Current Date

Search
Close this search box.
Search
Close this search box.

സന്താന സൗഭാഗ്യവും രണ്ടാം വിവാഹവും

ഉയർന്ന കുടുംബത്തിൽ പിറന്ന ഏക മകൻ. മികച്ച വിദ്യാഭ്യാസവും പരിചരണവും കിട്ടി വളർന്നു വന്ന ഒരാൾ. തുടർപഠനം കഴിഞ്ഞ് സംസ്കാരസമ്പന്നയായ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. സ്വപ്നം പോലെ എല്ലാം തികഞ്ഞവൾ. അല്ലാഹുവിന്റെ ഔദാര്യം കൊണ്ട് വിവാഹനന്തര ജീവിതവും ഭംഗിയായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു. പതിയെ ഗർഭം ധരിക്കാത്തതിന്റെ പേരിൽ ഉമ്മ മകനോട് കാര്യങ്ങൾ തിരക്കി തുടങ്ങി. ഏകമകനായത് കൊണ്ട് അവർ ആ സന്തോഷവാർത്തക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. കുറച്ചു കാലം ഇങ്ങനെ ഒന്നിച്ചു പോവാനും പിന്നീട് അതെകുറിച്ച് ചിന്തിക്കാമെന്നുമാണ് മകൻ മറുപടി നൽകിയത്.

അതിൽ തൃപ്തിയാവാതെ ഉമ്മ മരുമകളോടും കാര്യങ്ങൾ തിരക്കി തുടങ്ങി. അതിന്റെ പേരിൽ പലപ്പോഴായി മകന് ഭാര്യയോട് വിശദീകരണങ്ങൾ നൽകേണ്ടിയുംവന്നു. ഉമ്മയുടെ നിരന്തരമായി ചോദ്യങ്ങൾക്കു മുമ്പിൽ ഒടുവിൽ അവർ ഡോക്ടറെ കാണാനായി ചെന്നു. അതവരുടെ ജീവിതത്തിലെ വലിയ സത്യത്തിലേക്ക് വഴിതുറക്കുകയായിരുന്നു. പരിശോധനകൾക്ക് ശേഷം അവൻ ആരോഗ്യവാനാണ് ഡോക്ടർ വിധിയെഴുതി. എന്നാൽ ഭാര്യ ഗർഭിണിയാവുകയില്ല എന്നായിരുന്നു ഡോക്ടറുടെ അന്തിമ വിധി.

അവൾ ഭർത്താവിനോട് വിവാഹമോചനത്തിനും മറ്റൊരാളെ വിവാഹം കഴിക്കാനും പലതവണ ആവശ്യപ്പെട്ടു. ഇവിടെ തടസ്സം ഞാനാണെങ്കിൽ അത് നീക്കി കളയാമല്ലോ എന്നായിരുന്നു അവളുടെ ന്യായം. വേദനാജനകമായ ദിവസങ്ങൾ ആയിരുന്നു പിന്നീട്. എന്നാൽ തന്റെ സ്നേഹഭാജനത്തെ വിട്ടൊഴിയാൻ അയാൾ തയ്യാറായില്ല. എല്ലാം അല്ലാഹുവിൽ ഭരമേൽപ്പിച്ചു, വിധിയെ ക്ഷമയോടെ സ്വീകരിച്ചു നമുക്ക് മുന്നോട്ടു പോകാം എന്നായിരുന്നു തീരുമാനം. പതിയെ സ്തംഭിച്ചു പോയ ജീവിതം പച്ചപിടിച്ചു തുടങ്ങി. ഉമ്മയോട് മകൻ തനിക്കാണ് പ്രശ്നമെന്നും ചികിത്സ തുടങ്ങാനിരിക്കുകയാണെന്നും വിവരം പറഞ്ഞു. ഇത് കേട്ട് ഉമ്മ വിഷമിച്ചിച്ചെങ്കിലും പ്രശ്നം അവസാനിച്ചെന്നായിരുന്നു മകന്റെ കണക്കുകൂട്ടൽ.

പക്ഷേ അന്ന് വൈകുന്നേരം തന്നെ പെട്ടെന്ന് കാണണം എന്നു പറഞ്ഞു ഉമ്മ മകനെ ബന്ധപ്പെട്ടു. മകന്റെ സുഹൃത്തായ ഡോക്ടറിൽ നിന്നും സത്യാവസ്ഥ ഉമ്മ അറിഞ്ഞുകഴിഞ്ഞിരുന്നു. മകൻ തന്നോട് കളവു പറഞ്ഞതിനും ഭാര്യക്ക് കൂട്ടുനിന്നതിനും ഉമ്മ ആക്ഷേപിച്ചു. അവർ എടുത്ത തീരുമാനം ഉമ്മ ചെവികൊണ്ടില്ലെന്ന് മാത്രമല്ല മകൻ മറ്റൊരു വിവാഹം കഴിക്കണമെന്ന് ഉമ്മ നിർബന്ധം പിടിച്ചു. ഇതെല്ലാം അറിഞ്ഞ ഭാര്യ വീണ്ടും വിവാഹമോചനത്തിനായി ആവശ്യപ്പെട്ടു തുടങ്ങി. വിവരമറിഞ്ഞ ബന്ധുക്കളും അവളെ അതിനു നിർബന്ധിച്ചു. ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചാൽ പിന്നെ കൂടെ നിൽക്കാൻ സാധിക്കില്ലെന്നായിരുന്നു അവളുടെ പക്ഷം.

ഈ പ്രശ്നത്തിനൊരു പരിഹാരം തേടിയാണ് ആ മകൻ എന്നെ സമീപിച്ചിരിക്കുന്നത്.

ഇതുനുള്ള പരിഹാരം ദാമ്പതികളോടായി പറയാനുള്ളതിതാണ്- സന്താന സൗഭാഗ്യം എന്നത് നാഥന്റെ തീരുമാനമാണ്. ഭാര്യയുടെ കാര്യത്തിൽ അല്ലാഹുവിന്റെ വിധിയെ നിങ്ങൾ തൃപ്തിപ്പെട്ടു എന്നത് ഒരു വലിയ നന്മയാണ്. എങ്കിലും, നിങ്ങൾ വാത്സല്യനിധിയായ ധാരാളം പ്രസവിക്കുന്ന സ്ത്രീകളെ വിവാഹം കഴിക്കുക എന്നതാണ് പ്രവാചക അധ്യാപനം. അതിനാൽ ഭാര്യ തന്റെ ഇണയെ രണ്ടാമതൊരു വിവാഹത്തിനായി പ്രേരിപ്പിക്കുക, അവന് യോജിച്ച ഭാര്യയെ കണ്ടെത്തുന്നതിൽ അവനോട് സഹകരിക്കുക, ഇതെല്ലാമല്ലാതെ പ്രശ്നപരിഹാരമായി വിവാഹമോചനം തേടുന്നത് ഈ വിഷയത്തിൽ ഗുണം ചെയ്യില്ല. മാത്രമല്ല ഭർത്താവിന്റെ മനസ്സ് വേദനിപ്പിക്കാതെ സ്വപ്നസാഫല്യത്തിലേക്ക് നടന്നടുക്കാൻ അതിലൂടെ സാധിക്കുകയും ചെയ്യും.

രണ്ടാമതൊരു വിവാഹം കഴിക്കുന്നത് ഭർത്താവ് തന്നെ വഞ്ചിക്കലാണെന്ന ഭാര്യയുടെ ധാരണയെ മാറ്റിവെച്ച് സാഹചര്യത്തെ ഉൾക്കൊണ്ട് മുന്നോട്ടുപോവാനാണ് ശ്രമിക്കേണ്ടത്. രണ്ടാം വിവാഹം ഭർത്താവിന്റെ അവകാശമാണെങ്കിൽ കൂടി അവൻ സാമ്പത്തികമായും മറ്റും ഭാര്യമാർക്കിടയിൽ നീതി പുലർത്താൻ സാധിക്കുന്നവനാവണം. അല്ലാത്തപക്ഷം ഒരൊറ്റ ഭാര്യയെ മാത്രം സ്വീകരിക്കലാണ് ഔചിത്യം.

അതുപോലെതന്നെ, ഭർത്താവ് ഭാര്യമാരെ ബഹുമാനിക്കുകയും അവരുടെ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കുകയും ചെയ്യേണ്ടതുണ്ട്. രണ്ടാമതൊരു വിവാഹത്തിന് ആദ്യഭാര്യ തടസ്സം നിൽക്കുന്നുവെങ്കിൽ മാന്യതയോടെ അവളെ വിവാഹമോചനം ചെയ്യുകയാണ് വേണ്ടത്.

മാതാപിതാക്കളോടും ചിലത് പറയാനുണ്ട്. മക്കളുടെ ദാമ്പത്യ ജീവിതത്തിൽ ഇടപെടാൻ മാതാപിതാക്കൾക്ക് അവകാശമില്ല. അവരുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും തീരുമാനിക്കേണ്ടത് ദമ്പതികൾ തന്നെയാണ്. മുന്നോട്ടുള്ള ഓരോ ഘട്ടങ്ങളിലുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കേണ്ടത് അവർ രണ്ടുപേരും തന്നെയാണ്. ഒരാൾ മറ്റൊരാൾക്ക് മേലെ അന്യായമായി അധികാരം പ്രയോഗിക്കുമ്പോൾ മാത്രമാണ് മൂന്നാമതൊരാൾ അതിൽ ഇടപെടേണ്ടതുള്ളൂ.

എന്നാൽ, ഭാര്യഭർതൃ ജീവിതത്തിന് പുറത്തുള്ള കാര്യങ്ങളിൽ മാതാപിതാക്കൾ തീരുമാനമെടുക്കുന്നത് കൊണ്ട് തെറ്റില്ല. ഈ വിഷയത്തിൽ, സന്താന സൗഭാഗ്യത്തിനായി മകനോട് രണ്ടാം വിവാഹത്തിന് ആവശ്യപ്പെടുന്നത് തെറ്റല്ല. കൂടാതെ അത് അവന്റെ അവകാശം കൂടിയാണ്. പക്ഷേ വിവാഹം കഴിച്ചില്ലെന്നു കരുതി അവന് തെറ്റുകാരനുമാവുന്നില്ല. തദവസരത്തിൽ അവനെ അനുസരണയില്ലാത്തവനായി കാണുകയും അരുത്. കൂടാതെ മകന്റെ ഭാര്യയെ ആക്ഷേപിക്കാനോ വേദനിപ്പിക്കാനോ മാതാപിതാക്കൾക്ക് അവകാശമില്ല, പകരം അല്ലാഹുവിന്റെ വിധിയെ പൂർണ്ണ ക്ഷമയോടെ സ്വീകരിക്കാൻ അവളെ സഹായിക്കുകയാണ് വേണ്ടത്. ദമ്പതികൾ തമ്മിലും മാതാപിതാക്കളുമായും പരസ്പര സ്നേഹവും സഹകരണവും നിലനിൽക്കുമ്പോഴാണ് കുടുംബം സന്തുഷ്ടമാകുന്നത്.

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles