Current Date

Search
Close this search box.
Search
Close this search box.

മാതാപിതാക്കളും മക്കളും

മനുഷ്യന് ഏറ്റവും കൂടുതൽ ബാധ്യത ആരോടാണ്? സംശയമില്ല, അവനെ സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രപഞ്ചനാഥനായ ദൈവത്തോട് തന്നെ. അവനാണല്ലോ മനുഷ്യന് എല്ലാം നൽകിയത്. ജീവനും ജീവിതവും ജീവിത വിഭവങ്ങളും ശ്വസിക്കാനുള്ള വായുവും കുടിക്കാനുള്ള പാനീയവും കഴിക്കാനുള്ള ആഹാരവും താമസിക്കാനുള്ള ഇടവും എല്ലാം നൽകി അനുഗ്രഹിച്ചത് അവനാണല്ലോ.

എന്നാൽ മനുഷ്യന്റെ ജനനവും വളർച്ചയും സംഭവിക്കുന്നത് മാതാപിതാക്കളിലൂടെയാണ്. മാതാവാണ് ഏറെ ക്ലേശിച്ച് ഗർഭം ചുമക്കുന്നതും പ്രസവിക്കുന്നതും, വളരെ പ്രയാസപ്പെട്ട് പോറ്റി വളർത്തുന്നതും മാതാവാണ്. സംരക്ഷിച്ചതും ചികിത്സിച്ചതും പഠിപ്പിച്ചതും പിതാവാണ്. ഉണ്ണാനും ഉടുക്കാനും ആവശ്യമായത് നൽകിയത് അദ്ദേഹമാണ്. സമ്പത്ത് ചെലവഴിച്ച് ജീവിത സൗകര്യങ്ങളൊരുക്കിയതും പിതാവ് തന്നെ.

കരയാനല്ലാതെ മറ്റൊന്നുമറിയാതെയും കാലിട്ടടിക്കാനല്ലാതെ ഒന്നിനും കഴിയാതെയും പിറന്നു വീണ പിഞ്ചു പൈതലിനെ പത്തിരുപതു വയസ്സുവരെ, നീണ്ട രണ്ടു പതിറ്റാണ്ടുകാലം പ്രയാസം സഹിച്ചും കഠിനമായി അധ്വാനിച്ചും വളർത്തിയതും സംരക്ഷിച്ചതും മാതാപിതാക്കളാണ്. അഥവാ ദൈവത്തെ കഴിച്ചാൽ മനുഷ്യനെ അവനാക്കിയതിൽ ഏറ്റവും കൂടുതൽ പങ്കു വഹിച്ചത് അവരാണ്. അതിനാലാണ് കവി കടമ്മനിട്ട ഇങ്ങനെ ചോദിച്ചത്: “”നിങ്ങളറിയുമോ നിങ്ങളെങ്ങനെ നിങ്ങളായെന്ന്?”

“പൂവറിയുമോ വേരറിഞ്ഞ കയ്പ്പുകൾ’ എന്ന ചോദ്യവും ഏറെ പ്രസക്തമത്രെ. അതുകൊണ്ടു തന്നെ ദൈവത്തെ കഴിച്ചാൽ മനുഷ്യന് ഏറ്റവും കൂടുതൽ ബാധ്യതയും ഉത്തരവാദിത്തവുമുള്ളത് മാതാപിതാക്കളോടാണ്. ആദരവും അനുസരണയും കാണിക്കേണ്ടതും അവരോട് തന്നെ. നന്മയും നന്ദിയും പ്രകടിപ്പിക്കേണ്ടതും മാതാപിതാക്കളോടത്രെ. ഇക്കാര്യം ദൈവം ഖുർആനിലൂടെ മനുഷ്യനോട് കല്പിച്ചിരിക്കുന്നു:

“”മാതാപിതാക്കളുടെ കാര്യത്തിൽ മനുഷ്യനെ നാം ഉപദേശിച്ചിരിക്കുന്നു. അവന്റെ മാതാവ് മേൽക്കുമേൽ ക്ഷീണം സഹിച്ചാണ് അവനെ ഗർഭം ചുമന്നത്. അവന്റെ മുലകുടി നിർത്തലോ, രണ്ടു കൊല്ലം കൊണ്ടുമാണ്. അതിനാൽ നീ എന്നോട് നന്ദി കാണിക്കുക. നിന്റെ മാതാപിതാക്കളോടും നന്ദി കാണിക്കുക. എന്റെ അടുത്തേക്കാണ് നിന്റെ തിരിച്ചു വരവ്.”(31:14)

മാതാപിതാക്കൾ വാർധക്യത്തിലേക്ക് പ്രവേശിക്കുന്നതോടെ അവശത ബാധിച്ചു തുടങ്ങുന്നു. പലതിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നു. ഇവ്വിധം വാർധക്യം ബാധിച്ച മാതാപിതാക്കൾക്ക് അലോസരമുണ്ടാക്കുന്ന ഒരക്ഷരം പോലും പറയരുതെന്ന് ഖുർആൻ കണിശമായി കൽപിക്കുന്നു. അവരോടു കാരുണ്യം കാണിക്കണമെന്നും അവർക്കു വേണ്ടി പ്രാർഥിക്കണമെന്നും അനുശാസിക്കുന്നു: “”നിന്റെ നാഥൻ വിധിച്ചിരിക്കുന്നു: നിങ്ങൾ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കൾക്ക് നന്മ ചെയ്യുക. അവരിൽ ഒരാളോ രണ്ടുപേരുമോ വാർധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കിൽ അവരോട് “ഛെ” എന്നു പോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക. മാതാപിതാക്കൾക്ക് കാരുണ്യ പൂർവം വിനയത്തിന്റെ ചിറക് താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാർഥിക്കുക: “എന്റെനാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റി വളർത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.”(17: 23,24)

ഏതവസ്ഥയിലും അഛനമ്മമാരോട് മോശമായി പെരുമാറരുത്. കയർത്ത് സംസാരിക്കരുത്. അവരെ അവഗണിക്കരുത്. സ്നേഹത്തോടെ വർത്തിക്കണം. പരമാവധി സഹായ സഹകരണങ്ങൾ ചെയ്തു കൊടുക്കണം. നന്നായി പരിഗണിക്കുകയും പരിരക്ഷിക്കുകയും വേണം. അവർ മോശമായി പെരുമാറിയാലും തിരിച്ച് അങ്ങനെ ചെയ്യരുത്. അവർക്ക് മനോവേദന ഉണ്ടാക്കുന്ന ഒരു സമീപനവും ഉണ്ടാവരുത്. അനിഷ്ടകരമായ നോട്ടം പോലും അരുതാത്തതാണ്. മാതാപിതാക്കളുടെ വികാരം വ്രണപ്പെടുകയോ അഭിമാനം ക്ഷതപ്പെടുയോ ചെയ്യുന്ന ഒന്നും മക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകാവതല്ല.

താൻ കാരണമായി തന്റെ മാതാപിതാക്കളുടെ കണ്ണ് നനയുകയോ ഹൃദയം പിടയുകയോ ഇല്ലെന്ന് ഉറപ്പിക്കാൻ മക്കൾക്ക് നിർബന്ധമായും സാധിക്കണം. ഒരു കാരണവശാലും അനുസരണക്കേട് സംഭവിക്കരുത്. ഇസ്ലാം കൊടിയ പാപമായി നിശ്ചയിച്ച ബഹുദൈവത്വം സ്വീകരിക്കാൻ നിർബന്ധിച്ചാൽ പോലും അക്കാര്യത്തിൽ അനുസരിക്കരുതെന്നല്ലാതെ മറ്റു കാര്യങ്ങളിൽ വീഴ്ച വരുത്തരുത്. ദൈവം അനുശാസിക്കുന്നു:

“”നിനക്കൊരറിവുമില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാൻ അവരിരുവരും നിർബന്ധിക്കുകയാണെങ്കിൽ അക്കാര്യത്തിൽ അവരെ നീ അനുസരിക്കരുത്. എന്നാലും ഇഹലോകത്ത് നീ അവരോട് നല്ല നിലയിൽ സഹവസിക്കുക. എന്നിലേക്ക് പശ്ചാത്തപിച്ച് മടങ്ങിയവന്റെ പാത പിന്തുടരുക. അവസാനം നിങ്ങളുടെയൊക്കെ മടക്കം എന്നിലേക്ക് തന്നെയാണ്. അപ്പോൾ നിങ്ങൾ ചെയ്തതിനെപ്പറ്റി നിങ്ങളെ വിവരമറിയിക്കും.”(31:15)

“”മാതാപിതാക്കളോട് നന്മ ചെയ്യണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. നിനക്കറിയാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാൻ അവർ നിന്നെ നിർബന്ധിക്കുകയാണെങ്കിൽ നീ അവരെ അനുസരിക്കരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെയൊക്കെ മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റിയെല്ലാം നിങ്ങളെ നാം വിശദമായി വിവരമറിയിക്കും.”(29 : 8)

മാതാപിതാക്കളോടുള്ള ബാധ്യത വളരെ വലുതായതിനാൽ ഖുർആൻ അടിക്കടി അതിനെക്കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കുന്നു:
“”ഓർക്കുക: ഇസ്രയേൽ മക്കളിൽ നിന്ന് നാം ഉറപ്പുവാങ്ങി: ദൈവത്തെയല്ലാതെ നിങ്ങൾ വഴിപ്പെടരുത്. മാതാപിതാക്കളോടും അടുത്ത ബന്ധുക്കളോടും അനാഥകളോടും അഗതികളോടും നല്ലനിലയിൽ വർത്തിക്കണം; ജനങ്ങളോട് നല്ലതു പറയണം; നമസ്കാരം നിഷ്ഠയോടെ നിർവഹിക്കണം; സകാത്ത് നല്കണം.”(2 : 83)

മാതാപിതാക്കളുടെ കാര്യം പറയുന്ന പലയിടങ്ങളിലും ഖുർആൻ മാതാവിന്റെ കഷ്ടപ്പാടുകളും പ്രയാസങ്ങളും പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. മാതാവിന് കൂടുതൽ പ്രാമുഖ്യം കൽപിക്കേണ്ടതുണ്ടെന്നതിനാലാണിത്.സച്ചരിതരുടെ സവിശേഷത പ്രപഞ്ചനാഥനായ ദൈവം ഇങ്ങനെ വിശദീകരിക്കുന്നു: “”മാതാപിതാക്കളോട് നന്നായി വർത്തിക്കണമെന്ന് നാം മനുഷ്യനെ ഉപദേശിച്ചിരിക്കുന്നു. ക്ലേശത്തോടെയാണ് മാതാവ് അവനെ ഗർഭം ചുമന്നത്. അവനെ പ്രസവിച്ചതും പ്രയാസം സഹിച്ചു തന്നെ. ഗർഭകാലവും മുലകുടിയും കൂടി മുപ്പതു മാസം. അവനങ്ങനെ കരുത്തനാവുകയും നാല്പത് വയസ്സാവുകയും ചെയ്താൽ ഇങ്ങനെ പ്രാർഥിക്കും: “”എനിക്കും എന്റെ മാതാപിതാക്കൾക്കും നീയേകിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാൻ നീയെന്നെ തുണയ്ക്കേണമേ; നിനക്കു ഹിതകരമായ സുകൃതം പ്രവർത്തിക്കാനും. എന്റെ മക്കളുടെ കാര്യത്തിലും നീ എനിക്കു നന്മ വരുത്തേണമേ. ഞാനിതാ നിന്നിലേക്കു പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. ഉറപ്പായും ഞാൻ അനുസരണമുള്ളവരിൽ പെട്ടവനാണ്.” (46 : 15)

സ്വന്തം മാതാപിതാക്കളോട് തങ്ങളുടെ മാതാവും പിതാവും എന്ത് സമീപനമാണ് സ്വീകരിക്കുന്നതെന്ന് അവരുടെ മക്കൾ നിരീക്ഷിക്കാതിരിക്കില്ല. അത് അവർ കാണുകയും അറിയുകയും ചെയ്യും. സ്വാഭാവികമായും അതവർ മനസ്സിൽ സൂക്ഷിക്കും. അതവരെ അഗാധമായി സ്വാധീനിക്കുകയും ചെയ്യും.

പിന്നീട് അവർ വളർന്നു വലുതായി യുവാക്കളാവുകയും കരുത്ത് നേടുകയും മാതാപിതാക്കൾ, തങ്ങളുടെ മാതാപിതാക്കൾ ഉണ്ടായിരുന്ന അവസ്ഥയിലെത്തുകയും ചെയ്യുമ്പോൾ ചരിത്രം ആവർത്തിക്കും. അവർ തങ്ങളുടെ മാതാപിതാക്കളെ അവഗണിച്ച പോലെ മക്കൾ അവരെയും പുറന്തള്ളും. കൊടുത്തതിനേക്കാൾ കൂടുതലാണ് എപ്പോഴും തിരിച്ചു കിട്ടുക. മാതാപിതാക്കളോട് കാണിച്ച ക്രൂരതയുടെ അനേകമിരട്ടി തങ്ങളുടെ മക്കളിൽ നിന്ന് അവർക്ക് അനുഭവിക്കേണ്ടി വരും. ആയിരം കണ്ണാടി പതിച്ച വീട്ടിലേക്ക് കയറിച്ചെന്ന രണ്ട് നായ്ക്കളുടെ അനുഭവമാണ് ഉണ്ടാവുക. ഒരു നായ വാലാട്ടിയപ്പോൾ ആയിരം നായ്ക്കൾ അതിന്റെ നേരെ വാലാട്ടി. മറ്റൊരു നായ കുരച്ചപ്പോൾ ആയിരം നായ്ക്കൾ അതിന്റെ നേരെ തിരിഞ്ഞു കുരച്ചു. അതിന് പേടിച്ച് ഒാടേണ്ടി വന്നു. മാതാപിതാക്കളെ അവഗണിക്കുന്ന മക്കൾ അവരുടെ സ്ഥാനത്തെത്തുമ്പോൾ ആ നായയെപോലെ വൃദ്ധസദനങ്ങളിൽ അഭയം തേടേണ്ടി വരും.

അതിനാലാണ് പ്രവാചകൻ ഇങ്ങനെ പറഞ്ഞത്: “”നിങ്ങളുടെ പിതാക്കൾക്ക് നിങ്ങൾ നന്മചെയ്യുക. എങ്കിൽ നിങ്ങളോട് മക്കളും അതുതന്നെ ചെയ്യും.”

പ്രവാചക ചര്യയിൽ
മനുഷ്യജീവിതത്തിലെ വിജയ പരാജയങ്ങൾ നിശ്ചയിക്കുന്നത് മാതാപിതാക്കളോടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തിലാണ്. അഥവാ, സ്വർഗനരകങ്ങൾ ലഭിക്കുക അവരോട് എന്ത് നിലപാട് സ്വീകരിക്കുന്നു എന്ന് പരിശോധിച്ചും പരിഗണിച്ചുമാണ്. ഇക്കാര്യം പ്രവാചകൻ പല തവണ പല ഭാവത്തിൽ പഠിപ്പിച്ചിട്ടുണ്ട്.

പ്രവാചകൻ പറഞ്ഞതായി ഇബ്നു അബ്ബാസ് പ്രസ്താവിക്കുന്നു:
“”ദൈവത്തിന്റെ പ്രീതി പ്രതീക്ഷിച്ച് ആരെങ്കിലും മാതാപിതാക്കൾക്ക് നന്മചെയ്യാനും അവരെ സേവിക്കാനും സമയം ചെലവഴിച്ചാൽ സ്വർഗത്തിലെ രണ്ട് കവാടങ്ങൾ അവർക്കായി തുറന്നു വെക്കപ്പെടും. മാതാപിതാക്കൾക്ക് എതിരു നിൽക്കാനും അവരെ ധിക്കരിക്കാനുമാണ് മുതിരുന്നതെങ്കിൽ നരകത്തിന്റെ രണ്ട് കവാടങ്ങളായിരിക്കും അവർക്കായി തുറക്കപ്പെടുക. അപ്പോൾ പ്രവാചകശിഷ്യന്മാരിൽ ഒരാൾ ചോദിച്ചു: “മാതാപിതാക്കൾ ക്രൂരന്മാരാണെങ്കിലോ?’ പ്രവാചകൻ പ്രതിവചിച്ചു.” അവർ നിന്നോട് ക്രൂരത കാണിച്ചാലും നീ അവരോട് “ഛെ’ എന്നുപോലും പറയരുത്.”
പ്രവാചക ശിഷ്യന്മാരിൽ ഒരാൾ അദ്ദേഹത്തോട് ചോദിച്ചു: “”മാതാപിതാക്കൾ വഴി മക്കൾക്ക് ലഭിക്കുന്ന അനുഗ്രഹങ്ങൾ എന്തൊക്കെയാണ്?”
പ്രവാചകൻ പ്രതിവചിച്ചു: “”അവർ നിങ്ങളുടെ സ്വർഗത്തിലേക്കുള്ള വാതിലാണ്, നരകത്തിലേക്കും. അവരുടെ അഭീഷ്ടം അനുസരിച്ച് അവരെ സേവിച്ചാൽ സ്വർഗം ലഭിക്കും. ക്രൂരത കാണിച്ച് വെറുപ്പിച്ചാൽ നരകവും.”

മറ്റൊരിക്കൽ അദ്ദേഹം പറഞ്ഞു: “”ദൈവത്തിന്റെ പ്രീതി മാതാപിതാക്കളുടെ പ്രീതിയിലാണ്. ദൈവത്തിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലും”

സ്വർഗ ലബ്ധിയിലൂടെ ജീവിത വിജയം നേടാനുള്ള മാർഗമാണ് മാതാപിതാക്കൾ എന്നർഥം. മാതാപിതാക്കളിൽ പ്രഥമ സ്ഥാനം മാതാവിനാണ്. ഒരാൾ പ്രവാചക സന്നിധിയിൽ വന്നു ചോദിച്ചു: “”എന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അർഹൻ ആരാണ്.?” പ്രവാചകൻ പറഞ്ഞു: “നിന്റെ മാതാവ്.’ അയാൾ ചോദിച്ചു: “”പിന്നെ ആരാണ്?” പ്രവാചകൻ പറഞ്ഞു: “”നിന്റെ മാതാവ്’ അയാൾ വീണ്ടും ചോദിച്ചു “പിന്നെ ആരാണ്?” പ്രവാചകൻ പ്രതിവചിച്ചു: “”മാതാവ് തന്നെ” പിന്നെയും ചോദിച്ചു: “”പിന്നെ ആരാണ്?” പ്രവാചകൻ പറഞ്ഞു: “”നിന്റെ പിതാവ്”
ഇതേ ആശയം മറ്റൊരിക്കൽ പ്രവാചകൻ ഇങ്ങനെ വ്യക്തമാക്കി: “”നിന്റെ ഏറ്റവും മെച്ചപ്പെട്ട സഹവാസത്തിന് അർഹ നിന്റെ മാതാവാണ്. പിന്നെയും നിന്റെ മാതാവ്. പിന്നെയും നിന്റെ മാതാവ് തന്നെ. പിന്നെ നിന്റെ പിതാവ്. പിന്നെ നിന്റെ അടുത്തടുത്ത് നിൽക്കുന്ന ബന്ധുക്കളും.”
ഒരാൾ പ്രവാചകന്റെ അടുത്ത് വന്ന് താൻ ആരാധനാനുഷ്ഠാനങ്ങൾ നിഷ്ഠയോടെ നിർവഹിക്കാറുണ്ടെന്ന് അവകാശപ്പെട്ടു. അപ്പോൾ പ്രവാചകൻ പറഞ്ഞു: “”താങ്കൾ അറിയിച്ച പ്രകാരമാണെങ്കിൽ തീർച്ചയായും താങ്കൾ സ്വർഗാവകാശിയായിരിക്കും.എന്നാലിത് മാതാപിതാക്കളെ ഒരുവിധത്തിലും ദ്രോഹിച്ചില്ലെങ്കിൽ മാത്രമാണ്.”

ആരാധനാ കർമങ്ങൾ കൃത്യമായി നിർവഹിച്ചാലും മാതാപിതാക്കളോടുള്ള ബാധ്യതകൾ ശരിയാം വിധം നിർവഹിക്കാതിരിക്കുകയോ അവരോട് അപമര്യാദയായി പെരുമാറുകയോ ചെയ്താൽ മരണശേഷമുള്ള ജീവിതം തികഞ്ഞ പരാജയമായിരിക്കുമെന്നാണ് ഇത് പഠിപ്പിക്കുന്നത്. മാതാപിതാക്കളെ ബുദ്ധിമുട്ടിക്കൽ സ്വന്തം മക്കളെ ജീവനോടെ കുഴിച്ചുമൂടുന്ന പോലെ ഗുരുതരമായ തെറ്റാണെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.
വാക്കു കൊണ്ടോ കർമം കൊണ്ടോ മാതാപിതാക്കളെ ദ്രോഹിക്കണമെന്നില്ല, മനസ്സു കൊണ്ട് വെറുക്കുന്നതും കടുത്ത നന്ദികേടും ഗുരുതരമായ കുറ്റവുമാണെന്ന് പ്രവാചകൻ അറിയിച്ചിരിക്കുന്നു. കൊലപാതകം പോലെ ഗുരുതരമായ കുറ്റമാണ് മാതാപിതാക്കളോടുള്ള അനുസരണക്കേടെന്നും പ്രവാചകൻ പറഞ്ഞിട്ടുണ്ട്.

മാതാവിനെ പ്രത്യേകം പരാമർശിച്ച പോലെ ചില സന്ദർഭങ്ങളിൽ അദ്ദേഹം പിതാവിന്റെ കാര്യം മാത്രം എടുത്തു പറഞ്ഞിട്ടുണ്ട്. ഒരിക്കൽ ഇങ്ങനെ കൽപിച്ചു: “”നിന്റെ പിതാവിനോടുള്ള സ്നേഹം കാത്തു സൂക്ഷിക്കുക. അത് മുറിച്ചു കളയരുത്. അങ്ങനെ ചെയ്താൽ ദൈവം നിന്റെ പ്രകാശം കെടുത്തിക്കളയും. നന്മകളിൽ ഏറ്റവും വലിയ നന്മ ഒരാൾ തന്റെ പിതാവുമായുള്ള സ്നേഹം ഊട്ടിയുറപ്പിക്കലാണ്.”

മാതാപിതാക്കളോട് ചെയ്യുന്ന ദ്രോഹം ചിലപ്പോൾ ഈ ലോകത്തു വെച്ച് തന്നെ ശിക്ഷയ്ക്കു കാരണമായേക്കാമെന്നും പ്രവാചകൻ താക്കീത് ചെയ്തിട്ടുണ്ട്. അദ്ദേഹം അറിയിക്കുന്നു: “”ദൈവം ഇച്ഛിക്കുകയാണെങ്കിൽ ദുർവൃത്തരുടെ ശിക്ഷ ഉയിർത്തെഴുന്നേൽപ് നാൾവരെ നീട്ടി വെക്കും. എന്നാൽ മാതാപിതാക്കളെ ദ്രോഹിക്കുന്നവർക്ക് ദൈവം ഈ ലോകത്ത് വെച്ച് തന്നെ ശിക്ഷ നൽകും.” ഭൂമിയിൽ മനുഷ്യന് ചെയ്യാൻ കഴിയുന്ന ഏറ്റവും മഹത്തായ കൃത്യങ്ങളിൽ പ്രധാനമാണ് മാതാപിതാക്കൾക്ക് നന്മ ചെയ്യലെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.

മക്കളെ വളർത്തുമ്പോൾ
മാതാപിതാക്കളുടെ അവകാശങ്ങൾ വിശദീകരിക്കുകയും മക്കൾക്ക് അവരോടുള്ള ബാധ്യത എടുത്തു പറയുകയും ചെയ്ത ഇസ്ലാം മാതാപിതാക്കൾക്ക് മക്കളോടുള്ള ഉത്തരവാദിത്തങ്ങളും അവരുടെ അവകാശങ്ങളും വ്യക്തമായിത്തന്നെ പഠിപ്പിച്ചിട്ടുണ്ട്.

മക്കളോട് കരുണ കാണിക്കുക, അവരെ ലാളിക്കുക, ഓമനിക്കുക, അവരുടെ ആവശ്യങ്ങൾ പൂർത്തീകരിച്ചു കൊടുക്കുക, സ്വഭാവ രൂപീകരണത്തിലും സംസ്കരണത്തിലും ജാഗ്രത പുലർത്തുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, അവരോട് നീതി പുലർത്തുക തുടങ്ങിയ നിരവധി ബാധ്യതകൾ മാതാപിതാക്കൾ പൂർത്തീകരിക്കേണ്ടതുണ്ട്.

പ്രവാചകൻ കൽപിക്കുന്നു: “”നിങ്ങൾ കുട്ടികളെ സ്നേഹിക്കുകയും അവരോട് കരുണ കാണിക്കുകയും ചെയ്യുക. അവരോട് കരാർ ചെയ്താൽ പാലിക്കുക. കൊച്ചു കുട്ടി അടുത്തുള്ളപ്പോൾ നിങ്ങളും കുട്ടിയെപ്പോലെ പെരുമാറുക.” “”നിങ്ങൾ സ്വന്തം സന്താനങ്ങളുമായി സഹവസിക്കുക. അവരെ സൽപെരുമാറ്റം ശീലിപ്പിക്കുകയും ചെയ്യുക.”

പ്രവാചകൻ തന്റെ ഒരു പേരക്കുട്ടിയെ ചുംബിക്കുകയായിരുന്നു. അപ്പോൾ അടുത്തുണ്ടായിരുന്ന ഹാബിസ് മകൻ അഖ്റഅ പറഞ്ഞു: “”എനിക്ക് പത്ത് മക്കളുണ്ട്. അവരിലാരെയും ഒരിക്കലും ഞാൻ ചുംബിച്ചിട്ടില്ല.” ഇതു കേട്ട പ്രവാചകൻ അദ്ദേഹത്തിന് നേരെ തിരിഞ്ഞ് പറഞ്ഞു.: “”കരുണ കാണിക്കാത്തവന് കാരുണ്യം കിട്ടുകയില്ല.”

പ്രവാചകപത്നി ആയിശ പറയുന്നു: “”ഒരു ഗ്രാമീണൻ പ്രവാചക സന്നിധിയിൽ വന്നു പറഞ്ഞു: നിങ്ങൾ കുട്ടികളെ ചുംബിക്കുന്നുണ്ടല്ലോ. ഞങ്ങൾ അവരെ ചുംബിക്കാറില്ല” അപ്പോൾ പ്രവാചകൻ പ്രതിവചിച്ചു: “”അല്ലാഹു നിന്റെ ഹൃദയത്തിൽ നിന്ന് കാരുണ്യം എടുത്തു കളഞ്ഞെങ്കിൽ ഞാൻ എന്തു ചെയ്യാനാണ്.”

ഒരാൾ പ്രവാചകനെ സമീപിച്ച് ചോദിച്ചു: “”എന്റെ ഈ കുട്ടികളുടെ അവകാശങ്ങൾ എന്തൊക്കെയാണ്?”

പ്രവാചകൻ പ്രതിവചിച്ചു: “”താങ്കൾ അവരുടെ പേരും പെരുമാറ്റവും നന്നാക്കുക.നല്ല സ്ഥലത്ത് താമസിപ്പിക്കുകയും ചെയ്യുക.”

മക്കളുടെ മുലകുടി കാലം പോലും ഖുർആൻ പരാമർശിച്ചിട്ടുണ്ട്. ദൈവം ഖുർആനിൽ പറയുന്നു:

“”മാതാക്കൾ തങ്ങളുടെ മക്കളെ രണ്ടു വർഷം പൂർണമായും മുലയൂട്ടണം. മുലകുടികാലം പൂർത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കിലാണിത്. മുലയൂട്ടുന്ന സ്ത്രീക്ക് ന്യായമായ നിലയിൽ ഭക്ഷണവും വസ്ത്രവും നല്കേണ്ട ബാധ്യത കുട്ടിയുടെ പിതാവിനാണ്. എന്നാൽ ആരെയും അവരുടെ കഴിവിനപ്പുറമുള്ളതിന് നിർബന്ധിക്കാവതല്ല. ഒരു മാതാവും തന്റെ കുഞ്ഞ് കാരണമായി പീഡിപ്പിക്കപ്പെടരുത്. അപ്രകാരം തന്നെ കുഞ്ഞ് കാരണം പിതാവും പീഡിപ്പിക്കപ്പെടരുത്. പിതാവില്ലെങ്കിൽ അയാളുടെ അനന്തരാവകാശികൾക്ക് അയാൾക്കുള്ള അതേ ബാധ്യതയുണ്ട്. എന്നാൽ ഇരുവിഭാഗവും പരസ്പരം കൂടിയാലോചിച്ചും തൃപ്തിപ്പെട്ടും മുലയൂട്ടൽ നിർത്തുന്നുവെങ്കിൽ അതിലിരുവർക്കും കുറ്റമില്ല. അഥവാ, കുട്ടികൾക്ക് മറ്റൊരാളെക്കൊണ്ട് മുല കൊടുപ്പിക്കണമെന്നാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അതിനും വിരോധമില്ല. അവർക്കുള്ള പ്രതിഫലം നല്ലനിലയിൽ നൽകുന്നുവെങ്കിലാണിത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: അല്ലാഹു നിങ്ങൾ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്” (2: 233)

മക്കൾക്കിടയിൽ അനീതി അരുതെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. പ്രവാചകൻ പറയുന്നു: “”നിങ്ങൾ നിങ്ങളുടെ മക്കൾക്കിടയിൽ ദാനത്തിൽ നീതി പുലർത്തുക. ഞാൻ ആർക്കെങ്കിലും പ്രത്യേകത കൽപിക്കുന്നവനായിരുന്നെങ്കിൽ സ്ത്രീകൾക്ക് മുൻഗണന നൽകുമായിരുന്നു.”

എന്നും എവിടെയും അവഗണിക്കപ്പെടുകയും പുറന്തള്ളപ്പെടുകയും ചെയ്യുന്ന പെൺകുട്ടികൾക്ക് ഇസ്ലാം പ്രത്യേകം പ്രാധാന്യം കല്പിച്ചിട്ടുണ്ട്. മൂന്ന് പെൺകുട്ടികളെയോ സഹോദരിമാരെയോ പോറ്റിവളർത്തുന്നവർക്ക് പ്രവാചകൻ സ്വർഗത്തെ സംബന്ധിച്ച ശുഭവാർത്ത അറിയിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു; “”മൂന്ന് പെൺമക്കളോ സഹോദരിമാരോ കാരണമായി പ്രാരാബ്ധമനുഭവിക്കുന്നവന് പ്രതിഫലമായി സ്വർഗം ലഭിക്കാതിരിക്കില്ല”

ഇസ്ലാമിക വീക്ഷണത്തിൽ മക്കളുടെ പരിപാലനവും അവരുടെ ക്ഷേമത്തിനായുള്ള പരിശ്രമവും മഹത്തായ പുണ്യകർമമാണ്.അവയിൽ വീഴ്ച വരുത്തുന്നത് ഗുരുതരമായ പാപവും. ഇങ്ങനെ മാതാപിതാക്കളുടെയും മക്കളുടെയും അവകാശ-ബാധ്യതകൾ ഖുർആനും പ്രവാചകചര്യയും കൃത്യമായും വ്യക്തമായും പഠിപ്പിക്കുന്നു. അവയുടെ പാലനം മഹത്തായ പ്രതിഫലത്തിന് കാരണമാകുന്ന പുണ്യ കർമമാണ്. ലംഘനം ശിക്ഷാർഹമായ കുറ്റകൃത്യവും.

Related Articles