ആഗോളവത്കരണത്തിന്‍റെ അനന്തര ഫലമെന്നോണം ലോകം ഒരു ഗ്രാമമായി പരിണമിച്ചതോടെ കാലത്തിനുതകുന്ന മാറ്റങ്ങള്‍ നേരിടാന്‍ പ്രാപ്തമാക്കാന്‍ മക്കളെ പര്യാപ്തമാക്കേണ്ട ശ്രമകരമായ ദൗത്യ നിര്‍വഹണം രക്ഷിതാക്കളുടെ ബാധ്യതയായി മാറിയിരിക്കുകയാണ്. കുട്ടികളെ ഉത്ബോധിതരാക്കാനും ലക്ഷ്യ പൂര്‍ത്തീകരണത്തിനും ഭാസുരമായ ഭാവി സ്വപ്നങ്ങള്‍ നെയ്തെടുക്കുന്നതിലും സാമൂഹികവും ബാഹ്യവുമായ ഘടകങ്ങള്‍ക്ക് ഏറെ സ്വാധീനമുണ്ട്.
രാഷ്ട്ര നിര്‍മ്മാണത്തില്‍ കുടുംബം വഹിക്കുന്ന പങ്കിന്‍റെ ഗൗരവം കണക്കിലെടുത്ത്, സൈനിക രൂപീകരണത്തേക്കാള്‍ ഏറെ ഗൗരവപ്പെട്ടതാണ് കുടുംബ സംസ്കരണമെന്നാണ് ഇസ്ലാം വിശ്വാസികളെ പഠിപ്പിക്കുന്നത്. സുസ്ഥിരമായ കുടുംബത്തിന്‍റെ അഭാവത്തില്‍ ശ്രമകരമായ ഒരു ദൗത്യവും നല്ലപോലെ പൂര്‍ത്തീകരിക്കാനാകില്ലെന്നതാണ് പ്രഥമ കാരണം. ദാമ്പത്യ ജീവിതം അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളിലൊന്നായാണ് ഖുര്‍ആനില്‍ പ്രതിപാദിക്കുന്നത്. നിങ്ങളുടെ സ്വശരീരങ്ങളില്‍ നിന്ന് തന്നെ നിങ്ങളുടെ ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടെയില്‍ നാം ഊഷ്മളമായ സ്നേഹം ഉണ്ടാക്കുകയും ചെയ്തത് അവന്‍റെ ദൃഷ്ടാന്തങ്ങളാകുന്നു. (അർറൂം 21). വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പുരുഷന്‍ ഉരുവിടുന്ന വാക്കുകളെ ശക്തമായ ഉടമ്പടി ആയിട്ടാണ് ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത്. ദാമ്പത്യത്തിന്‍റെ പ്രാരംഭ നിമിഷം മുതല്‍ തന്നെ കുടുംബാംഗങ്ങളെ നരക പ്രവേശത്തില്‍ നിന്ന് സംരക്ഷിക്കേണ്ടത് കുടുംബ നാഥന്‍റെ നിര്‍ബന്ധ ബാധ്യതയായാണ് ഇസ്ലാം കണക്കാക്കുന്നത്. “സത്യ വിശ്വാസികളേ, നിങ്ങള്‍ സ്വശരീരത്തെയും കുടുംബാംഗങ്ങളെയും നരകശിക്ഷ വിഴുങ്ങുന്നതില്‍ നിന്നും സൂക്ഷിക്കുക, തീര്‍ച്ചയായും കല്ലുകളും ജനങ്ങളുമാകുന്നു അതിന്‍റെ വിറകുകൊള്ളികള്‍. അല്ലാഹുവിനെ ധിക്കരിക്കാത്ത ശക്തരായ മാലാഖമാരാണ് നരകത്തിലുള്ളത്, അല്ലാഹുവിനെ ധിക്കരിക്കാത്തവരും കല്‍പ്പനകള്‍ അനുസരിക്കുന്നവരുമാകുന്നു അവര്‍. (തഹ് രീം). കേവലം വസ്ത്ര, പാര്‍പ്പിട സൗകര്യങ്ങൾ ഒരുക്കുക മാത്രമാണ് സന്താന പരിപാലനമെന്ന് തെറ്റിദ്ധരിച്ചവരാണ് ഇന്ന് അധിക പേരും. സാമ്പത്തിക ചെലവ് സൗകര്യപൂര്‍വ്വം കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യേത്തോടെ വീട് വിട്ട് തൊഴിലിടങ്ങളിലേക്ക് ചേക്കേറുന്ന ഉമ്മമാര്‍ ഇന്ന് സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. ജീവിതോപാധി കണ്ടെത്തുന്നതിനായി വ്യത്യസ്ത മാര്‍ഗങ്ങളില്‍ വ്യാപൃതരാകുന്ന പിതാക്കന്മാര്‍, സാമ്പത്തിക നേട്ടത്തേക്കാള്‍ കുട്ടികളുടെ ചെറുപ്പകാലത്ത് തങ്ങളുടെ സാന്നിധ്യം അവിഭാജ്യ ഘടകമാണെന്ന വലിയ കാര്യം അവഗണിക്കപ്പെടുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്.
