Family

കുട്ടികളുടെ അവകാശങ്ങള്‍; ജനിക്കും മുമ്പേ

ഐക്യരാഷ്ട്രസഭ 1989ല്‍ രൂപീകരിച്ച കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ (മുപ്പത് വര്‍ഷം മുമ്പ്) കുട്ടികളുടെ ഉയര്‍ന്ന പ്രായപരിധിയായി നിശ്ചയിച്ചിരിക്കുന്നത് 18 വയസ്സാണ്. എന്ന് മുതലാണ് അത് തുടങ്ങുന്നതെന്ന് അത് വ്യക്തമാക്കുന്നില്ല. എന്നാല്‍ ഒരു കുട്ടി ജനിക്കുന്നതോടെയാണ് അതെന്നത് പ്രകടമാണ്. എന്നാല്‍ പ്രസവത്തിന് മുമ്പുള്ള അവസ്ഥയെയും ഗര്‍ഭസ്ഥ ശിശുവിന്റെ -എട്ടോ ഒമ്പതോ മാസമായാല്‍ പോലും – അവകാശങ്ങളെ കുറിച്ചോ അതില്‍ പറയുന്നില്ല.

കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രസ്തുത ഉടമ്പടിയുടെ ആറാം ഖണ്ഡികയില്‍ പരാമര്‍ശിക്കുന്നു: ”ഓരോ കുട്ടിക്കും ജീവിക്കാന്‍ അടിസ്ഥാനപരമായ അവകാശമുണ്ടെന്ന് അംഗരാഷ്ട്രങ്ങള്‍ അംഗീകരിക്കുന്നു. കുട്ടികളുടെ നിലനില്‍പ്പും വളര്‍ച്ചയും അംഗരാഷ്ട്രങ്ങള്‍ പരമാവധി ഉറപ്പുവരുത്തും.” വളരെ നല്ലത് തന്നെ. എന്നാല്‍ ജീവിക്കാനുള്ള അടിസ്ഥാനപരമായ അവകാശത്തിന് കുട്ടി എപ്പോഴാണ് അര്‍ഹനാകുന്നതെന്ന് നിര്‍ണയിക്കുന്നില്ല. എപ്പാഴാണ് അത് അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുക?

ഐക്യരാഷ്ട്രസഭയോ അതിന് കീഴിലുള്ള യുനിസെഫോ ഈ കുറവ് തിരിച്ചറിഞ്ഞ് നികത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ? മനുഷ്യാവകാശ സംവിധാനത്തിലെ പരിഷ്‌കരണങ്ങള്‍ ആശാവഹമാണ്. എന്നാല്‍ ജനിക്കും മുമ്പേ കുട്ടിക്കുള്ള അവകാശത്തെ സംബന്ധിച്ച ഒരുപ്രഖ്യാപനം അനിവാര്യമാണ്. പ്രസ്തുത നിലയിലേക്ക് അവകാശങ്ങള്‍ പുരോഗമിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശങ്ങളെ സംബന്ധിച്ച് ഇസ്‌ലാമും അതിന്റെ കര്‍മശാസ്ത്രവും പറയുന്ന കാര്യങ്ങള്‍ സംക്ഷിപ്തമായി നിങ്ങളുടെ മുമ്പില്‍ വെക്കാം. പ്രവാചക വചനങ്ങളുടെയും കര്‍മശാസ്ത്ര തത്വങ്ങളുടെയും അടിസ്ഥാനത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ ചുവടെ നല്‍കുന്നു:

1. ഭ്രൂണം സൃഷ്ടിക്കപ്പെട്ട് അതിന്റെ പ്രാരംഭ ഘടന രൂപപ്പെടുന്നതോടെ, ശാരീരികമായി മാതാവിന്റെ ശരീരവുമായി ചേര്‍ന്നാണ് കിടക്കുന്നതെങ്കിലും ഒരു പൂര്‍ണ മനുഷ്യനായി അത് പരിഗണിക്കപ്പെടുന്നു.

2. മേല്‍പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഈ മനുഷ്യന്‍/ഗര്‍ഭസ്ഥശിശുവിന് സാധ്യമാകുന്ന എല്ലാ പരിചരണവും സംരക്ഷണവും ലഭിക്കേണ്ടതുണ്ട്. വിശിഷ്യാ ജീവിക്കാനുള്ള അവകാശം. അതിന്റെ ജീവിതത്തിനും സുരക്ഷക്കും നേരെ വെല്ലുവിളിയുയര്‍ത്തുന്ന യാതൊരുവിധ ദ്രോഹവും അതിക്രമവും അനുവദനീയമല്ല.

3. ഇതിന്റെ അടിസ്ഥാനത്തില്‍ അതിനെ അലസിപ്പിക്കല്‍ അല്ലെങ്കില്‍ അലസിപ്പിക്കാന്‍ ബോധപൂര്‍വം കാരണമുണ്ടാക്കുന്നത് മാതാവാണെങ്കിലും പിതാവാണെങ്കിലും നഷ്ടപരിഹാരവും പ്രായശ്ചിത്തവും നല്‍കേണ്ട ഗുരുതരമായ വീഴ്ച്ചയാണ്. ശൈഖ് ഖലീല്‍ അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ (മുഖ്തസര്‍) പറയുന്നു: ‘ഗര്‍ഭസ്ഥ ശിശുവിന്റെ കാര്യത്തില്‍, അത് മാംസപിണ്ഡമാണെങ്കില്‍ മാതാവിന്റെ പത്തിലൊന്നാണ് (മാതാവിന്റെ മോചനദ്രവ്യത്തിന്റെ പത്തിലൊന്ന്). നഫറാവി അദ്ദേഹത്തിന്റെ ‘അല്‍ഫവാകിഹുദ്ദവാനി’യില്‍ പറയുന്നു: അതിന്റെ ആശയം, ഗര്‍ഭസ്ഥ ശിശുവിനെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ നിന്നും പുറത്തുകളയാന്‍ കാരണക്കാരാകുന്നവര്‍ അതിന്റെ അവകാശികള്‍ക്ക് പത്തിലൊന്ന് നഷ്ടപരിഹാരം നല്‍കല്‍ നിര്‍ബന്ധമാണ്.

4. മാലികി മദ്ഹബ് പ്രകാരം ഭ്രൂണവളര്‍ച്ചയുടെ ആരംഭം മുതല്‍ തന്നെ ഗര്‍ഭഛിദ്രം നിഷിദ്ധമാണ്. എന്നാല്‍ ഭൂരിപക്ഷം കര്‍മശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നത് ഭ്രൂണം 40 ദിവസം പിന്നിട്ട ശേഷമാണ് അത് നിഷിദ്ധമാകുന്നതെന്നാണ്. അതിന് മുമ്പുള്ള കാലയളവില്‍ ഇളവ് അനുവദിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകന്‍(സ)യുടെ വചനമാണ് അതിന് അടിസ്ഥാനം. ”ഭ്രൂണം 42 രാവുകള്‍ പിന്നിടുന്നതോടെ അതിന്നടുത്തേക്ക് അല്ലാഹു ഒരു മലകിനെ നിയോഗിക്കുന്നു. അപ്പോള്‍ അത് അതിനെ രൂപപ്പെടുത്തുകയും കേള്‍വിയും കാഴ്ച്ചയും തൊലിയും മാംസവും അസ്ഥികളും സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നിട്ടത് പറയുന്നു: നാഥാ, ആണോ പെണ്ണോ ഇത്? അപ്പോള്‍ അല്ലാഹു അവനുദ്ദേശിച്ചത് വിധിക്കുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നീട് മലക് ചോദിക്കും: നാഥാ, അതിന്റെ അവധി എത്രയാണ്? അപ്പോള്‍ അല്ലാഹു അവനിച്ഛിക്കുന്നത് പറയുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നീട് മലക്ക് ചോദിക്കും: നാഥാ, അവന്റെ വിഭവങ്ങള്‍ എന്തൊക്കെയാണ്? അല്ലാഹു അവന്റെ ഇച്ഛപ്രകാരം വിധിക്കുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നീട് മലക്ക് കയ്യില്‍ പ്രസ്തുത ഏടുമായി പുറപ്പെടും. ആ കല്‍പിക്കപ്പെട്ടതില്‍ ഒന്നും കൂടുകയോ കുറയുകയോ ഇല്ല. (സഹീഹ് മുസ്‌ലിം)

5. ഭ്രൂണം നാല് മാസമായതിന് ശേഷമുള്ള ഗര്‍ഭഛിദ്രം അഭിപ്രായ വ്യത്യാസങ്ങളില്ലാതെ കര്‍ശനമായി നിഷിദ്ധമാക്കിയിട്ടുള്ളതാണ്. സഹീഹായ ഹദീസില്‍ പരാമര്‍ശിച്ചിട്ടുള്ളത് പോലെ ആത്മാവ് ഊതപ്പെടുന്നതോടെ, അതിനെ അലസിപ്പിക്കുന്നത് ബോധപൂര്‍വമുള്ള കൊലപാതകം തന്നെയാണ്.

6. ഗര്‍ഭസ്ഥ ശിശുവിന് സാമ്പത്തിക ബാധ്യതയും പൗരനെന്ന നിലയിലുള്ള യോഗ്യതയും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അതായത് അവന് അവകാശങ്ങളുണ്ടായിരിക്കും, അതേസമയം ബാധ്യതകളുണ്ടായിരിക്കുകയുമില്ല. സഅദുദ്ദീന്‍ അത്തഫ്‌സാസാനി പറയുന്നു (അത്തല്‍വീഹ്): ഗര്‍ഭസ്ഥ ശിശു മാതാവില്‍ നിന്ന് വേര്‍പെടുന്നതിന് മുമ്പ് അവരുടെ ഭാഗമാണ്. അതിന്റെ ചലനവും നിശ്ചലാവസ്ഥയുമെല്ലാം മാതാവിന്റെ നിശ്ചലാവസ്ഥയെയും ചലനത്തിനുമനുസരിച്ചാണെന്ന വശം പരിഗണിക്കുമ്പോഴാണത്. അതേസമയം അതിന്റെ ജീവന്റെ വേറെ ഒന്ന് തന്നെയാണെന്നതും വേര്‍പെടലിന് ഒരുങ്ങുന്നതാണെന്നുമുള്ള വശം പരിഗണിക്കുമ്പോള്‍ സ്വതന്ത്രമായ ഒന്നാണത്. ഇത് പ്രകാരം അനന്തരാവകാശം, വസിയ്യത്ത്, കുടുംബബന്ധം പോലുള്ള അവകാശങ്ങള്‍ നിര്‍ബന്ധമാകുന്ന ഉത്തരവാദിത്വം അതിന്നുണ്ടായിരിക്കും. എന്നാല്‍ അതിന്ന് മേല്‍ അത് നിര്‍ബന്ധമാവുകയുമില്ല. അവന്റെ പേരില്‍ രക്ഷിതാവ് വല്ലതും വാങ്ങിയാല്‍ അതിന്റെ വില കൊടുക്കേണ്ട ബാധ്യത അതിന്നില്ല. എന്നാല്‍ മാതാവില്‍ നിന്ന് സ്വതന്ത്രമാകുന്നതോടെ എല്ലാ അര്‍ഥത്തിലും സ്വതന്ത്രവ്യക്തിയായി പരിഗണിക്കപ്പെടുന്നു. അപ്പോള്‍ അവന്റെ അവകാശങ്ങള്‍ക്കും അവന്റെ മേലുള്ള അവകാശങ്ങള്‍ക്കും യോഗ്യനാവുന്നു.

7. എല്ലാ അനന്തരാവകാശികള്‍ക്കും ഉള്ളത് പോലെ ഗര്‍ഭസ്ഥ ശിശുവിനും അനന്തരാവകാശമുണ്ട്. അതുകൊണ്ട് അത് പ്രസവിക്കുന്നത് വരെ അനന്തരസ്വത്ത് വീതിക്കുന്നത് നീട്ടിവെക്കണം. അതിന്റെ ഓഹരി നിര്‍ണയിക്കുകയും വകതിരിവെത്തുന്നത് വരെ സംരക്ഷിക്കുകയും വേണം.

8. ഫിത്വ്ര്‍ സകാത്തിന് അംഗങ്ങളെ കണക്കാക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെ കൂടി പരിഗണിക്കുന്നത് അഭികാമ്യമാണ് (മുസ്തഹബ്ബ്) വിശിഷ്യാ നാല് മാസം പിന്നിട്ടുണ്ടെങ്കില്‍. അതിലൂടെ ഗര്‍ഭസ്ഥ ശിശുവിനെ കുടുംബത്തിലെ ഒരു അംഗമായി പരിഗണിക്കുകയാണ്. വൈദ്യശാസ്ത്ര രംഗത്തെ പുരോഗതിയുടെ ഫലമായി ആളുകള്‍ ഇന്ന് അവരുടെ ഗര്‍ഭസ്ഥ ശിശുവിനെ കാണുകയും അതിന്റെ ചലനങ്ങള്‍ അറിയുകയും ചെയ്യുന്നവരായി മാറിയിട്ടുണ്ട്. മാത്രമല്ല, അതിന്റെ ചിത്രങ്ങള്‍ സൂക്ഷിക്കുകയും ഗര്‍ഭാശയത്തിലായിരിക്കെ തന്നെ അതിനോട് ഇണങ്ങിച്ചേരുകയും ചെയ്യുന്നു.

9. നാല് മാസത്തിന് ശേഷം ഗര്‍ഭം അലസിയോ അലസിപ്പിച്ചോ ഗര്‍ഭസ്ഥ ശിശു പുറത്തുവന്നാല്‍ അതിനെ കുളിപ്പിക്കുകയും കഫന്‍ ചെയ്യുകയും അതിന് വേണ്ടി നമസ്‌കരിക്കുകയും വേണം. ഗര്‍ഭസ്ഥ ശിശുവിന് നല്‍കുന്ന പരിഗണനയുടെ ഭാഗമാണത്.

10. റമദാനില്‍ നോമ്പ് ഉപേക്ഷിക്കുന്നതിനുള്ള ഇളവിന്റെ കാര്യത്തില്‍ മുലകൊടുക്കുന്ന മാതാവിനെയും ഗര്‍ഭിണിയെയും ഒരുപോലെയാണ് കാണുന്നതെന്നത് ഇസ്‌ലാമിക കര്‍മശാസ്ത്രത്തിന്റെ സവിശേഷതകളിലൊന്നാണ്. ശൈഖ് അലീശ് (മിനഹുല്‍ ജലീല്‍ ശറഹ് മുഖ്തസറു ഖലീല്‍) പറയുന്നു: ഗര്‍ഭിണിയോ മുലകൊടുക്കുന്നവളോ നോമ്പ് കൊണ്ട് തന്റെ കുട്ടിക്ക് ദോഷം വരുമെന്ന് മനസ്സിലാക്കുകയോ കരുതുകയോ ചെയ്താല്‍ അവരിരുവര്‍ക്കും നോമ്പുപേക്ഷിക്കാന്‍ അനുവാദമുണ്ട്, അവര്‍ ഭയക്കുന്നത് ചെറിയ ദോഷമാണെങ്കില്‍ പോലും. നാശമോ ഗുരുതരമായ ദോഷമോ ആണ് അവരിരുവരും ഭയക്കുന്നതെങ്കില്‍ നോമ്പുപേക്ഷിക്കല്‍ നിര്‍ബന്ധവുമാണ്.

മുലകുടിക്കുന്ന കുട്ടിയുടെ അവകാശവും ഗര്‍ഭത്തിലുള്ള കുട്ടിയുടെ അവകാശവും ഒരുപോലെ പരിഗണിക്കപ്പെടുന്നതാണെന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഗര്‍ഭസ്ഥ ശിശുവിന്റെ അവകാശവും താല്‍പര്യവും പരിഗണിച്ചു കൊണ്ട് നിര്‍ബന്ധമായ നോമ്പ് ഉപേക്ഷിക്കുന്നത് ഗര്‍ഭിണിക്ക് നിര്‍ബന്ധമാകുന്നുവെങ്കില്‍ പുകവലി, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം പോലുള്ള ഗര്‍ഭസ്ഥ ശിശുവിന് ദോഷകരമായ പ്രവര്‍ത്തനങ്ങളുടെ വിധി എന്തായിരിക്കും? അതിനെ കൊല്ലുന്നവരും പിച്ചിചീന്തുന്നവരും അതിന്ന് കൂട്ടുനില്‍ക്കുന്നവരുടെയും അവസ്ഥ എന്താണ്? ജമാല്‍ ഖഷോഗിയുടെ ശരീരം പിച്ചിചീന്തിയത് പോലെ തന്നെയല്ലേ ഇതും?

മൊഴിമാറ്റം: അബൂഅയാശ്‌

Facebook Comments
Show More
Close
Close