Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹിക്കുന്ന ഭര്‍ത്താവും സഹപ്രവര്‍ത്തകന്റെ സ്‌നേഹവും

അവള്‍ പറഞ്ഞു: ജോലി സ്ഥലത്തെ എന്റെ സുഹൃത്ത് സ്‌നേഹവും താല്‍പര്യവും ജനിപ്പിക്കുന്ന തരത്തിലാണെന്നെ നോക്കുന്നത്. എന്നേക്കാള്‍ പത്ത് വയസ്സോളം കൂടുതലുള്ള അദ്ദേഹത്തിന് ഭാര്യയും മക്കളുമുണ്ട്. ഏഴ് വര്‍ഷം മുമ്പ് വിവാഹിതയായ എനിക്ക് രണ്ട് കുട്ടികളുണ്ട്. എന്റെ ഭര്‍ത്താവ് മാന്യനും എന്നോട് വളരെ നല്ലരീതിയില്‍ പെരുമാറുന്നയാളുമാണ്. എന്നാല്‍ അങ്ങേയറ്റത്തെ ദേഷ്യക്കാരനാണദ്ദേഹം. ചിലപ്പോഴെല്ലാം ദേഷ്യം കൊണ്ട് നിയന്ത്രണം വിട്ട് എന്നെ ചീത്തവിളിക്കാറുള്ള അദ്ദേഹം ഒരിക്കലെന്നെ അടിക്കുകയും ചെയ്തിട്ടുണ്ട്. സ്‌നേഹമസൃണമായ സംസാരം വളരെ കുറച്ച് മാത്രം നടത്താറുള്ള അദ്ദേഹത്തോടൊപ്പമുള്ള ജീവിതത്തില്‍ എനിക്കിന്ന് മടുപ്പനുഭവപ്പെടുന്നു. സഹപ്രവര്‍ത്തകനായ സുഹൃത്തിന്റെ സ്‌നേഹത്തോടെയും താല്‍പര്യത്തോടെയുമുള്ള നോട്ടങ്ങള്‍ ആരംഭിച്ചതിന് ശേഷമാണ് ഈ പ്രശ്‌നങ്ങളെ കുറിച്ചെല്ലാം ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയത്. പ്രശംസയും അഭിനന്ദനങ്ങളും ഇഷ്ടപ്പെടുന്ന വികാരവതിയായ ഒരു സ്ത്രീയാണ് ഞാന്‍. വേറിട്ട രീതിയില്‍ എന്നോട് ഇടപഴകുന്ന എന്റ സഹപ്രവര്‍ത്തകന്‍ ജോലിയില്‍ ഞാനഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമിക്കാറുണ്ട്. അദ്ദേഹത്തിന്റെ എന്നോടുള്ള താല്‍പര്യവും സ്‌നേഹവും തുറന്ന് പറയുന്നത് വരെ ഞാന്‍ മൗനം പാലിച്ചിരിക്കുകയായിരുന്നു. അതോടെയാണ് പ്രശ്‌നം ആരംഭിക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ അസ്വസ്ഥയാണ് ഞാനിപ്പോള്‍. എനിക്കുള്ളില്‍ അദ്ദേഹത്തോട് താല്‍പര്യവും പ്രേമവും വളരാന്‍ തുടങ്ങിയിരിക്കുന്നു. അതേസമയം കുറ്റബോധവും എന്നെ വേട്ടയാടുന്നു. എന്റെ എന്നെ സ്‌നേഹിക്കുന്ന ഭര്‍ത്താവിനോടെനിക്ക് സ്‌നേഹം തോന്നുന്നില്ല. എന്നെ സ്‌നേഹിക്കുന്ന സഹപ്രവര്‍ത്തകനോടെനിക്ക് സ്‌നേഹം തോന്നുകയും ചെയ്യുന്നു. എന്ത് ചെയ്യണമെന്നറിയാതെ പ്രയാസപ്പെടുകയാണ് ഞാനിന്ന്. വിവാഹമോചനത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചു. എന്നാല്‍ പല വിഷയങ്ങളിലും ഞാന്‍ ആശങ്കപ്പെടുന്നു. രണ്ടാം ഭാര്യയായി ജീവിക്കാന്‍ എനിക്ക് സാധിക്കുമോ? വിവാഹമോചനം നേടി സഹപ്രവര്‍ത്തകനെ വിവാഹം ചെയ്താല്‍ ജീവിതം സന്തോഷകരമാവുമോ? ഞാനിപ്പോള്‍ അനുഭവിക്കുന്നത് യാഥാര്‍ഥ്യമോ അതല്ല വെറും തോന്നലോ? സഹപ്രവര്‍ത്തകന്റെ സ്‌നേഹപ്രകടനം എത്രത്തോളം ആത്മാര്‍ത്ഥമാണ്? ഇങ്ങനെ പലതരം ചോദ്യങ്ങള്‍ എന്റെ മനസ്സില്‍ കടന്ന് കറങ്ങുകയാണ്. ഈ വിഷയത്തില്‍ എന്താണ് താങ്കളുടെ അഭിപ്രായം?

ഞാന്‍ പറഞ്ഞു: നിങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിന് മുമ്പ് എനിക്ക് മറ്റൊരു കാര്യമാണ് നിന്നോട് പറയാനുള്ളത്. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ എന്റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. ചിലരെല്ലാം വിവാഹമോചനം ചെയ്ത് സഹപ്രവര്‍ത്തകനെ വിവാഹം ചെയ്യാന്‍ തീരുമാനമെടുത്തവരാണ്. മറ്റു ചിലര്‍ വിഷയം മറക്കാന്‍ ജോലിസ്ഥലം മാറിയവരാണ്. ഭര്‍ത്താവിന് നേര്‍ക്കുള്ള മടുപ്പ് എന്ന പ്രശ്‌നത്തെ ചികിത്സിക്കുകയും ദാമ്പത്യജീവിതം തുടരുകയും ചെയ്യുന്നവരാണ് മറ്റുചിലര്‍. ചിലരാകട്ടെ സുഹൃത്തിന്റെ സ്‌നേഹത്തിന് മുമ്പില്‍ അശക്തരായി അവിഹിത ബന്ധം ആരംഭിച്ചവരാണ്. ഇത്തരം നിരവധി സന്ദര്‍ഭങ്ങളുണ്ട്. എന്നാല്‍ തീരുമാനമെടുക്കുന്ന വിഷയത്തില്‍ സുപ്രധാനമായ രണ്ട് കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്. അതില്‍ ഒന്നാമത്തേത് പ്രവാചകന്‍ (സ)യുടെ ഒരു വചനമാണ്. ”ഒരു സ്ത്രീയെ അവളുടെ ഭര്‍ത്താവിനെതിരെ പ്രലോഭിപ്പിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല.” ഒരു സ്ത്രീക്കും അവളുടെ ഭര്‍ത്താവിനും ഇടയിലെ ബന്ധം വഷളാക്കുകയും അവളെ വിവാഹമോചനം ആവശ്യപ്പെടുന്ന തലത്തില്‍ എത്തിക്കലുമാണ് ഭര്‍ത്താവിനെതിരെ പ്രലോഭിപ്പിക്കല്‍ കൊണ്ടുദ്ദേശ്യം. രണ്ടാമത്തെ കാര്യവും പ്രവാചകന്‍(സ) പറഞ്ഞിട്ടുള്ളതാണ്. ”ന്യായമായ കാരണമില്ലാതെ ഏതെങ്കിലും സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടാല്‍ സ്വര്‍ഗത്തിന്റെ പരിമളം പോലും അവള്‍ക്ക് നിഷിദ്ധമാണ്.” അവള്‍ പറഞ്ഞു: വിവാഹമോചനത്തെയും സുഹൃത്തിനെ വിവാഹം ചെയ്യുന്നതിനെയും കുറിച്ച് ഞാന്‍ ചിന്തിക്കരുത് എന്നല്ലേ ഈ രണ്ട് ഹദീസുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കേണ്ടത്? സുഹൃത്ത് ഭര്‍ത്താവിനെതിരെ ഭാര്യയെ പ്രലോഭിപ്പിച്ചവനാവാതിരിക്കാനും എനിക്ക് സ്വര്‍ഗം നിഷിദ്ധമാക്കപ്പെടാതിരിക്കാനും അതല്ലേ വേണ്ടത്?

ഞാന്‍ പറഞ്ഞു: സ്ത്രീക്ക് വിവാഹമോചനം ആവശ്യപ്പെടാവുന്ന പല സാഹചര്യങ്ങളുമുണ്ട്. അവളുടെ അവകാശങ്ങളിലും ചെലവിന് നല്‍കുന്നതിലും സുരക്ഷിതമായ താമസസൗകര്യം ഒരുക്കുന്നതിലും ഭര്‍ത്താവ് വീഴ്ച്ച വരുത്തുക, അവളെ മാനിക്കാതിരിക്കുകയും മര്‍ദിക്കുകയും ചെയ്യുക, ഭര്‍ത്താവിന് ശാരീരിക ന്യൂനതകളുണ്ടായിരിക്കുക, മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, വ്യഭിചാരം പോലുള്ള ദീനിന് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ ഭര്‍ത്താവിലുണ്ടാവുക തുടങ്ങിയവയാണവ. എന്നാല്‍ ഭര്‍ത്താവ് അവളെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു, അവളുടെ സാമ്പത്തികമോ വൈകാരികമോ ആയ അവകാശങ്ങളിലൊന്നും യാതൊരു വീഴ്ച്ചയും വരുത്തുന്നുമില്ലെങ്കിൽ വിവാഹമോചനം ആവശ്യപ്പെടാന്‍ യാതൊരു അവകാശവും അവള്‍ക്കില്ല.

അവള്‍ പറഞ്ഞു: വിവാഹമോചനം എന്ന ആവശ്യത്തില്‍ നിന്ന് പിന്തിരിയുകയും സഹപ്രവര്‍ത്തകനില്‍ നിന്ന് ശ്രദ്ധ തിരിക്കുകയും ചെയ്യണമെന്നാണ് താങ്കള്‍ പറഞ്ഞുവരുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ പറഞ്ഞു: അതെ, അതാണ് എന്റെ അഭിപ്രായം. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ സ്‌നേഹിക്കുന്നു. അദ്ദേഹത്തോടൊപ്പം ഏഴ് വര്‍ഷം നിങ്ങള്‍ ജീവിച്ചു. അദ്ദേഹത്തില്‍ നിങ്ങള്‍ക്ക് മക്കളുമുണ്ട്. എന്നാല്‍ നിങ്ങളുടെ സഹപ്രവര്‍ത്തകനായ സുഹൃത്തിനെ കുറിച്ച് നിങ്ങള്‍ക്ക് കൂടുതലറിയില്ല. അയാളുടെ രണ്ടാം ഭാര്യയാകുമ്പോള്‍ പകുതി ഭര്‍ത്താവിനൊപ്പമാണ് നിങ്ങള്‍ ജീവിക്കേണ്ടി വരിക. ജോലിസ്ഥലത്ത് വെച്ച് നിങ്ങള്‍ നിത്യവും കാണുന്നത് കൊണ്ട് നിങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വിവാഹം വിജയിക്കുമെന്ന് അതിന്നര്‍ത്ഥമില്ല. ഒരു ദിവസത്തില്‍ എട്ട് മണിക്കൂര്‍ എന്ന് കണക്കാക്കിയാല്‍ ഒരു മാസത്തില്‍ 176 മണിക്കൂറെങ്കിലും അയാള്‍ക്കൊപ്പം നിങ്ങള്‍ ചെലവഴിക്കുന്നു. അതായത് ഒരു വര്‍ഷത്തില്‍ എണ്‍പതിലേറെ ദിവസം. അപ്പോള്‍ നിങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ അയാളെ വിവാഹം ചെയ്താല്‍ വിജയകരമായ ദാമ്പത്യമുണ്ടാകുമെന്ന് അതിന്നര്‍ത്ഥമില്ല. വ്യാജവും ക്ഷണികവുമായ വികാരങ്ങള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. സ്ഥായിയായ സന്തോഷത്തിന്റെ രഹസ്യമായി നിങ്ങളതിനെ വിശ്വസിക്കരുത്. അതിന്നെല്ലാം പുറമെ വിവാഹമോചനം നിങ്ങളിലും മക്കളിലുമുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ചും നന്നായി ചിന്തിക്കണം. കാര്യങ്ങളില്‍ പുനര്‍വിചിന്തനം നടത്തുമെന്ന് വാക്ക് നല്‍കി നന്ദിയും പറഞ്ഞവള്‍ പോയി.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles