മറച്ചു വെക്കൽ അല്ലാഹുവിന്റെ വിശേഷണങ്ങളിൽ പെട്ട ഒന്നാണ്. ഈ ലോകത്ത് ജനങ്ങൾക്കിടയിൽ മറച്ചു വെക്കപ്പെട്ട കാര്യങ്ങളുടെ മൂടി ഒന്ന് എടുത്തുമാറ്റപ്പെട്ടാൽ, ചിന്തിക്കാൻ പോലുമാകാത്ത രീതിയിലേക്ക് ജീവിതം മാറിമറിയും. ഒറ്റ നോട്ടത്തിൽ തന്നെ മുസ്ലിം വീടുകളിലെ അസ്വാരസ്യങ്ങൾ നമുക്ക് കാണാനുമാകും. അത് വലിയ പ്രശ്നങ്ങളോട് പോലും സാദൃശ്യപ്പെട്ട് കിടക്കുന്നുണ്ട്. അതിനെ സാമാന്യ വൽക്കരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നുമില്ല. മാത്രമല്ല, അതൊരു സ്വാഭാവിക കാര്യമാണെന്നും ഞാൻ കരുതുന്നുമില്ല. നല്ല കുടുംബങ്ങളും അവർക്കിടയിലുണ്ട്. നമ്മുടെ വീടുകളിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് നേരെ മുഖം തിരിക്കലും അവയെ കണ്ടില്ലെന്ന് നടിക്കലും ബുദ്ധിയല്ലല്ലോ. ആഗോള വൽക്കരണത്തിന്റെ കാലഘട്ടത്തിലെ മുസ്ലിമിന്റെ അവസാന സംരക്ഷണ വലയമാണ് കുടുംബമെന്നുള്ള കാര്യം വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ് ഞാനിവിടെ.
ഒരു കുടുംബവും പ്രശ്ന മുക്തമല്ല. നബിയുടെ വീട്ടിൽ സംഭവിച്ച ചില പ്രശ്നങ്ങൾ അല്ലാഹു ഖുർആനിൽ പരാമർശിച്ചത് നമ്മുടെ ശ്രദ്ധയിൽ വേണം. നബി ഒരു മാസക്കാലം ഭാര്യമാരുമായി വിട്ടുനിൽക്കുകയും, അവരെ വിവാഹ മോചനം നടത്താൻ വരെ എത്തപ്പെട്ട സംഭവം. ഉമർ (റ ) വിന്റെ മകൾ ഹഫ്സ (റ ) യെ വിവാഹ മോചനം നടത്തുകയും പിന്നീട് അല്ലാഹുവിന്റെ കല്പനയാൽ തിരിച്ചെടുക്കുകയും ചെയ്തു, ഇഹാലോകത്തും പരലോകത്തും അവർ തങ്ങളുടെ ഭാര്യയാണെന്ന് അല്ലാഹു നബിയെ അറിയിക്കുകയും ചെയ്തു. സ്ത്രീകളെത്ര ഉന്നതാരാണെങ്കിൽ കൂടി നബിയുടെ ഭാര്യമാർ നബിക്കുമേൽ നടത്തിയ ചില ഗൂഡതന്ത്രങ്ങളുടെ കാര്യവും ഖുർആനിൽ പ്രസ്ഥാവിക്കുന്നു. നമ്മുടെ വീടുകളും പരിപൂർണമല്ല. ഇതെല്ലാം അവിടങ്ങളിലും സംഭവിക്കാവുന്നത് തന്നെയാണ്. ഭാര്യ ഭർത്താക്കൻമാർക്കിടയിലെ പ്രശ്നങ്ങളധികവും ഭക്ഷണത്തിലെ ഉപ്പു പോലെയാണ് , ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതയായത്ര പലപ്പോഴും അത് അസ്വസ്തമാക്കുന്നത് പോലെ.
എല്ലാ പ്രശ്നങ്ങൾക്കും കാരണങ്ങളോ പ്രേരകങ്ങളോ ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ, ഒന്നാമതായി അവസാമൂഹിക പ്രശ്നങ്ങളായിരിക്കും, ഒരു മഹാന്റെ വാക്ക് വിശകലനം ചെയ്തപ്പോണ് മുസ്ലിം വീടുകളിൽ യഥാർത്ഥ ഈമാനിന്റെ പ്രാധാന്യം എനിക്ക് മനസ്സിലാകുന്നത്. അതിപ്രകാരമാണ് : ഞാൻ അല്ലാഹുവിനെ ധിക്കരിക്കുന്നുണ്ട്, അതെന്റെ ഭാര്യയുടേയും മൃഗത്തിന്റെയും സ്വഭാവത്തിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.
അല്ലാഹുവുമായുള്ള സുദൃഡമായ ബന്ധമാണ് ശാന്തിയുടെ തണൽ വിരിക്കുന്നത് . ഭവനങ്ങളുടെ സുസ്ഥിരതയെ താങ്ങിനിർത്തുന്ന തൂണുകളും അതുതന്നെയാണ്. ദുർനടപ്പുകാരുടെ ജീവിതത്തിൽ തീരാ വേദനയായി മാറുന്ന പല കാര്യങ്ങളും അല്ലാഹു സദ് വൃത്തരുടെ ജീവിതത്തിൽ എളുപ്പമാക്കിക്കൊടുക്കുന്നു. അവൻ കണക്കാക്കുന്ന എല്ലാ കാര്യത്തിലും അവൻ നീതി സംവിധാനിച്ചിരിക്കുന്നു.മനുഷ്യന്റെ കാര്യങ്ങൾ അല്ലാഹു മനുഷ്യനിലേക്ക് തന്നെ ഏല്പിക്കുന്നുണ്ടെകിൽ അത് മനുഷ്യന്റെ അനുസരണക്കേടിനുള്ള ഫലമായി കണക്കാക്കപ്പെടണം.( അവർ അല്ലാഹുവിനെ മറന്നുകളഞ്ഞൂ ,എപ്പോൾ അല്ലാഹു അവരേയും മറന്നു ,അവരാകുന്നു ദുർനടപ്പുകാരായജനങ്ങൾ) (ഹശ്റ് 19) നല്ലവരായ ഇണകൾക്ക് അവരുടെ സാമൂഹിക ഇടപെടലുകളിൽ പിഴവ് സംഭവിക്കുന്നുണ്ടെങ്കിൽ കൂടി, ഇത്തരം അനന്തര ഫലങ്ങളിൽനിന്ന് അല്ലാഹു അവരെ അകറ്റി നിർത്തും, ഇനി, തെറ്റുകൾ സംഭവിക്കുകയും അനന്തര ഫലങ്ങൾ ഉണ്ടാകുകയും ചെയ്താൽ അതും പടച്ചവനിൽ നിന്നുള്ള നീതിയാണ്. അവനിൽ നിന്നുള്ള അനുഗ്രഹത്തിന്റെ ഫലമായി അവരോട് നീതിയിൽ തന്നെയാണ് അവൻ വർത്തിക്കുന്നത്.
കാര്യ കാരണങ്ങൾക്കുമേലാണ് അല്ലാഹു ഭൂമിയെ സംവിധാനിച്ചിട്ടുള്ളത്. കുറ്റങ്ങൾക്കുള്ള പ്രതിഫലമായി കണക്കാക്കാനൊക്കാത്ത പ്രശ്നങ്ങളുണ്ടിവിടെ. അല്ലാഹുവുമായുള്ള അടുപ്പം മിക്ക പ്രശ്നങ്ങൾക്കുമുള്ള പരിഹാര മാർഗമാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നുണ്ട്.മാനസിക സ്വസ്ഥത ലഭിക്കാത്ത അനേകം വീടുകളുണ്ട്. സമ്മർദങ്ങളുടേയും വേദനകളുടേയും പരിഭവങ്ങളായിരിക്കും അവർക്ക് പലപ്പോഴും പറയാനുണ്ടാകുക. അവർക്ക് ലൗകികമായ സുഖങ്ങളുണ്ടെങ്കിൽ കൂടി ഇതാണ് അവസ്ഥ. കാരണം, അവർ ശരീരത്തെ ഭക്ഷിപ്പിക്കുന്നുണ്ട് പക്ഷെ ആത്മാവിനെ പട്ടിണിക്കിടുകയാണ്. മിക്കപ്പോഴും അല്ലാഹുവുമായുള്ള ബന്ധത്തിൽ അവർ ഭംഗം വരുത്തുന്നു. മാത്രമല്ല സാമൂഹികമായുള്ള ബന്ധത്തിലും അവർക്ക് ന്യൂനതകളുണ്ട്. തൽഫലമായി അവരുടെ സ്ഥിതി വിശേഷങ്ങൾ ദയനീയമായി മാറുന്നു.
വീടിന്റെ വിശേഷങ്ങൾ
(വിശ്വസിച്ചവരുടെ സഹായിയാകുന്നു അല്ലാഹു – ബഖറ 257) സത്യ വിശ്വാസികളോട് അവൻ പറഞ്ഞ പ്രകാരമാണ് വർത്തിക്കുന്നതെങ്കിൽ, ധിക്കാരികളോടുള്ള അവന്റെ സമീപനവും അവന്റെ വാഗ്ദാനം പോലെ തന്നെയായിരിക്കും
(പരമ കാരുണികൻ്റെ ഉദ്ബോധനത്തിന് നേർക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം, അവന്റെ കൂട്ടാളിയായി നാം ഒരു പിശാചിനെ ഏർപ്പെടുത്തി കൊടുക്കും. തീർച്ചയായും അവർ ജനങ്ങളെ നേർമാർഗത്തിൽ നിന്ന് തടയുകയും തങ്ങൾ സന്മാർഗം പ്രാപിച്ചവരാണെന്ന് സ്വയം വിചാരിക്കുകയും ചെയ്യും – സുഖ്റുഫ് 36)
പിശാചാണ് നമ്മുടെ സാഹചാരി എങ്കിൽ എന്തായിരിക്കും നമ്മുടെ അവസ്ഥ. ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള സ്ഥിതി പറയേണ്ടതുണ്ടോ. പിശാച് മുഖ്യമായി പരിശ്രമിക്കുന്നത് കുടുംബങ്ങളെ ശിഥിലമാക്കാൻ വേണ്ടിയാണ്. ഇണക്കളെ പരസ്പരം തല്ലിച്ചവർക്ക് അവൻ കിരീടം ചാർത്തുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ പേമാരിയായ് പെയ്ത നിമിഷങ്ങളേയും, പിശാചിന്റെ ദുഷ് ചിന്തകൾ മനസു നീറ്റിയ സമയങ്ങളേയും ദാമ്പത്യ ജീവിതത്തിൽ മനുഷ്യന്ന് അഭിമുഖീകരിക്കേണ്ടി വരും, അതായത് സുഖവും ദുഖവും ജീവിതത്തിൽ ശാശ്വതമല്ല. രാവിലെ സന്തുഷ്ടനായി കാണപ്പെട്ട ഒരാളെ വൈകുന്നേരം ദുഃഖിതനായി കാണപ്പെടുന്നു. അല്ലെങ്കിൽ രാവിലെ ദുഖിതനായ ഒരാൾ വൈകുന്നേരം സന്തോഷവാനായി മാറുന്നു. സുഖവും ദുഖവും മനുഷ്യൻ അനുഭവിക്കുന്നു. അവനു വേണ്ടത് അവൻ തെരെഞ്ഞെടുക്കട്ടെ.
ഈമാനിന്റെ പ്രേരകങ്ങളെ തേടുകയാണ് നമ്മുടെ കുടുംബങ്ങൾ. അല്ലാഹുവുമായുള്ള അടുത്ത ബന്ധവും വീടിന്റെ അകത്തളങ്ങളിലെ ഈമാനിക അടയാളങ്ങളുമാണാ പ്രേരകങ്ങൾ . രാത്രി ഭാര്യയും ഭർത്താവും ജമാഅത്തായി നമസ്കരിക്കുന്ന എത്ര വീടുകളുണ്ടിവിടെ? ഖുർആൻ പാരായണത്തിനായി ഒരുമിക്കുന്ന എത്ര കുടുംബങ്ങളുണ്ട്. ദാനധർമ്മങ്ങളെ കുടുംബത്തിന്റെ നടപടിയാക്കി മാറ്റിയ എത്ര വീടുകളുണ്ട്. കുടുംബ ബന്ധം പുലർത്തുന്ന എത്ര ഗൃഹങ്ങളുണ്ട്. യതീമുകളുടേയും വിധവകളുടേയും സംരക്ഷണമേറ്റെടുത്ത എത്ര വീടുകളുണ്ട്.