അബ്ദുല്ലാഹ് ഇബ്നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ നബി (സ) പറയുന്നു; അറിയുക, നിങ്ങളെല്ലാവരും ചുമതലപ്പെട്ടവരാകുന്നു, എല്ലാവരും അവരുടെ ഉത്തരവാദിത്വത്തെ കുറിച്ച് ചോദിക്കപ്പെടുമെന്ന് നിശ്ചയം. പുരുഷന് സ്വന്തം കുടുംബത്തോടും സ്ത്രീക്ക് ഭർത്താവിന്റെ കുടുംബത്തോടും ബാധ്യതപ്പെട്ടിരിക്കുന്നു. ബാധ്യതകള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്ന മിഥ്യാധാരണയില്‍ നിയന്ത്രണലേശമന്യേ സോഷ്യല്‍ മീഡിയയുടെ ലോകത്ത് കയറൂരി വിടുന്ന രക്ഷിതാക്കള്‍ അടിസ്ഥാന വിശ്വാസം പോലും പകര്‍ന്നു നല്‍കുന്നില്ലെന്നത് ഏറെ ഖേദകരമാണ്. വികലമായ ചിന്തകളില്‍ അകപ്പെടാനും നിരാശ്രിത ബോധം കുട്ടികളിലുണ്ടാക്കാനും ഇത്തരം ശ്രദ്ധയില്ലാ പ്രവര്‍ത്തനങ്ങള്‍ കാരണമായേക്കാം. ചിന്താശേഷി വളര്‍ത്തുന്ന, വിശ്വാസ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലാക്കികൊടുക്കുന്നതാണ് ഏറ്റവും നല്ല സന്താന പരിപാലനം. സ്നേഹ സമ്പന്നമായ കുടുംബ ബന്ധങ്ങളില്‍ മാത്രമേ ഇത്തരം മാറ്റങ്ങള്‍ കാണാന്‍ സാധിക്കുകയുള്ളൂ. മതബോധവും പൗരബോധവും സമ്മേളിച്ച യുവാക്കളിലാണ് രാഷ്ട്രത്തിന്‍റെ വിജയം എന്നിരിക്കെ, രാഷ്ട്ര പുരോഗതിക്കായി പൗര ജനങ്ങളുടെ, വിശിഷ്യ യുവാക്കളുടെ പ്രവര്‍ത്തനങ്ങള്‍ ആവിശ്യമായി വരുന്ന ഘട്ടങ്ങളില്‍ രക്ഷിതാക്കളുടെ ഉത്തരവാദിത്വം ഇരട്ടിയാകും.
രക്ഷിതാക്കളുടെ ബാധ്യതകള്‍
അതീവ ഗുരുതരമായ ശൈഥില്യത്തിലൂടെ കടന്ന് പോകുന്ന സമൂഹത്തിന്‍റെ സ്ഥിരതക്ക് കുടുംബമാണ് ഏക ആശ്രയം. ഇത്തരമൊരു അസന്നിഗ്ധ സാഹചര്യത്തില്‍ കുട്ടികളില്‍ ലക്ഷ്യബോധം വളര്‍ത്തേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. തൊഴിലിടങ്ങളില്‍ വ്യാപൃതരാകുന്ന പിതാക്കൾ സന്താന പരിപാലനത്തില്‍ നിന്ന് വിട്ട് നില്‍ക്കാനും പരിപാലന ഉത്തരവാദിത്വം മാതാവിന് മാത്രം വകവെച്ച് നല്‍കുകയും ചെയ്യുന്ന സാധ്യതകളന്വേശിക്കുന്നവര്‍ക്കുള്ള ഏറ്റവും ഉദാത്തമായ മാതൃകയാണ് നബി (സ) അവിടുത്തെ ജീവിതം കൊണ്ട് കാണിച്ച് തന്നത്. തന്‍റെ വലിയ ഉത്തരവാദിത്തങ്ങളിൽ പൂര്‍ണ്ണമായും മുഴികിയപ്പോഴും ഹസന്‍, ഹുസൈന്‍ എന്നിവരുമായി സമയം ചെലവഴിക്കാന്‍ നബി (സ) അതീവ തത്പരനായിരുന്നു. തന്‍റെ സന്താനങ്ങളിലൊരാളെയും ഞാനിന്നേ വരെ ചുംബിച്ചിട്ടില്ലെന്ന ഒരു സ്വഹാബിയുടെ വാക്കുകള്‍ക്ക് നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് കാരുണ്യം നീക്കപ്പെട്ടാല്‍ എനിക്കെന്ത് ചെയ്യാനാകുമെന്ന പ്രവാചക മറുപടി സന്താനങ്ങളോട് അവിടുന്ന പ്രകടിപ്പിച്ച സ്നേഹവായ്പ്പുകളുടെ നേര്‍ചിത്രമാണ്. പിതാവിനാണ് സന്താന പരിപാലനത്തിന്‍റെ പ്രഥമ ഉത്തരവാദിത്വം, ശേഷം കുട്ടികളുടെ സകല കാര്യങ്ങളും പിതാവിന്‍റെ ശ്രദ്ധയില്‍ പെടുത്തേണ്ടത് മാതാവിന്റെ ചുമതലയായും മനസ്സിലാക്കണം. സന്താനങ്ങളെ തങ്ങളുടെ സൂക്ഷമ നിരീക്ഷണ വലയത്തിനുള്ളില്‍ നിര്‍ത്താതെ, പാഠശാലകളിലും മറ്റും അയക്കുന്നത് അനുചിതമാണെന്ന് ആദ്യം മനസ്സിലാക്കണം. കുട്ടികളുടെ അധ്യാപകരുമായി അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയുന്നത് വരെ ഇത്തരം നിരീക്ഷണങ്ങളുടെ ഭാഗമാണ്. ഊഷ്മളമായ സനേഹബന്ധം കൈമാറുന്നവരുടെ പങ്കാളിത്തമാണ് കുടുംബ ബന്ധങ്ങളുടെ കാതല്‍. ഭാര്യമാരോട് മാന്യമായി പെരുമാറാന്‍ നബി (സ) കല്‍പ്പിച്ച ഭര്‍ത്താക്കന്മാരും, തന്‍റെ സുകൃതം കൊണ്ട് സ്വര്‍ഗം പുല്‍കാന്‍ അര്‍ഹയാകുന്ന ഭാര്യയും, സുകൃതങ്ങള്‍ കൊണ്ട് സ്വര്‍ഗ പ്രവേശം സാധ്യമാകുന്ന മക്കളും ഈ കെട്ടുറപ്പുള്ള ബന്ധത്തിന്‍റെ ഭാഗമാണ്. ഒരു മഹാസമൂഹ നിര്‍മ്മിതിയിലേക്ക് നയിക്കാന്‍ ഈ ബന്ധങ്ങള്‍ക്ക് സാധിക്കുമെന്നതാണ് വസ്തുത.
സാമൂഹ്യ നിര്‍മ്മിതിയില്‍ കുടുംബത്തിന്‍റെ പ്രാധാന്യം
പ്രാരംഭഘട്ടത്തില്‍ വ്യക്തി കേന്ദ്രീകൃതമായി ആരംഭിച്ച ഇസ്ലാമിക ചരിത്രം പിന്നീട് കെട്ടുറപ്പുള്ള കുടുംബങ്ങള്‍ കാരണമാണ് പച്ചപിടിച്ചതെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. മരുഭൂമികളിലും നഗരങ്ങളിലും പ്രബോധന ദൗത്യമേറ്റെടുത്ത മക്കളും മാതാപിതാക്കളുമാണ് പിന്നീട് ലോകം പുകഴ്ത്തിപ്പാടിയ ചരിത്ര പുരുഷന്മാരായി പിറവി കൊണ്ടത്. യാസിര്‍ ഇബ്നു അമ്മാറിന്‍റേയും പത്നി സുമയ്യയുടേയും കരളലിയിപ്പിക്കുന്ന കഥകള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഏടുകളാണ്. ഇസ്ലാം സ്വീകരിച്ചുവെന്ന ഏക കാരണത്താല്‍, പ്രഥമ രക്തസാക്ഷിയാകേണ്ടി വന്നവരാണ് സുമയ്യ ബിൻതു ഖയ്യാത്. കൊടിയ പീഢനങ്ങള്‍ക്കൊടുവില്‍ അമ്മാര്‍ ഒരിക്കല്‍ പ്രവാചകരോട് വേവലാതി പറയുകയുണ്ടായി; പ്രവാചകരേ, ഞങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറം ഇതിനോടകം അനുഭവിച്ച് കഴിഞ്ഞിരിക്കുന്നു, ഉടന്‍ പ്രവാചകര്‍ മറുപടി പറഞ്ഞു; ക്ഷമിക്കുക, തീര്‍ച്ചയായും നിങ്ങളുടെ മടക്കം സ്വര്‍ഗമാകുന്നു.
