ബഹുഭാര്യത്വത്തെക്കുറിച്ചുള്ള നിരവധി കഥകൾ എന്റെ മുന്നിലെത്തിയിരുന്നു. ഈ പ്രശ്നങ്ങളെല്ലാം ഇരുകക്ഷികൾക്കും ഏറെ സെൻസിറ്റീവ് ആണെന്ന് പറയേണ്ടതില്ലല്ലോ. ആദ്യ ഭാര്യയിൽ നിന്നുള്ള പ്രതികരണങ്ങളും ഞാൻ തേടിയിരുന്നു. ഭർത്താവിന്റെ രണ്ടാം വിവാഹത്തിലൂടെ തനിക്ക് ലഭിച്ച നേട്ടങ്ങളും സൗകര്യങ്ങളും ആദ്യഭാര്യമാർ എന്നോട് തുറന്ന് പറയുകയുണ്ടായി. ഇത്തരം ആറ് കേസുകളാണ് ഞാനിവിടെ വിവരിക്കുന്നത്.
ഒന്ന് : രണ്ടാം വിവാഹം നടന്നതിലൂടെ ഞങ്ങളുടെ കുടുംബത്തിന്റെ സ്ഥിരത നിലനിർത്താൻ സാധിക്കുകയായിരുന്നു. കാരണം എനിക്ക് എന്റെ ഭർത്താവിനൊപ്പം ജീവിക്കാൻ തീരെ ആഗ്രഹമില്ലായിരുന്നു. കുട്ടികളോടും എന്റെ കുടുംബത്തോടുമൊപ്പം ജീവിതം ആസ്വദിക്കാനാണ് എനിക്ക് താൽപര്യം. അതിനാൽ ഭർത്താവിന്റെ രണ്ടാം വിവാഹത്തിൽ എനിക്ക് സന്തോഷമാണ് തോന്നിയത്. അങ്ങനെ കുട്ടികളെയും വീടിനെയും സ്വന്തം ജീവിതത്തെയും ക്രമപ്പെടുത്തുന്നതിലും പരിപാലിക്കുന്നതിലും എനിക്ക് വേണ്ടത്ര പ്രയോജനം നേടാനും സാധിച്ചു. അതിലൂടെ അദ്ദേഹത്തിന് തന്റെ സ്വകാര്യ ജീവിതത്തിൽ രണ്ടാം ഭാര്യയുമായി കൂടുതൽ സമയം ചെലവഴിക്കാനും സാധിച്ചു.
രണ്ട് : ഭർത്താവ് രണ്ടാം ഭാര്യയെ സ്വീകരിച്ചപ്പോൾ, വീട്ടുജോലികളെല്ലാം നീ ചെയ്യണമെന്ന് ഞാനവളോട് വ്യവസ്ഥ ചെയ്തു. അതവൾ സമ്മതിക്കുകയും ചെയ്തു. അതിലൂടെ എനിക്ക് എന്റെ മറ്റ് ആവശ്യങ്ങളും ലക്ഷ്യങ്ങളും കൈവരിക്കാനും എനിക്ക് സുഖമായും സ്വതന്ത്രമായും ജീവിക്കാനും സാധിച്ചു. അവളങ്ങനെ വീട്ടുജോലികളിൽ മുഴുകി. അവൾ സംതൃപ്തയുമാണ്. എന്റെ ജീവിതത്തിൽ ഞാനും സംതൃപ്തയാണ്. ഭർത്താവ് ഞങ്ങൾക്കിരുവർക്കുമിടയിൽ സമയം ചെലവഴിക്കുകയും ചെയ്യുന്നു. എന്റെ ജീവിതാവസാനം വരെ എന്നോടൊപ്പം താമസിക്കാനാണ് ഞാനദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്ന് : എന്റെ ഭർത്താവിന്റെ ശാരീരിക ആവശ്യങ്ങൾ പൂർത്തീകരിച്ച് കൊടുക്കാൻ എന്റെ ആരോഗ്യ സ്ഥിതി പലപ്പോഴും തടസ്സമാവാറുണ്ട്, അങ്ങനെ അദ്ദേഹത്തിന്റെ ശാരീരിക ബന്ധത്തിനുള്ള താൽപര്യം നിരസിക്കുന്നതിലൂടെ ഉണ്ടാവുന്ന എന്റെ കുറവുകൾക്ക് അല്ലാഹു എന്നെ ഉത്തരവാദിയാക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നുമുണ്ട്. അദ്ദേഹത്തിന് അത്തരം ആഗ്രഹങ്ങൾക്ക് ആവശ്യമായ നല്ല ആരോഗ്യവുമുണ്ട്. അങ്ങനെ അദ്ദേഹം രണ്ടാം ഭാര്യയെ സ്വീകരിച്ചപ്പോൾ, ഞാനദ്ദേഹത്തോട് പറഞ്ഞു താങ്കളുമായി കിടക്കപങ്കിടാനുള്ള എന്റെ അവകാശം ഞാൻ ഒഴിവാക്കുകയാണ്. അതെന്റെ മനസ്സാക്ഷിയെ ഏറെ സന്തോഷിപ്പിക്കുകയാണ്ടായി. മാത്രവുമല്ല എനിക്ക് സ്വകാര്യ ജീവിതത്തിൽ വലിയ ആശ്വാസവും അതിലൂടെ ലഭിക്കുകയുണ്ടായി.
നാല് : അല്ലാഹു എനിക്ക് സന്താന സൗഭാഗ്യം തന്നില്ല, ഭർത്താവിന് ഒരു കുഞ്ഞിക്കാല് കാണാൻ വലിയ ആഗ്രഹവുമായിരുന്നു. പക്ഷേ കാര്യം എന്റെ നിയന്ത്രണത്തിലായിരുന്നില്ല. അത് അല്ലാഹുവിന്റെ ഒരു വലിയ ദാനമാണല്ലോ. അങ്ങനെ ഭർത്താവ് രണ്ടാം ഭാര്യയെ സ്വീകരിച്ചപ്പോൾ അവളിലൂടെ അല്ലാഹു അനുഗ്രഹം ചെയ്തു. അവളുടെ കുട്ടികളോടൊപ്പം, എന്റെ മാതൃത്വ വികാരങ്ങളും മുന്നോട്ട് നീങ്ങി, കുട്ടികളെ വളർത്താൻ ഞാനും അവളോടൊപ്പം ചേർന്നു. അങ്ങനെ ഞങ്ങൾ രണ്ട്പേരും മാതൃത്വത്തിന്റെ വിചാര വികാരങ്ങളിൽ ഏറെ സന്തോഷത്തോടെ ജീവിച്ചു. രണ്ടാം ഭാര്യയുമായുള്ള എന്റെ ബന്ധവും മെച്ചപ്പെട്ടു. എന്റെ ജീവിതത്തിൽ അവൾക്കും പ്രധാന്യമുണ്ടന്ന് ഞാൻ കണ്ടെത്തി. ഭർത്താവിന്റെ രണ്ടാം വിവാഹത്തിൽ ആദ്യമൊക്കെ എനിക്ക് വെറുപ്പും പ്രയാസവും ഉണ്ടായിരുന്നുവെന്നതും ശരിയാണ്.
അഞ്ച് : ഭർത്താവ് രണ്ടാം ഭാര്യയെ സ്വീകരിച്ചപ്പോൾ വിവാഹമോചനം ആവശ്യപ്പെടാനാണ് ആദ്യം തോന്നിയത്. പിന്നീട് ഞാൻ തീരുമാനം പുനപ്പരിശോധിച്ചു, ഭർത്താവ് നേരത്തെ നിരസിച്ച ചില ആവശ്യങ്ങൾ വ്യവസ്ഥകളായി അംഗീകരിപ്പിച്ചെടുക്കാമെന്ന് ഞാൻ തീരുമാനിച്ചു. അതിനാൽ ഇതൊരു അവസരമായി ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചുറപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ പൂർത്തികരണം, ശരീരസൗന്ദര്യം പരിപാലിക്കുന്നതുമായ ചിലകാര്യങ്ങൾ, സ്വന്തമായി ചില പ്രൊജക്‌ട് വർക്കുകൾ ചെയ്യണമെന്നും മറ്റുമായുള്ള ആവശ്യങ്ങളായിരുന്നു അവ. അതിനെല്ലാം അദ്ദേഹം സമ്മതം മൂളിയപ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പം ഭാര്യയായി തുടരാൻ സമ്മതിക്കുകയായിരുന്നു. അങ്ങിനെ ഞാനിതെല്ലാം നേടിയെടുത്തു. അൽ ഹംദുലില്ലാഹ് ഞിനിന്ന് ഏറെ സന്തോഷവതിയാണ്.
ആറ് : ഞങ്ങളുടെ ദാമ്പത്യജീവിതം നിർജീവവും തണുത്തതുമായിരുന്നു. ഭർത്താവിന്റെ രണ്ടാം വിവാഹത്തോടെ അത്ഭുതം സംഭവിച്ചിരിക്കുന്നു. അതോടെ ഞാനുമായുള്ള ബന്ധം ദൃഢമാവുകയും, ഞങ്ങൾക്കിടയിലെ സ്നേഹം വർധിക്കുകയും ചെയ്ത് തുടങ്ങി. എന്നോടുള്ള സ്നേഹം വർധിക്കുകയും എനിക്ക് അസുഖം വന്നപ്പോൾ എന്നെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയതുമെല്ലാം തുടങ്ങി വലിയ മാറ്റങ്ങൾക്കാണ് അതിലൂടെ തുടക്കമായത്. ഇതെല്ലാം മുമ്പ് അചിന്ത്യമായിരുന്നു. ഇങ്ങനെ ജീവിതത്തിൽ അനുഗ്രഹമാണ് എനിക്കുണ്ടായത്.
എന്നോട് തുറന്നുപറഞ്ഞ ചില കേസുകളാണിത്. ബഹുഭാര്യത്വം അല്ലാഹു അനുവദിച്ചത് വെറുതെയല്ലന്ന് ഇത്തരം വിവരണത്തിൽ നിന്ന് പഠിച്ചെടുക്കാവുന്നതാണ്. എന്നാൽ ഇതിന്റെ പ്രയോജനം നേടാൻ ആഗ്രഹിക്കുന്നവർ സ്വന്തം അവസ്ഥ നന്നായി പഠിക്കണം. ബഹുഭാര്യത്വം തനിക്ക് അനുയോജ്യമാണോ അല്ലയോ എന്ന് ? സന്തോഷത്തിനായി മറ്റൊരു കുടുംബത്തെ നശിപ്പിക്കരുത്. അങ്ങനെ ആദ്യഭാര്യ കുറ്റവാളിയോ, രോഗിയോ, വിധവയോ, വിവാഹമോചിതയോ, ഉപജീവനം തടയപ്പെട്ടവളോ ആകരുത്. അല്ലാഹു കൽപിച്ചതുപോലെ നീതിയോടും ഭക്തിയോടും കൂടി ബഹുഭാര്യത്വ സമ്പ്രദായം നടപ്പിലാക്കായാൽ ആദ്യ ഭാര്യക്ക് പ്രയോജനകരമായേക്കാം. ഇവിടെ രേഖപ്പെടുത്തിയ ആദ്യ ഭാര്യമാരുടെ തീരുമാനങ്ങളെ വായനക്കാർക്ക് അംഗീകരിക്കുകയോ എതിർക്കുകയോ ചെയ്യാം. ഞാൻ വ്യക്തിപരമായി അഭിമുഖീകരിച്ച യാഥാർത്ഥ്യങ്ങളും പ്രശ്നങ്ങളുമാണ് നിങ്ങളുമായി വിനിമയം നടത്തിയത്.
വിവ- അബൂ ഫിദ
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp