Family

ആത്മസംയമനം; സ്രേഷ്ഠമായ മാര്‍ഗം

ജനങ്ങളുമായി ഇടപെടുന്ന സമയത്ത് പലപ്പോഴും ആത്മസംയമനം പാലിക്കാനാകാതെ വരുന്നു. മിക്ക സമയങ്ങളിലും മനോവികാരമായിരിക്കും വിധി നിര്‍ണ്ണയിക്കുന്നത്. ഇത്തരം അവസരങ്ങളില്‍ മനോവികാരം സ്‌നേഹത്തിലേക്കോ ദേഷ്യത്തിലേക്കോ ആയിരിക്കും നയിക്കുക. അല്ലെങ്കില്‍ സന്തോഷത്തിലേക്കോ സന്താപത്തിലേക്കോ തൃപ്തിയിലേക്കോ അസംതൃപിതിയിലേക്കോ ആയിരിക്കുമത് എത്തിച്ചേരുക. അല്ലാതെ ഒരിക്കലുമത് നീതിയിലേക്ക് നയിക്കുകയില്ല. നമ്മുടെ ദൃഷ്ടിയില്‍ സമ്മതനായെവനെ കാണുമ്പോള്‍ അവനെക്കുറിച്ച് നാം നല്ല മനുഷ്യനെന്ന് പറയുന്നു. എന്നാല്‍ ചിലര്‍ അവനോടുള്ള ദേഷ്യം കാരണം ഫറോവയെപ്പോലെ ക്രുദ്ധനായിത്തീര്‍ന്നിട്ടുണ്ടായിരിക്കും. ഇത്തരമൊരു അവസ്ഥയാണ് അബ്ദുല്ലാഹി ബ്‌നു സലാമിന്റെ കാര്യത്തില്‍ മദീനയിലെ യഹൂദികള്‍ക്ക് സംഭവിച്ചത്. അവര്‍ക്കിടയില്‍ ഉത്തമനും പണ്ഡിതനും പണ്ഡിത പുത്രനുമായിരുന്ന അദ്ദേഹത്തെ ഇസ്‌ലാമാശ്ലേഷണത്തിന് ശേഷം അവര്‍ വിശേഷിപ്പിച്ചത് നീചനെന്നും നീചന്റെ പുത്രനെന്നുമാണ്.

സംതൃപ്തിയുടെ നോട്ടം സര്‍വ്വ ന്യൂനതക? ചെറുക്കുകില്‍
വിദ്വേഷത്തിന്റെ നോട്ടം സര്‍വ്വതിനെയും പുറത്തു കാട്ടുന്നു

അതിനാല്‍ തന്നെയാണ് കോപിഷ്ഠനായിരിക്കുന്ന സമയത്ത് ഒരു വിധികര്‍ത്താവും വിധി പുറപ്പെടുവിക്കരുതെന്ന് ശരീഅത്ത് നിസ്‌കര്‍ഷിച്ചത്. അല്ലാഹുവിന്റെ ശറഇലേക്കാണ് ഓരോ വിധിയും ചെന്നെത്തേണ്ടത്. അതിനാല്‍ തന്നെയാണ് കഷ്ടതകളുടെ സന്ദര്‍ഭങ്ങളില്‍ ഇജ്തിഹാദിലേക്ക് ശറഅ് പ്രേരിപ്പിക്കുന്നത്. അത് മനോവികാരത്തെ വിദൂരത്താക്കുകയും യുക്തി കൊണ്ട് വരികയും ചെയ്യുന്നു. ആത്മസംയമനമാണ് ഏറ്റവും ഉദാത്തമായ മാര്‍ഗവും സ്വഭാവവും. അതുവഴി മനുഷ്യന്‍ അവന്റെ സ്വേച്ഛകളോട് എതിരിടുന്നു. ആത്മസംയമനമെന്നത് അല്ലാഹു ഈ വിശുദ്ധ ദീനിന് അനുഗ്രഹമായി നല്‍കിയതാണ്. അല്ലാഹു പറയുന്നു: ‘അപ്രകാരം മുസ്ലിംങ്ങളായ നിങ്ങളെ നാം ഒരുത്തമ സമുധായമാക്കുയിരിക്കുന്നു'(അല്‍ ബഖറ- 143). ഇസ്‌ലാമിന്റെ മധ്യസ്ഥ സ്വഭാവം ജീവിതത്തിന്റെ എല്ലാ തുറകളിലും നാം പതിവാക്കിയാല്‍ നമുക്ക് വ്യക്തമാകും അതിശയോക്തികള്‍ക്കിടയിലെ ഈ വിശുദ്ധ ദീന്‍ മുഴുവനും മധ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നു. ഇവിടെ പരാമര്‍ശിക്കുന്നത് സാമൂഹികവും വിദ്യാഭ്യാസപരവുമായ സന്ദര്‍ങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആത്മസംയമനത്തിന്റെ ചില രീതികളെയാണ്.

പെരുമാറ്റത്തില്‍ സൂക്ഷിക്കേണ്ട ആത്മസംയമനം

നമ്മുടെ പെരുമാറ്റങ്ങള്‍ എപ്പോഴും നീതി പൂര്‍ണ്ണമായിരിക്കണമെന്ന് ശറഅ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ മേല്‍ വിധി പ്രസ്താവിക്കുന്ന സമയത്ത് അക്രമത്തെയും അനീതിയും ഉപേക്ഷിക്കാനും കല്‍പിക്കുന്നു. ഒരുത്തനോടുള്ള നിന്റെ കോപം അവനോട് അനീതി ചെയ്യാന്‍ നിന്നെ പ്രേരിപ്പിക്കാതിരിക്കട്ടെ. അല്ലാഹു പറയുന്നു: ‘ഒരു വിഭാഗത്തോടുള്ള രോഷം നീതിപാലിക്കാതിരിക്കുന്നതിന് നിങ്ങള്‍ക്ക് പ്രേരകമാകരുത്. നീതി മുറുകെപ്പിടിക്കുക- അതാണ് ദൈവഭക്തിയോട് എറ്റവും അടുത്തത്'(അല്‍ മാഇദ- 8). നീ ഇഷ്ടപ്പെടാത്ത നിന്റെയൊരു സഹോദരന്‍ അക്രമിയാണെങ്കിലും അക്രമിക്കപ്പെടുന്നവനാണെങ്കിലും അവനെ സഹായിക്കല്‍ നിനക്ക് നിര്‍ബന്ധമാണ്. അക്രമിക്കപ്പെടുന്നവരെ ഞങ്ങള്‍ സഹായിക്കാം. പക്ഷെ, അക്രമിയെ എങ്ങനെയാണ് സഹായിക്കാനാകുക എന്ന് ഒരിക്കല്‍ സ്വഹാബികള്‍ പ്രവാചകരോട് ചോദിച്ചപ്പോള്‍ അവിടന്ന് കൊടുത്ത മറുപടി ഇതായിരുന്നു; പ്രവാചകര്‍ പറഞ്ഞു: ‘അവന്റെ കൈ പിടിക്കുക’. അഥവാ തിന്മയില്‍ നിന്നും അവനെ തടയുക. അന്യരോടുള്ള നല്ല പെരുമാറ്റത്തില്‍ പാലിക്കേണ്ട ആത്മസംയമനം ധര്‍മ്മ സമരവും പരിശീലനവും ആവശ്യമാകുന്ന മാര്‍ഗമാണ്. അതിനെ നിസാരമായി കാണാനാകില്ല. അതിനാല്‍ തന്നെയാണ് ശരീഅത്ത് ഒരാള്‍ തന്റെ പിതാവിനോ മകനോ വേണ്ടി വിധി പ്രസ്താവിക്കുന്നത് നിഷിദ്ധമാക്കിയത്. അത് അവന്‍ അവരെ സ്‌നേഹിക്കുന്നെന്ന തോന്നലുണ്ടാകാന്‍ കാരണമാകും. അപ്രകാരം തന്നെ അവന്‍ ചിലപ്പോള്‍ അവര്‍ക്കിടയില്‍ സ്‌നേഹമില്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്കെതിരെ അനീതി കാണിച്ചെന്നും വരാം. അത് കൂടുതല്‍ കുഴപ്പത്തില്‍ കൊണ്ടെത്തിക്കും.

സന്താന പരിപാലനത്തില്‍ പാലിക്കേണ്ട ആത്മസംയമനം

ജനങ്ങളില്‍ പലരും തന്നെ ഹഖിനെ ഋജുവായ ഒറ്റൊരു വരയായി മനസ്സിലാക്കിയിരിക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹഖ് അങ്ങനെയല്ല. അതിന് രണ്ട് വിവക്ഷയുണ്ട്. അവ രണ്ടിനെത്തൊട്ടും മനുഷ്യന്‍ പുറത്തല്ല. ജീവിതത്തിന്റെ എല്ലാ തുറകളിലും കാണപ്പെടാവുന്ന കാര്യമാണിത്. ഈ രണ്ട് വിവക്ഷയും എത്രത്തോളം വലുതാകുന്നുവോ അതിനനുസരിച്ച് ഹഖ് കൂടുതല്‍ പേരിലേക്കും അര്‍ത്ഥത്തില്‍ വിശാലമാകും. എന്നാല്‍ എന്നെ പറയുന്നതില്‍ പിന്തിരിപ്പിക്കുന്നതെന്തെന്നാല്‍: ഈ വഴികളില്‍ വെച്ച് ഏറ്റവും പ്രയാസകരമായത് പരിപാലനത്തിന്റെ മാര്‍ഗമാണ്. പരിപാലകനെ(മുറബ്ബി) സംബന്ധിച്ചെടുത്തോളം അവന്‍ പ്രയാസകരമായ ഈ രണ്ട് വ്യാഖ്യാനങ്ങളും പാലിക്കേണ്ടതാണ്. അവന്‍ ഈ വ്യാഖ്യാനങ്ങളില്‍ നിന്ന് പുറത്ത് പോകുമ്പോഴെല്ലാം അവന്റെ ശിശു പരിപാലനത്തില്‍ വീഴ്ചകള്‍ സംഭവിക്കുന്നു. രണ്ട് ഉദാഹരണങ്ങളിലൂടെ ഞാനത് വ്യക്തമാക്കാം:

തന്റെ മക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതില്‍ മുറബ്ബി നീതി പാലിക്കേണ്ടതാണ്. ഒരു കാരണവും കൂടാതെ പെണ്‍ മക്കളെക്കാള്‍ ആണ്‍ മകന് അധികം നല്‍കരുത്. എന്നാല്‍ അവരില്‍ നിന്നാര്‍ക്കെങ്കിലും വേര്‍തിരിക്കാനാകുന്ന നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പ്രത്യേകം പരാമര്‍ശിച്ചതിന് ശേഷം മാത്രം നല്‍കുക. അത് മറ്റുള്ളവര്‍ക്കൊരു പോത്സാഹനമായിത്തീരാന്‍ കാരണമാകും. ഇതാണ് പ്രത്യേക കാരണങ്ങളോടെ നല്‍കുന്നതിനെയും അല്ലാതെ നല്‍കുന്നതിനെയും വേര്‍തിരിക്കുന്നത്. നുഅ്മാന്‍ ബ്‌നു ബശീര്‍ ഉദ്ധരിക്കുന്ന സ്വഹീഹായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം. അദ്ദേഹം പറഞ്ഞു: ഒരിക്കല്‍ എന്റെ പിതാവ് എനിക്കൊരു സമ്മാനം തന്നു. ഇത് കണ്ട് എന്റെ ഉമ്മ അമ്‌റത്തു ബ്‌നു റവാഹ പറഞ്ഞു: അല്ലാഹുവിന്റെ റസൂല്‍ സാക്ഷി നില്‍ക്കാതെ ഇതുകൊണ്ട് ഞാന്‍ തൃപ്തിപ്പെടുകയില്ല. സാക്ഷ്യത്തിന് വേണ്ടി എന്റെ പിതാവ് റസൂലിനടുത്ത് വന്നു. അപ്പോള്‍ നബി ചോദിച്ചു: ഇത് പോലെ എല്ലാ മക്കള്‍ക്കും നീ സ്വദഖ നല്‍കിയോ? പിതാവ് ഇല്ലെന്ന് പറഞ്ഞപ്പോള്‍ നബി പറഞ്ഞു: നീ അല്ലാഹുവിനെ സൂക്ഷിക്കുക. നിന്റെ മക്കള്‍ക്കിടയില്‍ നീതി പാലിക്കുക. അക്രമത്തിനുമേല്‍ സാക്ഷി നില്‍ക്കാന്‍ എനിക്കാകില്ല. അത് കേട്ട് പിതാവ് തിരിച്ചുവന്ന് എനിക്കു തന്ന സമ്മാനം തിരിച്ചുവാങ്ങി. ഇതും യൂസുഫ് നബിയുടെ സഹോദരന്മാരുടെ വാക്കും തമ്മില്‍ കൂട്ടിച്ചേര്‍ക്കേണ്ടതില്ല. അവിടെ അല്ലാഹു ചെയ്തത് അവരുടെ ധിക്കാരത്തിന് മറുപടി കൊടുക്കുകയായിരുന്നു; ‘അവര്‍ പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്; യൂസുഫും അവന്റെ പൂര്‍ണ്ണ സഹോദരന്‍ ബിന്‍യാമീനുമാണ് ബാപ്പാക്ക് നമ്മെക്കാള്‍ ഏറ്റം പ്രിയങ്കരര്‍; നാമാകട്ടെ ഒരു സംഘമുണ്ട് താനും. വ്യക്തമായി വഴിവിട്ട നിലപാടില്‍ തന്നെയാണ് ബാപ്പായുള്ളത്'(യൂസുഫ്- 8). ‘നിങ്ങളുടെ മക്കള്‍ക്കിടയില്‍ നീതി പാലിക്കുക’യെന്ന തിരുവചനം ഉള്‍കൊണ്ടിരുന്ന മുന്‍കാല മഹത്തുക്കള്‍ അവരുടെ മക്കള്‍ക്ക് സ്‌നേഹ ചുംബനം നല്‍കുമ്പേള്‍ പോലും നീതി പാലിക്കുമായിരുന്നു. ഒരു കുട്ടിയെ മറ്റു കുട്ടികളേക്കാള്‍ സ്രേഷ്ഠമാക്കണമെന്നുണ്ടെങ്കില്‍ അതിനുതകുന്ന എന്തെങ്കിലുമൊരു കാരണം ഉണ്ടായിരിക്കണം. മുഗ്‌നിയില്‍ ഇബ്‌നു ഖുദാമ(റ) പറയുന്നു: അതിയായ ആവശ്യമുള്ളവനാണെന്നോ അന്ധനാണെന്നോ അറിവ് പഠിക്കുന്നവനാണെന്നോ തുടങ്ങിയുള്ള കാരണത്താലാണ് ചിലര്‍ക്ക് ചിലരെക്കാള്‍ പ്രധാന്യം നല്‍കുന്നതെങ്കില്‍ അത് അനുവദനീയമാണെന്ന് അഹ്മദ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ വന്നിട്ടുണ്ട്. അപ്രകാരം തന്നെ ചിലരെ അവരിലുളള തെമ്മാടിത്തമോ ബിദ്അത്തോ കാരണമായോ അവര്‍ തെമ്മാടിത്തത്തിന്റെ കൂട്ടുകൊടുപ്പുകാരാണ്, തിന്മക്ക് വേണ്ടി സമ്പത്ത് ചിലവഴിക്കുന്നവരാണ് എന്ന കാരണത്താലോ അകറ്റി നിര്‍ത്തുന്നത് കൊണ്ട് പ്രശ്‌നമില്ല.
ഇതിലൊന്നാമത്തെ രീതി ഒരു കുട്ടിയെ സംബന്ധിച്ചെടുത്തോളം വാത്സല്യമുള്ള മകനാക്കി മാറ്റും. എന്നാല്‍ രണ്ടാമത്തെ രീതി മകനെ കൂടുതല്‍ ആര്‍ഭാടത്തിലും ജീവിതകാലം മുഴുവന്‍ തിന്മയില്‍ കഴിഞ്ഞുകൂടാനാണ് പ്രേരിപ്പിക്കുക.എന്ത് ചെറിയ കാര്യങ്ങള്‍ക്കും നിസാരമായ പ്രശ്‌നങ്ങള്‍ക്കും മകനോട് ദേഷ്യപ്പെടകയും അവനെ ശിക്ഷിക്കുകയും ചെയ്യുന്നത് പിതാവിനോട് ശത്രുതയുള്ള, കുടുംബത്തോട് മുഴുവനും കോപിഷ്ഠനായ ഒരാളായി അവനെ മാറ്റിത്തീര്‍ക്കും. മക്കളുടെ പെരുമാറ്റ സ്വഭാവങ്ങളെയും ചില തെറ്റുകളെ തൊട്ട് അശ്രദ്ധരാകുന്നതും കൃത്യമായി നാം നിരീക്ഷിക്കണം.

എന്നാല്‍ എന്താണ് അതിന്റെ അളവുകോല്‍? ഇത് പ്രയാസകരമായൊരു ചോദ്യം തന്നെയാണ്. വ്യത്യസ്ഥ വ്യക്തികളോടുള്ള ഇടപഴകലും വ്യത്യസ്ഥ സാഹചര്യങ്ങളുമായിരിക്കും മിക്കവാറും അവരില്‍ മാറ്റം വരുത്തുക. അക്കാരണത്താല്‍ തന്നൊയാണ് ഞാന്‍ ശിശു പരിപാലനത്തിലെ നീതി അത്രമേല്‍ പ്രധാനമാണെന്ന് പറയുന്നത്. മക്കളോടുള്ള സ്‌നേഹത്തില്‍ സമചിത്തത പാലിക്കാന്‍ ചില കാര്യങ്ങള്‍ നമ്മെ സഹായിച്ചേക്കും. അതിലൊന്നാമത്തേത്, സ്വന്തം ശരീരത്തേക്കാളും സന്താനങ്ങളെക്കാളും നമുക്ക് പ്രധാനം നമ്മുടെ ശരീഅത്ത് തന്നെയാണ്. അതിനാല്‍ ശരീഅത്തിന് വിരുദ്ധമായ വല്ല കാര്യങ്ങളുമാണ് മക്കള്‍ ആവശ്യപ്പെടുന്നതെങ്കില്‍ സ്‌നേഹപൂര്‍വ്വം അത് നിരസിക്കുക. യാത്രകള്‍ അനിവാര്യമാക്കുന്ന വിജ്ഞാന സമ്പാധനം പോലെ സന്താനങ്ങളില്‍ ദീനീ ചിട്ട വളര്‍ത്തുന്ന കാര്യങ്ങളില്‍ മാതാപിതാക്കള്‍ കൂടുതല്‍ ഉത്സാഹം കാണിക്കണം. എന്റെ ശരീരം ആരുടെ കയ്യിലാണോ അവന്‍ തന്നെയാണ് സത്യം, സ്വന്തം മാതാപിതാക്കളെക്കാളും സന്താനങ്ങളെക്കാളും ശരീരത്തെക്കാളും എന്നെ സ്‌നേഹിക്കുന്നത് വരെ നിങ്ങളിലൊരാളും പരിപൂര്‍ണ്ണ വിശ്വാസിയാവുകയില്ലയെന്ന പ്രവാചകരുടെ തിരുവചമാണ് ഇതിന്നാധാരം. രണ്ടാമത്തേത്, എല്ലാ വ്യക്തികളും മരണം രുചിക്കുമെന്ന് വിശ്വസിക്കലാണ്. മരണം സന്താനങ്ങളില്‍ നിന്ന് നമ്മെ വേര്‍പ്പെടുത്തും. നമ്മളില്‍ ചിലര്‍ അവരുടെ സന്താനങ്ങളെ പഠിപ്പിക്കുന്ന് ജീവിതത്തോട് മല്ലിടാനും ഐഹിക വിപത്തുകളെ നേരിടാനുമാണ്. ചില സന്താനങ്ങള്‍ അകാലത്തില്‍ തന്നെ പൊലിഞ്ഞു പോയേക്കാം. ക്ഷമയാണ് അവിടെ പ്രധാനം. പ്രവാചകരോട് ജിബ്‌രീല്‍ വസിയ്യത്ത് ചെയ്തതില്‍ പെട്ടതാണ്; നിനക്ക് നീ ഇഷ്ടപ്പെടുന്ന ആരെയും സ്‌നേഹക്കാം, ഒരുനാള്‍ നീ അവരെയെല്ലാം വേര്‍പിരിയുന്നതാണ്.

ഭാര്യ-ഭര്‍ത്താക്കന്മാര്‍ക്കിടയിലെ പെരുമാറ്റം

ഭാര്യയോടുള്ള പെരുമാറ്റത്തിന് പ്രത്യേക മാര്‍ഗം തന്നെ ഇസ്ലാം വരച്ചു കാട്ടുന്നുണ്ട്. അതില്‍ സാമൂഹികവും വാത്സല്യപൂര്‍ണ്ണവും ബുദ്ധിപരവുമായ ഭാഗത്തേയും ഇസ്ലാം പ്രത്യേകം പരിഗണച്ചിട്ടുണ്ട്. നബി (സ്വ) പറഞ്ഞു: സത്യവിശ്വാസിയായ ഒരാളും അയാളുടെ സത്യവിശ്വാസിയായ ഭാര്യയോട് ദേഷ്യപ്പെടുകയില്ല. അവളില്‍ നിന്ന് ഒരു സ്വഭാവം വെറുത്താല്‍ മറ്റൊരു സ്വഭാവം കൊണ്ടവന്‍ സംതൃപ്തിയടയും. ഓരോ മനുഷ്യനിലും നന്മപൂര്‍ണ്ണവും തിന്മപൂര്‍ണ്ണവുമായ കാര്യങ്ങളുണ്ടാകും. ശാരീരികമായ ബന്ധങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായ ബന്ധം ഭാര്യ-ഭര്‍തൃ ബന്ധമാണ്. ഭാര്യയോടുള്ള സ്വഭാവത്തിനും അവളുടെ ദീനിനും ഉപകരിക്കുന്ന നന്മ പൂര്‍ണ്ണമായ കാര്യങ്ങളാണ് ഇതുകൊണ്ട് നബി നമ്മെ ഉണര്‍ത്തിയത്. ഇത്തരം രൂപങ്ങളിലൂടെയാണ് ഭര്‍ത്താക്കന്മാര്‍ ഭാര്യയോട് പെരുമാറേണ്ടത്. തിന്മ പൂര്‍ണ്ണമായ രീതിയിലൂടെയാണ് പെരുമാറ്റമെങ്കില്‍ അത് ഭര്‍ത്താവില്‍ ഭാര്യയോട് വെറുപ്പ് ഉണ്ടാക്കാന്‍ കാരണമാകും. അതവരുടെ പരസ്പര ജീവിതത്തില്‍ വെറുപ്പ് ഉണ്ടാക്കിത്തീര്‍ക്കും. അത് പതിയെ വിവാഹമോചനത്തിലേക്ക് നയിക്കുകയും ചെയ്യും. നന്മകള്‍ക്ക് പ്രചാരം നല്‍കുന്ന മാര്‍ഗത്തെ തൊട്ട് മാറി ദേഷ്യത്തെ തൂടരുന്ന പ്രവണത ഒഴിവാക്കാനാണ് റസൂല്‍ അത്തരമൊരു വചനത്തിലൂടെ നിര്‍ദ്ദേശിക്കുന്നത്. ഇത് വലിയ തോതില്‍ വിവാഹമോചനത്തില്‍ നിന്ന് നമ്മെ സംരക്ഷിക്കും. നിസാരമായ കാര്യങ്ങള്‍ക്ക് വേണ്ടി തന്നെ വിവാഹമോചനം തേടുന്ന കാലിക സാഹചര്യത്തില്‍ മേലുദ്ധരിച്ച നിര്‍ദേശങ്ങല്‍ നാം സ്വീകരിച്ചാല്‍ ഇത്തരം പ്രവണതകളെ നമുക്ക് ചെറുക്കാനാകും. നാഥന്‍ തുണക്കട്ടെ.

അവലംബം. mugtama.com
വിവ. മുഹമ്മദ് അഹ്‌സന്‍ പുല്ലൂര്‍

Facebook Comments
Related Articles
Show More

Check Also

Close
Close
Close