അമ്മാര്‍ (റ)വിന്‍റെ ശ്രമഫലമെന്നോണം സ്വിഫീന്‍ യുദ്ധ ഭൂമികയില്‍ നിന്ന് പല സ്വഹാബികളും പിന്തിരിഞ്ഞിരുന്നുവത്രേ. സകലതും വിട്ടെറിഞ്ഞ് പ്രവാചകരോടൊപ്പം പലായനം ചെയ്ത അബൂബക്കര്‍ (റ) വിന്‍റെ കുടുംബം എത്രമേല്‍ മനോഹരമാണ്. മാനുഷിക ചരിത്രത്തില്‍ സുപ്രധാനമായ മദീനയിലേക്കുള്ള പ്രവാചകരോടൊപ്പമുള്ള പലായനത്തില്‍ പലര്‍ക്കും അസാധ്യമായിരുന്ന രഹസ്യവിവരങ്ങള്‍ എത്തിക്കാനുള്ള ദൗത്യം ഏല്‍പ്പിക്കപ്പെട്ടിരുന്നത് അബൂബക്കര്‍ (റ)വിന്‍റെ പ്രിയ പുത്രി അസ്മാഇനായിരുന്നു. ഭക്ഷണ പൊതികള്‍ എത്തിച്ചിരുന്ന അസ്മാഅ (റ) ഖുറൈശികള്‍ തേടിപ്പിടിക്കുമായിരുന്ന കാല്‍പാടുകള്‍ ആടുകളെ ആ വഴിയിലൂടെ തെളിച്ച് മായ്ച്ച് കളഞ്ഞിരുന്നുവെന്നത് ചരിത്രം. സമൂഹ നിര്‍മ്മിതിയില്‍ അനര്‍ഘ സംഭാവനകളര്‍പ്പിച്ച ആ കുടുംബം ഒന്നാകെ പിന്നീട് മദീനയിലേക്ക് പലായനം ചെയ്യുകയുണ്ടായി. ദൃഢമായ വിശ്വാസത്തിൽ കെട്ടിപ്പടുത്ത ബന്ധങ്ങള്‍ മുഖേന ഇങ്ങനെയാണ് ഇസ്ലാം പച്ചപിടിച്ചത്.
ബാഹ്യാക്രമണങ്ങള്‍ പ്രതിരോധിക്കാനുള്ള പരിചയാണ് കുടുംബം. കുടുംബാംഗങ്ങള്‍ക്കിടെയില്‍ പൊതുഘടകങ്ങള്‍ സാധാരണയായി കണ്ടുവരാറുണ്ട്. ആണ്‍കുട്ടികള്‍ പിതാവിനോടും പെണ്‍കുട്ടികള്‍ മാതാവിനോടുമാണ് സാധാരണ സദൃശ്യത പുലര്‍ത്താറുള്ളത്. മക്കളെ സല്‍പന്ഥാവില്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ പ്രഥമ ദൃഷ്ട്യാ സ്വന്തം നില മനസ്സിലാക്കേണ്ടതുണ്ട്. നിസ്സംഗതാ മനോഭാവം ഒരുഘട്ടത്തിലും സംഭവിച്ച് കൂടാത്ത സന്താന പരിപാലനം പരമപ്രധാനമായി ദീനും സാമൂഹ്യ പുരോഗതിയും ലക്ഷ്യം വെച്ചില്ലെങ്കില്‍ മാതാപിതാക്കളുടെ ശ്രമങ്ങളത്രയും വിഫലമാകുമെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കേണ്ടതില്ലല്ലോ.
വിവ. ആമിര്‍ ഷെഫിന്‍
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL