹചര്യങ്ങളിൽ പലപ്പോഴും ഭാര്യഭർത്താക്കന്മാർക്കിടയിൽ നിരന്തരം തർക്കങ്ങൾ സ്വാഭാവികമാണ്. തന്റെ ആഗ്രഹങ്ങൾ, ആവശ്യങ്ങൾ, ഇഷ്ടങ്ങൾ എല്ലാമറിഞ്ഞിട്ടും അവൾ അതു പൂർത്തീകരിക്കാൻ തയ്യാറാവുന്നില്ല എന്നതാണ് മിക്ക ഭർത്താക്കന്മാരുടെയും പരാതി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? തീർച്ചയായും ഈ ആവശ്യങ്ങളൊക്കെ സാധിപ്പിച്ചു കൊടുക്കാൻ സാധിക്കുന്ന ഒരു സ്ത്രീ എവിടെയെങ്കിലുമൊക്കെ ഉണ്ടാകുമെന്നതു സത്യമാണ്. പക്ഷെ, ബഹുഭാര്യത്വത്തിലൂടെ പ്രശ്‌നങ്ങൾ അധികരിക്കുക മാത്രമാണ് ചെയ്യുക. ലോകവ്യാപകമായി ഒത്തിരി സംരംഭങ്ങൾ നിയന്ത്രിക്കുന്ന, എല്ലാതരം ജനങ്ങളെയും കാണുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരാൾക്ക് സ്വന്തം ഭാര്യയെ മനസ്സിലാക്കാൻ സാധിച്ചില്ല എന്നതു തന്നെയാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാവസവും യാദൃശ്ചികതയും.

മനസ്സിലാക്കുക തന്നെയാണ് പരിഹാരം
സ്ത്രീയെ മനസ്സിലാക്കാൻ ആളുകൾക്ക് സാധിക്കാതെ പോയ കാര്യം ഒരുപാട് ചിന്തകളും ഫിലോസഫേഴ്‌സും പറഞ്ഞിട്ടുള്ള കാര്യമാണ്. ഒരുപക്ഷെ ‘അനീസ് മൻസൂറാ’ണ് ഈ ചിന്തകരുടെയൊക്കെ വാക്കുകൾ ഒരുമിച്ചുകൂട്ടി ഇവരൊക്കെയും എങ്ങനെയാണ് സ്ത്രീയെ മനസ്സിലാക്കുന്നതിനെ തൊട്ട് അശക്തരായതെന്നും മനോഹരമായി വിശദീകരിച്ചത്. പക്ഷെ, സ്ത്രീയെ മനസ്സിലാക്കുകയെന്ന കാര്യം വളരെ ഭംഗിയായി ചെയ്യുകയും അത് നമ്മെ പഠിപ്പിക്കുകയും ചെയ്തിട്ടുള്ളവരാണ് പ്രവാചകർ മുഹമ്മദ് നബി(സ്വ). ഈ രണ്ട് സംഭവങ്ങളിലും ഞാൻ പ്രായോഗികവൽക്കരിച്ചതും അതാണ്. ഇക്കാര്യം പുരുഷന്മാരെല്ലാം അറിയണമെന്നും സ്ത്രീകളെ മനസ്സിലാക്കണമെന്നും പ്രവാചകനിൽ നിന്ന് പെരുമാറ്റരീതികൾ പഠിക്കണമെന്നും ഉദ്ദ്യേശിച്ചാണ് ഇക്കാര്യം വിശദീകരിക്കുന്നത്.

‘സ്ത്രീ പടക്കപ്പെട്ടത് വളഞ്ഞ എല്ലിൽ നിന്നാണെ’ന്ന പ്രവാചകവചനത്തിന്റെ സാരം പുരുഷനിൽ നിന്ന് വ്യത്യസ്തമാണ് സ്്ത്രീയെന്നാണ്. സൃഷ്ടിപ്പിൽ വ്യത്യസ്തമാണ്, പുരുഷനുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തമാണ് എന്നൊക്കെയാണ് അതിന്റെ താത്പര്യം. ഇതാണ് തെറ്റിദ്ധാരണകൾക്ക് വിധേയമായ വളവ് എന്ന പ്രയോഗം. ‘അതിലും ഏറ്റവും വളവുള്ളത് അവളുടെ മുകൾ ഭാഗമാണ്’, അഥവാ, തല എന്നർഥം. അവൾ ചിന്തിക്കുന്ന രീതികൾ എന്ന്. കാരണം, സ്ത്രീകൾ പുരുഷനുമായി വേർതിരിയുന്ന പ്രധാന ഘടകങ്ങളിലൊന്ന് ചിന്താരീതിയിലാണ്. ആയതിനാൽ പുരുഷൻ കാര്യങ്ങൾ എത്ര മനസ്സിലാക്കിക്കൊടുത്താലും പറഞ്ഞ് ബോധ്യപ്പെടുത്തിയാലും പെണ്ണിന് അവളുടേതായ ചിന്താരീതികൾ ഉണ്ടെന്ന് സാരം. ഇത്തരം സാഹചര്യങ്ങളിൽ സാധാരണ സ്ഥിതി പ്രാപിക്കാൻ ഈ വളവ് നേരെയാക്കുക എന്നതാണ് പരിഹാരമായി പലരും കാണാറ്. പക്ഷെ, നബി തങ്ങൾ ചെയ്തിരുന്നത് നോക്കൂ! ഭാര്യമാരോടുള്ള പെരുമാറ്റത്തിന്റെ വിഷയത്തിൽ സ്വഹാബിവര്യരുടെ മനസ്സകം വായിക്കുകയും ‘ഈയവസരത്തിൽ അവളെ നേരെയാക്കാൻ പോയാൽ അവളെ നോവിക്കുന്നവനായി നീ മാറും’ ഭാര്യയായി അല്ലാഹു നിനക്ക് വേണ്ടി പടച്ചുതന്നിട്ടുള്ള അവളെ നിനക്ക് നഷ്ടമാവുമെന്ന് സാരം. ഇത്തരം പ്രശ്‌നങ്ങൾ, പുരുഷന്മാർ സ്ത്രീകളെ സമീപിക്കുന്ന രീതിയുടെ ഫലമായാണുണ്ടാവുന്നത് എന്ന് നബി തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ‘സ്ത്രീയെ നോവിക്കുകയെന്നത് അവളെ ത്വലാഖ് ചൊല്ലുന്നതിന് തുല്യമാണെ’ ന്ന പ്രവാചകവചനത്തിന്റെ സാരമതാണ്.

ആയതിനാൽ, നബിതങ്ങൾ ഈ ഹദീസിലൂടെ നിർദേശിക്കുന്ന പരിഹാരമാർഗം സ്ത്രീകൾ എങ്ങനെയാണോ അതുപോലെ അവരെ നാം സ്വീകരിക്കുകയെന്നതാണ്. ‘അവളിൽ നിന്ന് സുഖാസ്വാദനം ഉദ്ദേശിക്കുകയാണെങ്കിൽ അവളുടെ വളവിൽ ആസ്വാദം കണ്ടെത്തുക’ എന്ന് പ്രവാചകൻ. അവർ വ്യത്യസ്തസ്വഭാവക്കാരാവട്ടെ, അവരുടേതായ സ്വഭാവങ്ങൾ ഉണ്ടായിക്കൊള്ളട്ടെ, ഉള്ളതുപോലെ അവരെ നാം ഉൾക്കൊള്ളണം, നാം സ്‌നേഹവും ലാളനയും സംരക്ഷണവും ആ ബന്ധത്തെ ഊഷ്മളമാക്കും. അവളുടെ ശാരീരികവും മാനസികവും ചിന്താപരവുമായ വ്യത്യസ്തതകളെ മനസ്സിലാക്കിയവർക്ക് അവളുടെ മനസ്സിൽ മനോഹരമായി തംബുരു മീട്ടാം.

‘നിങ്ങൾ സ്ത്രീകളോട് നല്ലരീതിയിൽ മാത്രം വർത്തിക്കുക’ എന്ന വചനം നബിതങ്ങളിൽ നിന്ന് പൂർണമായും ഉൾക്കൊണ്ട ഉമർ(റ) പരാതി ബോധിപ്പിക്കാൻ വന്ന സ്വഹാബിക്ക് ബോധ്യപ്പെടുത്തുകയും ഭാര്യമാരിൽ സംശയിക്കുകയും നിരന്തരം തർക്കങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത എന്റെ പരാതിക്കാർ ഉൾക്കൊള്ളുകയും ചെയ്തു.

കൂട്ടത്തിൽ പരാതിക്കാരനായ മനുഷ്യന്റെ സുഹൃത്ത് അൽപദിവസങ്ങൾക്ക് ശേഷം എന്നോട് ആശ്ചര്യപൂർവം ചോദിക്കുകയുണ്ടായി:’നിങ്ങൾ അദ്ദേഹത്തെ എന്താണ് ചെയ്തത്. അയാൾ പൂർണമായി മാറിക്കളഞ്ഞല്ലോ!’. ഞാനൊന്നും ചെയ്തില്ലെന്നും നബിതങ്ങളാണ് ചെയ്തതെന്നും ഞാൻ മറുപടി പറയുകയും ചെയ്തു. ഭാര്യഭർത്താക്കന്മാർ ഒരുമിച്ചിരിക്കുകയും സംസാരിക്കുകയും പരസ്പരം മനസ്സിലാക്കുകയും ചെയ്യുന്ന വീടകങ്ങളിലാണ് സ്വർഗം വിരിയുക. ഒരാൾ മാത്രം മാറണമെന്ന പിടിവാശിയല്ല, മറിച്ച് രണ്ടുപേരും ്മാറുമ്പോൾ മാത്രമാണ് അനുകൂലമായ ഫലങ്ങളുണ്ടാവുക. അതുകൊണ്ട്, സ്ത്രീയെ മനസ്സിലാക്കുക, ആദരിക്കുക.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Related Articles