അതിക വീടുകളേയും പിശാച് കയ്യാളുകയാണ്. പ്രത്യേകിച് നമ്മൾ ജീവിക്കുന്ന ഈ സ്ഥിതി വിശേഷങ്ങളിൽ അല്ലാഹുവിന്റെ മാർഗം കവചമായി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത വർധിച്ചിരിക്കുന്നു.കുടുംബങ്ങളെ തകർക്കുന്ന കാര്യങ്ങളിൽ നിന്നും നാം രക്ഷ നേടേണ്ടിയിരിക്കുന്നു. ഉപകാരപ്പെടുന്ന നൂതന രീതികൾ നമുക്ക് സ്വീകരിക്കാം. ഉപദ്രവമേക്കുന്ന എല്ലാ പുത്തൻ പ്രവർത്തനങ്ങളും നാം വർജിക്കുകയും വേണം.സർവ്വ രഹസ്യങ്ങളുമറിയുന്ന തമ്പുരാനുമായി ഹൃദയങ്ങൾ കൂട്ടിയിണക്കപ്പെടുമ്പോൾ അടഞ്ഞ വാതിലുകൾ തുറക്കപ്പെടും. കടുപ്പമേറിയ അവസ്ഥകൾ എളുപ്പമായിതീരും. അല്ലാഹുവിന്റെ അടിമയായ മനുഷ്യന്റെ കുടുംബങ്ങളിലേക്ക് ഈമാനിന്റെ പ്രേരകങ്ങൾ അനുഗ്രഹമായി കടന്ന് വരും.നഷ്ടപ്പെട്ടുപോയ ശാന്തി വീടിന്റെ നാനാ വശങ്ങളേയും ആവരണം ചെയ്യും. ഈ നബി വചനമെത്ര സാരസമ്പൂർണമാണ്. ( രാത്രി എഴുനേറ്റ് നമസ്കരിക്കുകയും, ഭാര്യയെ നമസ്കരിപ്പിക്കുകയും, അവൾ വിസമ്മതിച്ചപ്പോൾ മുഖത്തു വെള്ളം തെളിക്കുകയും ചെയ്ത പുരുഷന്റെ മേൽ അല്ലാഹു കരുണ ചെയ്യട്ടെ,രാത്രി എഴുന്നേറ്റു നമസ്കരിക്കുകയും തന്റെ ഭർത്താവിനെ നമസ്കരിപ്പിക്കുകയും,അവൻ വിസമ്മതിച്ചപ്പോൾ
മുഖത്തു വെള്ളം തെളിക്കുകയും ചെയ്ത സ്ത്രീയുടെ മേലും അല്ലാഹു കരുണ ചെയ്യട്ടെ.) ( അഹ്മദ്, അബൂ ദാവൂദ്, ഇബ്നു മജാ )
നിറഞ്ഞ പുഞ്ചിരിയും, കരുതൽ സ്പർശവും, ആലിംഗനങ്ങളും മാറ്റുരക്കുന്ന നമസ്കാരവും, ഖുർആൻ പാരായണവും മറ്റു ആരാധനാ കർമ്മങ്ങളും എത്ര സുന്ദരമായിരിക്കും. അപ്പോഴാണ് വീട്ടിൽ മാലാഖാമാരിറങ്ങുന്നത്. അല്ലാഹുവിന്റെ തിരു പ്രകാശം ആ കുടുംബത്തെ തേടിയെത്തുന്നത്. ആ കുടുംബം ലക്ഷ്യമായി കണ്ടത് അല്ലാഹുവിന്റെ തൃപ്തി ആയിരുന്നു. അത് പിന്തുടർന്നത് പ്രവാചകന്റെ പാദങ്ങളായിരുന്നു.അതിന്റെ വലിയ ഉദ്ദേശ്യം അല്ലാഹുവിന്റെ മാർഗത്തിലുള്ള ജീവിതമായിരുന്നു. മരിക്കുന്ന മുന്നേ നാഥന്റെ വഴിയിൽ ജീവിതം നയിക്കാൻ അത്യാവശ്യമായതും ഇത് തന്നെയാണ്.
വിവ- മുഹ്സിന ഖദീജ